മാര്‍ജിനിലും, അറ്റാദായത്തിലും ഇടിവ്, വി-ഗാര്‍ഡ് ഓഹരി ഇപ്പോള്‍ എന്ത് ചെയ്യണം?

പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 1977 സ്ഥാപിച്ച വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയിലെ മുന്‍ നിര കമ്പനിയാണ്. മിഥുന്‍ കെ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ പുതിയ ഉല്‍പ്പന്നങ്ങളും, സ്വന്തം ഉല്‍പ്പാദനം വര്‍ധിപ്പിച്ചും മുന്നേറ്റം നടത്തുകയാണ്.

2022 -23 സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ല. സംയോജിത പ്രവര്‍ത്തന വരുമാനം 9 % വര്‍ധിച്ച് 986.14 കോടി രൂപയായി. ഇന്‍വെന്റ്ററി ചെലവുകള്‍ വര്‍ധിച്ചത് മൂലം അറ്റാദായം 27 % കുറഞ്ഞ് 43 കോടി രൂപയായി.
മൊത്തം മാര്‍ജിന്‍ 2.30 % താഴ്ന്ന് 28.6 %, പലിശക്കും, നികുതിക്കും മുന്‍പുള്ള വരുമാനം (EBITDA) 24.4 % കുറഞ്ഞ് 71 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.2 % കുറഞ്ഞ് 7.2 ശതമാനമായി. പരസ്യ ചെലവുകള്‍ വര്‍ധിച്ചതും, ചെമ്പ് വില കുറഞ്ഞതും മാര്‍ജിന്‍ ഇടിയാന്‍ കാരണമായി. വി ഗാര്‍ഡ് കേബിളുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട സാഹചര്യം വന്നു.
ശുഭ സൂചകങ്ങള്‍
1. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 9 % വളര്‍ച്ച, കണ്‍സ്യുമര്‍ വിഭാഗത്തില്‍ 21 % വളര്‍ച്ച.
2.വാട്ടർ ഹീറ്റര്‍ വിഭാഗത്തില്‍ ശക്തമായ വളര്‍ച്ച.
3 . ഉത്സവ സീസണ്‍ ഡിമാന്‍ഡ്, വേനല്‍ കാല ഡിമാന്‍ഡ് വര്‍ധനവ് 2022 -23 രണ്ടാം പകുതിയില്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തും.
4. തെക്കേ ഇന്ത്യ ഒഴികെ ഉള്ള വിപണികളില്‍ 18 % വരുമാന വളര്‍ച്ച കൈവരിച്ചു.
5. 2021 -22 മുതല്‍ 2024 -25 കാലയളവില്‍ വരുമാനത്തില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 15.6 % കൈവരിക്കുമെന്ന് പ്രതീക്ഷ, അറ്റാദായം 17 % വളര്‍ച്ച കൈവരിക്കും.
സ്വന്തം ഉല്‍പ്പാദനം വര്ധിപ്പിക്കുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വില കുറവും മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിക്കും. വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തില്‍, ഉല്‍പ്പാദന, വിതരണ ശൃംഖലയിലെ (supply chain) പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
ശക്തമായ ബാലന്‍സ് ഷീറ്റ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ വളര്‍ച്ച, സ്വന്തം ഉല്‍പ്പാദനം കൂട്ടുന്നത്, തെക്കേ ഇന്ത്യ ഒഴികെ ഉള്ള വിപണികളില്‍ മുന്നേറ്റം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വി-ഗാര്‍ഡ് മെച്ചപ്പെട്ട സാമ്പത്തിക നില കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (Accumulate)

ലക്ഷ്യ വില 286 രൂപ


നിലവില്‍ 259 രൂപ

( Stock Recommendation by Geojit Financial Services )


Related Articles

Next Story

Videos

Share it