വർഷാന്ത ആശങ്ക വിപണിയിൽ; ടാറ്റായ്ക്ക് എയർ ഇന്ത്യ കിട്ടാൻ സാധ്യത കൂടുന്നു; ബാങ്കുകൾക്കു നല്ലകാലം വരും

വിപണികൾ വർഷാന്ത ആശങ്കയുടെ പിടിയിൽ. അമേരിക്കയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആശ്വാസ-ഉത്തേജക ബിൽ ഒപ്പുവച്ചപ്പോൾ കോവിഡ് ദുരിതബാധിതർക്ക് 2000 ഡോളർ വീതം നൽകണമെന്നു നിർദേശിച്ചിരുന്നു. 600 ഡോളറാണ് യു എസ് സെനറ്റ് അംഗീകരിച്ചത്. ട്രംപ് പറഞ്ഞ തുക നൽകില്ലെന്ന് ചൊവ്വാഴ്ച ഉറപ്പായി. ഇതാേടെ യുഎസ് ഓഹരി സൂചികകൾ താഴോട്ടു നീങ്ങി. ഇന്നു രാവിലെ ജപ്പാനിലടക്കം പല ഏഷ്യൻ രാജ്യങ്ങളിലും ഓഹരികൾ താണു.

ഇന്ത്യയിൽ ചെറിയ ഉയർച്ചയോടെ വിപണി തുടങ്ങുമെന്ന സൂചനയാണ് എസ് ജി എക്സ് നിഫ്റ്റി നൽകുന്നത്. എന്നാൽ വിദേശ ഫണ്ടുകളിൽ യുഎസ് ഇടിവിൻ്റെ സ്വാധീനം ഉണ്ടാകാം. അങ്ങനെ വന്നാൽ ലാഭമെടുക്കലിനു തിടുക്കമുണ്ടാകും. അതു സൂചികകളെ താഴ്ത്തും.
സ്വർണവും ക്രൂഡ് ഓയിലും കാര്യമായ മാറ്റമില്ലാതെ തുടർന്നു. സ്വർണം ഔൺസിന് 1882 ഡോളറിലാണു ബുധനാഴ്ച രാവിലെ. ബ്രെൻ്റ് ഇനം ക്രൂഡ് 51.1 ഡോളറിലാണ് ഇന്നു രാവിലെ.

* * * * * * * *

കർഷകരുമായി വീണ്ടും ചർച്ച


പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ഇന്നു ചർച്ച നടത്തും. ചർച്ചയിൽ വിജയപ്രതീക്ഷ രണ്ടു പക്ഷത്തുമില്ല. പ്രക്ഷോഭം പുതുവർഷത്തിലേക്കു നീളുമെന്നു തീർച്ച. ഈ വിഷയത്തിൽ വിട്ടുവീഴ്ച കാണിച്ചാൽ പ്രധാനമന്ത്രിയുടെയും സർക്കാരിൻ്റെയും പ്രതിച്ഛായ തകരുമെന്നു ഭരണപക്ഷം കരുതുന്നു. മുമ്പും തെറ്റായ തീരുമാനങ്ങൾ തിരുത്താത്തത് ശക്തമായ ഭരണകൂടം എന്ന പ്രതിച്ഛായ മാറ്റാതിരിക്കാനാണ്. കർഷകവിഷയത്തിലെ ഈ കടുംപിടുത്തത്തിനു വലിയ രാഷ്ട്രീയ വില നൽകേണ്ടി വന്നേക്കാം.

* * * * * * * *


ബാങ്കുകൾക്കു വരുന്നതു നല്ല കാലം


കടങ്ങൾ പുനർക്രമീകരിക്കാനുള്ള അപേക്ഷകൾ പ്രതീക്ഷിച്ചതിലും വളരെ കുറവായി. ഇതു പുതിയ വർഷം ബാങ്കുകൾക്ക് ശുഭകരമായി നിരീക്ഷകർ കാണുന്നു .
കോവിഡ് കാലത്തു വായ്പകളിൽ ആറു മുതൽ എട്ടുവരെ ശതമാനം പുനർ ക്രമീകരിക്കേണ്ടി വരുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സൂചന രണ്ടര മുതൽ നാലര വരെ ശതമാനം വായ്പകൾക്കേ പുനർ ക്രമീകരണം വേണ്ടി വരൂ എന്നാണ്.
വായ്പകളുടെ പലിശ, മോറട്ടാേറിയം തുടങ്ങിയവ സംബന്ധിച്ചു സുപ്രീം കോടതിയിൽ കേസ് നടക്കുന്നത് പുനർ ക്രമീകരണ അപേക്ഷ കുറവാകാൻ കാരണമായി. സാമ്പത്തിക രംഗത്തു പ്രതീക്ഷിച്ചതിലും വേഗം തിരിച്ചുവരവ് ഉണ്ടാകുന്നതും സഹായകമായതായി റേറ്റിംഗ് ഏജൻസി ഇക്ര പറഞ്ഞു.
മാർച്ച് ആകുമ്പോഴേക്ക് ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) 10.1 - 10.6 ശതമാനം ആയിരിക്കുമെന്ന് ഇക്ര കണക്കാക്കുന്നു. സെപ്റ്റംബറിൽ 7.9 ശതമാനമായിരുന്നു. വകയിരുത്തലുകൾ നടത്താത്ത അറ്റ (നെറ്റ് ) എൻപിഎ 2.2 ശതമാനത്തിൽ നിന്ന് 3.1-3.2 ശതമാനത്തിലേക്ക് ഉയരും.
ബാങ്കുകൾ ഡിസംബർ പാദത്തിലും മാർച്ച് പാദത്തിലും കൂടുതൽ തുക വായ്പാ നഷ്ടം നികത്താനായി വകയിരുത്തേണ്ടി വരും. എന്നാൽ അടുത്ത സാമ്പത്തിക വർഷം ആയിനത്തിലുള്ള ചെലവ് കുറവാകും. അതനുസരിച്ച്‌ ലാഭത്തോത് കൂടുമെന്നും ഇക്ര വിലയിരുത്തി. പൊതുമേഖലാ ബാങ്കുകൾക്കു മൂലധനത്തിൻ്റെ അഞ്ചു ശതമാനം വരെയും സ്വകാര്യ ബാങ്കുകൾക്ക് 10.5 ശതമാനം വരെയും ലാഭം ഉണ്ടാകാം.

* * * * * * * *


എയർ ഇന്ത്യ: യുഎസ് ഫണ്ട് പിന്മാറി


എയർ ഇന്ത്യയെ വാങ്ങാനുള്ള ഉദ്യമത്തിൽ നിന്നു യുഎസ് ഫണ്ട് ഇൻ്ററപ്സ് പിന്മാറി. എയർ ഇന്ത്യ ജീവനക്കാരുമായി കൂട്ടുചേർന്നു വിമാന കമ്പനി വാങ്ങാനാണ് ഇൻ്റ്റപ്സ് ശ്രമിച്ചത്.
ലക്ഷ്മി പ്രസാദ് എന്നയാൾ ചെയർമാനായുള്ള ഇൻ്ററപ്സ് 49 ശതമാനവും ജീവനക്കാർ 51 ശതമാനവും ഓഹരി എടുക്കാനായിരുന്നു പ്ലാൻ. ഇവർ പിന്മാറിയതോടെ ടാറ്റാ സൺസിന് എയർ ഇന്ത്യ ലഭിക്കാനുള്ള സാധ്യത കൂടി.
താൽപര്യപത്രം സമർപ്പിച്ചവർ വിശദമായ അപേക്ഷ നൽകേണ്ടത് ഇന്നലെയായിരുന്നു. യോഗ്യരായ അപേക്ഷകരുടെ ചുരുക്കപ്പട്ടിക അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കും.

* * * * * * * *


എയർ ഏഷ്യയിൽ ടാറ്റാ സൺസ് പിടി മുറുക്കും


മലേഷ്യയിലെ എയർ ഏഷ്യ, ടാറ്റാ ഗ്രൂപ്പുമായുള്ള സഖ്യത്തിൽ നിന്നു പിന്മാറുന്നു. അവരുടെ 33 ശതമാനം ഓഹരി ടാറ്റാ സൺസ് വാങ്ങും. അതോടെ എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡിൽ ടാറ്റാ സൺസിൻ്റെ ഓഹരി 84 ശതമാനമാകും. എയർ ഏഷ്യ 16 ശതമാനം ഓഹരി കുറേക്കാലം കൂടി കൈവശം വയ്ക്കും.
കേന്ദ്ര സർക്കാരിൽ നിന്ന് എയർ ഇന്ത്യ വാങ്ങാൻ ടാറ്റാ സൺസ് ഉദ്ദേശിക്കുന്നുണ്ട്. എയർ ഏഷ്യ തികച്ചും സ്വന്തമാകുന്നത് എയർ ഇന്ത്യ വാങ്ങുന്നതിനു സഹായകമാകും. എയർ ഏഷ്യയുടെ പേര് മാറ്റാനും ടാറ്റാ ഉദ്ദേശിക്കുന്നുണ്ട്.
ആറു വർഷം മുൻപ് ആരംഭിച്ച എയർ ഏഷ്യ ഇന്ത്യ ഇതുവരെ ലാഭമുണ്ടാക്കിയിട്ടില്ല. 30 എയർ ബസ് എ320 വിമാനങ്ങൾ കമ്പനിക്കുണ്ട്; 600 പൈലറ്റുമാരടക്കം 2500 ജീവനക്കാരുമുണ്ട്.
276 കോടി രൂപ മുടക്കിയാണു ടാറ്റാ സൺസ് മലേഷ്യൻ കമ്പനിയുടെ ഓഹരി വാങ്ങുക.
ടാറ്റാ സൺസിനു സംഗപ്പുർ എയർലൈൻസുമായുള്ള സഖ്യത്തിൽ വിസ്താര എന്ന വിമാന സർവീസും ഉണ്ട്. സിംഗപ്പുർ കമ്പനി എയർ ഇന്ത്യയെ വാങ്ങുന്നതിന്നു കൂട്ടാളിയാകാൻ സമ്മതിച്ചിട്ടില്ല.
ഒൻപതു ദശകം മുമ്പ് ജെ.ആർ.ഡി. ടാറ്റ ആരംഭിച്ചതാണ് എയർ ഇന്ത്യ. ഇതു പിന്നീട് ഗവണ്മെൻ്റ് ദേശസാൽക്കരിക്കുകയായിരുന്നു.

* * * * * * * *

ഇന്നത്തെ വാക്ക് : എൻ പി എ


നോൺ പെർഫോമിംഗ് അസറ്റ് (എൻപിഎ) എന്നത് മൂന്നു മാസത്തിലേറെ ഗഡുവും പലിശയും മുടങ്ങുന്ന വായ്പകളാണ്. എൻപിഎ ആയി ഒരു വായ്പ മാറിയാൽ അതു വഴി ബാങ്കിനു വരാവുന്ന നഷ്ടം കണക്കാക്കി ആ തുക വകയിരുത്തണം. ലാഭത്തിൽ നിന്നു മാറ്റി വയ്ക്കാൻ പണമില്ലെങ്കിൽ പുതിയ മൂലധനം സമാഹരിച്ചു തുക മാറ്റിവയ്ക്കണം. ഇങ്ങനെ വകയിരുത്തൽ നടത്താത്ത വായ്പകളാണ് നെറ്റ് എൻപിഎയിൽ വരുന്നത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it