അപ്രതീക്ഷിത കുതിപ്പ്; വിദേശികളുടെ റിക്കാർഡ് വാങ്ങൽ എന്തുകൊണ്ട്? ഇന്നും ഷോർട്ട് കവറിംഗ് ഉണ്ടാകുമോ? നിർമലയും ശക്തികാന്ത ദാസും വിപണിയെ ഉയർത്തുന്നത് എന്തിന്?

എൻഎസ്ഇ യിലെ നാലു മണിക്കൂർ നീണ്ട വ്യാപാര സ്തംഭനം, തുടർന്ന് അഞ്ചു മണി വരെ നീണ്ട വ്യാപാരം, വിപണിഗതിയെ മാറ്റിക്കൊണ്ടു സ്വകാര്യ ബാങ്കുകൾക്കു സർക്കാർ ബിസിനസിനുള്ള വിലക്ക് നീക്കിയ കേന്ദ്ര ഉത്തരവ്: ഓഹരി വിപണി ഇന്നലെ സംഭവബഹുലമായിരുന്നു. ഒപ്പം നാടകീയവും. വിപണി കരടികളുടെ കൈയിൽ നിന്നു കാളകളുടെ വരുതിയിലേക്കു മാറി. വിദേശ നിക്ഷേപകർ ഭീമമായ തോതിൽ വാങ്ങലുകാരായി.

സ്വകാര്യ ബാങ്കുകൾക്കു സർക്കാർ ബിസിനസ് നൽകാനുള്ള തീരുമാനം ആ ബാങ്കുകളിൽ ഊഹക്കച്ചവടം നടത്തി ഷോർട്ട് അടിച്ചവരെ ഞെട്ടിച്ചു. ഷോർട്ട് നികത്താൻ അവർ വാങ്ങലുകാരായി. സ്വകാര്യ ബാങ്കുകളിൽ മാത്രം ഒതുങ്ങിയില്ല ഈ വാങ്ങൽ. വിപണി ഒരു മണിക്കൂർ കൊണ്ട് കുത്തനെ കയറി. സെൻസെക്സ് 50,000 കടന്നു; നിഫ്റ്റി 15,000 -വും.
വിദേശികൾ ഇന്നലെ മാത്രം 28,739.17 കോടി രൂപയുടെ ഓഹരികളാണു പുതുതായി വാങ്ങിക്കൂട്ടിയത്. ഈ മാസം ഇതു വരെ നടത്തിയ നിക്ഷേപത്തിൻ്റെ 56 ശതമാനം ഇന്നലെ ഒറ്റ ദിവസം കൊണ്ടു നടത്തി.


ഷോർട്ട് കവറിംഗ് തുടർന്നേക്കും

ഇന്നു ഫെബ്രുവരി സീരീസ് ഡെറിവേറ്റീവുകളുടെ കോൺട്രാക്റ്റ് സെറ്റിൽമെൻ്റ് ദിവസമാണ്. കൂടുതൽ ഷോർട്ട് ഇടപാടുകാർ വാങ്ങലുകാരായേക്കാം. അതു വിപണിയെ മറ്റൊരു നാടകീയ നേട്ടത്തിലേക്കു നയിച്ചെന്നു വരാം.
നിഫ്റ്റി ഇനി 15,150 തലത്തിലേക്കും പിന്നെ 15,250-ലേക്കും യാത്ര തുടരുമെന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. താഴെ 14,850 - ഉം 14,700 ഉം സപ്പോർട്ട് നൽകും.
ഇന്നലെ നിഫ്റ്റി 15,000 കടന്ന ശേഷം അൽപം പിൻവാങ്ങി. മൊത്തം 274.2 പോയിൻ്റ് (1.86 ശതമാനം) നേട്ടത്തിൽ 14,982-ൽ ക്ലോസ് ചെയ്തു.സെൻസെക്സ് 1030.28 പോയിൻ്റ് (2.07%) ഉയർന്ന് 50,781.69-ൽ അവസാനിച്ചു. ബാങ്ക്, ഫിനാൻസ് കമ്പനികളാണു വലിയ നേട്ടമുണ്ടാക്കിയത്.

ഉയരുമെന്നു സൂചനകൾ

ഏഷ്യൻ വിപണികൾ ഇന്നലെ രണ്ടു ശതമാനം ഇടിവിലാണു ക്ലോസ് ചെയ്തത്. യൂറോപ്പും അമേരിക്കയും നല്ല ഉയർച്ച കാണിച്ചു. ഇന്നു രാവിലെ യുഎസ് അവധി വ്യാപാരവും ഉയർച്ചയിലാണ്. ജാപ്പനീസ് വിപണി രാവിലെ ഒന്നര ശതമാനം കുതിപ്പോടെയാണു തുടങ്ങിയത്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 15,044 ലാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്നാണു സൂചന.

ശക്തികാന്ത ദാസ് ശക്തമായി

റിസർവ് ബാങ്ക് ഗവർണർമാർ ടെലിവിഷൻ ചാനലുകാർക്ക് അഭിമുഖം നൽകാൻ മടിയുള്ളവരാണ്. പക്ഷേ ശക്തികാന്ത ദാസ് കാര്യങ്ങൾ അവതരിപ്പിക്കാൻ ചാനലുകളെയും കൂട്ടുപിടിക്കും. അതിനുദാഹരണമാണ് അദ്ദേഹം ഇന്നലെ ഒരു ചാനലിനു നൽകിയ അഭിമുഖം. കടപ്പത്രവില താഴുകയും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 6.2 ശതമാനത്തിലേക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അഭിമുഖം. ബാങ്കുകൾ ആശങ്കപ്പെടേണ്ട, പണലഭ്യത ഉറപ്പാക്കാൻ റിസർവ് ബാങ്ക് വേണ്ടതു ചെയ്യും, 2020-21-ൽ മൂന്നു ലക്ഷം കാേടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി, 202l-22-ലും തിരിച്ചുവാങ്ങൽ ഇതേ തോതിൽ ഉണ്ടാകും, പൊതു പലിശ നിരക്ക് ഉയരാതെ തന്നെ സർക്കാരിൻ്റെ കടമെടുപ്പ് നടത്തും, വിലക്കയറ്റ ലക്ഷ്യത്തിൽ മാറ്റം വരുത്തേണ്ടതില്ല എന്നീ കാര്യങ്ങളാണു ദാസ് പറഞ്ഞത്. ദാസിൻ്റെ അഭിമുഖത്തിനു ശേഷം കടപ്പത്രനിക്ഷേപ നേട്ടം 6.173 -ൽ നിന്ന് 6.152-ലേക്കു താണു. ദാസിൻ്റെ ഉറപ്പുകളെ വിപണി മുഖവിലയ്ക്കു സ്വീകരിച്ചു, എങ്കിലും സംശയം ബാക്കി എന്നാണു വിപണി പറഞ്ഞത്. കൂടുതൽ ആലോചിച്ച ശേഷമുള്ള പ്രതികരണം ഇന്നറിയാം.
അമേരിക്കയിൽ ഫെഡ് ഗവർണർ ജെറോം പവൽ സമാനമായ പ്രസ്താവന നടത്തിയിരുന്നു; അതും വിപണിയുടെ പലിശ പ്രതീക്ഷയിൽ കാര്യമായ മാറ്റം വരുത്തിയില്ല.

ക്രൂഡ് വീണ്ടും കുതിക്കുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുകയാണ്. ബ്രെൻ്റ് ഇനത്തിന് വീപ്പയ്ക്ക് 67 ഡാേളർ കടന്നു. ഇനിയും കയറുമെന്നാണു സൂചന. യു എസ് ഉൽപാദനം പ്രതീക്ഷിച്ചതു പോലെ വർധിക്കുന്നില്ല എന്നതാണു പ്രധാന കാരണം. വില കൂട്ടാനായി ഉൽപാദനം കുറയ്ക്കാൻ സൗദി അറേബ്യ റഷ്യയുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്.
സ്വർണ വില 1783 ഡോളർ വരെ ഇടിഞ്ഞിട്ട് 1800 ഡാേളറിനു മുകളിൽ തിരിച്ചു കയറി. 1803 ഡോളറിലാണു രാവിലെ വ്യാപാരം.
ഡോളർ സൂചിക താണു നിൽക്കുന്നു. 12 പൈസ താണ് 72.33 രൂപയിലാണു ഡോളർ ഇന്നലെ ക്ലോസ് ചെയ്തത്.
ലോഹങ്ങളുടെ വിലക്കയറ്റം തുടരുകയാണ്. വ്യാവസായിക ആവശ്യം കൂടുന്നതിനനുസരിച്ച് ഉൽപാദനമില്ല എന്നതാണ് ചെമ്പ്, അലൂമിനിയം വിലകളിലെ കുതിപ്പിനു കാരണം.
ബിറ്റ് കോയിൻ വില വീണ്ടും 50,000 ഡോളറിലെത്തി. വ്യാപാര നിരോധന ആശങ്ക വിപണിയിൽ നിന്നു മാറി.

സംസ്ഥാനങ്ങളുടെ കടമെടുപ്പിനു പലിശ കൂടി

ചൊവ്വാഴ്ച സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾ വിറ്റത് 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയ്ക്ക്. 7.19 ശതമാനം പലിശയ് കാണ് 23,806 കോടിയുടെ കടപ്പത്രങ്ങൾ വിറ്റത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കേരളത്തിൻ്റെ കടപ്പത്രത്തിന് 8.96 ശതമാനം പലിശ ഓഫർ ചെയ്യേണ്ടി വന്ന ശേഷമുള ഏറ്റവും ഉയർന്ന പലിശയാണിത്. ഒരാഴ്ച മുമ്പ് 7.01 ശതമാനമായിരുന്നു ശരാശരി പലിശ.
റീപോ നിരക്കും ബാങ്ക് സ്ഥിര നിക്ഷേപ പലിശയുമൊക്കെ ഏറ്റവും താഴ്ന്നു നിൽക്കുന്ന സമയത്ത് സംസ്ഥാനങ്ങൾ ഇത്ര കൂടിയ പലിശ നൽകേണ്ടി വന്നത് അപ്രതീക്ഷിതമാണ്. സർക്കാരുകളുടെ കടമെടുപ്പ് സംബന്ധിച്ചു വിപണിക്കുള്ള വിപരീതാഭിപ്രായമാണ് ഉയർന്ന പലിശയിൽ കാണുന്നത്.
ഈ വർഷം ഇതുവരെ സംസ്ഥാനങ്ങൾ 6.9 ലക്ഷം കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിച്ചു. ഇതു തലേ വർഷത്തേതിലും 33 ശതമാനം കൂടുതലാണ്.
കേന്ദ്ര സർക്കാർ ഇക്കൊല്ലം 13.9 ലക്ഷം കോടി രൂപയാണു കടപ്പത്രം ഇറക്കി സമാഹരിക്കുക. സംസ്ഥാനങ്ങൾ മൊത്തം 8.2 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ ഇറക്കും.

സ്വകാര്യബാങ്കുകളിലും സർക്കാർ ഇടപാട് ആകാം

സ്വകാര്യ ബാങ്കുകൾ വഴിയും സർക്കാർ ഇടപാടുകൾ അനുവദിച്ചു. നികുതി അടക്കമുള്ള വരുമാനങ്ങൾ സ്വീകരിക്കാനും പെൻഷൻ വിതരണത്തിനും ദേശീയ സമ്പാദ്യപദ്ധതി ഇടപാടുകൾക്കും ഇനി സ്വകാര്യ ബാങ്കുകളെ ഉപയോഗിക്കാം. ഇക്കാര്യത്തിൽ ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. പിന്നീടു ധനമന്ത്രി നിർമല സീതാരാമൻ സമൂഹമാധ്യമത്തിലൂടെ ഇത് ആവർത്തിച്ചു.
ചില സ്വകാര്യ ബാങ്കുകൾക്ക് ഈ തീരുമാനം ഗണ്യമായ ബിസിനസ് വർധനയ്ക്കു സഹായിക്കും.
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടതാണ് ഈ ഉത്തരവ്. സർക്കാർ ബിസിനസുകൾ നടത്തി വരുന്ന പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമ്പോൾ സർക്കാർ ഇടപാടുകൾ തുടരാൻ ഈ ഉത്തരവ് സഹായിക്കും.
സർക്കാർ ഇടപാടുകൾ വരുമാനവും നൽകും. സർക്കാരിനു വേണ്ടി പണമായി സ്വീകരിക്കുന്ന നികുതിക്കും മറ്റും ഒരു ഇടപാടിന് 40 രൂപ വീതം കിട്ടും. ഇലക്ട്രോണിക്സ് ഇടപാടിനു 19 രൂപയാണു ഫീസ്. പെൻഷൻ വിതരണം ഇടപാട് ഒന്നിന് 75 രൂപ കിട്ടും. മറ്റിടപാടുകൾക്ക് 100 രൂപയ്ക്ക് 6.5 പൈസ വീതം.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it