വാഹന ഗൃഹോപകരണ വില കൂടുന്നു; പ്രവാസി നിക്ഷേപത്തിനു കുരുക്ക്; ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരും

2020ലെ അവസാനത്തെ വ്യാപാര ആഴ്ചയിലേക്ക് ഓഹരി വിപണി പ്രവേശിക്കുകയാണ്. ഡിസംബറിലെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടുകള്‍ വ്യാഴാഴ്ച കാലാവധിയാകും. അതു വിപണിയില്‍ ചാഞ്ചാട്ടത്തിനു വഴിതെളിക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്തു ചെയ്യുന്നു എന്നതും ഈ ദിവസങ്ങളില്‍ നിര്‍ണായകമാണ്. നവംബറില്‍ ഓഹരികളിലേക്ക് 60,358 കോടി രൂപ വിദേശികള്‍ നിക്ഷേപിച്ചിരുന്നു. ഡിസംബറില്‍ കഴിഞ്ഞ വെള്ളി വരെ 56,643 കോടി അവര്‍ വിപണിയിലിറക്കി. കടപ്പത്രങ്ങള്‍ കൂടി കണക്കിലെടുത്താല്‍ വിദേശികളുടെ നിക്ഷേപം 60,094 കോടി രൂപയുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ വിദേശികള്‍ എന്തു സമീപനം എടുക്കുമെന്ന് എല്ലാവരും സാകൂതം നോക്കുകയാണ്: ഇങ്ങോട്ടുള്ള നിക്ഷേപം തുടരുകയാണോ നിര്‍ത്തുകയാണോ എന്നതാണ് ചോദ്യം. നിക്ഷേപം പഴയ തോതില്‍ തുടരും എന്നാണ് സൂചന. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പണം അടിച്ചിറക്കുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

* * * * * * * *


ബ്രെക്‌സിറ്റ് കരാര്‍ നേട്ടം


ബ്രെക്‌സിറ്റ് രമ്യമായി നടത്താന്‍ കരാറായതു വിപണിയെ സഹായിക്കും. യൂറോപ്യന്‍ യൂണിയനിലും പൊതുവിപണിയിലും കസ്റ്റംസ് യൂണിയനിലും നിന്ന് ബ്രിട്ടന്‍ മാറും. ഉല്‍പന്ന വ്യാപാരത്തില്‍ ചുങ്കം ചുമത്തില്ലെങ്കിലും കസ്റ്റംസ് നടപടി ക്രമങ്ങളെല്ലാം പാലിക്കണം. ആള്‍ക്കാരുടെ യാത്രയ്ക്കു വിസ വേണ്ടെങ്കിലും പാസ്‌പോര്‍ട്ട് പരിശോധന നിര്‍ബന്ധം.

മീന്‍പിടുത്തമടക്കമുള്ള വിഷയങ്ങളില്‍ ഉണ്ടാക്കിയ കരാര്‍ ഈയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. യൂറോപ്യന്‍ കൗണ്‍സിലും കരാര്‍ അംഗീകരിക്കേണ്ടതുണ്ട്.

തകര്‍ച്ചയും തിരുത്തലില്ലാത്ത ഉയര്‍ച്ചയും

കഴിഞ്ഞ തിങ്കളാഴ്ചത്തെ വലിയ തകര്‍ച്ചയെ തുടര്‍ന്നുള്ള മൂന്നു ദിവസം കൊണ്ടു വിപണിക്കു മറികടക്കാനായി. ആഴ്ച മൊത്തമെടുത്താല്‍ സെന്‍സെക്‌സ് 12.85 പോയിന്റ് കയറുകയും നിഫ്റ്റി 11.3 പോയിന്റ് താഴുകയും ചെയ്തു. സാങ്കേതിക വിശകലനക്കാരുടെ അഭിപ്രായത്തില്‍ നിഫ്റ്റിക്ക് 13,775ലും 13,850ലും 14,065ലും തടസങ്ങള്‍ ഉണ്ട്. 13,500 ഉം 13,360 ഉം ശക്തമായ താങ്ങു നല്‍കും.

തിങ്കളാഴ്ചത്തെ വീഴ്ച തിരുത്തലിലേക്കും തുടര്‍ന്നു സമാഹരണത്തിലേക്കും നയിക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല. തിരുത്തല്‍ അനിവാര്യമാണ്. അത് ഏതു നിമിഷവും പ്രതീക്ഷിക്കാം.

* * * * * * * *


സ്വര്‍ണം ഉയരുന്നു



കഴിഞ്ഞ വെള്ളിയാഴ്ച പാശ്ചാത്യ ഓഹരികള്‍ പ്രതീക്ഷയോടെയാണു ക്ലോസ് ചെയ്തത്. ബ്രെക്‌സിറ്റ് കരാര്‍ ഉറപ്പായതാണു കാരണം. ഇന്നു രാവിലെ യുഎസ് സൂചികകളുടെ അവധി വ്യാപാരം ഉയര്‍ച്ചയിലാണ്. ഏഷ്യന്‍ ഓഹരികളും നേട്ടം കാണിക്കുന്നു.

ഡോളര്‍ വീണ്ടും താഴോട്ട് നീങ്ങി. സമാന്തരമായി സ്വര്‍ണം ഉയര്‍ന്നു. വെള്ളിയാഴ്ച ഔണ്‍സിന് 1878 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 1897 ഡോളറിലേക്കുയര്‍ന്നു.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 51.3 ഡോളറിലാണ്.

* * * * * * * *


വിലവര്‍ധനയുടെ പുതുവര്‍ഷം


പുതുവര്‍ഷം വിലവര്‍ധനയുടെ അവസരം കൂടിയാകും. വാഹനങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വില കൂടും.

സ്റ്റീല്‍, അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെയും ഇന്റഗ്രേറ്റഡ് ചിപ്പുകള്‍, ഇലക്ട്രോണിക് പാനലുകള്‍, പ്ലാസ്റ്റിക് തുടങ്ങിയവയുടെയും ഘടക പദാര്‍ഥങ്ങളുടെയും വിലക്കയറ്റമാണ് വില വര്‍ധന അനിവാര്യമാക്കുന്നത്.

എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവയ്ക്ക് അഞ്ചു മുതല്‍ പത്തുവരെ ശതമാനം വില കൂടും. ഘട്ടം ഘട്ടമായി മാര്‍ച്ച് അവസാനം വരെ വില കൂട്ടാനാണു സാധ്യത എന്നു കമ്പനികള്‍ സൂചിപ്പിച്ചു.

വാഹന നിര്‍മാതാക്കള്‍ക്കും വില കൂട്ടാതെ മാര്‍ഗമില്ലെന്നാണു വിശദീകരണം. ലോഹങ്ങള്‍, ഗ്ലാസ്, പ്ലാസ്റ്റിക്, പെയിന്റ് തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും വില വര്‍ധിച്ചു.

ഇറക്കുമതിക്കാര്‍ക്കു ചരക്കുകടത്തു കൂലി വര്‍ധിച്ചതും വില വര്‍ധന അനിവാര്യമാക്കി.

* * * * * * * *


പ്രവാസി നിക്ഷേപത്തിനു സെബി വ്യവസ്ഥ പാരയാകും


ഓഹരികളിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് ഈയാഴ്ച നിര്‍ണായകമാണ്. സെബിയുടെ നിക്ഷേപ നിബന്ധന ഡിസംബര്‍ 31ന് പാലിക്കണം. വിദേശ നിക്ഷേപ ഫണ്ടുകളില്‍ ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും കൂടി 50 ശതമാനത്തില്‍ കൂടുതല്‍ പങ്ക് വഹിക്കരുത് എന്നതാണു പുതിയ വ്യവസ്ഥ. ഫണ്ടില്‍ ഒരു പ്രവാസിയും ഒറ്റയക്ക് 25 ശതമാനത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പാടില്ല.

ഈ വ്യവസ്ഥ പാലിക്കണമെങ്കില്‍ കുറേ പേര്‍ക്കു പണം തിരിച്ചുനല്‍കി അവരെ ഒഴിവാക്കണം. വിദേശികള്‍ വില്‍പനയ്ക്കു തിരക്കു കൂട്ടേണ്ടി വരും. അതു വിപണിയെ ദോഷകരമായി ബാധിക്കും.

വ്യവസ്ഥ മാറ്റാന്‍ വിദേശ ഫണ്ടുകളും പ്രവാസികളും വിദേശ ബാങ്കുകളും ചെലുത്തുന്ന സമ്മര്‍ദം ഇനിയും ഫലം കണ്ടിട്ടില്ല. സെബി വ്യവസ്ഥയില്‍ അയവ് വരുത്തുകയോ കാലാവധി നീട്ടുകയോ ചെയ്തില്ലെങ്കില്‍ വിദേശ ഫണ്ടുകള്‍ക്കു വലിയ തോതില്‍ ഓഹരികള്‍ വില്‍ക്കേണ്ടി വരും.

* * * * * * * *


സ്വര്‍ണം പുതിയ റിക്കാര്‍ഡ് കുറിക്കും


2021ല്‍ സ്വര്‍ണവില പുതിയ റിക്കാര്‍ഡ് കുറിക്കുമെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു. ഔണ്‍സിന് 1517 ഡോളറില്‍ തുടക്കമിട്ട 2020ല്‍ വില 2075 ഡോളര്‍ വരെ കയറി. ഇപ്പോള്‍ 1875 ഡോളറിനു സമീപത്താണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം.

പുതിയ വര്‍ഷത്തില്‍ സ്വര്‍ണം 2200 ഡോളര്‍ വരെ എത്തുമെന്ന് കോം ട്രെന്‍ഡ്‌സ് റിസ്‌ക് മാനേജ്‌മെന്റ് സര്‍വീസസ് സിഇഒ ജ്ഞാനശേഖര്‍ ത്യാഗരാജന്‍ കരുതുന്നു. എച്ച്ഡിഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയര്‍ അനാലിസ്റ്റ് തപന്‍ പട്ടേല്‍ അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണത്തിന്റെ വില 21502390 ഡോളര്‍ മേഖലയില്‍ എത്തുമെന്നാണു കരുതുന്നത്.

2020ല്‍ ആദ്യത്തെ ഒന്‍പതു മാസം ഇന്ത്യയില്‍ സ്വര്‍ണ ആവശ്യം 49 ശതമാനം കുറവായിരുന്നു. പിന്നീടു സ്ഥിതി അല്‍പം മെച്ചപ്പെട്ടെങ്കിലും തലേ വര്‍ഷത്തേതിലും ഗണ്യമായി കുറവാകും ഇക്കൊല്ലത്തെ സ്വര്‍ണ ഡിമാന്‍ഡ്. അടുത്ത വര്‍ഷം ഡിമാന്‍ഡ് ഗണ്യമായ മെച്ചപ്പെടുമെന്നു പ്രതീക്ഷയുണ്ട്. ഡോളര്‍ ദുര്‍ബലമായി തുടരുന്നത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി നിര്‍ത്തുമെന്നും നിരീക്ഷകര്‍
കരുതുന്നു.


* * * * * * * *


റോക്കറ്റ് പോലെ ബിറ്റ്‌കോയിന്‍


ബിറ്റ്‌കോയിന്‍ കയറ്റം തുടരുകയാണ്. 2020ല്‍ 275 ശതമാനം ഉയര്‍ച്ചയോടെ ബിറ്റ് കോയിന്‍ വില 28,000 ഡോളറിനടുത്തായി. മാര്‍ച്ചിനു ശേഷമുള്ള ഉയര്‍ച്ച മാത്രം നോക്കിയാല്‍ 430 ശതമാനത്തിലേറെയാണു കയറ്റം.
ഒരു രാജ്യത്തും അംഗീകാരമില്ലാത്ത ഗൂഢ കറന്‍സി (crypto currency) യാണു ബിറ്റ് കോയിനും മറ്റും. ഡിജിറ്റല്‍ അസ്തിത്വം മാത്രമുള്ള ഗൂഢകറന്‍സികളിലെ ഊഹക്കച്ചവടത്തിനു വോള്‍ സ്ട്രീറ്റ് ഫണ്ടുകളും തുനിഞ്ഞതോടെയാണു വില ഇങ്ങനെ കയറുന്നത്.

ഗൂഢകറന്‍സികള്‍ക്ക് എതെങ്കിലും രാജ്യത്ത് വ്യാപാര നിയന്ത്രണം വരികയോ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത നിര്‍ബന്ധമാക്കുകയോ ചെയ്താല്‍ ഇവ പൊളിയുമെന്നു നിക്ഷേപ വിദഗ്ധര്‍ പറയുന്നു. സ്‌കൈ ബ്രിജ് കാപ്പിറ്റല്‍ എന്ന സ്ഥാപനം 2.5 കോടി ഡോളര്‍ ഒരു പുതിയ ബിറ്റ് കോയിന്‍ ട്രസ്റ്റില്‍ നിക്ഷേപിച്ചു. ഗുഗ്ഗന്‍ ഹൈം 53 കോടി ഡോളര്‍ ഗ്രേ സ്‌കെയില്‍ ബിറ്റ്‌കോയിന്‍ ട്രസ്റ്റില്‍ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചു.

2010ല്‍ പുറത്തിറക്കിയപ്പോള്‍ ഈ ഡിജിറ്റല്‍ കറന്‍സിക്ക് ഒരു ഡോളറായിരുന്നു വില. ഈ ഡിസംബര്‍ 16ന് 20,000 ഡോളര്‍ കടന്നു.

ഇന്ത്യന്‍ രൂപയില്‍ 21 ലക്ഷം രൂപയിലാണ് ഇപ്പോള്‍ ബിറ്റ് കോയിന്‍. വില ഒരു കോടി കടക്കുമെന്ന കണക്കുകൂട്ടലിലാണു നിക്ഷേപകര്‍. അംഗീകാരമില്ലെങ്കിലും ഡിജിറ്റല്‍ കറന്‍സി വ്യാപാരം നടത്തുന്ന പല അനധികൃത എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയിലുണ്ട്.


* * * * * * * *


ഇന്ത്യ വീണ്ടും ബ്രിട്ടനു പിന്നില്‍; 2030ല്‍ മൂന്നാമത്തെ വലിയ ശക്തിയാകും; ചൈന 2028ല്‍ ഒന്നാമതെത്തും


കോവിഡ് ഇന്ത്യയെ ബ്രിട്ടനു പിന്നിലാക്കി. ഇനി അവരെ പിന്നിലാക്കാന്‍ അഞ്ചു വര്‍ഷം കഴിയണം. 2019ലാണ് ഇന്ത്യ ബ്രിട്ടനെ മറികടന്നു ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടന ആയത്. ഒറ്റ വര്‍ഷം കൊണ്ട് ആ പദവി നഷ്ടമായി. ഇക്കൊല്ലം ആറാം സ്ഥാനത്തേക്കു താണു.

2025ല്‍ വീണ്ടും ബ്രിട്ടനെ പിന്നിലാക്കി അഞ്ചാമതെത്തും. 2027ല്‍ ജര്‍മനിയെയും 2030ല്‍ ജപ്പാനെയും പിന്നിലാക്കി മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും.

2028 ല്‍ ചൈന അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം നേരിടുന്ന തകര്‍ച്ചയാണ് അമേരിക്കയെ വലിച്ചു താഴ്ത്തുന്നത്.

സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) ആണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതു പറയുന്നത്. കോവിഡ് മൂലം ഉല്‍പാദനം കുറഞ്ഞതും രൂപ ദുര്‍ബലമായതും ചേര്‍ന്നാണ് ഇന്ത്യയുടെ റാങ്ക് താഴ്ത്തിയത്. കയറ്റുമതി രംഗത്തു പിന്തള്ളപ്പെടാതിരിക്കാന്‍ ഇന്ത്യ രൂപയുടെ വിനിമയ നിരക്ക് താഴ്ത്തി നിര്‍ത്തുകയായിരുന്നു.

അടുത്ത വര്‍ഷം ഇന്ത്യ ഒന്‍പതു ശതമാനം വളരുമെന്നാണു സിഇബിആര്‍ പ്രതീക്ഷ. 2022ല്‍ വളര്‍ച്ച ഏഴു ശതമാനമാകും. വളരുന്തോറും വളര്‍ച്ച നിരക്ക് കുറയുമെന്നും അവര്‍ പറയുന്നു.2035ല്‍ 5.8 ശതമാനമാകും വളര്‍ച്ച.


* * * * * * * *


ഇന്നത്തെ വാക്ക് : സെബി


സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രാജ്യത്തെ മൂലധന വിപണിയുടെയും ഉല്‍പന്ന അവധി വ്യാപാര വിപണിയുടെയും നിയന്ത്രണ സംവിധാനമാണ്. കേന്ദ്ര സര്‍ക്കാരാണ് ഇതിലെ അംഗങ്ങളെ നിയമിക്കുക. ഓഹരി വിപണിയും ഉല്‍പന്ന അവധി വിപണിയുമായി ബസപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും സെബിയാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it