തിരുത്തിനു വഴിയൊരുക്കി പുതിയ ഇനം വൈറസ്; വളർച്ച പ്രതീക്ഷയുടെ മേൽ നിഴൽ, അംബാനിക്കു ജയിക്കാനായില്ല!

നിർത്തില്ലാത്ത വിദേശപണപ്രവാഹത്തിൽ കുതിച്ചു പാഞ്ഞിരുന്ന ഓഹരി -ഉൽപന്ന വിപണികൾ അനിവാര്യമായ തിരുത്തലിൽ: ഇതാണു തിങ്കളാഴ്ചത്തെ വിപണി തകർച്ചയെപ്പറ്റിയുള്ള പൊതു വിലയിരുത്തൽ. പുതിയ കോവിഡ് വൈറസ് അതിനുള്ള നിമിത്തമായി. ക്രിസ്മസും പുതുവത്സരവും വിദേശ നിക്ഷേപം അൽപം മന്ദഗതിയിലാക്കാൻ കാരണമാകും.

മുഖ്യ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മൂന്നു ശതമാനം താഴോട്ടു പോന്നു. തുടർന്നുള്ള വിപണി ഗതി ഹ്രസ്വകാലത്തിൽ താഴോട്ടാണെങ്കിലും വളരെ വലിയ തിരുത്തൽ അധികമാരും പ്രതീക്ഷിക്കുന്നില്ല. മുഖ്യസൂചികകൾ ഏഴു മുതൽ 10 വരെ ശതമാനം താഴാം എന്നാണ് പ്രമുഖ ഓഹരി ഗവേഷകർ പറയുന്നത്. 13,150-നടുത്ത് നിഫ്റ്റി ഇന്നലെ എത്തിയിരുന്നു. ഇന്നു 13,150- നു താഴേക്കു നീങ്ങിയാൽ 12,700- 12,800 മേഖല വരെ പോകാം എന്നാണു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്. മറിച്ചു മുകളിലേക്കു നീങ്ങുമ്പോൾ 13,400- 13,600 മേഖലയിൽ ശക്തമായ തടസം ഉണ്ടാകും.

താഴുന്ന വിപണിയിൽ നല്ല ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അവസരം ഉപേക്ഷിക്കരുത്. ഇന്നലെ ആഗോളതലത്തിൽ ഓഹരി സൂചികകൾ തകർന്നപ്പോഴും അമേരിക്കയിലെ ഡൗ ജോൺസ് സൂചിക ചെറിയ തോതിൽ കയറിയതു ശ്രദ്ധേയമാണ്. കേന്ദ്ര ബാങ്കുകൾ കണക്കില്ലാതെ ഒഴുക്കുന്ന പണം നിക്ഷേപകർക്ക് ഊർജമായി പ്രവർത്തിക്കും. നിസാര പലിശയ്ക്കു ലഭിക്കുന്ന പണം നിക്ഷേപിക്കാൻ ഓഹരികളല്ലാതെ വേറേ മാർഗങ്ങളില്ല.

എല്ലാ ഉപസൂചികകളും താഴാേട്ടു പോയതാണ് ഇന്നലത്തെ സവിശേഷത. നിഫ്റ്റി ബാങ്ക് നാലു ശതമാനം ഇടിഞ്ഞു. ക്രൂഡ് വിലയിടിവ് ഒഎൻജിസി മുതൽ എണ്ണ വിപണന കമ്പനികളെ വരെ വലിച്ചു താഴ്ത്തി.

ബുൾ തരംഗത്തിൻ്റെ ബലത്തിൽ കമ്പനികളുടെ ലാഭത്തോ തുമായി ഒരു ബന്ധവും ഇല്ലാത്ത നിലയിൽ ഓഹരി വിലകൾ ഉയർന്നിരുന്നു. ആ തെറ്റ് തിരുത്താൻ വിപണിക്കു കിട്ടുന്ന അവസരമാണിത്.


* * * * * * * *


കോവിഡിൻ്റെ മാരകമായ രണ്ടാം വരവ്



ആദ്യത്തേതിനേക്കാൾ മാരകവും തീവ്ര വ്യാപന സ്വഭാവവും ഉള്ളതാണ് പുതിയ ഇനം കൊറോണ വൈറസ് എന്നാണു റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലും ഇറ്റലിയിലും ഡെന്മാർക്കിലും ഓസ്ട്രേലിയയിലും സിംഗപ്പൂരിലും തായ്ലൻഡിലുമൊക്കെ ഈ ഇനം എത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിലേതുപോലെ കർശനമായ ലോക്ക് ഡൗൺ ആണു മിക്ക രാജ്യങ്ങളും നടപ്പാക്കുന്നത്. ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള അതിർത്തി കടക്കാൻ കാത്തു കിടക്കുന്ന ട്രക്കുകളുടെ നീണ്ട നിര ലോക്ക് ഡൗണിൻ്റെ കാർക്കശ്യം വ്യക്തമാക്കുന്നു.

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ യൂറോപ്യൻ ബന്ധമുള്ള കമ്പനികളുടെ ഓഹരികൾക്ക് ക്ഷീണമായി. ഐടി കമ്പനികളിൽ പലതിനും വരുമാനത്തിൻ്റെ 20-30 ശതമാനം യൂറോപ്പിൽ നിന്നാണ്. ടിസിഎസ്, വിപ്രോ, എച്ച് സിഎൽ, മാസ്ടെക് തുടങ്ങിയവയ്ക്കു യൂറോപ്പ് വലിയ വിപണിയാണ്‌.

ടാറ്റാ സ്റ്റീലിനും ടാറ്റാ മോട്ടോഴ്സിനും യൂറോപ്പിൽ വലിയ ബിസിനസാണുള്ളത്. ഓട്ടോ കംപോണൻ്റ് കമ്പനികൾക്കും യൂറോപ്പ് പ്രധാന വിപണിയാണ്. ഹോട്ടൽ, ടൂറിസം മേഖലകളിലെ കമ്പനികൾ വർഷാന്ത്യത്തിൽ പ്രതീക്ഷിച്ച ഉണർവ് നഷ്ടമാകും.. വ്യോമയാന കമ്പനികൾക്കു സാധാരണ നിലയിലേക്കു തിരിച്ചു വരാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും. അതിനിടയിൽ പല കമ്പനികളും ഇല്ലാതായെന്നു വരും.


* * * * * * * *

വൈറസിൻ്റെ ഘടനാ മാറ്റം വളർച്ചയ്ക്കു വീണ്ടും ഭീഷണി?


ഘടനാമാറ്റം വന്ന കൊറോണ വൈറസ് പടരുന്നെന്ന റിപ്പോർട്ടുകൾ വീണ്ടും സാമ്പത്തികമാന്ദ്യഭീതി വളർത്തുന്നു. യൂറോപ്പിൻ്റെ സാമ്പത്തിക ഊർജ നിലയമായ ജർമനിയിലടക്കം നിയന്ത്രണങ്ങൾ കർശനമായി. രാജ്യങ്ങൾ യാത്രകളും ചരക്കുനീക്കവും സമ്മേളനങ്ങളും ആഘോഷങ്ങളും നിരോധിക്കുകയോ നിയന്ത്രിക്കുകയാേ ചെയ്യുന്നു.

ഇതിൻ്റെയൊക്കെ ഫലം കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിലേതുപോലെ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതാണ്. അമേരിക്കയിൽ സാമ്പത്തിക മേഖല വീണ്ടും മാന്ദ്യത്തിലേക്കു നീങ്ങിയെന്നു ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.

2020-ൽ ആഗോള ജിഡിപി 4.4 ശതമാനം കുറയുമെന്നും 2021-ൽ 5.2 ശതമാനം വർധിക്കുമെന്നുമാണ് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഒക്ടോബറിൽ പ്രവചിച്ചത്. 2021-ലെ തിരിച്ചുവരവിനെപ്പറ്റിയുള്ള പ്രതീക്ഷകൾക്കാണു പുതിയ രോഗവ്യാപനം ഭീഷണിയാകുന്നത്. ഇതു കൊണ്ടാണു ക്രൂഡ് ഓയിലിനും ലോഹങ്ങൾക്കും വില കുറയുന്നതും ഓഹരികൾ ഇടിയുന്നതും.

കോവിഡിനെപ്പറ്റി ചൈന ലോകാരോഗ്യ സംഘടനയ്ക്കു പ്രഥമറിപ്പോർട്ട് നൽകിയതിൻ്റെ വാർഷിക നാളുകളിലാണ് ഘടനാ മാറ്റം വന്ന വൈറസ് വാർത്തയാകുന്നത്. 1918-20 കാലത്തെ സ്പാനിഷ് ഫ്ലൂ ഘടനാ മാറ്റങ്ങളോടെ രണ്ടും മൂന്നും തവണ പല രാജ്യങ്ങളിലും ബാധിച്ചിരുന്നു.


* * * * * * * *



അംബാനിക്കു ജയിക്കാനായില്ല


ആമസോണുമായുള്ള പോരാട്ടത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിനു ജയിക്കാനായില്ല. ഫ്യൂച്ചറിനെ സ്വന്തമാക്കാനുള്ള റിലയൻസിൻ്റെ ശ്രമങ്ങൾക്ക് ഇതു കാലതാമസമുണ്ടാക്കും.

സിംഗപ്പൂരിലെ ആർബിട്രേഷൻ ട്രൈബ്യൂണലിൻ്റെ ഇടപെടൽ അസാധുവായി പ്രഖ്യാപിക്കണമെന്ന ഫ്യൂച്ചറിൻ്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ആമസോൺ വിവിധ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകുന്നതു വിലക്കണമെന്ന ആവശ്യവും തള്ളി. എന്നാൽ ഫ്യൂച്ചർ- റിലയൻസ് ഇടപാട് സാധുവാണെന്നും പ്രഖ്യാപിച്ചു.

ഫലത്തിൽ സിംഗപ്പൂരിലെ ട്രൈബ്യൂണൽ അന്തിമ തീർപ്പ് നൽകും വരെ മുകേഷ് അംബാനിയുടെ റിലയൻസിനു കിഷോർ ബിയാനിയുടെ ഫ്യൂച്ചർ സ്വന്തമാകില്ല. ജെഫ് ബെസോസിൻ്റെ ആമസോണുമായി ഫ്യൂച്ചറും റിലയൻസും ഒത്തുതീർപ്പിനു ശ്രമിക്കേണ്ടി വരും എന്നതാണ് വിധിയുടെ അന്തിമഫലം.


* * * * * * * *

ജിഡിപി കൂടുമെന്നും ഇല്ലെന്നും പ്രവചനം



ഇന്ത്യൻ സാമ്പത്തിക വളർച്ചയെപ്പറ്റി ശുഭാപ്തി വിശ്വാസം വളർത്തുന്ന പ്രവചനവുമായി എൻസിഎഇആർ (നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച്). ഒക്ടോബർ - ഡിസംബർ പാദത്തിൽ ജിഡിപി 0.1 ശതമാനവും ജനുവരി-മാർച്ചിൽ രണ്ടു ശതമാനവും വളർച്ച അവർ പ്രവചിച്ചു. വാർഷിക ജിഡിപി 7.5 ശതമാനം ചുരുങ്ങുമെന്നാണ് അവരും പറയുന്നത്.

കോവിഡിൻ്റെ പുതിയ ഇനം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനു മുമ്പുള്ളതാണ് ഈ പഠനം. ഇപ്പോഴത്തെ പാദത്തിൽ ജിഡിപി വളരുന്നു എന്ന റിസർവ് ബാങ്കിൻെറ നിഗമനം മിക്ക ഗവേഷണ ഏജൻസികളും ഏറ്റെടുത്ത മട്ടാണു കാണുന്നത്.

സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ തൊഴിൽ സർവേ ഇത്രയും ശുഭാപ്തി വിശ്വാസം നൽകുന്നില്ല. നവംബറിലെ 6.5 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 9.5 ശതമാനത്തിലേക്കു തൊഴിലില്ലായ്മ വർധിച്ചു. അതിനർഥം 2019 ഡിസംബറിൽ ഉണ്ടായിരുന്നതിലും 2.5 ശതമാനം കുറവാണ് ഈ ഡിസംബറിലുള്ള തൊഴിൽ എന്നാണ്. ഇതുസൂചിപ്പിക്കുന്നതു രണ്ടാം പാദത്തിലെ 7.5 ശതമാനത്തിലും കുറഞ്ഞ തോതിൽ ജിഡിപി ചുരുങ്ങുമെന്നാണ്. ജിഡിപി കൂടുമെന്നു സിഎംഐഇ കരുതുന്നില്ല.


* * * * * * * *

ഇന്നത്തെ വാക്ക് : ഐബിസി



ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി- പാപ്പരത്ത- നിർധനത്വ നിയമാവലി). രാജ്യത്തെ പാപ്പർ നടപടികളെ നിയന്ത്രിക്കുന്ന നിയമം. കമ്പനികൾക്കെതിരേ ഇതു പ്രകാരമുള്ള നടപടികൾ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലുകളിലാണ് (എൻസിഎൽടി) ആരംഭിക്കേണ്ടത്. കോവിഡ് ദുരിതം തുടരുന്നതിനാൽ ഈ നിയമ പ്രകാരം പുതിയ പാപ്പർ നടപടികൾ തുടങ്ങുന്നത് 2021 മാർച്ച് 31 വരെ നിർത്തിവച്ചിരിക്കുകയാണ്. കുടിശികക്കാരായ കമ്പനികൾക്ക് ഇതു സഹായകമായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it