'പവനായി ശവമായ' പോലെ സ്വപ്ന വ്യാപാരികൾ; ഓഹരി വിപണി തകർച്ചയിൽ

എല്ലാ ബിസിനസ് മേഖലകളും ചോരപ്പുഴയിൽ മുങ്ങി. പലിശപ്പേടിയിൽ വിപണി കുത്തനേ ഇടിഞ്ഞു. മുഖ്യസൂചികകൾ ഒക്ടോബറിലെ റിക്കാർഡിൽ നിന്ന് എട്ടു ശതമാനത്തോളം താഴെയായി.

സെൻസെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തിലേറെ താണിട്ട് ഒടുവിൽ 2.85 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ 50 ഓഹരികളിൽ സിപ്ലയും ഒഎൻജിസിയും മാത്രമാണു നേട്ടത്തിലുണ്ടായിരുന്നത്.
സ്മോൾ-മിഡ് ക്യാപ് ഓഹരികളാണ് ഇന്നു വലിയ തകർച്ചയിലായത്. സ്മോൾ ക്യാപ് സൂചിക 4.8 ശതമാനം വീണപ്പോൾ മിഡ് ക്യാപ് സൂചിക 3.94 ശതമാനം ഇടിഞ്ഞു.
"പവനായി ശവമായി " എന്ന സിനിമാ ഡയലോഗ് ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് ഓഹരി വിപണിയിൽ.
അവിരാമമായ വളർച്ച; സെൻസെക്സ് @ 1,50,000; നിഫ്റ്റി @ 50,000; 2024 മാർച്ചിലെ ഇപിഎസ് ലക്ഷ്യം വയ്ക്കുക; ഇനി അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപപ്രളയം - കമ്പാേളത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഇത്തരം സ്വപ്നങ്ങളായിരുന്നു വിറ്റത്. 2020 ലും '21ലുമായി ഓഹരി വിപണിയിലേക്കു കടന്നു വന്നവർ ആ സ്വപ്നങ്ങളിൽ അഭിരമിച്ചു. പുത്തൻ നിക്ഷേപകർ മാത്രമല്ല പഴമക്കാരും ആ സ്വപ്നങ്ങൾ ഏറ്റുവാങ്ങി.
ഇടയ്ക്കു തിരുത്തൽ ഇല്ലാത്ത 18 മാസങ്ങൾ (2020 ഏപ്രിൽ - 2021 ഒക്ടോബർ) ഈ സ്വപ്ന വ്യാപാരത്തിന് ഊർജമായി. എല്ലാം തകർക്കാൻ മുമ്പേ അറിയാമായിരുന്ന ഒറ്റ സംഭവം മാത്രം മതിയായിരുന്നു. അമേരിക്കൻ ഫെഡ് പലിശ കൂട്ടുന്നത്. അതുണ്ടാകും എന്നു മുമ്പേ അറിയാമായിരുന്നു. എപ്പാേൾ എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളു.
പലിശ കൂട്ടൽ വിപണികളെ ഉലയ്ക്കും എന്ന് അറിയാതിരുന്നവർ "ഇതു 2013 അല്ല " എന്ന രാഷ്ട്രീയ പ്രചാരണത്തിൽ വിശ്വസിച്ചു വശായവർ മാത്രം. 2013-ൽ പലിശ കൂട്ടാൻ തുടങ്ങിയപ്പോൾ ഇന്ത്യൻ വിപണികൾ ഇടിയുകയും രൂപ കുത്തനേ താഴുകയും ചെയ്തു. ഇത്തവണ അങ്ങനെയൊന്നും വരില്ല; നമുക്ക് 64,000 കോടിയിലധികം ഡോളർ വിദേശനാണ്യ ശേഖരമുണ്ട്; വിദേശ നിക്ഷേപകർ മടങ്ങിയാലും ഓഹരികൾക്കോ രൂപയ്ക്കോ പ്രശ്നമില്ല എന്നൊക്കെയാണു പറഞ്ഞിരുന്നത്. അതെല്ലാം പവനായിയുടെ മലപ്പുറം കത്തിയും മെഷീൻ ഗണ്ണും പോലെയാകുന്നതാണ് ഇപ്പോൾ കാണുന്നത്. സ്വപ്ന വ്യാപാരം പൊളിഞ്ഞു.
ബുധനാഴ്ച യുഎസ് ഫെഡ് എന്നു മുതൽ പലിശ കൂടും എന്നു പറയും. അതിൻ്റെ പ്രതികരണം വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ ഉണ്ടാകും. ഇപ്പോഴത്തെ തകർച്ചയിൽ നിന്നു കയറുമോ എന്ന് അന്നേ അറിവാകൂ.
പത്തു പൈസ പോലും ലാഭമുണ്ടാക്കാത്ത, എന്നു ലാഭത്തിലാകും എന്നു പറയാൻ നടത്തിപ്പുകാർക്കു പോലും പറ്റാത്ത കമ്പനികളെ വാനോളം ഉയർത്തി നിർത്താൻ സ്വപ്ന വ്യാപാരികൾക്കു കഴിഞ്ഞു. പ്രതി ഓഹരി ലാഭത്തിൻ്റെ ഇത്ര മടങ്ങു വില എന്ന പരമ്പരാഗത സങ്കൽപം മാറ്റിയിട്ട് ചില സ്വപ്നങ്ങളിൽ ഓഹരി വിലയെ പൊക്കിപ്പിടിച്ചു. കമ്പനിയുടെ ആപ്പിലൂടെ കടന്നു പോകുന്നവരുടെ എണ്ണവും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണവും ഒക്കെ വിറ്റുവരവിനു തുല്യമായ കാര്യങ്ങളായി അവതരിപ്പിച്ചു. അതെല്ലാം ശുദ്ധ ഭോഷ്ക്കാണെന്ന് അമേരിക്കൻ നാസ്ഡാക് സൂചിക ഒരു മാസം കൊണ്ടു 14 ശതമാനം ഇടിഞ്ഞപ്പോഴാണ് ഇന്ത്യയിലെ നിക്ഷേപ ഉപദേഷ്ടാക്കൾക്കു മനസിലായത്. പേയ്ടിഎമ്മും പോളിസി ബസാറും സൊമാറ്റോയും കാർ ട്രേഡ് ടെക്കും ഒക്കെ അഞ്ചും പത്തും ഇരുപതും ശതമാനം വീതമാണല്ലോ ഇന്നു വീണത്. ബുൾ തരംഗങ്ങളിൽ, നടക്കുന്ന പതിവ് ഐപിഒ കൊള്ള ഇത്തവണയും നടന്നു എന്നു ചുരുക്കം. തരംഗം അടങ്ങിക്കഴിയുമ്പോഴേ അതു പിടി കിട്ടൂ എന്ന് ഇപ്പോൾ മനസ്സിലായി.
ചെറിയ മൂലധനമുള്ളതു കൊണ്ടു മാത്രമല്ല ചില കമ്പനികളുടെ ഓഹരിക്കു വില താണു നിൽക്കുന്നത്. കച്ചവടമോ കമ്പനി നടത്തിപ്പോ ചിലപ്പോൾ രണ്ടും കൂടിയാ മോശമായതുകൊണ്ടാണ്. അവയുടെ മൊത്തം ഓഹരികളുടെ വിപണിമൂല്യം തീരെ കുറവാകുമ്പോൾ അവയെ സ്മോൾ ക്യാപ് ഗണത്തിൽ പെടുത്തും. അത്തരം ഓഹരികൾ ചുരുങ്ങിയ നാൾ കൊണ്ട് ഇരട്ടിക്കാനും നാലിരട്ടിയാകാനും ഒക്കെ സാധ്യതയുണ്ട്. തട്ടിപ്പു സംഘങ്ങൾ അങ്ങനെ അവയിൽ കളി നടത്താറുമുണ്ട്. അവയെ കാര്യമറിയാത്ത നിക്ഷേപകരുടെ തലയിൽ കെട്ടിവച്ച് സംഘങ്ങൾ രക്ഷപ്പെടുന്നു. ഇത്തവണത്തെ ബുൾ തരംഗത്തിലും സാദാ നിക്ഷേപകരെ ചെറുതാണു സുന്ദരം എന്നു പറഞ്ഞു പറ്റിച്ചവർ ഏറെ. ചെറുതിൻ്റെ സൗന്ദര്യത്തിൻ്റെ യാഥാർഥ്യം ഇന്നു പലരും മനസിലാക്കി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it