പ്രതിസന്ധിഘട്ടങ്ങളിലും സമ്പത്ത് സൃഷ്ടിക്കാം; ഈ 5 പാഠങ്ങള്‍ പിന്തുടരൂ

ലോകമെമ്പാടുമുള്ള വ്യവസായ മേഖല വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസവും കൊറോണ വ്യാപനം കൂടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരത ഒഴിയുന്നില്ല. പല ബിസിനസുകളും നിലനില്‍പ്പിനായി പാടുപെടുന്നു. പണമുണ്ടാക്കുക എന്നത് ഈ വര്‍ഷം അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളിതാ….

1. ഭയത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക

വിപണിയില്‍ സന്തോഷം നിറയുമ്പോഴും മങ്ങുമ്പോഴും നിക്ഷേപകര്‍ അതിനോട് വൈകാരിക രീതിയില്‍ പെരുമാറുന്നതാണ് കണ്ടു വരുന്നത്. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ താളം തെറ്റി തുടങ്ങുന്നത് അതോടെയാണ്. ബഹളങ്ങളില്‍ നിന്നും ഭയത്തില്‍ നിന്നുമെല്ലാം അകലം പാലിച്ചു നില്‍ക്കണം നിക്ഷേപകന്‍. വിപണിയെ ചൂടു പിടിപ്പിക്കാനുള്ളതല്ല നിക്ഷേപം. സാമാന്യ ബുദ്ധിയും പ്രായോഗിക ചിന്തയും ക്ഷമയും സ്ഥിരോത്സാഹവും മനസന്തുലനവും വൈകാരിക ബുദ്ധിയും പിരിമുറുക്കത്തിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുമ്പോഴാണ് നിക്ഷേപകന് സമ്പത്ത് സൃഷ്ടിക്കാനാകുക.

2. സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം നടത്തുകയും അതനുസരിച്ചുള്ള സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധയൂന്നുക എന്നത് പ്രധാനമാണ്. എല്ലാവര്‍ക്കും പാകമാകുന്ന തരത്തിലുള്ള സാമ്പത്തിക സമീപനം എന്നൊന്നില്ല. ഓരോരുത്തരും അവരവരുടേതായ സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് നിശ്ചയിച്ചാല്‍ മാത്രമേ എത്ര തുക എത്രകാലം ഏതൊക്കെ സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.

3. നിക്ഷേപങ്ങള്‍ വിലയിരുത്തുക

എവിടെയൊക്കെ എത്ര നിക്ഷേപിക്കണം എന്നതു സംബന്ധിച്ച ആസ്തി വിഭജനം നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. വിവിധ മേഖലകളില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് വിപണിയുടെ ചാഞ്ചാട്ടത്തില്‍ നിന്ന് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത്. ഒരൊറ്റ ആസ്തി വിഭാഗത്തിലും സ്‌കീമിലും നിക്ഷേപിക്കുമ്പോള്‍ വിപണിയുടെ ഉയര്‍ച്ച താഴ്ചകള്‍ വളരെയേറെ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. അനുകൂല സാഹചര്യം വിലയിരുത്തി വിവിധ മാര്‍ഗങ്ങളിലേക്ക് നിക്ഷേപം മാറ്റിയാല്‍ മികച്ച നേട്ടം ഉണ്ടാക്കാനാകും.

4. വൈവിധ്യവത്കരണം

ആസ്തി വിഭജനം പൂര്‍ത്തിയായാല്‍ നിക്ഷേപത്തിലെ വൈവിധ്യവത്കരണം ഉറപ്പു വരുത്തണം. ഭൂമിശാസ്ത്രപരമായ മേഖലകളും രാജ്യങ്ങളും പരിഗണിച്ച് പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യത കൊണ്ടു വരുന്നതിലൂടെ റിസ്‌ക് കുറയ്ക്കാനും അതുവഴി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയും.

5. പോര്‍ട്ട്‌ഫോളിയോ

ഏതൊക്കെ മേഖലകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനം. ദീര്‍ഘനാള്‍ അസ്ഥിരമായ നേട്ടമാണ് നിങ്ങള്‍ക്ക് ഓഹരി-ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ പോര്‍ട്ട്‌ഫോളിയോയില്‍ അതിനനുസരിച്ച മാറ്റം വരുത്താന്‍ മടിക്കരുത്. പോര്‍ട്ട്‌ഫോളിയോ സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കി മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തണം. നിലവിലെ സാഹചര്യത്തില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ മള്‍ട്ടി കാപ് ഫണ്ട് മുഖാന്തിരം നിക്ഷേപം നടത്തുമ്പോള്‍ നിശ്ചിത അനുപാതം ലാര്‍ജ് കാപ് ഫണ്ടുകളും മിഡ് കാപ് ഫണ്ടുകളും വാല്യു സ്റ്റൈല്‍ ഫണ്ടുകളും ഉള്‍പ്പെടുത്താന്‍ മറക്കരുത്. എന്നാല്‍ നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള പ്രാപ്തിയും 7-8 വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം മികച്ച സ്‌കീമുകള്‍ തന്നെ തെരഞ്ഞെടുക്കുകയും വേണം.

അതോടൊപ്പം ആകെ നിക്ഷേപത്തിന്റെ 10-15 ശതമാനം തുക ഗോള്‍ഡ് ഇടിഎഫുകളിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും മറക്കരുത്. ദീര്‍ഘനാളത്തേക്കുള്ള നിക്ഷേപമായി വേണം ഇത് നടത്താന്‍. അനിശ്ചിതത്വത്തിന്റെ കാലത്ത് ഏറ്റവും സുരക്ഷിതത്വം നല്‍കുന്ന ഒന്നാണ് സ്വര്‍ണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it