Begin typing your search above and press return to search.
കുതിപ്പിനു തറ ഒരുങ്ങി; ഡോളർ കരുത്തു നേടുന്നു; വിദേശികളും സ്വദേശികളും വിപണിയിൽ ഒളിച്ചു കളിക്കുന്നോ? മാരുതിയുടെ കണക്കുകൾ നൽകുന്ന പാഠങ്ങൾ
ചൊവ്വാഴ്ച കൂടി കുതിപ്പ് തുടർന്നതോടെ ഈയാഴ്ച ഇന്ത്യൻ ഓഹരി സൂചികകളുടെ കയറ്റം മൂന്നു ശതമാനം കടന്നു. ആശ്വാസ റാലിക്കപ്പുറം ബുള്ളുകൾക്കു കുതിക്കാനുള്ള അടിത്തറ ഇതുവഴി ഒരുങ്ങി. ഹ്രസ്വകാല ആശങ്കകൾ മറികടക്കാനും വിദേശികളുടെ വിൽപന കുറയ്ക്കാനും കഴിഞ്ഞാൽ വിപണിക്കു മുന്നോട്ട് പോകാൻ അവസരമൊരുങ്ങും.
കടപ്പത്ര വിലകൾ കുറയുന്നത് ഏഷ്യൻ വിപണികളെ ഇന്നു താഴോട്ട് വലിക്കുന്നുണ്ട്. വിലക്കയറ്റം കൂടുമെന്ന ആശങ്കയാണു കാരണം.
സമീപ പ്രതിരോധം മറികടന്ന് നിഫ്റ്റി
ഇന്നലെ കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി സമീപ പ്രതിരോധം മറികടന്നു എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റി ഇന്നലെ 1.16 ശതമാനം ഉയർന്ന് 14,653 ൽ ക്ലോസ് ചെയ്തു. 14,750 സമീപ പ്രതിരോധം തീർക്കുന്നു. താഴെ 14,485 നിഫ്റ്റിക്ക് ഉറച്ച താങ്ങ് നൽകും.
സെൻസെക്സ് 48,944 ലാണു ക്ലോസ് ചെയ്തത്. മുഖ്യ സൂചികകളേക്കാൾ ഉണർവിലായിരുന്നു മിഡ് ക്യാപ്പും സ്മോൾ ക്യാപ്പും. സ്റ്റീൽ, മെറ്റൽ ഓഹരികൾ കുതിപ്പ് തുടർന്നു. സ്റ്റീൽ, ചെമ്പ്, അലൂമിനിയം വിലകൾ വീണ്ടും ഉയർച്ചയിലാണ്. ചൈനീസ് ഡിമാൻഡാണു കാരണം.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ താഴ്ന്നാണു തുടങ്ങിയത്.ഇന്നലെ എസ് ജി എക്സ് നിഫ്റ്റി 14,700-നു മുകളിൽ കയറിയിട്ട് അൽപം താണു. ഇന്നു ചെറിയ ഉയർച്ചയോടെ മാത്രം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വ്യാപാരനില നൽകുന്ന സൂചന. താഴ്ചയ്ക്കുള്ള സാധ്യതയും തള്ളാനാവില്ല.
ഫെഡിൽ കണ്ണുനട്ട് യു എസ്
ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ ദുർബലമായിരുന്നു. ഡൗ സൂചിക 3.36 പോയിൻ്റ് മാത്രം കയറി. നാസ്ഡാക് 48.5 പോയിൻ്റ് താണു. യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴോട്ടാണ്.
ഫെഡറൽ റിസർവ് ബോർഡിൻ്റെ (ഫെഡ്) പണനയ കമ്മിറ്റി ഇന്ന് എന്തു പറയും എന്ന ആശങ്ക യു എസ് വിപണിക്കുണ്ട്. പലിശനിരക്കിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഫെഡിൻ്റെ വിലക്കയറ്റ പ്രതീക്ഷ വിപണിക്കു നിർണായകമാണ്. വിലക്കയറ്റം വേഗത്തിൽ സംഭവിക്കും എന്നാണു വിലയിരുത്തൽ എങ്കിൽ പലിശ വർധനയും വേഗത്തിലാകും എന്നു വിപണി കണക്കാക്കും. അതു ഡോളറിൻ്റെയും കടപ്പത്രങ്ങളുടെയും സ്വർണത്തിൻ്റെയും വിലയെ ബാധിക്കും. സ്വർണവില ഇന്നലെ താണതും ഡോളറിൻ്റെ വിനിമയ നിരക്ക് കൂടിയതും ഈ അനിശ്ചിതത്വം മൂലമാണ്. ഡോളറിന് 1.21 യൂറോ ആയി. ഇന്ന് ഇന്ത്യൻ സമയം അർധരാത്രിയാണു ഫെഡ് ചെയർമാൻ ജെറോം പവൽ മാധ്യമങ്ങളോടു സംസാരിക്കുന്നത്.
വിദേശികൾ വിൽക്കുന്നു, സ്വദേശികൾ വാങ്ങുന്നു
വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിറ്റഴിച്ചു. 1454.75 കോടി രൂപയുടെ ഓഹരികളാണ് അവർ ഇന്നലെ കൈയൊഴിഞ്ഞത്. സ്വദേശി നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും 1463.44 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
വിദേശികൾ ഏപ്രിലിൽ ഇതുവരെ 10,149.75 കോടി രൂപ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചു.സമീപകാലത്തെ ഏറ്റവും വലിയ പിന്മാറ്റമാണിത്. അതേ സമയം സ്വദേശി നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും 10,446.72 കോടി രൂപ ഈ മാസം ഓഹരികളിൽ നിക്ഷേപിച്ചു.
വിദേശികൾ ഇൻഡെക്സ് ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വലിയ തോതിൽ ഇടപെടുന്നുണ്ട്.
വിദേശികൾ പണം പിൻവലിക്കുന്നതിനനുസരിച്ച് സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും പണം നിക്ഷേപിക്കുന്നതു കൗതുകകരമായ കാഴ്ചയാണ്. വിദേശികൾ വിൽക്കുമ്പോൾ വാങ്ങിയാൽ ലാഭം തീർച്ചയാണെന്നു കരുതിയാണോ ഈ നിക്ഷേപം? അതോ വിപണിയെ താങ്ങി നിർത്താൻ നിക്ഷേപം നടത്തുകയാണോ? സംശയാലുക്കളുടെ എണ്ണം കൂടി വരികയാണ്.
കോവിഡ് ഭീഷണി
ആഗോള കോവിഡ് രോഗബാധ പ്രതിദിനം എട്ടു ലക്ഷത്തിനു മുകളിൽ തുടരുകയാണ്. മൊത്തം രോഗബാധ 15 കോടിയിലേക്ക് അടുത്തു. വാക്സിനേഷൻ പുരോഗതി തൃപ്തികരമല്ല. ജപ്പാനിൽ 1.1 ശതമാനം പേരേ വാക്സിൻ എടുത്തിട്ടുള്ളു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ പൂഴ്ത്തിവയക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ രോഗവ്യാപനം ആശങ്കാജനകമാണ്. ഇത് ആഗാേള വളർച്ചയ്ക്ക് ഭീഷണിയാകുമെന്ന് ഭയമുണ്ട്.
ഇന്ത്യയിൽ ഇന്നു രാവിലെ പുറത്തു വരുന്ന കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ 3.63 ലക്ഷം എന്ന റിക്കാർഡിലെത്തി. മരണം 3300 നടുത്തായി. മൊത്തം 1.8 കോടി പേർക്കു രോഗം ബാധിച്ചു. 2.01 ലക്ഷം പേർ മരിച്ചു. 29.72 ലക്ഷം ചികിത്സയിൽ. ഇതാണ് ഇന്ത്യയുടെ നില. ജനിതക മാറ്റം വന്ന വൈറസ് അതിതീവ്ര വ്യാപന സ്വഭാവം കാണിക്കുന്നുണ്ടെങ്കിലും അത്രയേറെ മാരകമല്ലെന്നാണ് ഇതു വരെയുള്ള സൂചന.
ക്രൂഡ് കയറി, സ്വർണം വീണു
ഫെഡ് നിലപാട് കാത്തിരിക്കുന്ന ഉൽപന്ന വിപണികളിൽ ഡോളറിൻ്റെ കയറ്റം ഇന്നലെ വലിയ ചാഞ്ചാട്ടത്തിനിടയാക്കി. ഡോളർ ഉയർന്നപ്പോൾ സ്വർണം ഇടിഞ്ഞു. ഔൺസിന് 1768-1769 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം. ഫെഡ് നിലപാട് അറിയും വരെ താഴോട്ടു നീങ്ങും. വിലക്കയറ്റം സാവധാനമേ കൂടൂ എന്നാണു ഫെഡ് പറയുന്നതെങ്കിൽ ഡോളർ താഴും, സ്വർണം കയറും.
ബിറ്റ് കോയിൻ തിരിച്ചു കയറി 55,000 ഡോളർ കടന്നതും സ്വർണ നിക്ഷേപകരെ വഴിതിരിച്ചുവിട്ടു.
വിലക്കയറ്റം വർധിക്കുമെന്ന അഭ്യൂഹം ക്രൂഡ് ഓയിൽ വില വീണ്ടും കയറാൻ ഇടയാക്കി. ചൈനീസ് ആവശ്യം വർധിച്ചതും കാരണമാണ്. ബ്രെൻ്റ് ഇനം 66.55 ഡോളർ കടന്നു.
മാരുതിയുടെ റിസൽട്ടിൽ പഠിക്കേണ്ട കാര്യങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയുടെ റിസൽട്ട് വാഹന വിപണിയുടെയും സമ്പദ്ഘടനയുടെയും യഥാർഥനില കാണിക്കുന്നതായി.
മാരുതി സുസുകിയുടെ 2020-21 ലെ വാർഷിക വിറ്റുവരവ് അടക്കം മൊത്തം വരുമാനം 66,562 കോടി രൂപയാണ്. തലേ വർഷത്തെ വരവ് 78,994 കോടി. ലോക്ക് ഡൗണും മറ്റും മൂലം ഇത്തവണ വരുമാനം ഗണ്യമായി ഇടിഞ്ഞു.
അതല്ല ശ്രദ്ധേയമായ കാര്യം. ലോക്ക് ഡൗൺ ഇല്ലാതിരുന്ന 2019 -20ലെ വരുമാനം തലേ രണ്ടു വർഷങ്ങളിലേതിലും കുറവായിരുന്നു. 2007-18-ലെ വരുമാനം 81,855 കോടി രൂപ ഉണ്ടായിരുന്നു. 2018-19-ൽ 88,630 കോടിയായിരുന്നു വരുമാനം. 2019 -20-ൽ രാജ്യത്തെ സമ്പദ്ഘടന സാരമായ തിരിച്ചടി നേരിട്ടു എന്നു വ്യക്തം.
ഇപ്പാൾ 2020-21-ലെ വരുമാനം പരിശോധിച്ചാൽ അത് 2016 -17-ലേതിലും കുറവാണെന്നു കാണാം. 2016-17-ൽ 70,375 കോടിയായിരുന്നു വരുമാനം.
അതായത് അഞ്ചു വർഷം മുമ്പത്തെ നിലവാരത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ വാഹന നിർമാണ കമ്പനി താണിരിക്കുന്നു. ലോക്ക് ഡൗണും മഹാമാരിയും കൂടി ഒരുക്കിയ പതനം.
ഇപ്പോൾ സ്റ്റീൽ മുതലായ അസംസ്കൃ ത ഘടക വസ്തുക്കളുടെയും വിലക്കയറ്റം മാരുതിയുടെ ലാഭ മാർജിൻ കുറച്ചു വരികയാണ്. നാലാം പാദത്തിൽ പ്രവർത്തന ലാഭ മാർജിൻ 8.3 ശതമാനമായി താണു. വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനിക്ക് ഒൻപതു - പത്തു ശതമാനം ലാഭ മാർജിനാണു പ്രതീക്ഷിച്ചിരുന്നത്.
നാലാംപാദത്തിലെ വിൽപനയിൽ 27.8 ശതമാനം വർധന കാണിക്കാനായതു കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് ലോക്ക് ഡൗണും ജനതാ ഹർത്താലും മറ്റും മൂലം വ്യാപാരത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണ്. അല്ലാതെ വ്യാപാര അന്തരീക്ഷം വല്ലാതെ നന്നായിട്ടല്ല.
Next Story
Videos