വെള്ളിയുടെ വില കുതിക്കുന്നു, എന്താണ് കാരണങ്ങള്‍?

വെള്ളിയുടെ വില കുതിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസം കിലോക്ക് 57800 രൂപയായിരുന്നത് ജനുവരി ആദ്യം 71500 രൂപയായി. ലോക വിപണിയില്‍ വെള്ളിയുടെ വില ഓഗസ്റ്റിന് ശേഷം 38 % വര്‍ധിച്ച് ഔണ്‍സിന് 24 ഡോളറായി.

2023 ല്‍ ഔണ്‍സിന് 38 ഡോളര്‍ വരെ ഉയരാമെന്ന് ലോഹങ്ങളെ സംബന്ധിക്കുന്ന ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടലായ കിറ്റ് കോ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. സ്വര്‍ണം പ്രധാനമായും ആഭരണ, നിക്ഷേപ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ വെള്ളി ആഭരണത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ക്രിപ്‌റ്റോയിലും മറ്റം നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടവര്‍ വെള്ളിയിലേക്ക് തിരിയുമെന്ന് കരുതുന്നു. വ്യാവസായിക ഡിമാന്‍ഡ് കുതിക്കുന്നതാണ് വെള്ളിയുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണം. സൗരോര്‍ജ പാനലുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ബാറ്ററികള്‍ കൂടാതെ വൈദ്യുത വാഹനങ്ങള്‍ക്കും വെള്ളി ആവശ്യമുണ്ട്. ഒരു സെല്‍ഫോണില്‍ ശരാശരി 0.3 ഗ്രാം, സോളാര്‍ പാനലില്‍ 20 ഗ്രാം, വൈദ്യുത വാഹനങ്ങളില്‍ 25 -30 ഗ്രാം വരെ വെള്ളിയുണ്ട്.

വെള്ളിയുടെ ലോകത്തെ മൂന്നാമത്തെ വലിയ ശേഖരമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ 20 പ്രമുഖ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടും. വെള്ളി ആഭരണമായിട്ടും, വെള്ളി ഇ ടി എഫ്ഫുകളിലും, അവധി വ്യാപാരത്തിലും നിക്ഷേപിച്ച് ആദായം നേടാന്‍ സാധിക്കും. രണ്ടു വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ ആദ്യത്തെ വെള്ളി ഇ ടി എഫ്ഫായ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇ ടി എഫ് ആരംഭിച്ചത്.

2022 ല്‍ വെള്ളിയുടെ ആഗോള ഡിമാന്‍ഡ് 16% വര്‍ധിച്ച് 1.2 ശതകോടി ഔണ്‍സായി. അതില്‍ വ്യാവസായിക ഡിമാന്‍ഡ് 539 ദശലക്ഷം ഔണ്‍സാണ്. ഖനനം ചെയ്ത് എടുത്ത വെള്ളിയുടെ അളവ് 830 ദശലക്ഷം ഔണ്‍സായി ഉയര്‍ന്നു. ചിലി, മെക്സിക്കോ എന്നി രാജ്യങ്ങളിലാണ് വെള്ളി ഉല്‍പ്പാദനം ഏറ്റവും വര്‍ധിച്ചത്.

Related Articles

Next Story

Videos

Share it