Top

അമേരിക്കൻ ഉണർവിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ താഴുന്നതിൽ ആശ്വാസം; സ്വർണം വീണ്ടും കയറുന്നു

ചൊവ്വാഴ്ച ആവേശത്തോടെ തുടങ്ങിയിട്ട് ആശങ്കയോടെയാണു വിപണി അവസാനിച്ചത്.ഒരു ദിവസത്തെ ഇടവേളയ്ക്കും ശേഷം ഇന്നു ലോക വിപണികളിൽ പൊതുവേ ഉള്ള ഉത്സാഹം ഇന്ത്യൻ വിപണിയിൽ കാണുമോ എന്നതാണു ചോദ്യം. മൂന്നു ലക്ഷത്തിലധികം പേർക്ക് ഇന്നലെ രോഗം പിടിച്ചെന്ന കണക്കും പ്രതിദിന മരണസംഖ്യ 2100 കടന്നതും മിക്കവാറും സംസ്ഥാനങ്ങളിലെ കടുത്ത നിയന്ത്രണങ്ങളും വിപണിയെ ആശങ്കയിലാഴ്ത്തും.

റേറ്റിംഗ് ഏജൻസികൾ വളർച്ച പ്രതീക്ഷ താഴ്ത്തിത്തുടങ്ങി. 2021-22-ലെ കമ്പനികളുടെ ലാഭവളർച്ച പ്രതീക്ഷയിലും കുറവാകുമെന്ന ധാരണ പരന്നു കഴിഞ്ഞു. ഏപ്രിലിൽ ജിഎസ്ടി ഇ വേ ബിൽ സംഖ്യ 30 ശതമാനത്തോളം കുറവായി. വ്യാപാരം കുറയുന്നതിൻ്റെ ഫലമാണത്. വാഹന കമ്പനികളുടെ 6500-ലേറെ ഷോറൂമുകൾ അടച്ചു. പ്രാദേശിക നിയന്ത്രണങ്ങളുടെ ഫലമാണിത്.
തുടർച്ചയായ രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ അമേരിക്കൻ ഓഹരികൾ ഒരു ശതമാനത്തോളം ഉയർന്നു. അതിൻ്റെ ചുവടുപിടിച്ച് ഇന്ന് ഏഷ്യൻ വിപണികളും ഉയർന്നു. ജപ്പാനിലെ നിക്കെെ രാവിലെ 1.4 ശതമാനം ഉയർന്നു.
എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച 14,016 വരെ താണ ശേഷം ഇന്നു രാവിലെ 14, 150- ലേക്ക് ഉയർന്നു. ഡെറിവേറ്റീവ് വിപണി ഉണർവ് പ്രതീക്ഷിക്കുന്നു എന്നാണു സൂചന.
ഇന്നു നിഫ്റ്റി 14,300-നു മുകളിൽ ക്ലോസ് ചെയ്തില്ലെങ്കിൽ കൂടുതൽ ആഴത്തിലുള്ള തിരുത്തലിലേക്കു വിപണി നീങ്ങുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 13,950 വരെ താഴാനുള്ള സാധ്യത അവർ കാണുന്നു. 14,300-നു മുകളിൽ ക്ലോസ് ചെയ്താൽ 14,530 വരെ സാവധാനം കയറുമത്രെ.
വിദേശ നിക്ഷേപകർ വിപണിയിൽ നിന്നു പണം പിൻവലിക്കുകയാണ്. എന്നാൽ സാവധാനം ചെറിയ തോതിലാണു പിന്മാറ്റം എന്നതാണ് ആശ്വാസഘടകം.

ക്രൂഡ് താണു, സ്വർണം കയറി

ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോളിയം ഉപയോക്തൃ രാജ്യമായ ഇന്ത്യയിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്നത് ഉപയോഗം കുറയ്ക്കുമെന്ന ധാരണ പരത്തി.ഇത് ക്രൂഡ് ഓയിൽ വില മൂന്നര ശതമാനം ഇടിച്ചു. ബ്രെൻ്റ് ഇനം 67.7 ഡോളറിൽ നിന്ന് ഇന്ന് 65.12 ഡോളറിലെത്തി.
സ്വർണവില കയറുകയാണ്. 1794 ഡോളറിലാണ് ഒരൗൺസ് സ്വർണം. രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണു കേരളത്തിൽ സ്വർണം.(പവനു 35,880 രൂപ).
ബിറ്റ് കോയിൻ വില 54,300 ഡോളറിലേക്കു താണു. കഴിഞ്ഞയാഴ്ച 63,500 ഡോളർ കടന്നതാണ്.

കോവിഡ് നില കൂടുതൽ മോശം

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയുടെ റിക്കാർഡ് മറികടന്നു. 3.15 ലക്ഷത്തിലധികമാണ് ഇന്നലെ രാജ്യത്തെ രോഗബാധ. ജനുവരി ആദ്യം അമേരിക്കയിൽ 3.01 ലക്ഷം പ്രതിദിന രോഗബാധ ഉണ്ടായിരുന്നു. പ്രതിദിന മരണ സംഖ്യ 2100-നു മുകളിലായി.
കൂടുതൽ വേഗം പടരുന്ന വിധം ജനിതകമാറ്റങ്ങൾ വന്ന വൈറസുകളാണു രാജ്യത്ത് ഇപ്പോൾ ഉള്ളതെന്നു കരുതപ്പെടുന്നു. ആശുപത്രി സംവിധാനങ്ങൾക്കു താങ്ങാവുന്നതിലേറെ രോഗികളാണു നിലവിലുള്ളത്.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നടപടിയായി. കോവിഡിനുപയോഗിക്കുന്ന റെംഡെസിവിർ എന്ന മരുന്നും അതിൻ്റെ ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതിനു ചുങ്കം കുറച്ചു.
.രോഗബാധയുടെ പാരമ്യം മേയ് പകുതിക്കാകുമെന്നു കേന്ദ്ര സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം പറഞ്ഞു. ചില ശാസത്രീയ പഠനങ്ങൾ വച്ചു വിദഗ്ധർ എത്തിയ നിഗമനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡിൻ്റെ ആദ്യകാലത്തു പല അബദ്ധ പ്രവചനങ്ങളും നടത്തിയിട്ടുള്ള നീതി ആയോഗ് ഇത്തവണ ഒന്നും പറഞ്ഞിട്ടില്ല.

വളർച്ച പ്രതീക്ഷ താഴ്ത്തി

കെയർ റേറ്റിംഗ്സ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ വീണ്ടും താഴ്ത്തി.10.0-10.5 ശതമാനമാണ് ഇപ്പോഴത്തെ പ്രതീക്ഷ. മാർക്കൽ 10.7-11.5 ശതമാനം പ്രതീക്ഷിച്ചതാണ്. ഇതു രണ്ടാമത്തെ കുറയക്കലാണ്.
വിദേശ ഏജൻസികൾ അടുത്ത മാസമേ റേറ്റിംഗ് പുനരവലോകനം നടത്താൻ സാധ്യതയുള്ളു.
ഗവണ്മെൻ്റിൻ്റെ നികുതി വരുമാനത്തിനു വളർച്ചയിലെ ഇടിവ് ആഘാതമാകും. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതും പ്രശ്നമാകും. എൽഐസി ഐപിഒയും ബാങ്ക് സ്വകാര്യവൽക്കരണവും ഈ വർഷം ലക്ഷ്യമിട്ടിരുന്നതാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it