Top

തുടര്‍ച്ചയായി അഞ്ചാംവര്‍ഷത്തിലും നേട്ടത്തോടെ മുഖ്യസൂചികകള്‍, ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു; വായ്പ കുറയുന്നു, റിലയന്‍സിന് വേണ്ടി ആമസോണിന് എതിരെ

നിക്ഷേപക സമ്പത്ത് 32.5 ലക്ഷം കോടി വര്‍ധിപ്പിച്ചു കൊണ്ട് 2020 വിട പറഞ്ഞു. ജീവിതത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ വര്‍ഷം ഓഹരി നിക്ഷേപകര്‍ക്കു ഭീതിയുടെ ആഴ്ചകള്‍ സമ്മാനിച്ചെങ്കിലും പ്രത്യാശയും പ്രതീക്ഷയും വിപണിയെ ഉത്സാഹഭരിതമാക്കി.ആ ഉത്സാഹത്തിനു തെല്ലും കുറവില്ലാതെയാണ് കോവിഡ് വാക്‌സിന്റെ വര്‍ഷമായ 2021 ലേക്കു കടന്നിരിക്കുന്നത്.

വര്‍ഷാന്ത ദിനത്തിലെ വ്യാപാരത്തില്‍ അനിശ്ചിതത്വം മുന്നിട്ടു നിന്നു. 14,000 കടന്ന നിഫ്റ്റി ഒടുവില്‍ തലേന്നത്തെ നിലയുടെ തൊട്ടു പിന്നില്‍ ക്ലോസ് ചെയ്തത് അതുകൊണ്ടാണ്. സെന്‍സെക്‌സ് നാമമാത്ര ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു.


* * * * * * * *


വിപണിമൂല്യം 188 ലക്ഷം കോടിഇതോടെ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 188.04 ലക്ഷം കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും വിലപ്പെട്ട കമ്പനിയായി തുടരുന്നു. വര്‍ഷാന്തത്തില്‍ തുടര്‍ച്ചയായി വില താണിട്ടും ഒന്നാം സ്ഥാനത്തിനു ഭീഷണി വന്നിട്ടില്ല. 12.58 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ കമ്പനിക്കുള്ള വിപണി മൂല്യം. റിലയന്‍സ് ജിയോയും റീട്ടെയിലും എന്നാണ് ഐപിഒ നടത്തുക എന്നാണ് നിക്ഷേപകര്‍ അന്വേഷിക്കുന്നത്.

വിപണിമൂല്യത്തില്‍ രണ്ടാം സ്ഥാനത്ത് ടിസിഎസ് ആണ്. 10.77 ലക്ഷം കോടി രൂപ. എച്ച്ഡിഎഫ്‌സി ബാങ്ക് ( 7.91 ലക്ഷം കോടി), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (5.62 ലക്ഷം കോടി), ഇന്‍ഫോസിസ് ടെക്‌നോളജീസ് (5.35 ലക്ഷം കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.


* * * * * * * *


അതിശയകരമായ തിരിച്ചുവരവ്മാര്‍ച്ച് മാസത്തില്‍ 23 ശതമാനം തകര്‍ന്ന സെന്‍സെക്‌സും നിഫ്റ്റിയും 80 ശതമാനത്തിലേറെ തിരിച്ചു കയറി റിക്കാര്‍ഡ് ഉയരങ്ങളിലെത്തി. സെന്‍സെക്‌സിനു വാര്‍ഷിക നേട്ടം 15.75 ശതമാനമാണ്. നിഫ്റ്റി 14.90 ശതമാനം വാര്‍ഷിക നേട്ടമുണ്ടാക്കി.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണു മുഖ്യസൂചികകള്‍ വാര്‍ഷിക നേട്ടം കാണിക്കുന്നത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കഴിഞ്ഞ രണ്ടു വര്‍ഷം താഴോട്ടു പോകുകയായിരുന്നു. 2020 അക്കഥ തിരുത്തി. നിഫ്റ്റി മിഡ് ക്യാപ് 21.87 ശതമാനവും നിഫ്റ്റി സ്‌മോള്‍ ക്യാപ് 21.47 ശതമാനവും വാര്‍ഷിക നേട്ടമുണ്ടാക്കി.


* * * * * * * *


സമ്മിശ്രസൂചനയോടെ വിപണികള്‍യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ പൊതുവേ താഴോട്ടു നീങ്ങി. യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്കു അമേരിക്ക ചുങ്കം കൂട്ടുന്നതിനെ തുടര്‍ന്നാണിത്.

അമേരിക്കന്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തോടെ പുതിയ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര ചിത്രമാണു പുതുവര്‍ഷദിനത്തില്‍ നല്‍കുന്നത്.

വര്‍ഷാന്തത്തില്‍ അനിശ്ചിതത്വ സൂചനയോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്ത തെന്നു സാങ്കേതിക വിശകലനക്കാര്‍ കരുതുന്നു. 14,000 നിഫ്റ്റിക്ക് ഒരു വലിയ തടസ മേഖലയാണത്രെ. എങ്കിലും എസ്ജിഎക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന ഉയരത്തിലുള്ള വ്യാപാരത്തുടക്കത്തിന്റേതാണ്.

* * * * * * * *


സ്വര്‍ണത്തില്‍ റിക്കാര്‍ഡ് നേട്ടംസ്വര്‍ണം ഇന്നലെ 1900 ഡോളറില്‍ എത്തിയെങ്കിലും ഇന്നു രാവിലെ 1898 - 1899 മേഖലയിലാണ്. കഴിഞ്ഞ വര്‍ഷം 1471 ഡോളറിനും 2063 ഡോളറിനുമിടയില്‍ ചാഞ്ചാടിയ സ്വര്‍ണം 30 ശതമാനം വാര്‍ഷികനേട്ടമാണു നിക്ഷേപകര്‍ക്കു നല്‍കിയത്.

പുതിയ വര്‍ഷത്തിലും മഞ്ഞലോഹം തിളങ്ങുന്ന നേട്ടം തരുമെന്ന് സ്വര്‍ണ ബുള്ളുകള്‍ പറയുന്നു. ഔണ്‍സിന് 2300 ഡോളറാണു ബുള്ളുകള്‍ അല്ലാത്ത നിക്ഷേപ വിദഗ്ധര്‍ 2021ല്‍ ലക്ഷ്യമിടുന്ന വില.

ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും ഒരു കുതിപ്പിനു സാഹചര്യം ഒരുങ്ങിയിട്ടില്ല. ബ്രെന്റ് ഇനം വീപ്പയ്ക്ക് 51.83 ഡോളറിലാണു പുതുവര്‍ഷപ്പുലരിയില്‍.


* * * * * * * *


ബിറ്റ് കോയിന്‍ പറക്കുന്നുഡിജിറ്റല്‍ ഗൂഢകറന്‍സിയായ ബിറ്റ് കോയിന്‍ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഇന്നു രാവിലെ 29,310 ഡോളറിനു മുകളിലെത്തി വില. 2021ല്‍ 50,000 ഡോളറിനു മുകളില്‍ വില എത്തുമെന്നാണ് അഭ്യൂഹം.

ഒരു രാജ്യത്തും അംഗീകാരമില്ലാത്ത ഈ ഗൂഢകറന്‍സിയുടെ വ്യാപാരത്തിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും ആലോചിക്കുന്നുണ്ട്. ഇന്ത്യയില്‍ 18 ശതമാനം നികുതി ചുമത്തിയാല്‍ വര്‍ഷം 7200 കോടി രൂപ കിട്ടുമെന്ന് നികുതി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


* * * * * * * *


കാതല്‍മേഖല വീണ്ടും ഇടിഞ്ഞുകാതല്‍ മേഖലയിലെ വ്യവസായങ്ങള്‍ വീണ്ടും ചുരുങ്ങി. വ്യവസായ വളര്‍ച്ചയെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്കു തിരിച്ചടി. കാതല്‍ മേഖലയിലെ എട്ടു വ്യവസായങ്ങളുടെ നവംബറിലെ ഉല്‍പാദനം 2.6 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 0.7 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു. കാതല്‍ മേഖല വളര്‍ച്ചയിലേക്ക് എത്തിയെന്നു കരുതിയിന്നെപ്പോഴാണു മൂന്നു മാസത്തിനുള്ളിലെ ഏറ്റവും താണ നിലയിലേക്ക് ഉല്‍പാദനം ഇടിഞ്ഞത്.

ഫെബ്രുവരിക്കു ശേഷം കാതല്‍ മേഖല വളര്‍ച്ച കാണിച്ചിട്ടേ ഇല്ല. വ്യവസായ ഉല്‍പാദന സൂചികയില്‍ 40.27 ശതമാനം പങ്ക് കാതല്‍ മേഖലയ്ക്കുണ്ട്. ഏപ്രില്‍ നവംബര്‍ കാലത്തെ കാതല്‍ മേഖലയുടെ തളര്‍ച്ച 11.4 ശതമാനമാണ്. ഏപ്രിലില്‍ കാതല്‍ മേഖല 37.9 ശതമാനം ഇടിഞ്ഞതാണ്.

ക്രൂഡ് ഓയില്‍ (4.9 ശതമാനം), പ്രകൃതി വാതകം (9.3 ശതമാനം), പെട്രോളിയം റിഫൈനറി ഉല്‍പന്നങ്ങള്‍ (4.8 ശതമാനം), സ്റ്റീല്‍ (4.4 ശതമാനം), സിമന്റ് (7.1 ശതമാനം) എന്നിവയാണു താഴോട്ടു പോയത്. വൈദ്യുതി (2.2 ശതമാനം), രാസവളം (1.6 ശതമാനം), കല്‍ക്കരി (2.9 ശതമാനം) എന്നിവ മാത്രം വര്‍ധിച്ചു.


* * * * * * * *നിക്ഷേപം കൂടുന്നു; വായ്പ മന്ദഗതിയില്‍ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു; പക്ഷേ വായ്പ അതനുസരിച്ചു കൂടുന്നില്ല. ഡിസംബര്‍ 18നവസാനിച്ച കാലയളവില്‍ നിക്ഷേപം 11.33 ശതമാനം വര്‍ധിച്ചു. വായ്പാവര്‍ധനയാകട്ടെ 6.05 ശതമാനം മാത്രം.

ഡിസംബര്‍ 18നു ബാങ്കുകളിലെ ആകെ നിക്ഷേപം 144.82 ലക്ഷം കോടി രൂപയാണ്. നല്‍കിയ വായ്പകളാകട്ടെ 105.49 ലക്ഷം കോടിയും.

ഒരു വര്‍ഷം കൊണ്ടു നിക്ഷേപം വര്‍ധിച്ചത് 14.73 ലക്ഷം കോടി. വായ്പ വര്‍ധിച്ചത് 6.02 ലക്ഷം കോടി മാത്രം.

സാമ്പത്തിക മേഖല ഉണര്‍വിലാണെന്നു പറയുമ്പോഴും വായ്പ എടുക്കാന്‍ കമ്പനികളും വ്യക്തികളും മടിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെപ്പറ്റി അവര്‍ക്കു ശുഭപ്രതീക്ഷ ഇല്ലെന്നു ചുരുക്കം.


* * * * * * * *


ടെലികോമില്‍ ജിയോ പാരടെലികോം കമ്പനികള്‍ക്കു റിലയന്‍സ് ജിയോയുടെ പാര വീണ്ടും. മൊബൈല്‍ കമ്പനികളുടെ ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) ജനുവരി ഒന്നു മുതല്‍ ഒഴിവാക്കുന്നതായി ട്രായി ഈയിടെ പ്രഖ്യാപിച്ചു.. ഐയുസി ഒഴിവായാല്‍ മൊബൈല്‍ കോള്‍ ചാര്‍ജ് ഒഴിവാക്കുമെന്നു ജിയോ മുമ്പു പറഞ്ഞിരുന്നു. നെറ്റിലൂടെയുള്ള വോയിസ് കോളിനു ചാര്‍ജ് ഈടാക്കുന്നില്ല.

മറ്റു ടെലികോം കമ്പനികള്‍ നിരക്കു വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു ജിയോയുടെ ഈ നീക്കം. ജിയോയ്ക്കു മറ്റു കമ്പനികളെക്കാള്‍ കൂടുതല്‍ വരിക്കാരായപ്പോള്‍ ഐയുസി നഷ്ടമാണ്. കുറച്ചു വരിക്കാരുള്ളവര്‍ക്ക് ഐയുസി തുടരുന്നതാണു ലാഭം.

കോള്‍ തുടങ്ങുന്ന കമ്പനി കോള്‍ സ്വീകരിക്കുന്ന കമ്പനിക്കു നല്‍കുന്നതാണ് ഐയു സി. ഇതു തുടര്‍ന്നാല്‍ ജിയോ മറ്റുള്ളവര്‍ക്കു പണം നല്‍കണം. മറ്റുള്ളവര്‍ ജിയോയ്ക്കു പണം നല്‍കേണ്ടി വരില്ല.

ചിലരുടെ സൗകര്യാര്‍ഥം നിയമങ്ങള്‍ മാറുന്നതിന് ഉദാഹരണമാണിത്.


* * * * * * * *


ആമസോണിനെതിരേ, റിലയന്‍സിനു വേണ്ടിരാജ്യത്തു കാര്യങ്ങള്‍ എതു ദിശയിലാണു നീങ്ങുന്നതെന്നു കാണിക്കുന്ന ഒരു വാര്‍ത്ത.

ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടും നടത്തുന്ന 'നിയമ ലംഘനങ്ങള്‍ ' അന്വേഷിക്കാന്‍ റിസര്‍വ് ബാങ്കിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിര്‍ദേശം. രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നല്‍കിയ പരാതികളെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയമാണ് നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്. വിദേശ നിക്ഷേപ(എഫ്ഡിഐ) നയം, വിദേശനാണയ മാനേജ്‌മെന്റ് നിയമം (ഫെമ) തുടങ്ങിയവയുടെ ലംഘനം, പഴുതുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവ ആരോപിച്ചാണു പരാതികള്‍.

ആമസോണും റിലയന്‍സുമായി ഫ്യൂച്ചര്‍ റീട്ടെയില്‍ കൈവശപ്പെടുത്തുന്ന വിഷയത്തില്‍ പോരു മുറുകുന്നതിനിടയിലാണ് ഇതെന്ന കാര്യം ശ്രദ്ധേയമാണ്. ഫ്യൂച്ചറിന്റെ റീട്ടെയില്‍ ബിസിനസും ബ്രാന്‍ഡുകളും വാങ്ങാന്‍ റിലയന്‍സ് കരാര്‍ ഉണ്ടാക്കി. ഫ്യൂച്ചറിന്റെ ഒരു കമ്പനിയില്‍ ഓഹരിയുള്ള തങ്ങളുടെ അനുവാദമില്ലാതെ നടത്തിയ വ്യാപാരം അസാധുവാക്കാന്‍ ആമസോണ്‍ നിയമ പോരാട്ടം നടത്തുകയാണ്.

അതിനിടയിലെ സര്‍ക്കാര്‍ നീക്കം സര്‍ക്കാരിന്റെ താല്‍പര്യം ഏതു പക്ഷത്താണെന്നു കാണിക്കുന്നതായി. നിയമക്കുരുക്കില്‍ പെടുത്താന്‍ കാര്യമുണ്ട് എന്നു ബോധ്യപ്പെടുമ്പോള്‍ റിലയന്‍സിനെതിരായ നീക്കം ഉപക്ഷിക്കാന്‍ ജെഫ് ബെസോസിന്റെ ആമസോണ്‍ തയാറായേക്കും.


* * * * * * * *


ഫോഡ് മഹീന്ദ്ര സഖ്യം പിരിയുന്നുഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ബിസിനസ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ ഏല്‍പിക്കാനുള്ള തീരുമാനം റദ്ദാക്കി. മഹീന്ദ്രയുമായുള്ള സംയുക്ത കമ്പനിയില്‍ നിന്നു ഫോഡ് പിന്മാറും.ഇന്ത്യയില്‍ ഫോഡ് സ്വന്തനിലയില്‍ പ്രവര്‍ത്തനം തുടരും. ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതാണിത്.

2019ലാണു ഫോഡ് ഇന്ത്യയില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചതും മഹീന്ദ്രയുമായി സഖ്യമുണ്ടാക്കിയതും.

ഫോഡുമായി ചേര്‍ന്ന് ഇലക്ട്രിക് കാര്‍ നിര്‍മിക്കാമെന്നു മഹീന്ദ്ര കണക്കാക്കിയിരുന്നു.


* * * * * * * *


ഇന്നത്തെ വാക്ക് : ബജറ്റ്ഫെബ്രുവരി ഒന്നിനു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിക്കും. അതിനു ദിവസങ്ങള്‍ മുന്‍പ് സംസ്ഥാന ബജറ്റ് ഉണ്ടാകും. ഈ സാഹചര്യത്തില്‍ ബജറ്റു മായി ബന്ധപ്പെട്ട ചില പദങ്ങള്‍ ഈ പംക്തിയില്‍ പരിചയപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും പ്രതീക്ഷകളുമാണു ബജറ്റിന്റെ ഉള്ളടക്കം. തുകല്‍ സഞ്ചി എന്നര്‍ഥമുള്ള bouget എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ഇതു വരുന്നത്. ബജറ്റ് രേഖകള്‍ തുകല്‍ സഞ്ചിയിലാക്കി കൊണ്ടുവരുന്നതിനെ പരാമര്‍ശിച്ചാണ് ഈ പേരുണ്ടാകുന്നത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it