ഓഹരിവിപണിയിലേക്ക് ആദ്യമായിറങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട 3 സുപ്രധാന കാര്യങ്ങള്‍

നിക്ഷേപിച്ച് തുടങ്ങും മുമ്പ് സാമ്പത്തിക ലക്ഷ്യം നിര്‍വചിക്കുക എന്നത് വളരെ പ്രധാനമാണ്. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. നിക്ഷേപം ആസൂത്രണം ചെയ്യുന്നത് ഈ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിരിക്കണം. അതിന് കൃത്യമായ സമയപരിധിയും നിശ്ചയിക്കണം. ഒരു ഹൈഎന്‍ഡ് ലാപ്‌ടോപ്പ് വാങ്ങാനായി ഒരു ലക്ഷം രൂപ സമാഹരിക്കുകയെന്നത് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യമായേക്കാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ കാര്‍ വാങ്ങാനായി നാല് ലക്ഷം രൂപ സമാഹരിക്കുകയെന്നത് ഇടക്കാല ലക്ഷ്യമാകാം. 10 വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങാനായി 60 ലക്ഷം സമാഹരിക്കുകയെന്നത് ദീര്‍ഘകാല ലക്ഷ്യവുമാകാം. ഇതെല്ലാം മുന്‍നിര്‍ത്തിയാകണം നിക്ഷേപം. ഇനി നിക്ഷേപിച്ച് തുടങ്ങാം. അതിനു മുമ്പ് ഈ 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പഠനം നിര്‍ബന്ധം

നിക്ഷേപം നടത്തും മുമ്പ് നിങ്ങള്‍ നിക്ഷേപിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൃത്യമായി പഠിച്ചിരിക്കണം. അതില്‍ നിന്നു ലഭിക്കുന്ന നേട്ടം, റിസ്‌ക്കുകള്‍, ലോക്ക് പിന്‍ പിരീഡുകള്‍ എന്നിങ്ങനെ സകല വിവരങ്ങളും അറിയണം. ഇതിനായി ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ഗവേഷണം നടത്തിയാലും തെറ്റില്ല.

കടം വാങ്ങി നിക്ഷേപിക്കരുത്

നിങ്ങളുടെ കൈയില്‍ മിച്ചം വരുന്ന കാശുകൊണ്ടായിരിക്കണം എപ്പോഴും നിക്ഷേപം നടത്തേണ്ടത്. ഒരിക്കലും നിക്ഷേപിക്കാനായി കടം വാങ്ങരുത്. നിക്ഷേപമെങ്ങാനും നേട്ടം തരാതെ പോയാല്‍ വലിയ കടക്കെണിയിലേക്കായിരിക്കും നിങ്ങള്‍ വീഴുക.

വരുമാനമായാല്‍ തുടങ്ങണം

ജോലി കിട്ടിയ ഉടന്‍ തന്നെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും കൂട്ടണം. വളരെ ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങിയാല്‍ മതി. എന്നാല്‍ കാലക്രമേണ തുക കൂട്ടി വരണം, ഒപ്പം നിക്ഷേപത്തിന് സ്ഥിരതയുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പഠനം നടത്തി ആത്മവിശ്വാസം വര്‍ധിപ്പിക്കാം. സെബി നല്‍കുന്ന കോഴ്സുകള്‍ പോലെ ഓഹരി പഠനത്തിന് മികച്ച കോഴ്സുകള്‍ പഠിക്കാം.

Related Articles
Next Story
Videos
Share it