Begin typing your search above and press return to search.
വലിയ തകർച്ച ഒഴിവാക്കി വിപണി, ഡോളർ ഉയരുന്നു
ആഗോള ആശങ്കകളല്ല ഇന്ത്യൻ വിപണിയെ നയിക്കുന്നതെന്നു കാണിക്കുന്നതായി ഇന്നത്തെ വ്യാപാരത്തുടക്കം. 55,000-നു താഴേക്കു പോകുമെന്നു സൂചിപ്പിച്ച തുടക്കത്തിനു ശേഷം സെൻസെക്സ് വളരെ മെച്ചപ്പെട്ട നിലയിലായി. നിഫ്റ്റിയും നഷ്ടം കുറച്ചു.
സെൻസെക്സ് ഇന്ന് 55,159 ൽ വ്യാപാരം തുടങ്ങിയ ശേഷം 55,013 വരെ താണു. പിന്നീടു ക്രമമായി ഉയർന്ന് 55,400 നു മുകളിലെത്തി. നിഫ്റ്റിയും ഇതേ പാത പിന്തുടർന്ന് 16,500 നു മുകളിലായി. പിന്നീടു സൂചികകൾ വീണ്ടും താണു.
ഏഷ്യൻ വിപണികൾ ഇടിവിലാണ്. ചൈന അതിസമ്പന്നർക്ക് പുതിയ നികുതി ചുമത്തുമെന്നു സൂചിപ്പിച്ചതും മദ്യ-പുകയില കമ്പനികൾക്കു നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ചൈനീസ് വിപണിയെ തുടർച്ചയായ മൂന്നാം ദിവസവും വലിച്ചു താഴ്ത്തി. ചൈന മുതലാളിത്ത അനുകൂല നയങ്ങളിൽ നിന്നു പിന്നോട്ടു പോകുന്നതിൻ്റെ ഭാഗമാണു പുതിയ നികുതി നീക്കം.
ബാങ്ക് - മെറ്റൽ - ധനകാര്യ ഓഹരികളാണു തുടക്കത്തിലേ തകർച്ചയ്ക്കു മുന്നിൽ നീങ്ങിയത്. നിഫ്റ്റി ബാങ്ക് സൂചിക ഒരവസരത്തിൽ 35,000 നു താഴെയായിരുന്നു. കേരളം ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് ബാങ്കുകളുടെ ഓഹരികളും രാവിലെ താണു. ബാങ്കിതര ധനകാര്യ കമ്പനികളും ഇടിവിലാണ്. ഐടി ഓഹരികൾ പിടിച്ചു നിന്നു.
സ്റ്റീൽ അടക്കം ലോഹങ്ങളുടെ വിലയിടിവ് ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളെ വലിച്ചു താഴ്ത്തി. ക്രൂഡ് വിലത്തകർച്ച ഒഎൻജിസി, ഓയിൽ, ഗെയിൽ, ഐഒസി, ബിപിസിഎൽ തുടങ്ങിയവയുടെ വിലയിടിച്ചു.
ആഗോള വിപണിയിൽ പഞ്ചസാര വില അൽപം താണത് പഞ്ചസാരമില്ലുകളെപ്പറ്റിയുള്ള കാഴ്ചപ്പാട് നെഗറ്റീവ് ആക്കി. കയറ്റുമതി സബ്സിഡി നിർത്തലാക്കുമെന്ന സൂചനയും ഈ മേഖലയെ ദുർബലമാക്കുന്നു.
ഇന്നു ലിസ്റ്റ് ചെയ്ത കാർ ട്രേഡ് ഇഷ്യു വിലയേക്കാൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.1618 രൂപയക്ക് ഐപിഒ നടത്തിയ കമ്പനിയുടെ ഓഹരിയുടെ തുടക്കം 1599.8 രൂപയിലാണ്.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ നിതിൻ ചുഗ് അപ്രതീക്ഷിതമായി രാജിവച്ചത് ബാങ്കിൻ്റെ ഓഹരി വില ആറു ശതമാനം ഇടിച്ചു. ബാങ്കിനെ മാതൃ കമ്പനിയിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നതിനിടെയാണു സാരഥിയുടെ രാജി.
ലോക വിപണിയിൽ സ്വർണം 1787 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 120 രൂപ വർധിച്ച് 35,400 രൂപയായി.
ഡോളർ വില ഉയർന്നു. രാവിലെ 14 പൈസ കൂടി 74.38 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.പിന്നീട് 74.42 രൂപയിലേക്കു കയറി.
Next Story
Videos