ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ഉയര്‍ന്ന അദാനി പവര്‍ (Adani Power) എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 ശതമാനത്തോളം ഉയര്‍ന്ന അദാനി പവറിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലയായ 353 രൂപ തൊട്ടു. രാവിലെ 11.40ന് 1.1 ശതാനം നേട്ടത്തോടെ 343.45 രൂപയിലാണ് ഈ അദാനി കമ്പനി വിപണി വ്യാപാരം നടത്തുന്നത്.
Also Read : അദാനി പവര്‍; വരുമാനം ഉയര്‍ന്നത് 109 ശതമാനം, അറ്റാദായം 4,780 കോടി
കഴിഞ്ഞ ഒരുമാസത്തിനിടെ 32 ശതമാനത്തിന്റെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഈ കമ്പനിയുടെ ആറ് മാസത്തെ വളര്‍ച്ച ഓഹരി വിപണിയില്‍ ശദ്ധേയമായിരുന്നു. ആറ് മാസത്തിനിടെ 220 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് റിന്യുവബ്ള്‍ എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഒരുവര്‍ഷത്തിനിടെ 284 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി കണ്ടു.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ & എനര്‍ജി കമ്പനിയുടെ കീഴില്‍ 12,450 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയങ്ങളുണ്ട്. ഗുജറാത്തിലെ നലിയ, ബിട്ട, കച്ച് എന്നിവിടങ്ങളില്‍ ഇത് 40 മെഗാവാട്ടിന്റെ ഒരു മെഗാ സോളാര്‍ പ്ലാന്റും പ്രവര്‍ത്തിപ്പിക്കുന്നു. അതിനിടെ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികളായ അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍, അദാനി പവര്‍ മുന്‍ദ്ര, ഉഡുപി പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, റായിപൂര്‍ എനര്‍ജെന്‍, റായിഗഢ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവ കമ്പനിയുമായി ലയിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി മികച്ച പ്രവര്‍ത്തന ഫലമാണ് അദാനി പവര്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 4,780 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം 278 കോടി രൂപയായിരുന്നു. ഏകദേശം 17 മടങ്ങോളമാണ് അറ്റാദായം വര്‍ധിച്ചത്.
കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവില്‍ 108.91 ശതമാനം ഉയര്‍ന്ന് 13,723 കോടിയിലെത്തി. 6,568.86 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം.