ഓഹരികളെ താഴ്ത്തി കടപ്പത്രങ്ങൾ; യു എസ് ബോംബിംഗ് ക്രൂഡ് വില കൂട്ടുമോ? സ്വർണത്തിന് ഇടിവ്; ജിഡിപി കണക്കിൽ പ്രതീക്ഷ

സർക്കാർ കടപ്പത്രങ്ങളുടെ വില ലോകമെങ്ങും താഴോട്ടു പോയി. പലിശയും വിലക്കയറ്റവും കൂടുമെന്ന ആശങ്കയാണു പിന്നിൽ. ഇത് ഓഹരി വിപണികളെ വലിച്ചു താഴ്ത്തി. അതിൻ്റെ തുടർച്ചയായ ദൗർബല്യം ഇന്ന് ഇന്ത്യൻ വിപണിയിലും ഉണ്ടാകും.

സിറിയയിൽ ഇറാൻപക്ഷ സേനകളുടെ താവളങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത് ഇന്നു വിപണികളെ ഉലയ്ക്കും. പശ്ചിമേഷ്യയിൽ സംഘർഷം കൂടാൻ ആക്രമണം വഴിതെളിക്കും. ക്രൂഡ് ഓയിൽ വില ഉയരും. ഇറാനുമായി പുതിയ യു എസ് ഭരണകൂടം ധാരണയിലെത്തുമെന്ന പ്രതീക്ഷകൾക്ക് ഇതു തിരിച്ചടിയാണ്.

വിദേശികൾ മടിച്ചു നിന്നു

ബുധനാഴ്ചത്തെ കുതിപ്പിൻ്റെ ആവേശവുമായി ഇന്നലെ രാവിലെ തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷം നേട്ടങ്ങൾ കൈവിട്ടു. 500 പോയിൻ്റിലേറെ ഉയർന്ന സെൻസെക്സ് ഒടുവിൽ 257.62 പോയിൻ്റ് നേട്ടത്തിൽ 51,03931-ൽ അവസാനിച്ചു. നിഫ്റ്റി 115.4 പോയിൻറ് ഉയർന്ന് 15,097.4 ൽ ക്ലോസ് ചെയ്തു. തലേന്ന് 28,700 കോടിയിലധികം രൂപ വിപണിയിലിറക്കിയ വിദേശികൾ ഇന്നലെ 188.08 കോടി രൂപ മാത്രമേ പുതുതായി നിക്ഷേപിച്ചുള്ളു. ലാഭമെടുക്കലും ഡെറിവേറ്റീവുകളിലേക്കു പണം മാറ്റലും ഒക്കെയാണു കാരണങ്ങൾ. സ്വദേശി ഫണ്ടുകൾ 746.57 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പടിഞ്ഞാറും കിഴക്കും തകർച്ച

ഇന്നലെ യൂറോപ്യൻ ഓഹരികളും പിന്നാലെ അമേരിക്കൻ ഓഹരികളും ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 560 പോയിൻ്റ് താഴെയായി. ടെക്നോളജി ഓഹരികൾ മറ്റു കാരണങ്ങളാൽ ഇടിഞ്ഞതിനാൽ നാസ്ഡാക് 479 പോയിൻ്റ് ഇടിഞ്ഞു. കടപ്പത്രവിലയിടിവും ടെസ്ലയടക്കമുള്ള ടെക് ഓഹരികളെ ബാധിച്ചു.
ഏഷ്യൻ ഓഹരികളുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ജപ്പാനിലെ നിക്കൈ തുടങ്ങിയത് ഒന്നര ശതമാനം ഇടിവിലാണ്. പിന്നീടു താഴ്ച മൂന്നു ശതമാനത്തിലധികമായി.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ അവസാനിപ്പിച്ചത് 14,950-നു താഴെയാണ്. ഇന്ത്യയിലും താഴ്ന്ന തുടക്കമാണ് ഇതിലെ സൂചന.
നിഫ്റ്റി സൂചികയ്ക്ക് 15,001- ലും 14,850-ലും ശക്തമായ സപ്പോർട്ടാണ് സാങ്കേതിക വിശകലനക്കാർ കാണുന്നത്. 15,160-ലും 15,224 -ലും തടസങ്ങളും കാണുന്നു.

കടപ്പത്രവിലയും ഓഹരിയും തമ്മിൽ എന്തു ബന്ധം?

സർക്കാർ കടപ്പത്രങ്ങളുടെ വിലയിടിവ് ഇന്ത്യയിലും വിഷയമാണ്. 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപനേട്ടം (yield കടപ്പത്രം വാങ്ങി ഒരു വർഷം കൈയിൽ വച്ചാൽ നിക്ഷേപത്തിനു പലിശയടക്കം ലഭിക്കുന്ന ആദായം ശതമാനത്തിൽ)
ആറു ശതമാനത്തിൽ നിർത്തണമെന്നാണു റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. പക്ഷേ സർക്കാരിൻ്റെ കടമെടുപ്പ് വളരെ കൂടുതലാകും എന്നു വന്നതാേടെ വിപണിയുടെ മനോഭാവം മാറി. കടപ്പത്രങ്ങളിൽ വിൽപന കൂടി. റിസർവ് ബാങ്ക് പരസ്യമായും അല്ലാതെയും വാങ്ങിക്കൂട്ടിയിട്ടും കടപ്പത്ര വിലയിടിവ് തുടർന്നു. ഗവർണർ ശക്തികാന്ത ദാസ് അഭിമുഖങ്ങൾ നൽകി വിപണിയെ ഉണർത്താൻ ശ്രമിച്ചു. അതു ഫലിച്ചതായി ബുധനാഴ്ചത്തെ വിപണി സൂചിപ്പിച്ചു. പക്ഷേ ഇന്നലെ വീണ്ടും കടപ്പത്ര വിലകൾ താണു. 6.183 ശതമാനത്തിലേക്കു നിക്ഷേപനേട്ടം ഉയർന്നു.
കടപ്പത്രവില കുറയുമ്പോൾ അവ കൈവശമുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നഷ്ടം രേഖപ്പെടുത്തണം. അതു ബാങ്കുകളുടെ ലാഭം കുറയ്ക്കും. കടപ്പത്രവിലയിടിവ് കടപ്പത്രങ്ങൾക്കു കൂടുതൽ പലിശ നൽകാൻ ഗവണ്മെൻ്റിൻ്റെ മേൽ സമ്മർദം ഉണ്ടാക്കും. പലിശ കൂടുന്നതു സർക്കാരിൻ്റെ ബജറ്റ് കണക്കുകൾ തെറ്റിക്കും. ഒപ്പം വ്യവസായ മേഖലയ്ക്കും പലിശബാധ്യത കൂടും. പലിശ കൂടുമ്പോൾ വിലനിലവാരവും കൂടും. അതു കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കും. ഇതിനെല്ലാം അടിസ്ഥാന കാരണം സർക്കാരിൻ്റെ കമ്മി അമിതമാകുന്നതാണ്.

ജിഡിപി വളർന്നോ ചുരുങ്ങിയാേ?

ഇന്ന് ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന കാര്യം ഒക്ടോബർ - ഡിസംബർ കാലയളവിലെ ജിഡിപി എത്രയാണെന്നതാണ്. വിപണിസമയം കഴിഞ്ഞിട്ടേ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) കണക്ക് പുറത്തുവിടൂ.
ജിഡിപി ഒന്നാം പാദത്തിൽ 23.9 ശതമാനവും രണ്ടാം പാദത്തിൽ ഏഴര ശതമാനവും ചുരുങ്ങി. മൊത്തം അർധ വർഷത്തിൽ 15.2 ശതമാനം ഇടിവ്.
മൂന്നാം പാദത്തിൽ നാമമാത്ര വളർച്ച റിസർവ് ബാങ്കും ഗവണ്മെൻ്റും പ്രതീക്ഷിക്കുന്നുണ്ട്. നാലാം പാദത്തിൽ 1.5 ശതമാനം വളർച്ചയും. അങ്ങനെയായാൽ 2020-21 ലെ ജിഡിപി തളർച്ച 7.0- 7.5 ശതമാനത്തിൽ നിൽക്കുമെന്നാണു സർക്കാരിൻ്റെ പ്രതീക്ഷ.
മൂന്നാം പാദത്തിൽ നാമമാത്രമായാലും വളർച്ച രേഖപ്പെടുത്തിയാൽ ഏറ്റവും കടുത്ത മാന്ദ്യത്തിൽ നിന്നു രാജ്യം കരകയറി എന്ന് അഭിമാനിക്കാം. മറിച്ചായാൽ വിപണിയിൽ തിരിച്ചടി ഉണ്ടാകും.
മൂന്നാം പാദ ജിഡിപി സംബന്ധിച്ച വിവിധ റേറ്റിംഗ് ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവചനങ്ങൾ ഇങ്ങനെ:
എസ്ബിഐ (+) 0.3%
ഇക്ര (+) 0.7%
ബാർക്ലേയ്സ് (+) 0.8%
ക്രിസിൽ ( -) 1.0 %
ഇന്ത്യ റേറ്റിംഗ്സ് (-) 0.8%
ക്വാൻ്റ് ഇക്കോ (+) 0.3%

സ്വർണം ഇടിയുന്നു

ആഗാേളവിപണിയിൽ സ്വർണം കുത്തനെ താണു. 1800 ഡോളറിനു മുകളിൽ നിന്ന് ഔൺസിന് 1769 ഡോളറിലെത്തി സ്വർണം. കേരളത്തിൽ പവനു ഗണ്യമായ ഇടിവ് പ്രതീക്ഷിക്കാം.

ക്രൂഡ് ഉയരും

സിറിയയിലെ യുഎസ് ആക്രമണം ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമാകും. വ്യാഴാഴ്ച 67 ഡോളറിനു താഴെയായ ബ്രെൻറ് ഇനം ക്രൂഡ് ഇന്ന് തിരിച്ചുകയറും.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ വീണ്ടും താഴോട്ടു പോയി. 47,000 ഡോളറിലേക്കാണ് ഇടിവ്.

ഇന്ത്യയുടെ വളർച്ച കൂടുമെന്നു മൂഡീസ്

ഏപ്രിലിൽ തുടങ്ങുന്ന 2021-22 ധനകാര്യവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 13.7 ശതമാനമാകുമെന്ന് റേറ്റിംഗ് ഏജൻസി മൂഡീസ്. നേരത്തേ അവർ പ്രവചിച്ചിരുന്നത് 10.8 ശതമാനം വളർച്ചയാണ്.
ഈ വർഷത്തെ തളർച്ച ഏഴു ശതമാനം ആയിരിക്കുമെന്ന് അവർ കരുതുന്നു.നേരത്തേ അവർ പ്രതീക്ഷിച്ചത് 10.6 ശതമാനം ആണ്. മൂഡീസിൻ്റെ അസോഷ്യേറ്റ് മാനേജിംഗ് ഡയറക്ടർ ജീൻ ഫാംഗ് ആണ് ഈ നിഗമനങ്ങൾ അവതരിപ്പിച്ചത്.
ഇന്ത്യയിലെ മാന്ദ്യം അവസാനിച്ചെന്ന് മൂഡീസും അവരുടെ ഇന്ത്യയിലെ ഏജൻസിയായ ഇക്ര (ICRA) യും വിലയിരുത്തുന്നു. ഒക്ടോബർ - ഡിസംബറിൽ 0.3 ശതമാനം വളർച്ച ഉണ്ടായെന്നാണ് അവർ കണക്കാക്കുന്നത്. ഈ വളർച്ച നാലാം പാദത്തിൽ സർക്കാരിൻ്റെ വരുമാനം ഗണ്യമായി കുട്ടും. അതു കമ്മി പ്രതീക്ഷയിലും കുറവാകാൻ സഹായിക്കും. അടുത്ത വർഷവും വളർച്ച പ്രതീക്ഷയിലും കൂടുതലാകുന്നതോടെ കമ്മി കുറയും.
ബജറ്റിൽ പ്രഖ്യാപിച്ചതും അല്ലാത്തതുമായ സാമ്പത്തിക പരിഷ്കാരങ്ങൾ മുഴുവൻ നടപ്പാകുമോ എന്ന സംശയം മൂഡീസ് പ്രകടിപ്പിച്ചു. ജിഎസ്ടിയും പാപ്പർനിയമവും പോലെ ഭാഗികവും ദുർബലവുമാകും പല മാറ്റങ്ങളും എന്നാണ് ആശങ്ക. തൊഴിൽ നിയമങ്ങളിലും കാർഷിക നിയമങ്ങളിലും വരുത്തിയ മാറ്റങ്ങൾ അതേപടി നടപ്പാക്കാനുള്ള കരുത്തിനെപ്പറ്റി മൂഡീസ് സംശയം പ്രകടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതും അത്ര എളുപ്പമാകുമെന്ന് അവർ കരുതുന്നില്ല.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com




T C Mathew
T C Mathew  

Related Articles

Next Story

Videos

Share it