ഓഹരി വിപണിയിൽ ഉയർന്ന തുടക്കം; റിയൽ എസ്റ്റേറ്റിൽ കുതിപ്പ്

ഏഷ്യൻ വിപണികളുടെ ആവേശം ഇന്ത്യയും ഉൾക്കൊണ്ടു. വിപണി നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങി.ഒരു മണിക്കൂറിനു ശേഷവും ഉയർന്ന നിലവാരത്തിൽ തുടർന്നു.

വാഹന വിൽപന മെച്ചപ്പെട്ടത് പ്രമുഖ വാഹനകമ്പനികളുടെ വില ഉയർത്തി. എന്നാൽ ടൂവീലർ കമ്പനികളുടെ ഓഹരികൾ കാര്യമായി കയറിയില്ല.
ഐടി കമ്പനികൾ നല്ല ഉയർച്ച കാണിച്ചു.
ബാങ്ക് ഓഹരികൾ മറ്റു കമ്പനികളെ അപേക്ഷിച്ചു കുറഞ്ഞ വളർച്ചയേ ഇന്നു കാണിച്ചുള്ളൂ. കേരള ബാങ്കുകളുടെ ഓഹരി വിലയിൽ രാവിലെ ചെറിയ മാറ്റം മാത്രം.
റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവ് കാണുന്നത് ഇന്നു റിയൽ എസ്റ്റേറ്റ് കമ്പനികളുടെ വില ഉയർത്തി. ഓബറാേയ്, പ്രസ്റ്റീജ്, ഗോദ്റെജ്, ഇന്ത്യ ബുൾസ് തുടങ്ങിയവ അഞ്ചു ശതമാനത്തിലേറെ കയറി.
റേറ്റിംഗ് ഏജൻസി ക്രിസിൽ ലിമിറ്റഡിൻ്റെ ഓഹരിക്ക് ഇന്നു നാലര ശതമാനം വില കൂടി.
പ്രതീക്ഷയിലും മെച്ചപ്പെട്ട വിൽപന ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരിക്ക് പ്രിയം കൂട്ടി. വിൽപന ഏഴെട്ടു ശതമാനം കുറയുമെന്നു കരുതിയ സ്ഥാനത്ത് ഒരു ശതമാനം വർധന ഉണ്ടായി.
പ്രതീക്ഷയിലും മെച്ചപ്പെട്ട റിസൽട്ട് ബന്ധൻ ബാങ്കിനും പ്രിയം കൂട്ടി. ആസാം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ വായ്പാ തിരിച്ചടവ് മെച്ചപ്പെട്ടു. ഓഹരി വില അഞ്ചു ശതമാനത്തോളം കയറി.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ നാലു പൈസ താണ് 74.37 രൂപയായി.
ലോകവിപണിയിൽ ക്രൂഡ് വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 74.53 ഡോളറിലേക്കു താണു.
സ്വർണ വില ഔൺസിന് 1810 ഡോളറിലേക്ക് താണു. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു; പവന് 36,000 രൂപ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it