Begin typing your search above and press return to search.
സ്വിഗി ഐ.പി.ഒയ്ക്ക് തുടക്കമായി, അപേക്ഷിക്കണോ? ബ്രോക്കറേജുകളുടെ അഭിപ്രായവും ഗ്രേ മാര്‍ക്കറ്റ് വിലയും ഇങ്ങനെ
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (initial public offer/IPO) ഇന്ന് തുടക്കമായി. 11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ഐ.പി.ഒയ്ക്ക് 371-390 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ എട്ടിന് ഓഹരി വില്‍പ്പന അവസാനിക്കും. അപ്പര്‍ പ്രൈസ് ബാന്‍ഡ് പ്രകാരം 95,000 കോടി രൂപയാണ് സ്വിഗിയുടെ മൂല്യം കണക്കാക്കുന്നത്. മുഖ്യ എതിരാളിയായ സൊമാറ്റോ 2021 ജൂലൈയിലാണ് ഐ.പി.ഒ നടത്തിയത്. 2.13 ലക്ഷം കോടിയായിരുന്നു മൂല്യം കണക്കാക്കിയത്.
4,499 കോടി രൂപയുടെ പുതു ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 6,828 കോടി രൂപയുടെ ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക.
ഓഹരി വില്‍പ്പന ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ 4 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. ചെറുകിട നിക്ഷേപകര്‍ക്കായി വകയിരുത്തിയ ഓഹരികള്‍ക്ക് 17 ശതമാനം ബുക്കിംഗ് ലഭിച്ചു. ജീവനക്കാര്‍ക്കായി നീക്കി വച്ച ഓഹരികള്‍ക്കായി 24 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ് ആദ്യത്തില്‍ ലഭിച്ചത്. സ്ഥാപന ഇതര ഇതര നിക്ഷേപകരില്‍ (NIIs) നിന്ന് ഒരു ശതമാനം ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു.
ബ്രോക്കറേജുകള്‍ പറയുന്നത്
എസ്.ബി.ഐ സെക്യൂരിറ്റീസിന്റെ ഐ.പി.ഒ നോട്ടില്‍ സ്വിഗി ഐ.പി.ഒയ്ക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. സൊമാറ്റോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.ഒ വില മിതമായാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ബ്രോക്കറേജായ ബജാജ് ബ്രോക്കിംഗും ഐ.പി.ഒയ്ക്ക് 'സബ്‌സ്‌ക്രൈബ്' സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല വളര്‍ച്ചാ സാധ്യത ചൂണ്ടിക്കാട്ടിയാണിത്. 2022 സാമ്പത്തിക വർഷത്തിൽ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ 42.4 ശതമാനം വളര്‍ച്ചയാണ് സ്വിഗി നേടിയത്. രാജ്യത്ത് 500ലധികം നഗരങ്ങളില്‍ സാന്നിധ്യമുണ്ടെന്നതും കമ്പനിയുടെ കരുത്തായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.
ഗ്രേ മാര്‍ക്കറ്റ് വില
ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ സ്വിഗി ഓഹരികള്‍ ഇന്ന് 12 ശതമാനം മാത്രം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. അതായത് മൂന്ന് ശതമാനത്തോളം വര്‍ധന. ഇതനുസരിച്ച് താരതമ്യേന കുറഞ്ഞ പ്രീമിയത്തിലായിരിക്കും ലിസ്റ്റിംഗ് എന്നാണ് സൂചന. ഒക്ടോബര്‍ അവസാന വാരത്തില്‍ ഓഹരി 25 രൂപ വരെ പ്രീമിയത്തിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. പിന്നീട് വില താഴേക്ക് പോകുകയായിരുന്നു.
ബംഗളൂരു ആസ്ഥാനമായി 2014 ല്‍ സ്ഥാപിതമായ കമ്പനിയാണ് സ്വിഗി. പ്രധാനമായും ബി2സി രീതിയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വിവിധ ഭക്ഷണശാലകളുമായി കൈകോര്‍ത്ത് അവരുടെ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറെടുത്ത് വീട്ടിലെത്തിച്ചു നല്‍കുകയാണ് സ്വിഗിയുടെ ബിസിനസ് മോഡല്‍. 2024 ജൂണ്‍ പാദത്തില്‍ കമ്പനി 611 കോടി രൂപ നഷ്ടത്തിലാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തിൽ നഷ്ടം 564 കോടി രൂപയായിരുന്നു.
Next Story
Videos