താഴ്ന്നു തുടങ്ങിയിട്ടു കുതിപ്പ്

വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി. പിന്നീട് ഉയർന്നു നേട്ടത്തിലായി. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടിയെങ്കിലും വിപണി അതിൽ അമിത ആഹ്ലാദം പ്രകടിപ്പിച്ചില്ല. സെൻസെക്സ് 62,500 നും നിഫ്റ്റി 18,600 -നും മുകളിൽ കയറി.

ഐടി, ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ നേട്ടത്തിലാണ്. ത്രിവേണി എൻജിനിയറിംഗ് പ്രൊമോട്ടർ 1.72 കോടി ഓഹരികൾ കൈമാറ്റം ചെയ്തതിനെ തുടർന്ന് ഓഹരിവില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. മാെത്തം ഓഹരികളുടെ 9.78 ശതമാനമാണ് കൈമാറിയത്.

സൺ ഫാർമയുടെ ഒരു പ്ലാന്റിന് എതിരേ യുഎസ് എഫ്ഡിഎ പരാമർശം നടത്തിയതിനെ തുടർന്ന് ഓഹരി വില നാലു ശതമാനത്തോളം താണു. 237 രൂപയ്ക്ക് ഐപിഒ നടത്തിയ ധർമജ് ക്രോപ് ഇന്ന് 12.2 ശതമാനം ഉയർന്ന് 266 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു വില 274 രൂപയിലേക്കു കയറി.

ഫെഡറൽ ബാങ്ക് ഓഹരി രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന് 135 രൂപയിലെത്തി. ഓഹരിക്കു 175 രൂപ ലക്ഷ്യവില ഇട്ടു ചില ബ്രോക്കറേജുകൾ വിശകലന റിപ്പോർട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി കയറ്റത്തിലുള്ള എഫ്എസിടി ഓഹരികൾ ഇന്നു രാവിലെ അഞ്ചു ശതമാനം ഉയർന്നു 173.95 രൂപയിലെത്തി.

രൂപ ഇന്നു നല്ല നേട്ടത്തോടെ തുടങ്ങി. 82.27 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 82.36 രൂപയിലെത്തിയിട്ട് 82.31 രൂപയിലേക്കു താണു. ബുധനാഴ്ച 82.47 രൂപയിലായിരുന്നു ഡോളർ. സ്വർണം ലോകവിപണിയിൽ 1783 ഡോളറിലാണ്. കേരളത്തിൽ ഇന്നു വില മാറ്റമില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it