നിക്ഷേപകര്‍ക്ക് കരുതലോടെ മുന്നേറാന്‍ വാറന്‍ ബഫെറ്റിന്റെ 10 നിര്‍ദേശങ്ങള്‍

മഹാ കോടീശ്വരനും ബെര്‍ക്ക്ഷെയര്‍ ഹാത്വേയുടെ സിഇഒയുമായ വാറന്‍ ബഫെറ്റിന് ഇന്ന് 89 വയസ്സ് തികഞ്ഞു. മിതത്വം, ക്ഷമ, വിജ്ഞാന ദാഹം തുടങ്ങിയ സവിശേഷതകളുടെ പിന്തുണയോടെ ക്രമമായി നേട്ടങ്ങള്‍ കൊയ്ത വിജയഗാഥയാണ് ഏകദേശം 88.3 ബില്യണ്‍ ഡോളര്‍ സ്വത്ത് സമ്പാദിച്ച ഈ ചാണക്യന്റേത്.

ബഫെറ്റ് തന്റെ സ്വത്തിന്റെ 99 ശതമാനവും നേടിയത് അന്‍പത് വയസിന് ശേഷമാണ്. മുപ്പതാമത്തെ വയസില്‍ ഒരു മില്യണ്‍ ഡോളര്‍ നേട്ടം സ്വന്തമാക്കിയ ബഫെറ്റിന്റെ സ്വത്ത് ബില്യന്‍ ഡോളര്‍ കടക്കുന്നത് 56 ാമത്തെ വയസില്‍. അതേസമയം, എളിയ തുടക്കത്തിന്റെ സൃഷ്ടിയാണ് ബഫറ്റ് എന്നത് ലോകം മറന്നിരിക്കുന്നു. 11 വയസ്സുള്ളപ്പോള്‍ തന്നെ ആരംഭിച്ചതാണ് ആ നിക്ഷേപ യാത്ര. 16 ആകുമ്പോഴേക്കും 50,000 ഡോളറിലധികം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലെത്തി ; അധ്യാപകരേക്കാള്‍ കൂടുതല്‍ വരുമാനം നേടാന്‍ കഴിഞ്ഞു.

ഇന്ന്, ലോകത്തിലെ ഏറ്റവും ധനികന്മാരുടെ മുന്നിലുണ്ട് ബഫറ്റ്. ദീര്‍ഘകാല കാഴ്ചപ്പാടോടെയല്ലാതെ ഒരു ഡോളര്‍ പോലും എവിടെയും നിക്ഷേപിച്ചിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു ഓഹരിവിപണിയില്‍ അത്ഭുതം കൊയ്ത അദ്ദേഹം. 90 വയസിലേക്കു കടക്കുമ്പോള്‍ ബഫറ്റ് നിക്ഷേപകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളാണിവ:

റൂള്‍ നമ്പര്‍ 1 - സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരിക്കലും പണം നഷ്ടപ്പെടുത്തരുത്. ഗൃഹപാഠവും ഗവേഷണവും ശരിയായി ചെയ്ത ശേഷം മാത്രം സ്റ്റോക്കില്‍ നിക്ഷേപിക്കുകയെന്നര്‍ത്ഥം.

റൂള്‍ നമ്പര്‍ 2 - റൂള്‍ നമ്പര്‍ 1 മറക്കരുത്.

റൂള്‍ നമ്പര്‍ 3 - നിങ്ങള്‍ നല്‍കുന്നത് വിലയാണ്, നിങ്ങള്‍ക്ക് ലഭിക്കുന്നതാകട്ടെ മൂല്യവും.

റൂള്‍ നമ്പര്‍ 4 - ദീര്‍ഘകാലത്തേക്ക് കൈവശം വയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും മാത്രം വാങ്ങുക, അല്ലാത്തപക്ഷം അതില്‍ നിന്ന് ഉടന്‍ പുറത്തുവരൂ. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത ഒരു ബിസിനസ്സില്‍ ഒരിക്കലും നിക്ഷേപിക്കരുത്. പ്രത്യേക മേഖലയെക്കുറിച്ചോ കമ്പനിയെക്കുറിച്ചോ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, റിസ്‌ക് ഏറ്റെടുക്കാന്‍ വേണ്ടിയോ ചൂതാട്ടത്തിനായോ നിക്ഷേപിക്കാന്‍ ഒരിക്കലും ധൈര്യപ്പെടരുത്.

റൂള്‍ 3 ഉം 4 ഉം ലളിതമായി അര്‍ത്ഥമാക്കുന്നത് ഒരാള്‍ താല്‍ക്കാലിക വിപണി പ്രതിഭാസങ്ങള്‍ക്ക് ഇരയാകരുതെന്നും ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കണമെന്നുമാണ്.

റൂള്‍ നമ്പര്‍ 5 - ഒരു ബിസിനസ്സ് നന്നായി പ്രവര്‍ത്തിക്കുന്നപക്ഷം സ്റ്റോക്ക് നിശ്ചയമായും മെച്ചപ്പെടും.

റൂള്‍ നമ്പര്‍ 6 - ന്യായമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വിസ്മയകരമായ വിലയ്ക്കു വാങ്ങുന്നതിനേക്കാള്‍ വളരെയധികം മെച്ചമാണ് വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കമ്പനി ന്യായ വിലയ്ക്കു വാങ്ങുന്നത്.

ശക്തമായ ഒരു കമ്പനി ശരിയായ വിലയ്ക്ക് വാങ്ങുകയെന്നതാണു പ്രധാനം. നിങ്ങള്‍ക്ക് ന്യായമായ വില വാഗ്ദാനം ചെയ്യപ്പെടുന്നതിലല്ല, അതു ലഭ്യമാകുന്നതിലാണു കാര്യം. അതു സാധ്യമാക്കാത്ത ഒരു കമ്പനിയും ഒരിക്കലും വാങ്ങരുത്്. കമ്പനി ശക്തമാകുമ്പോഴെല്ലാം, സ്റ്റോക്ക് വില ഉയര്‍ന്നുതന്നെ നില്‍ക്കും.

റൂള്‍ നമ്പര്‍ 7 - ക്ഷമയോടെയിരിക്കുക. നിക്ഷേപം നിലനിര്‍ത്താന്‍ ക്ഷമയുള്ള നിക്ഷേപകന് സ്റ്റോക്ക് മാര്‍ക്കറ്റ് എല്ലായ്‌പ്പോഴും പ്രതിഫലം നല്‍കുന്നു.

റൂള്‍ നമ്പര്‍ 8 - തിരുത്തല്‍ ഉണ്ടാകുമ്പോള്‍ ഗുണനിലവാരമുള്ള ഓഹരികള്‍ വാങ്ങുക. വിപണിയില്‍ വളരെയധികം അത്യാഗ്രഹം ഉള്ളപ്പോള്‍ വില്‍ക്കുക.
അവസരങ്ങള്‍ പതിവായി വരുന്നില്ല. വിപണി ഇടിഞ്ഞുവീഴുമ്പോഴും പഴുതുകള്‍ കണ്ടെത്താന്‍ കഴിയും. അത് കഴിയുന്നിടത്തോളം മുതലാക്കുക.

റൂള്‍ നമ്പര്‍ 9 - വലുതായി സ്വപ്നം കാണുക, ശരിയായ ആളുകളുമായി ഇടപഴകുക, നിങ്ങളുടെ പൊതു പ്രതിച്ഛായയും പ്രശസ്തിയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക, മറ്റുള്ളവരോട് സത്യസന്ധത പുലര്‍ത്തുക, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക.

റൂള്‍ നമ്പര്‍ 10 - സമ്പാദിച്ച പണത്തിന്റെ ഒരു പങ്ക് സമൂഹത്തിന് തിരികെ നല്‍കുക; അതായത് ഒരിക്കലും സ്വാര്‍ത്ഥനാകാതെ മനുഷ്യനായിരിക്കാന്‍ ശ്രമിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it