ആശ്വാസം പകർന്നു വിദേശ ഉണർവ്; പലിശയെച്ചൊല്ലി പോരടിച്ചു നിക്ഷേപകർ; വിദേശ നിക്ഷേപകർ ഉറച്ചുതന്നെ

ആഗാേളീകരണത്തിൻ്റെ ഫലം ഇന്ത്യൻ വിപണി ഇപ്പോൾ മനസിലാക്കുന്നു. ലോകം മുഴുവൻ സഞ്ചരിക്കുന്ന മൂലധനത്തിൻ്റെ ആകുലതകളും ആഗോളീകരിക്കപ്പെട്ടു. പലിശയെയും വിലക്കയറ്റത്തെയും പറ്റി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും വിപണികൾ ഒരേ സമയം ആകുലപ്പെടുന്നു. ആ ആകുലതയാണു കഴിഞ്ഞയാഴ്ച കണ്ടത്.

പുതിയ റിക്കാർഡ് ഉയരങ്ങളിലെത്തിയ സൂചികകൾ താഴോട്ടു നീങ്ങി. സെൻസെക്സ് 1627 പോയിൻ്റും നിഫ്റ്റി 450 പോയിൻ്റും താണു. നിഫ്റ്റി 15,000 നു താഴെയായി; സെൻസെക്സ് 51,000-നും.
സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞയാഴ്ച റിക്കാർഡിൽ നിന്നു മൂന്നു ശതമാനത്തോളം താഴെയെത്തി. എന്നാൽ മിഡ് ക്യാപ് സൂചിക O.63 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.23 ശതമാനവും ഉയർന്നു.

തരംഗത്തിനിടെ സമാഹരണം

വിപണിയിലെ കാളക്കൂറ്റന്മാർ പിൻ വാങ്ങിയ മട്ടാണ് കഴിഞ്ഞയാഴ്ച കണ്ടത്. കരടികളാണു വിപണിയിൽ വാണത്. ഫെബ്രുവരിയിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി വ്യാഴാഴ്ച തീരുന്നതിൻ്റെ ആകുലതകളും ഈയാഴ്ച വിപണിക്കുണ്ട്. എങ്കിലും കരടിവിപണി പിടിമുറുക്കി എന്നോ ബുൾ തരംഗം അവസാനിച്ചു എന്നോ കരുതാറായിട്ടില്ല. ലാഭമെടുക്കലും തിരുത്തലും സമാഹരണവും ഏതു മുന്നേറ്റ ചക്രത്തിലും ഉള്ളതാണ്. അവ അനിവാര്യവുമാണ്. അത്തരം ഒരു ഘട്ടത്തിലൂടെ വിപണി കടന്നു പോകുന്നു എന്നു കരുതിയാൽ മതി.
ഈയാഴ്ച 14,800- നു താഴേക്ക് നിഫ്റ്റി കാണാൽ 14,450-14,650 മേഖലയിലേ സപ്പോർട്ട് ഉള്ളൂ എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. ബ്രോക്കറേജുകൾ കരുതലോടെ നീങ്ങണമെന്ന് ഇടപാടുകാരോട് ഉപദേശിക്കുന്നു. നിഫ്റ്റി സൂചിക ഉയരുകയാണെങ്കിൽ 15,150-ലും 15,250 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

ഏഷ്യൻ ഉണർവ് ആശ്വാസകരം

വെള്ളിയാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ നാലാം ദിവസവും താഴ്ചയിൽ ക്ലോസ് ചെയ്തു. യൂറോപ്പ് ഉണർവിലായിരുന്നു. അമേരിക്കൻ വിപണി കാര്യമായ ഉയർച്ചതാഴ്ചകൾ ഇല്ലാതെ നിന്നു.
ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യയിൽ വിപണിക്ക് നല്ല ഉണർവിലാണ്. യുഎസ് സൂചികകളുടെ അവധി വ്യാപാരവും നേട്ടത്തിലാണ്‌. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ ഉണർ വിലായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലേതിൽ നിന്നു വ്യത്യസ്തമായ ഒരു അന്തരീക്ഷം വിപണിയിൽ ഇന്ന് പ്രതീക്ഷിക്കാം എന്ന സൂചനയാണ് ഇവയെല്ലാം നൽകുന്നത്.

നിക്ഷേപനേട്ടത്തിനായി ഒരു പോരാട്ടം

ആഗാേളവിപണിയുടെ ചുവടുപിടിച്ചാകും ഇന്ത്യൻ വിപണി ഈയാഴ്ചയും നീങ്ങുക. അമേരിക്കറ്റിൽ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വർധിക്കുന്നു; കടപ്പത്ര വില കുറയുന്നു. ഇന്ത്യയിലും അതു തന്നെ അവസ്ഥ. പത്തു വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം ആറു ശതമാനത്തിൽ നിർത്താൻ റിസർവ് ബാങ്ക് കിണഞ്ഞു ശ്രമിച്ചിട്ടും സാധിച്ചില്ല. നിക്ഷേപനേട്ടം 6.18 ശതമാനം വരെ കൂടി. നിക്ഷേപ നേട്ടം കൂടുമ്പോൾ പലിശനിരക്ക് കൂടും. അതു റിസർവ് ബാങ്ക് ആഗ്രഹിക്കുന്നില്ല.
നിക്ഷേപനേട്ടം നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ശ്രമം കടപ്പത്ര വിപണിയിൽ അസ്വസ്ഥതയ്ക്കു കാരണമാകും. കഴിഞ്ഞ ദിവസങ്ങളിൽ 30,000 കോടിയുടെ കടപ്പത്രങ്ങൾക്കു വാങ്ങലുകാർ ഇല്ലാതായി. നിക്ഷേപകർ ഓഫർ ചെയ്ത വില റിസർവ് ബാങ്ക് നിരസിച്ചു. ഇതുമൂലം പ്രൈമറി ഡീലർമാർക്കു സാമ്പത്തിക ബാധ്യത കൂടി.
പ്രതീക്ഷിച്ചതിലും കൂടുതൽ തുക കടപ്പത്രം വഴി നേടാൻ ഗവണ്മെൻ്റ് ശ്രമിക്കുന്നു. അത്രയും കടപ്പത്രം വാങ്ങി വയ്ക്കാൻ ബാങ്കുകളും മറ്റു നിക്ഷേപകരും ആഗ്രഹിക്കുന്നില്ല. പുതിയ കടപ്പത്രം വാങ്ങണമെങ്കിൽ പഴയവ സർക്കാർ തിരികെ വാങ്ങണമെന്നു ബാങ്കുകൾ ആവശ്യപ്പെടുന്നു.

വിദേശികൾ നിക്ഷേപം തുടരുന്നു.

വിദേശ ഫണ്ടുകളും നിക്ഷേപകരും ഇന്ത്യയിലെ നിക്ഷേപങ്ങൾ തുടരുകയാണ്. ഫെബ്രുവരിയിൽ ഇതുവരെ അവർ 24,204 കോടി രൂപ ഓഹരികളിലും 761 കോടി കടപ്പത്രങ്ങളിലും നിക്ഷേപിച്ചു.മൊന്നു 24,965 കോടി രൂപ.ജനുവരിയിൽ 14,649 കോടിയായിരുന്നു അവരുടെ നിക്ഷേപം.
അതേ സമയം ഇന്ത്യൻ ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഫെബ്രുവരിയിൽ 16,638.46 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു.

ബിറ്റ്കോയിൻ പുതിയ ഉയരങ്ങളിൽ

ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ് കോയിൻ പുതിയ റിക്കാർഡ് കുറിച്ചു. ശനിയാഴ്ച 57,527 ഡോളർ വരെ വില ഉയർന്നു. മോർഗൻ സ്റ്റാൻലിയുടെ ഒരു ഫണ്ട് ബിറ്റ് കോയിനിൽ വലിയ നിക്ഷേപത്തിന് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകളാണു കുതിപ്പിനു കാരണം. ഈ ഡിജിറ്റൽ കറൻസിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ കടന്നതിൻ്റെ ആവേശവും ഈ കയറ്റത്തിലുണ്ട്.
ഇതേ സമയം ബിറ്റ് കോയിൻ വില അമിതമായി വർധിച്ചെന്ന് ഇതിലെ ഒരു നിക്ഷേപകനായ ടെസ്ല ഉടമ ഇലോൺ മസ്ക് പറഞ്ഞു. ഒരു മാസം മുമ്പ് മസ്ക് 150 കോടി ഡോളർ ബിറ്റ് കോയിനിൽ നിക്ഷേപിച്ചിരുന്നു. ഇപ്പാേൾ മസ്കിൻ്റെ നിക്ഷേപം 250 കോടി ഡോളർ നേട്ടമുള്ളതായി. ഒരു മാസം കൊണ്ട് 100 കോടി ഡോളർ നേട്ടം.
ബിറ്റ് കോയിനൊപ്പം ഈഥർ എന്ന ഡിജിറ്റൽ കറൻസിയുടെ വിലയും കുതിച്ചു കയറുന്നുണ്ട്.

സ്വർണം ഉണർവിൽ

രാജ്യാന്തര വിപണിയിൽ സ്വർണം വാരാന്ത്യത്തിൽ ഉയർന്നു. ഔൺസിന് 1760 ഡോളറിൽ നിന്ന് 1785 ഡോളറിലേക്കു വില കയറി. സ്വർണ ഇടിഎഫുകളിലേക്കു വാരാന്ത്യത്തിൽ നിക്ഷേപം വർധിച്ചത് വില ഉയരുമെന്ന സൂചന നൽകുന്നു.
ക്രൂഡ് ഓയിൽ വില താഴോട്ടുള്ള ഗതി തിരുത്തി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ഏഷ്യൻ വിപണിയിൽ 63.45 ഡോളറിലാണ്. വില അൽപം കൂടി ഉയരുമെന്നാണു സൂചന.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it