കയറ്റുമതിയിൽ തിരിച്ചടി, പണനയത്തിൽ ശ്രദ്ധ, വായ്പ കൂടാത്തത് ഇക്കാരണം കൊണ്ട്; ചൈന പണിയുന്നു; ലോഹങ്ങൾക്കു വില കൂടുന്നു

റിസർവ് ബാങ്കിൻ്റെ പണ നയം നാളെ പ്രഖ്യാപിക്കും. പലിശ നിരക്കിൽ മാറ്റം വരത്തില്ലെന്നാണു പരക്കെ പ്രതീക്ഷ. എന്നാൽ വിലക്കയറ്റത്തിൻ്റെ പേരിൽ പലിശ താമസിയാതെ കൂട്ടുമെന്ന സൂചന ഗവർണർ ശക്തി കാന്ത ദാസ് നൽകിയാൽ വിപണിക്കു തിരിച്ചടിയാകും.

ലക്ഷ്മി വിലാസ് ബാങ്കിലെ ടിയർ - 2 ബോണ്ടുകൾ എഴുതിത്തള്ളിയ നടപടി ബാങ്ക് ഓഹരികൾക്കു തിരിച്ചടിയായി. ബാങ്കുകൾ മൂലധന പര്യാപ്തതയ്ക്കു വേണ്ടി ടിയർ - 1, ടിയർ - 2 ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്. ആ ബോണ്ടുകൾ വിറ്റൊഴിയാൻ നിക്ഷേപകർ തിടുക്കം കൂട്ടുകയാണ്. റിസർവ് ബാങ്കിനോട് തീരുമാനം തിരുത്താൻ പലരും ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ബാങ്ക് ഓഹരികൾക്കു ക്ഷീണമാകും.


* * * * * * * *

കയറ്റുമതിയിലെ ഇടിവ് വീണ്ടും കൂടി

രാജ്യാന്തര വ്യാപാരം ഇപ്പോഴും താഴോട്ടു തന്നെ. നവംബറിൽ ഇന്ത്യയുടെ കയറ്റുമതി 9.07 ശതമാനം കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസത്തെ ഇടിവ്. ഒക്ടോബറിൽ 5.12 ശതമാനമായിരുന്നു താഴ്ച. ഈ കലണ്ടർ വർഷം ഫെബ്രുവരിയിലും (2.9 ശതമാനം) സെപ്റ്റംബറിലും (5.99 ശതമാനം) മാത്രമേ കയറ്റുമതി കൂടിയുള്ളു.

കയറ്റുമതി കുറയുന്നതു രാജ്യത്തെ മാത്രം കുഴപ്പം കൊണ്ടല്ല. വിദേശ രാജ്യങ്ങളിൽ ആവശ്യം വർധിക്കാത്തതു കൊണ്ടാണ്. നമ്മുടെ ഉൽപന്നങ്ങൾ വേണ്ടവർ ബുദ്ധിമുട്ടിലാണെങ്കിൽ കയറ്റുമതി വർധിക്കില്ല. അതാണ് ഇപ്പോൾ കാണുന്നത്.

കയറ്റുമതി ഉടനെങ്ങും കൂടാനും സാധ്യത കാണുന്നില്ല. അതുണ്ടായിരുന്നാൽ ഇറക്കുമതി കൂടുമായിരുന്നു. ഇറക്കുമതിയും കുറഞ്ഞു വരികയാണ്. നവംബറിലെ ഇടിവ് 13.33 ശതമാനം. ഒക്ടോബറിൽ 11.1 ശതമാനമായിരുന്നു ഇടിവ്. കയറ്റുമതി ഓർഡറുകൾ വർധിച്ചാൽ മാത്രമേ ഇറക്കുമതിയും കൂടൂ. കയറ്റുമതി സാധനങ്ങളുടെ നിരവധി ഘടക വസ്തുക്കളും ചിലപ്പോൾ അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതുണ്ട്.

വാണിജ്യം കുറഞ്ഞപ്പോൾ വാണിജ്യ കമ്മി കുറഞ്ഞു. നവംബറിൽ കമ്മി 21.93 ശതമാനം താണ് 996 കോടി ഡോളറായി.

ഔഷധ കയറ്റുമതി 11.3 ശതമാനവും രത്ന-ആഭരണ കയറ്റുമതി 4.11 ശതമാനവും കൂടി എന്ന ആശ്വാസമുണ്ട്.

ഏപ്രിൽ- നവംബർ എട്ടു മാസത്തെ കയറ്റുമതി 17.84 ശതമാനം കുറഞ്ഞപ്പോൾ ഇറക്കുമതി 33.56 ശതമാനം താണു. വിദേശത്തു ഡിമാൻഡ് കുറഞ്ഞതിൻ്റെ ഇരട്ടി തോതിലാണ് ഇന്ത്യയിൽ ഡിമാൻഡ് കുറഞ്ഞതെന്നു ചുരുക്കം.


* * * * * * * *

അക്കൗണ്ടിൽ പണമില്ല; ബാങ്കുകൾക്ക് ആശങ്ക മാറുന്നില്ല.

കോവിഡിനു മുമ്പത്തെ നിലയിലേക്കു കാര്യങ്ങൾ അതിവേേേഗം എത്തുകയാണെന്നും എല്ലാം നോർമലായെന്നും പറയുന്ന ബാങ്കർമാരെയേ കാണാനുള്ളൂ. ബിസിനസ് ചാനലുകളിൽ നൽകുന്ന അഭിമുഖങ്ങളിൽ വലിയ ആത്മവിശ്വാസമാണ് അവർ പ്രകടിപ്പിക്കാറ്. എൻബിഎഫ് സി മേധാവികളും അങ്ങനെെ തന്നെ.

പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. കാര്യങ്ങൾ നോർമൽ ആകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇടപാട് നടത്താൻ പറ്റാത്ത സംഭവങ്ങൾ ഉയർന്നു തന്നെ നിൽക്കുന്നു. ചെക്ക് ക്ലിയറൻസ്, അക്കൗണ്ടിൽ നിന്നു തുക പതിവായി നിശ്ചിത ദിവസം മാറ്റേണ്ട ഇടപാടുകൾ തുടങ്ങിയവയിലൊക്കെ തടസം വരുന്നു. കാരണം അക്കൗണ്ടിൽ വേണ്ടത്ര പണമില്ല.

നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്) വഴി ഒക്ടോബറിൽ നടന്ന ഇടപാടുകളിൽ 40 ശതമാനം ഇങ്ങനെ തടസപ്പെട്ടു. ഇടപാടുകളുടെ മൂല്യം നോക്കിയാൽ 32 ശതമാനം വരും ഇത്. മക്കാറി കാപ്പിറ്റൽ, നാഷണൽ പേമെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റാബേസിൽ ഗവേഷണം നടത്തി കണ്ടെത്തിയതാണിത്.

കോവിഡിനു മുമ്പ് 31 ശതമാനം ചെക്കുകളും ഇടപാടുകളുമാണ് ഇങ്ങനെ തടസപ്പെട്ടിരുന്നത്. അവയുടെ മൂല്യമാകട്ടെ മൊത്തം ഇടപാടുകളുടെ 25 ശതമാനവും.

ഇതിൽ നിന്നു മനസിലാക്കാവുന്ന കാര്യമിതാണ്: മൂന്നാം പാദത്തിലേക്കു കടന്നിട്ടും ജനങ്ങളുടെയും കമ്പനികളുടെയും വരുമാനം മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലേക്കാൾ ഗണ്യമായി കുറവാണു വരുമാനം. വരുമാനം കൂടിയെങ്കിൽ വണ്ടിച്ചെക്കുകൾ കുറയുമായിരുന്നു.


* * * * * * * *

വായ്പ എടുക്കാൻ ആളില്ല; ബാങ്കുകൾ ആർബിഐക്കു 'വായ്പ ' നൽകുന്നു!

സാമ്പത്തിക ദുരിതം വന്നാൽ ഇത്തരം വൈരുധ്യങ്ങളും കാണാം.

വായ്പ എടുക്കാൻ ആൾ കുറവ്; ബാങ്കുകളിൽ നിക്ഷേപം കൂടുന്നു; പണം മിച്ചമുള്ള ബാങ്കുകൾ അതു റിസർവ് ബാങ്കിനു " വായ്പ" നൽകുന്നു. (റിവേഴ്സ് റീപോ വഴി മിച്ച ധനം റിസർവ് ബാങ്കിൽ ഏൽപിക്കുന്നു).

മക്കാറിയുടെ ഗവേഷണത്തിൽ കണ്ടത് ഇവയാണ്: ബാങ്ക് വായ്പയിലെ വർധന 5.7 ശതമാനം മാത്രം. നിക്ഷേപ വർധന 11 ശതമാനത്തോളം. ബാങ്കുകൾ വായ്പ നൽകാനാവുന്ന 6.3 ലക്ഷം കോടി രൂപ കൈയിൽ സൂക്ഷിക്കുകയോ റിസർവ് ബാങ്കിൽ ഇടുകയോ ചെയ്യുന്നു.

വായ്പയ്ക്ക് അർഹരായവരെ കണ്ടെത്താൻ ബാങ്കുകൾ വിഷമിക്കുന്നു. കൊടുത്താൽ തിരിച്ചുനൽകുമെന്ന് ന്യായമായി കരുതാവുന്നവരെ കണ്ടെത്താൻ വിഷമിക്കുന്നു.

വ്യവസായ - വാണിജ്യ വായ്പയിൽ കുറെയെങ്കിലും വർധന ഉണ്ടായത് കേന്ദ്രം ഇസിഎൽജിഎസ് എന്ന അടിയന്തര ക്രെഡിറ്റ് ഗാരൻ്റി സ്കീം പ്രഖ്യാപിച്ചതു വഴിയാണ്. അതില്ലെങ്കിൽ വാണിജ്യ-വ്യവസായ വായ്പകൾ വർധിക്കുകയേ ചെയ്യുമായിരുന്നില്ല.


* * * * * * * *


റീട്ടെയിലിലും വളർച്ച കുറവ്

റീട്ടെയിൽ വായ്പകളിലെ വർധന 10.7 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി താണു. പാർപ്പിട വായ്പ 8.2 ശതമാനം കൂടിയപ്പോൾ വാഹനവായ്പ 8.4 ശതമാനമേ കൂടിയുള്ളു. പേഴ്സണൽ ലോൺ 14.3 ശതമാനം വർധിച്ചപ്പോൾ ക്രെഡിറ്റ് കാർഡ് വായ്പ 4.9 ശതമാനം മാത്രമാണു വർധിച്ചത്.

വരുമാനവും പണിയും കുറഞ്ഞപ്പോൾ വായ്പ എടുക്കാൻ ജനത്തിനു ഭയം.


* * * * * * * *


ചൈന പണിയുന്നു; ലോഹങ്ങൾക്കു വില കൂടുന്നു

ചൈന അടിസ്ഥാന സൗകര്യ വികസനത്തിനു വലിയ തുക മുടക്കുന്നു. ഇന്ത്യയുമായുള്ള അതിർത്തിയിലടക്കം റോഡ്, പാലം, റെയിൽവേ നിർമാണങ്ങൾ തകൃതിയായി നടക്കുന്നു. കെട്ടിട നിർമാണവും അങ്ങനെ തന്നെ. ജലവൈദ്യുത പദ്ധതികൾ, വൈദ്യുതി വിതരണ ശൃംഖലകൾ തുടങ്ങിയവയിലും വലിയ മുതൽ മുടക്കുണ്ട്.

ഇതെല്ലാം ഒരു കാര്യം ഉറപ്പാക്കുന്നു: ലോകത്തിലെ ധാതു ദ്രവ്യങ്ങൾക്കും ലോഹങ്ങൾക്കും വില കുതിച്ചു കയറി. ഇനിയും കയറുമെന്നു വിപണി കരുതുന്നു.

ചെമ്പ്, അലൂമിനിയം, സിങ്ക്, ഈയം, നിക്കൽ തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില 2008-നു മുമ്പുള്ള നിലയിൽ എത്തുമെന്നാണു കരുതപ്പെടുന്നത്. അടുത്ത ആറു മാസം സാമ്പത്തിക ഉണർവ് ലോഹ വിലകളെ പുതിയ റിക്കാർഡിലേക്കു നയിക്കാനും സാധ്യതയുണ്ട്.

ഓഹരി വിപണിയിൽ ലോഹ കമ്പനികൾക്ക് ഈ ദിവസങ്ങളിൽ വലിയ പ്രിയം വന്നതിനു കാരണവും മറ്റൊന്നല്ല. ഇന്നലെ എൻ എസ് ഇ യിൽ നിഫ്റ്റി മെറ്റൽ സൂചിക 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലായി. സെയിൽ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയ ഓഹരികൾ അഞ്ചു മുതൽ ഏഴുവരെ ശതമാനം ഉയർന്നു. ടാറ്റാ സ്റ്റീൽ, ജിൻഡൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ള്യു സ്റ്റീൽ, എൻഎംഡിസി തുടങ്ങിയവയ്ക്കും നല്ല ഉയർച്ചയുണ്ടായി.

സ്റ്റീൽ കമ്പനികൾ ചൊവ്വാഴ്ച സ്റ്റീൽ വില കൂട്ടിയിരുന്നു. ടണ്ണിന് 2000 മുതൽ 2500 വരെ രൂപ വർധിപ്പിച്ചു. ഹോട്ട് റോൾഡ് (എച്ച് ആർ) കോയിലിന് ഇതോടെ ടണ്ണിന് 47,000 രൂപയായി.


* * * * * * * *

വിപണിയിൽ ദുർബലമായ തുടക്കം കണ്ടേക്കാം

യൂറോപ്പിലെയും അമേരിക്കയിലെയും പ്രവണത തുടർന്നാൽ ഏഷ്യൻ വിപണികൾ താഴോട്ടു നീങ്ങണം. എല്ലായിടത്തും റിക്കാർഡ് നിലവാരത്തിൽ നിന്ന് ഓഹരികൾ അൽപം പിന്നോട്ടടിക്കുന്നു.

ബുധനാഴ്ച നിഫ്റ്റി നാമമാത്രമായി കയറി; സെൻസെക്സ് അൽപം താണു. കൂടുതൽ സമയവും താഴ്ചയിലായിരുന്ന സൂചികകൾ അവസാന മണിക്കൂറിലാണു തിരിച്ചു കയറിയത്. 400 പോയിൻ്റാണു സെൻസെക്സ് ഒരു മണിക്കൂർ കൊണ്ടു തിരിച്ചുപിടിച്ചത്.

31,150 ലെ വലിയ തടസം നിഫ്റ്റി മറികടക്കുമെന്ന് എസ് ജി എക്സ് നിഫ്റ്റി ഇന്നു പ്രഥമ സെഷനിൽ സൂചിപ്പിച്ചു. പക്ഷേ പിന്നീടു താഴോട്ടു നീങ്ങി. ദുർബല നിലയിലാകും വിപണി തുടങ്ങുക എന്നാണു സൂചന.

ഫൈസർ കമ്പനിയുടെ വിലയേറിയ കോവിഡ് വാക്സിനു ബ്രിട്ടൻ അനുമതി നൽകി. അമേരിക്ക, ജപ്പാൻ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഫൈസറുമായി വാക്സിൻ കരാർ ഉണ്ടാക്കി. ഇതെല്ലാം വിപണിയെ ഉത്തേജിപ്പിക്കും.

ചൈനയുമായുള്ള വാണി ജ്യവിഷയങ്ങൾ സാവധാനമാകും കൈകാര്യം ചെയ്യുക എന്ന നിയുക്ത യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ പ്രസ്താവന വിപണിക്ക് ആശ്വാസമാണ്.

അമേരിക്കയിൽ കോവിഡ് മൂലം പണി പോയവരിൽ ഒരു കോടിയോളം പേർ ഇപ്പോഴും തൊഴിൽ രഹിതരാണെന്നു യുഎസ് ഫെഡ് തലവൻ ജെറോം പവൽ പറഞ്ഞു. 2021 പകുതിക്കു ശേഷമേ സാമ്പത്തിക വളർച്ച സാധാരണ നില കൈവരിക്കൂ എന്നാണു പവൽ കരുതുന്നത്.


* * * * * * * *

ക്രൂഡ് കയറുന്നു

ക്രൂഡ് ഓയിൽ ഉൽപാദനം കുറച്ചു നിർത്താൻ ധാരണയായെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് വന്നു. ഇത് ബ്രെൻ്റ് ഇനം ക്രൂഡ് വില 48 ഡോളറിനു മുകളിലെത്തിച്ചു. റിപ്പോർട്ട് ശരിയായാൽ ക്രൂഡ് 50 ഡോളറിലേക്കു കയറും.

സ്വർണവില വീണ്ടും ഉയർച്ചയുടെ പാതയിലാണ്. ഇന്നു രാവിലെ ഔൺസിന് 1830 ഡോളറിലെത്തി. ഇന്ത്യയിലും വില കൂടും.

ഡോളർ സൂചിക താഴുകയാണെങ്കിലും ഇന്നലെ രൂപയ്ക്ക് ചെറിയ ഇടിവുണ്ടായി. ഡോളർ 18 പൈസ കയറി 73.81 രൂപയിലെത്തി.


* * * * * * * *


ബിപിസിഎലിൽ വേദാന്തയ്ക്കു താൽപര്യം

ഭാരത് പെട്രോളിയം കോർപറേഷനെ (ബിപിസിഎൽ) വാങ്ങാൻ താൽപര്യമറിയിച്ചത് മൂന്നു കമ്പനികൾ. അതിലൊന്ന് അലൂമിനിയം, ചെമ്പ്, പെട്രോളിയം മേഖലകളിൽ വലിയ സാന്നിധ്യമുള്ള വേദാന്ത ഗ്രൂപ്പ്. അനിൽ അഗർവാൾ നയിക്കുന്ന വേദാന്ത രാജസ്ഥാനിൽ കയേൺ ഇന്ത്യയുടെ എണ്ണപ്പാടങ്ങൾ വാങ്ങിയിട്ടുണ്ട്. ആ എണ്ണ സംസ്കരിച്ച് പെട്രോളും ഡീസലും മറ്റുമാക്കാൻ ബിപിസിഎലിൻ്റെ റിഫൈനറികളാണു നല്ലത്. അതാണു താൽപര്യത്തിനു കാരണം. മറ്റു രണ്ടു ഗ്രൂപ്പുകൾ ധനകാര്യ നിക്ഷേപ കമ്പനികൾ മാത്രമാണ്. അപ്പോളോ ഗ്ലോബൽ മാനേജ്മെൻ്റാണ് അതിലൊന്ന്.

കൊച്ചി, മുംബൈ, ബിന (മധ്യപ്രദേശ്), നുമാലിഗഡ് (ആസാം) എന്നിവിടങ്ങളിലാണ് ബിപിസിഎൽ റിഫൈനറികൾ. ബിപിസിഎലിൻ്റെ 52.98 ശതമാനം ഓഹരിയാണു കേന്ദ്ര ഗവണ്മെൻ്റിൻ്റെ പക്കലുള്ളത്. ഇതു മുഴുവൻ ഒറ്റയടിക്കു വിൽക്കാനാണ് തീരുമാനം. 385 രൂപയാണ് ഇപ്പോൾ ബിപിസിഎൽ ഓഹരിയുടെ വില. 52.98 ശതമാനം ഓഹരി വാങ്ങാൻ 44,200 കോടി രൂപ വേണ്ടി വരും. പുറമേ മറ്റു നിക്ഷേപകരുടെ 26 ശതമാനം ഓഹരി കൂടി വാങ്ങാൻ ഓപ്പൺ ഓഫർ നടത്തേണ്ട ബാധ്യതയും വാങ്ങുന്ന കമ്പനിക്കുണ്ടാകും. അതിന് 21,600 കോടി രൂപ കൂടി വേണം. മൊത്തം 65,800 കോടി രൂപയെങ്കിലും മുടക്കിയാലേ ബിപിസിഎൽ കൈയിലാവൂ.

നുമാലിഗഡ് റിഫൈനറി വിൽപനയിൽ പെടുന്നില്ല. ബാക്കി മൂന്നു റിഫൈനറി കളിലായി 353 ലക്ഷം ടൺ ക്രൂഡ് സംസ്കരണ ശേഷിയുണ്ട്. 17,355 പെട്രോൾ പമ്പുകളും 6156 എൽപിജി ഏജൻസികളും 61 വ്യോമ ഇന്ധന സ്റ്റേഷനുകളും ബിപിസിഎലിന്നണ്ട്.ഇന്നത്തെ വാക്ക് : റിവേഴ്സ് റീപോ

വാണിജ്യ ബാങ്കുകളിൽ വായ്പ നൽകാനാവുന്ന തിലേറെ പണം ഉണ്ടാകുമ്പോൾ അതു റിസർവ് ബാങ്കിൽ നിക്ഷേപിച്ച് ചെറിയ പലിശ നേടാൻ ഉള്ള സൗകര്യമാണു റിവേഴ്സ് റീപോ.

3.35 ശതമാനമാണ് ഇതിനുള്ള പലിശ. ഒരു ദിവസം മുതൽ ഉള്ള തീർത്തും ഹ്രസ്വമായ കാലാവധിയിലേക്കു നിക്ഷേപിക്കാം എന്നതാണ് ഇതിലെ സൗകര്യം. ആവശ്യം എപ്പാേൾ വരുന്നോ അപ്പോൾ തിരിച്ചെടുക്കുകയുമാകാം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it