സാവധാനം കയറ്റം ; രൂപ താഴോട്ട്

ചെറിയ നേട്ടത്തിൽ തുടങ്ങി, ക്രമേണ ഉയരങ്ങളിലേക്കു നീങ്ങി. ഇടയ്ക്ക് അൽപം താഴോട്ടു നീങ്ങി. ഏഷ്യൻ വിപണികൾ തുടക്കത്തിലെ നേട്ടം പിന്നീടു നഷ്ടപ്പെടുത്തി. ചെെനീസ് വിപണി താഴ്ചയിലായി. ബാങ്ക് നിഫ്റ്റി ഇന്നു വീണ്ടും റിക്കാർഡ് കുറിച്ചു മുന്നേറി.

റിയൽറ്റി, എഫ്എംസിജി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് , ഫാർമ തുടങ്ങിയ മേഖലകൾ താഴോട്ടു പോയി. ഐടി ഇന്ന് അൽപം ഉയർന്നു. ടാറ്റാ മോട്ടോഴ്സ് ഉപകമ്പനിയായ ടാറ്റാ ടെക്നോളജീസിെന്റെ ഐപിഒ നടത്താൻ തീരുമാനിച്ചു. ഉപകമ്പനിയിലെ ഓഹരി വിൽക്കുന്നതിലൂടെ ടാറ്റാ മോട്ടോഴ്സിനു ഗണ്യമായ വരുമാനം കിട്ടും.

2004 - ൽ ടിസിഎസ് ലിസ്റ്റ് ചെയ്ത ശേഷം ടാറ്റാ ഗ്രൂപ്പ് ആദ്യമായാണു മൂലധന സമാഹരണത്തിനിറങ്ങുന്നത്. ടാറ്റാ മോട്ടോഴ്സ് ഓഹരിക്കു വില വർധിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നലെയും ഇന്നും നല്ല കുതിപ്പിലാണ്. മാനേജ്മെന്റ് പ്രശ്നങ്ങൾ തീരുകയും മൂലധന സമാഹരണ പരിപാടി ത്വരിതപ്പെടുത്തുകയും ചെയ്തതാണു കയറ്റത്തിന്റെ പശ്ചാത്തലം. രണ്ടു ദിവസം കൊണ്ട് ഓഹരി വില 22 ശതമാനത്തിലധികം കൂടി 22.80 രൂപയായി.

ഫെഡറൽ ബാങ്ക് ഓഹരി രാവിലെ രണ്ടു ശതമാനം കയറി 136.5 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് നാലു ശതമാനം നേട്ടത്തിൽ 19.25 രൂപയായി. സി എസ് ബി ബാങ്ക് ഓഹരി നാലു ശതമാനം ഉയർന്ന് 249.60 രൂപയിലെത്തി. ഓഹരികൾ തിരിച്ചു വാങ്ങുന്ന കാര്യത്തിൽ പേയ്ടിഎം ഡയറക്ടർ ബോർഡ് ഇന്നു തീരുമാനമെടുക്കും. ഓഹരിവില ഇന്നും ഉയർന്നു.

രൂപയ്ക്ക് ഇന്നും ക്ഷീണമാണ്. ഡോളർ രാവിലെ 11 പൈസ നേട്ടത്തിൽ 82.64 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.73 രൂപയിലെത്തി. സ്വർണം ലോക വിപണിയിൽ 1782 ഡോളറിലാണ്. കേരളത്തിൽ സ്വർണത്തിനു വില മാറ്റമില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it