സൂചനകൾ ബുള്ളിഷ്; ക്രൂഡ് കുതിക്കുന്നു; വിലക്കയറ്റക്കണക്കിൽ കാണുന്നതെന്ത്? വ്യവസായ വളർച്ചയിൽ തിളക്കമില്ല

അമേരിക്കൻ ഓഹരി സൂചികകൾ റിക്കാർഡ് ഉയരത്തിൽ. ഇന്ന് യു എസ് വിപണി അവധിയിലാണെങ്കിലും അവധി വ്യാപാരത്തിൽ സൂചികകൾ ഉയർന്നു നിൽക്കുന്നു. ജപ്പാനിൽ ഇന്നു രാവിലെ വമ്പൻ കുതിപ്പുമായി ഓഹരി വിപണി. വർധിത ആവേശത്തോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ. തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നല്ല തുടക്കത്തിന് എല്ലാ അന്തരീക്ഷവും ഉണ്ട്.

എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,183 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഉയർന്ന തുടക്കമാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശികൾ ആവേശത്തിൽ

കഴിഞ്ഞ വാരാവസാനം അനിശ്ചിതത്വത്തോടെയാണു മുഖ്യ സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 10 പോയിൻ്റ് താണപ്പോൾ സെൻസെക്സ് 13 പോയിൻ്റ് ഉയർന്നു. തിരുത്തൽ ആസന്നമാണെന്ന ധാരണയാണ് അതുളവാക്കിയത്. എന്നാൽ വിദേശ നിക്ഷേപകർ ആവേശം കുറച്ചിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ വിദേശ നിക്ഷേപകർ ഇതുവരെ 20,593 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ജനുവരിയിൽ മൊത്തം 14,649 കോടിയേ അവർ ഇന്ത്യൻ ഓഹരികളിൽ മുടക്കിയുള്ളു.

ബുളളിഷ് സൂചനകൾ

സൂചികകൾ പ്രതിവാര ചാർട്ടിൽ ബുള്ളിഷ് ആണെങ്കിലും പ്രതിദിന ചാർട്ടിൽ അനിശ്ചിതത്വം കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ സമീപനവും വിപണി ഉയർച്ചയിലേക്കു നീങ്ങുമെന്നു കാണിക്കുന്നു. നിഫ്റ്റി 15250-15270 മേഖലയിൽ തടസം നേരിടും. അതു മറികടന്നാൽ 15,500 വരെ കയറാം. 15,080-ലും 15,000-ലും ശക്തമായ സപ്പോർട്ട് ഉണ്ട്. ഡെറിവേറ്റീവ് വിപണിയിലെ സൂചനകളും ബുളളിഷ് ആണ്.

ക്രൂഡ് ഓയിൽ കുതിച്ചു

ആഗാേളവിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ കുതിച്ചു. ബ്രെൻ്റ് ഇനം വീപ്പയക്ക് 63.22 ഡോളറിലേക്കു കയറി. ഡിമാൻഡ് വർധിച്ചതാണു കാരണം. ഇന്ത്യയിൽ ഇന്ധന വില റിക്കാർഡുകൾ തകർത്ത് കയറുകയാണ്. അതു വില സൂചികകളെയും ബാധിച്ചു തുടങ്ങി. ജനുവരിയിലെ ചില്ലറ വിലക്കയറ്റത്തിൽ ഇന്ധന വിഭാഗം 3.43 ശതമാനം ഉയർന്നു.
സ്വർണ വില താഴ്ന്നു നിൽക്കുന്നു. ഔൺസിന് 1820 ഡോളർ വരെ താണിട്ട് 1823-ലേക്ക് ഉയർന്നു. വെള്ളി വില 27.57 ഡോളറിലെത്തി.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ്കോയിനിൽ കമ്പം വർധിക്കുകയാണ്. ഞായറാഴ്ച 49,473 ഡോളർ വരെ വില കയറി. മോർഗൻ സ്റ്റാൻലി ഗ്രൂപ്പ് ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

വിലക്കയറ്റം കുറഞ്ഞു, പക്ഷേ....

ജനുവരിയിലെ ചില്ലറ വിലക്കയറ്റം 4.06 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ 4.59 ശതമാനമായിരുന്നു. ജൂൺ മുതൽ നവംബർ വരെ ആറു മാസം ആറു ശതമാനത്തിനു മുകളിലായിരുന്നു ചില്ലറ വിലക്കയറ്റം. അതു താഴെയായതു ഗവണ്മെൻ്റിനും റിസർവ് ബാങ്കിനും വലിയ ആശ്വാസമാണ്.
ഭക്ഷ്യ വിലക്കയറ്റത്തിലെ ഇടിവാണ് പൊതു വിലക്കയറ്റം കുറച്ചത്. ജനുവരിയിൽ അത് 1.89 ശതമാനമായി താണു.ഡിസംബറിൽ 3.4 ശതമാനമായിരുന്നു. അതിനു മുമ്പ് ഇരട്ടയക്കത്തിലെത്തിയിരുന്നു ഭക്ഷ്യവിലക്കയറ്റം. ഭക്ഷ്യേതര ഇനങ്ങളിൽ വില ഉയർന്നു പോകുകയാണ്.
ചില്ലറ വിലക്കയറ്റത്തിൻ്റെ ഉള്ളിലേക്കു കടന്നാൽ ആശ്വാസത്തിനു പഴുതു കുറച്ചേ ഉള്ളൂ എന്നു കാണാം. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ജനുവരിയിൽ 5.7 ശതമാനമാണ്. ഡിസംബറിലെ നിരക്കിനൊപ്പം വരും ഇത്.
കഴിഞ്ഞ വർഷം ഇതേ കാലത്തു വിലക്കയറ്റം ഉയർന്നു നിന്നിരുന്നതും ഇപ്പോൾ വിലക്കയറ്റത്തോത് കുറവായി കാണാൻ ഇടയാക്കി. ഫെബ്രുവരിയിലെ കണക്കു വരുമ്പോൾ നിരക്ക് ഗണ്യമായി കൂടാനിടയുണ്ട്. മാർച്ച് ആകുമ്പോൾ പച്ചക്കറി, പ യറുവർഗങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും സൂചികയെ ഉയർത്തും. കുറേ മാസങ്ങളിലേക്ക് വിലക്കയറ്റത്തോത് ഉയർന്നു നിൽക്കുമെന്നാണ് ആശങ്ക.

വ്യവസായ ഉൽപാദന വളർച്ച ദുർബലം

വ്യവസായ ഉൽപാദന സൂചിക ഡിസംബറിൽ ഒരു ശതമാനം മാത്രം ഉയർന്നു. നവംബറിൽ രണ്ടു ശതമാനത്തിലധികം കുറവായിരുന്നു സൂചിക. ഡിസംബറിൽ രണ്ടു ശതമാനത്തിലേറെ ഉയർച്ച ഐഐപി യിൽ ഉണ്ടാകുമെന്നാണു റേറ്റിംഗ് ഏജൻസികൾ കരുതിയത്. മൂന്നാം പാദത്തിൽ ജിഡിപി വളർച്ച കാണുമെന്ന പ്രതീക്ഷയ്ക്കും ഈ കണക്കു മങ്ങലേൽപ്പിക്കുന്നു.
ഈ സാമ്പത്തിക വർഷം മൂന്നു മാസങ്ങളിലേ ( സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ) ഐഐപി ഉയർന്നിട്ടുള്ളു. ഡിസംബറിലെ ഉയർച്ച അത്ര ശക്തവുമല്ല. കൺസ്യൂമർ ഡ്യൂറബിൾസ് (ഗൃഹോപകരണങ്ങളും മൊബൈൽ ഫോണും)
ഉൽപാദനം 4.9 ശതമാനം വർധിച്ചു. എന്നാൽ തലേ ഡിസംബറിൽ ഈ മേഖല 5.6 ശതമാനം താഴോട്ടു പോയിരുന്നു. അതായത് ഉയർച്ച എടുത്തു പറയാൻ തക്കതല്ല. കൺസ്യൂമർ നോൺ ഡ്യുറബിൾസ് (പ്രധാനമായും സോപ്പ്, അലക്കു പൊടി, സൗന്ദര്യ സംവർധകങ്ങൾ) ഉൽപാദനം രണ്ടു ശതമാനം കൂടിയത് തലേവർഷം 3.2 ശതമാനം ഇടിഞ്ഞതിൻ്റെ ബലത്തിലാണ്.
യന്ത്രോപകരണ നിർമാണം വെറും 0.6 ശതമാനമേ വളർന്നുള്ളൂ.തലേ ഡിസംബറിൽ 18.3 ശതമാനം ചുരുങ്ങിയ മേഖലയാണിത്.
ഐഐപി യിലെ 24 ഉപവിഭാഗങ്ങളിൽ ഒൻപതെണ്ണമേ വളർച്ച കാണിച്ചുള്ളു. വ്യവസായ വളർച്ചയിലെ ഉണർവ് ഭാഗികവും ദുർബലവുമാണെന്ന് ഇതു കാണിക്കുന്നു.

ബ്രിട്ടൻ്റെ ജിഡിപി 9.9% കുറഞ്ഞു

ബ്രിട്ടൻ്റെ ജിഡിപി 2020-ൽ 9.9 ശതമാനം ചുരുങ്ങി - 311 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച.1709-ൽ കനത്ത മഞ്ഞുവീഴ്ച്ചയിൽ കൃഷികൾ നശിച്ചുണ്ടായ തകർച്ചയാണ് ഇതിനേക്കാൾ വലുത്. 2009 -ലെ മാന്ദ്യത്തിൽ പോലും 4.4 ശതമാനം താഴ്ചയേ ബ്രിട്ടീഷ് ജിഡിപിക്ക് ഉണ്ടായുള്ളൂ. നിർമാണ മേഖലയാണു കോവിഡ് മഹാമാരി മൂലം ഏറ്റവുമധികം തളർന്നത്. 12.5 ശതമാനം ഇടിവ്. സേവന മേഖല 8.9 ശതമാനവും ഫാക്ടറി ഉൽപാദനം 8.6 ശതമാനവും കുറഞ്ഞു.
202l -ൽ ഇരട്ടയക്ക വളർച്ച ബ്രിട്ടൻ പ്രതീക്ഷിക്കുന്നുണ്ട്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.comT C Mathew
T C Mathew  

Related Articles

Next Story

Videos

Share it