പുതിയ ഉത്‌പന്നങ്ങൾക്ക് മികച്ച പ്രതികരണം, ഈ രാസവള ഓഹരി മുന്നേറ്റം തുടരുമോ?

ഡി.എ.പി, യൂറിയ എന്നീ ഉത്‌പന്നങ്ങൾ പുറത്തിറക്കും

പുതിയ ഉത്‌പന്നങ്ങൾ പുറത്തിറക്കിയും വരുമാനം വർധിപ്പിച്ചും സ്വകാര്യ രാസവള നിർമാണ കമ്പനിയായ കോറോമാൻഡെൽ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (Coromandel International Ltd). മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിക്ക് 2022 -23 നേട്ടങ്ങളുടെ വർഷമായിരുന്നു. ഇതിന്റെ ഫലമായി ഓഹരിയിലും അടുത്തിടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ ഓഹരിയുടെ മുന്നോട്ടുള്ള സാധ്യതകൾ നോക്കാം :

1. 2022 -23 മാർച്ച് പാദത്തിൽ വിറ്റുവരവ് 29.5 ശതമാനം വർധിച്ച് 5,476 കോടി രൂപയായി. എന്നാൽ മൂന്നാം പാദത്തെ അപേക്ഷിച്ച് 34.1 ശതമാനം കുറഞ്ഞു. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 6.2 ശതമാനം വാർഷിക വളർച്ച നേടി 403 കോടി രൂപയിലെത്തി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് 48.3 ശതമാനം ഇടിവുണ്ട്. EBITDA മാർജിൻ 2 ശതമാനം കുറഞ്ഞ്‌ 7 ശതമാനമായി. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധന, ചരക്ക് കൂലി, വിതരണ ചെലവുകൾ എന്നിവ വർധിച്ചത് മാർജിൻ കുറയാൻ കാരണമായി. അറ്റാദായം 15 ശതമാനം കുറഞ്ഞ് 246 കോടി രൂപയായി.

2. സർക്കാരിൽ നിന്ന് ലഭിക്കേണ്ട സബ്‌സിഡി തുക ലഭിച്ചു, പരമാവധി ചില്ലറ വില വർധിപ്പിച്ചു. ഇതിലൂടെ വരുമാനം വർധിപ്പിക്കാൻ സാധിച്ചു. മാർച്ച് പാദത്തിൽ ലഭിച്ച സബ്‌സിഡി തുക 4,483 കോടി രൂപ. 2022 -23 സാമ്പത്തിക വർഷത്തിൽ ഇത് 12 ,477 കോടി രൂപയാണ്.

3. എട്ടു പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി, കൂടാതെ നാനോ ഡി.എ.പി (ഡൈ അമോണിയം ഫോസ്‌ഫേറ്റ്), യൂറിയ എന്നീ ഉത്പന്നങ്ങള്‍ കൂടി പുറത്തിറക്കും.

4. 2022 -23 ൽ ഡി.എ.പി, രാസവള ഉത്‌പാദന കേന്ദ്രങ്ങൾ 90 ശതമാനം ഉത്‌പാദന ശേഷിയിൽ പ്രവർത്തിക്കാൻ സാധിച്ചു. മൊത്തം ഉത്‌പാദനം 32.91 ലക്ഷം മെട്രിക് ടൺ എന്ന റെക്കോർഡിൽ എത്തി.

5. ഒരു റോക്ക് ഫോസ്‌ഫേറ്റ് (rock phosphate) ഖനന കമ്പനി ഏറ്റെടുത്തത് കമ്പനിക്ക് നേട്ടമായി. കരാർ നിർമാണവും വികസനവും, വില സംരക്ഷണ രാസവസ്തുക്കൾ, സ്പെഷ്യാലിറ്റി, വ്യാവസായിക രാസവസ്തുക്കൾ എന്നിവയുടെ ഉത്‌പാദനത്തിലേക്കും കടക്കുകയാണ്.

6. അടുത്ത രണ്ടു വർഷത്തിൽ വിള സംരക്ഷണ രാസവസ്തുക്കൾ, പോഷകങ്ങൾ എന്നിവയുടെ ഉത്‌പാദന ശേഷി വർധിപ്പിക്കാനായി 2,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുകയാണ്.

അസംസ്‌കൃത വസ്‌തുക്കളുടെ വില ഇടിവ്, പരമാവധി ഉത്‌പാദന ശേഷി വിനിയോഗം, പുതിയ ഉത്‌പന്നങ്ങൾക്കു ലഭിക്കുന്ന മികച്ച പ്രതികരണം എന്നി കാരണങ്ങൾ കൊണ്ട് മാർജിൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - ശേഖരിക്കുക (Accumulate)
ലക്ഷ്യ വില : 1060 രൂപ
നിലവിൽ : 938 രൂപ
Stock Recommendation by Geojit Financial Services

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it