വികസനം മന്ദഗതിയെങ്കിലും ഈ അദാനി സിമന്റ് ഓഹരിയ്ക്ക് വളർച്ചാ സാധ്യത?

പ്രമുഖ സിമന്റ് കമ്പനിയായ എ.സി.സിയെ (ACC Ltd) അദാനി ഗ്രൂപ്പ് സെപ്റ്റംബര്‍ 2022 ല്‍ ഏറ്റെടുത്ത ശേഷം വിവിധ വികസന പരിപാടികള്‍ നടപ്പാക്കി വരുന്നു. എങ്കിലും വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വില്‍പ്പന വര്‍ധിപ്പിച്ചും, ഊര്‍ജ ഉപയോഗം കുറച്ചും കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് കരുതാം. എ.സി.സി ഓഹരി 20 ശതമാനം വരെ ഉയരാനുള്ള സാധ്യത ഉണ്ട്, അതിനുള്ള കാരണങ്ങള്‍ ചുവടെ:

1. മാര്‍ച്ച് പാദത്തില്‍ വില്‍പ്പനയില്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ഹിമാച്ചല്‍ പ്രദേശിലെ ഉല്‍പ്പാദന കേന്ദ്രം രണ്ടു മാസം അടച്ചിട്ടിരുന്നു, അതിനാല്‍ വില്‍പ്പനയില്‍ വളര്‍ച്ച കുറഞ്ഞു.

2. വരുമാനം 8.22 ശതമാനം വര്‍ധിച്ച് 4,790 കോടി രൂപയായി, എങ്കിലും അറ്റാദായം 40 ശതമാനം കുറഞ്ഞ് 236.57 കോടി രൂപയിലെത്തി. ദക്ഷിണ ഇന്ത്യയില്‍ സിമന്റ് വില കുറഞ്ഞതിനാല്‍ വിറ്റുവരവ് കുറഞ്ഞു.

3. മധ്യപ്രദേശില്‍ അമേതയില്‍ സ്ഥാപിക്കുന്ന പുതിയ നിര്‍മാണ കേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. ഇത് വളരെ മുമ്പേ ആരംഭിച്ച പദ്ധതിയാണ്. നിലവില്‍ അദാനി ഗ്രൂപ്പ് വലിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

4. ഹരിത ഊര്‍ജം കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിലൂടെ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു. ചെലവ് ക്രമീകരിക്കുന്ന നടപടികള്‍ സ്വീകരിച്ചത് കൊണ്ട് മാര്‍ച്ച് പാദത്തില്‍ 5 ശതമാനം പ്രവര്‍ത്തന ചെലവ് കുറഞ്ഞു.

5. പുതിയ മൂലധന ചെലവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റൊരു ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റ്‌സിിനെ അപേക്ഷിച്ച് മാര്‍ജിന്‍ കുറവാണ്. ഒരു മെട്രിക് ടണ്ണിന് അസംസ്‌കൃത വസ്തുക്കള്‍ മറ്റ് ചെലവുകള്‍ എന്നിവ 100 രൂപ കുറഞ്ഞിട്ടുണ്ട്.

6. പലിശയ്ക്കും നികുതിക്കും മറ്റും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 9.2 ശതമാനത്തില്‍ നിന്ന് 12.3 ശതമാനമായി. പലിശക്കും നികുതിക്കും മുന്‍പുള്ള വരുമാനം മെട്രിക്ക് ടണ്ണിന് 1200 രൂപ മുതല്‍ 1,400 രൂപ വരെ നേടാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു. ചെറിയ നഗരങ്ങളില്‍ വിപണനം മെച്ചപ്പെടുന്നുണ്ട്.

7. പ്രീമിയം സിമന്റ് വിഭാഗത്തില്‍ ആധിപത്യം, ഊര്‍ജ ചെലവ് ചുരുക്കല്‍ നടപടികള്‍, പുതിയ ഉല്‍പ്പാദന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതും എ.സി.സി യുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് കരുതുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 2110 രൂപ

നിലവിൽ - 1,762.50 രൂപ

Stock Recommendation by HDFC Securities.

(Equity investing is subject to market risk. Always do your own research before investing)


Related Articles

Next Story

Videos

Share it