അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടിസിഎസ്, വരുമാനം 58,229 കോടി രൂപ
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). 10,883 കോടി രൂപയാണ് ടിസിഎസിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 9,806 കോടി രൂപയായിരുന്നു. അതേ സമയം പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ് അറ്റാദായത്തിലെ വളര്‍ച്ച.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 19.11 ശതമാനം ഉയര്‍ന്ന് 58,229 കോടി രൂപയിലെത്തി. രണ്ടാംപാദത്തെ അപേക്ഷിച്ച് അറ്റാദായം വര്‍ധിച്ചത് 4 ശതമാനം ആണ്. 7.5 ബില്യണ്‍ ഡോളറിന്റെ ഡീലുകളാണ് മൂന്നാംപാദത്തില്‍ കമ്പനി നേടിയത്. ടിസിഎസിന്റെ നോര്‍ത്ത് അമേരിക്ക, യുകെ വിപണികളില്‍ 15 ശതമാനത്തോളം വളര്‍ച്ചയാണ് സെയില്‍സില്‍ ഉണ്ടായത്. ആകെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഈ വിപണികളില്‍ നിന്നാണ്.
ഏഷ്യ-പസഫിക് മേഖലയിലെ വളര്‍ച്ച 8-9 ശതമാനം ആണ്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ വെര്‍ട്ടിക്കിള്‍-13.5%, ടെക്‌നോളജി & സര്‍വീസസ് (13.6%, മാനുഫാക്ചറിംഗ്- 12.5% എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നേടിയ വളര്‍ച്ച. 67 രൂപയുടെ പ്രത്യേക ഡിവിഡന്റും 8 രൂപയുടെ ഇടക്കാല ഡിവിഡന്റും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 75 രൂപ ലാഭവിഹിതമായി ലഭിക്കും.
കോവിഡിനു ശേഷം ഇതാദ്യമായി കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഈ പാദത്തില്‍ കുറഞ്ഞു. 2197 എണ്ണമാണു കുറഞ്ഞത്. 6,13,974 ജീവനക്കാരുണ്ട് കമ്പനിയില്‍. കാെഴിഞ്ഞു പോക്ക് 21.3 ശതമാനമാണ്. ധനകാര്യ വര്‍ഷം കമ്പനി ഒരു ലക്ഷത്തിലധികം പേരെ റിക്രൂട്ട് ചെയ്യും.
വിപണിക്ക് ആവേശം പകരുന്നതല്ല റിസല്‍ട്ട്. ഇപിഎസ് വര്‍ധന പിടിച്ചു നിന്നെങ്കിലും പ്രതീക്ഷയിലും കുറവാണ്. ഇന്നലെ 3.3 ശതമാനം കുതിച്ച ഓഹരി വില ഇന്ന് ഇടിവിലാണ്. നിലവില്‍ 2.38 ശതമാനം ഇടിഞ്ഞ് 3,240.80 രൂപയാണ് (9.43 AM) ടിസിഎസ് ഓഹരികളുടെ വില.