നേട്ടത്തോടെ തുടങ്ങി; വിൽപന സമ്മർദ്ദത്തിൽ ഇടിവ്

വിദേശ സൂചനകളുടെ പിൻബലത്തിൽ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. എന്നാൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദ്ദം ഓഹരി സൂചികകളുടെ കയറ്റം കുറച്ചു. ഇടയ്ക്കു മുഖ്യ സൂചികകൾ നഷ്ടത്തിലുമായി. മുഖ്യ സൂചികകളേക്കാൾ നേട്ടം മിഡ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഉണ്ടായി. ഐടി ഒഴികെ എല്ലാ മേഖലകളും ഇന്നു തുടക്കത്തിൽ നേട്ടത്തിലായിരുന്നു.

ഓഹരികളിൽ ഒരു പങ്കു തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചത് പേയ്ടിഎം ഓഹരിയുടെ വില എട്ടു ശതമാനത്തോളം ഉയർത്തി. പിന്നീടു നേട്ടം അഞ്ചു ശതമാനമായി. ഐപിഒ വിലയിൽ നിന്നു വളരെ താഴെയാണ് ഇപ്പോൾ ഓഹരി വില. ചൊവ്വാഴ്ചയാണു ബോർഡ് യോഗം. എത്ര മാത്രം ഓഹരികൾ എന്നു വിലയ്ക്കു വാങ്ങുമെന്ന് അന്നു പ്രഖ്യാപിക്കും. ഓഹരി ന്യായവിലയിലും താഴെയാകുമ്പോഴാണു പ്രമുഖ കമ്പനികൾ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിക്കാറ്.

നവംബറിൽ വാഹന വിൽപന ഗണ്യമായി വർധിച്ചു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കനുസരിച്ച് കാർ - എസ് യു വി വിൽപന 25 ശതമാനം കൂടി. ടൂ വീലർ വിൽപന 23.6 ശതമാനം വർധിച്ചു. ത്രീ വീലർ വിൽപനയിൽ 83 ശതമാനമാണു വർധന.

ഈ വർഷത്തെ വരുമാന വർധന നേരത്തേ സൂചിപ്പിച്ചതിലെ കുറഞ്ഞ നിരക്കിലാകുമെന്നു കമ്പനി അറിയിച്ചത് എച്ച്‌സിഎൽ ടെക് ഓഹരിയെ അഞ്ചര ശതമാനം താഴ്ത്തി. ഐടി കമ്പനികൾ ഇന്നും താഴ്ചയിലാണ്. നിഫ്റ്റി ഐടി സൂചിക 1.2 ശതമാനം ഇടിഞ്ഞു. അഡാനി ഗ്രൂപ്പിലെ അഡാനി എന്റർപ്രൈസസും അഡാനി വിൽമാറും അഡാനി പോർട്സും ഇന്നു രണ്ടു ശതമാനം വീതം ഉയർന്നു.

രൂപയുടെ തുടക്കം നേട്ടത്തിലായി. ഡോളർ 12 പൈസ നഷ്ടത്തിൽ 82.30 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.19 രൂപയിലേക്കു ഡോളർ താഴ്ന്നു. സ്വർണം ലോക വിപണിയിൽ 1796 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 200 രൂപ വർധിച്ച് 39,800 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it