ഈയാഴ്ച എന്തൊക്കെ നോക്കണം ? , സ്വർണ്ണം താഴോട്ട്; എൻപിഎ മാനദണ്ഡം മാറ്റുന്നത് ആർക്കു വേണ്ടി?

വിദേശപണ പ്രവാഹവും മൂന്നാം പാദ റിസൽട്ടുകളും ഈയാഴ്ചത്തെ ഓഹരി വ്യാപാരഗതിയെ സ്വാധീനിക്കും. വിദേശ നിക്ഷേപകരുടെ ഡോളർ ഒഴുക്ക് വിരാമമില്ലാതെ തുടരുകയാണ്. മൂന്നാം പാദ റിസൽട്ടുകൾ പതിവിലും മെച്ചമാകുമെന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്. ടിസിഎസ്, അവന്യു സൂപ്പർ മാർട്ട് റിസൽട്ടുകൾ നൽകുന്ന സൂചനയും അതാണ്.

വെള്ളിയാഴ്ച വലിയ കുതിപ്പോടെ സെൻസെക്സ് 48,782.51- ലും നിഫ്റ്റി 14,347.25 ലും ക്ലോസ് ചെയ്തു. യൂറോപ്യൻ, യു എസ് ഓഹരികളും ഉയർന്ന നിലവാരത്തിലാണ്. ഏഷ്യൻ ഓഹരികൾ നേരിയ ഉയർച്ചയോടെയാണു തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്.
എസ്ജിഎക്സ് നിഫ്റ്റി വാരാന്ത്യത്തിൽ 14,448 വരെ കയറിയത് മികച്ച തുടക്കം തിങ്കളാഴ്ച ഉണ്ടാകുമെന്നു സൂചിപ്പിക്കുന്നു. 14,500-ൽ നിഫ്റ്റി തടസം നേരിടുമെന്നു സാങ്കേതിക വിശകലനക്കാർ മുന്നറിയിപ്പ് നൽകുന്നു. 13,950-നു താഴേക്കു നീങ്ങുന്നില്ലെങ്കിൽ പുതിയ ബുൾ തരംഗത്തിൽ വിപണി മുന്നേറുമെന്നാണു വിശകലനം.
എന്നാൽ അമേരിക്കൻ ഓഹരി സൂചികകളുടെ അവധി വ്യാപാര വിലയിൽ തിങ്കളാഴ്ച ഇടിവുണ്ടായി. ഡോളർ വിനിമയസൂചിക ഉയർന്നു. 56 ഡോളറിനു മുകളിൽ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച രാവിലെ 55.88 ഡോളറിലേക്കു താണു. സ്വർണവും താഴാേട്ടാണ്. മറ്റു വിപണികളെ പിന്നോട്ടടിക്കാവുന്ന ഇക്കാര്യങ്ങൾ ഇന്ത്യയിൽ വിപണിയെ സഹായിക്കും.

എൻപിഎയിൽ വ്യവസ്ഥ ലഘൂകരിക്കാൻ നീക്കം


ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) പ്രഖ്യാപന മാനദണ്ഡം മാറ്റാൻ ആലോചന ഉള്ളതായി റിപ്പോർട്ട്. പലിശയും ഗഡുവും അടയ്ക്കുന്നതിൽ 90 ദിവസത്തെ വീഴ്ച വരുന്ന വായ്പകൾ എൻപിഎ ആയി പ്രഖ്യാപിക്കുന്നതാണു രീതി. ഇതു 120 ദിവസമാക്കാനാണു കേന്ദ്രം റിസർവ് ബാങ്കുമായി ചർച്ച നടത്തുന്നത്.
കഴിഞ്ഞ മാർച്ചിൽ രാജ്യത്തെ ബാങ്ക് വായ്പകളുടെ 8.5 ശതമാനം എൻപിഎ ആയിരുന്നു. അടുത്ത മാർച്ച് 31-ന് അതു 12.5 ശതമാനമാകുമെന്ന് റിസർവ് ബാങ്ക് ഈയിടെ കണക്കാക്കി. പൊതുമേഖലാ ബാങ്കുകളിൽ ഇതിൻ്റെ തോത് 15 ശതമാനത്തിലധികമാകും. എൻപിഎ കൂടിയാൽ കൂടുതൽ മൂലധനം വേണ്ടി വരും. അതു നൽകാൻ ഗവണ്മെൻ്റ് ബുദ്ധിമുട്ടും. അത് ഒഴിവാക്കാനാണ് വ്യവസ്ഥ ലഘൂകരിക്കുന്നത്. പക്ഷേ എൻപിഎ പ്രശ്നം അതുകൊണ്ടു കുറയില്ല. മാത്രമല്ല റേറ്റിംഗിൽ തിരിച്ചടി കിട്ടുകയും ചെയ്യും.

അവന്യു സൂപ്പർ മാർട്ട് മുന്നേറി


ഡി-മാർട്ട് റീട്ടെയിൽ ചെയിൻ നടത്തുന്ന അവന്യു സൂപ്പർ മാർട്ടും വാരാന്ത്യത്തിൽ മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. ഉത്സവകാലമായ ഈ പാദത്തിൽ കമ്പനിയുടെ അറ്റാദായം 16.4 ശതമാനം വർധിച്ചു. വിറ്റുവരവ് 10.8- ഉം ചെലവ് 10.3- ഉം ശതമാനം കൂടി.
വീടിനു പുറത്തു പോകുമ്പാേൾ ധരിക്കുന്ന വസ്ത്രങ്ങൾ, പാദരക്ഷകൾ, യാത്രാ സാമഗ്രികൾ എന്നിവയുടെ വിൽപന ഇനിയും മുൻവർഷത്തെ നിലയിലായിട്ടില്ല. രാജ്യത്ത് 221 സ്റ്റോറുകളാണ് ഡി മാർട്ടിനുള്ളത്.
കമ്പനി ഓൺലൈൻ ഷോപ്പിംഗ് ചാനൽ തുടങ്ങി. ഡി-മാർട്ട് റെഡി അഹമ്മദാബാദ്, ബംഗലൂരു, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ഇ കൊമേഴ്സിൻ്റെ തുടക്കം. കൂടുതൽ നഗരങ്ങളിലേക്ക് അവന്യു ഇ കൊമേഴ്സ് വ്യാപിപ്പിക്കും.
ഈയാഴ്ച ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ റിസൽട്ട് പുറത്തുവരും.
ഡിസംബറിലെ ചില്ലറ വിലക്കയറ്റം, മൊത്ത വിലക്കയറ്റം, നവംബറിലെ വ്യവസായ ഉൽപാദന സൂചിക തുടങ്ങിയവ പുറത്തുവരും.

സ്വർണം ഹ്രസ്വകാല ഇടിവിൽ


സ്വർണവും വെള്ളിയും കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ കുത്തനെ ഇടിഞ്ഞു. സ്വർണത്തിനു നാലു ശതമാനവും വെള്ളിക്ക് പത്തു ശതമാനവും ഇടിവുണ്ടായി. ഔൺസിന് 1849 ഡോളറിലാണു കോമെക്സിൽ സ്വർണം ക്ലോസ് ചെയ്തത്. ഒരവസരത്തിൽ 1829 ഡോളർ വരെ താണിരുന്നു. തിങ്കളാഴ്ച രാവിലെ 1843 ഡോളറിലാണു വ്യാപാരം.
ഈയാഴ്ച 1800 ഡോളറിൽ താഴേക്ക് സ്വർണം പോകുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ സ്വർണവിപണിയിലെ ദീർഘകാല ബുൾ ട്രെൻഡിനു മാറ്റമില്ലെന്നു പലരും ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ പത്തു വർഷ സർക്കാർ കടപ്പത്രങ്ങളുടെ വരുമാനം 1.1 ശതമാനത്തിനു മുകളിലേക്കു കയറിയതും ഓഹരികൾ കുതിച്ചതും ഡോളർ ഉയർന്നതുമാണ് സ്വർണത്തെ താഴ്ത്തിയത്. ഇതൊരു ഹ്രസ്വകാല ദൗർബല്യമായിട്ടാണു മിക്ക നിരീക്ഷകരും കണക്കാക്കുന്നത്. കുറച്ചു ദിവസം കൂടി സ്വർണം താഴ്ന്നു നിന്ന ശേഷംകയറുമെന്ന് അവർ കരുതുന്നു.
കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 960 രൂപ താണ് 37,040 രൂപയായി. മൂന്നു ദിവസം കൊണ്ട് പവന് 1360 രൂപയാണു താണത്.

കടിഞ്ഞാണില്ലാതെ ബിറ്റ് കോയിൻ


ബിറ്റ് കോയിൻ ഭ്രമം ഭ്രാന്തമായ ആവേശത്തോടെ വർധിക്കുകയാണ്. 41,713 ഡോളർ (30.57 ലക്ഷം രൂപ) വരെ കയറിയ വില ഇനിയും ഉയരുമെന്ന സൂചനയാണു വിപണിയിലുള്ളത്. ഡിജിറ്റൽ ഗൂഢ കറൻസിയിലേക്കു മുഖ്യധാരാ നിക്ഷേപ ഫണ്ടുകൾ ചെറിയ തോതിൽ പണം നീക്കുന്നുണ്ട്.
ഇതോടൊപ്പം ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ വ്യാപാര തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സെർവർ തകരാറുകളും സാധാരണമായി.
ബിറ്റ് കോയിൻ ഭ്രമം ശുദ്ധ വിഡ്ഡിത്തമാണെന്നും ഈ കുമിള താമസിയാതെ പൊട്ടിത്തകരുമെന്നും ബാങ്ക് ഓഫ് അമേരിക്കയുടെ ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് മൈക്കേൽ ഹാർട്ട്നെറ്റ് പറഞ്ഞതു ബിറ്റ് കോയിൻ വിപണിയെ ചെറുതായി ഉലച്ചു. വില പത്തു ശതമാനം താണ് 37,500 ഡോളറിനു താഴെയായി.

ബൈഡൻ്റെ ഉത്തേജകം നേരത്തേ അറിയാം


അടുത്ത ആഴ്ച യുഎസ് പ്രസിഡൻ്റ് പദം ഏൽക്കുന്ന ജോ ബൈഡൻ വലിയ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കും. ഈ വ്യാഴാഴ്ച പദ്ധതിയുടെ വിശാല രൂപരേഖ അവതരിപ്പിക്കും. കോവിഡ് ദുരിതത്തിൽ പെട്ടവർക്കു 2000 ഡോളർ നൽകുന്നത് അടക്കമുള്ളതാണു പദ്ധതി. മിനിമം വേതനം മണിക്കൂറിൽ 15 ഡോളറാക്കും.
അമേരിക്കയിൽ 1.4 ലക്ഷം പേർക്കാണു ഡിസംബറിൽ തൊഴിൽ നഷ്ടപ്പെട്ടത്. കോവിഡ് കാലത്തെ ഏറ്റവും കൂടിയ പ്രതിമാസ തൊഴിൽ നഷ്ടമാണിത്.

കമ്മിവിരുദ്ധത മാറ്റിവച്ചു ബൈഡൻ


കമ്മി വർധിച്ചാലും കുഴപ്പമില്ലെന്നു ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞു. മോണിറ്ററിസ്റ്റ് ചിന്താഗതിക്കാരുടെ കമ്മിവിരുദ്ധത ബൈഡനും സഹപ്രവർത്തകരും സ്വീകരിച്ചിട്ടില്ല. അതു ഭാവിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും ഗുണകരമാകും.
സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രഫസറും മോഡേൺ മോണിറ്ററി സിദ്ധാന്തക്കാരിയുമായ സ്റ്റെഫാനി കെൽറ്റൻ്റെ 'ദ ഡെഫിസിറ്റ് മിഥ്' എന്ന പുസ്തകം ബൈഡൻ ടീമിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
വലിയ ഉത്തേജകപദ്ധതി അമേരിക്കൻ വിപണിയിൽ മാത്രമല്ല ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിലും കൂടുതൽ പണമെത്തിക്കും. ഓഹരികൾ ഉയരും.

ടിസിഎസിന് ഇനിയും നല്ല കാലം


ടിസിഎസ് വെള്ളിയാഴ്ച പ്രഖ്യാപിച്ച മൂന്നാം പാദ ഫലം നിരീക്ഷകരുടെ പ്രവചനങ്ങളേക്കാൾ മികച്ചതായി. കമ്പനിയുടെ പ്രവർത്തനലാഭ മാർജിൻ 26.6 ശതമാനമായി. രണ്ടാം പാദത്തിലേക്കാൾ 0.4 ശതമാനം കൂടുതലാണിത്. ശമ്പള വർധന നടപ്പാക്കിയിട്ടു കൂടി ലാഭ മാർജിൻ കൂടിയെന്നതു ശ്രദ്ധേയമായി.
മൂന്നാം പാദത്തിലെ വരുമാനം 4.1 ശതമാനം വർധിച്ചത് കമ്പനിയുടെ പ്രതീക്ഷയും മറികടക്കുന്നതായി.
2021-ൽ ടിസിഎസ് ഇരട്ടയക്ക റവന്യു വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ലാഭ മാർജിൻ 27-28 ശതമാനത്തിലെത്തിക്കുകയാണു കമ്പനി ലക്ഷ്യമിടുന്നത്.
ഡിസംബർ ഒടുവിൽ 4,69,261 പേരാണു ടിസിഎസിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ പാദത്തിൽ 7.6 ശതമാനം പേരാണു കമ്പനിയിൽ നിന്നു വിട്ടു പോയത്. ഇത് ഐടി സേവനമേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
കമ്പനിയുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) മൂന്നുനാലു ശതമാനം കൂടുമെന്ന് ബ്രോക്കറേജുകൾ കണക്കാക്കുന്നു. ഇപ്പോൾ 2020-21-ലെ പ്രതീക്ഷിത ഇപിഎസിൻ്റെ 31 മടങ്ങാണ് (പിഇ അനുപാതം) ഓഹരിവില. ഇൻഫോസിസിൻ്റെ പിഇ അനുപാതം 26-ൽ നിൽക്കുമ്പോഴാണിത്.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി സഞ്ചിത നിധി


ഗവണ്മെൻ്റിനു ലഭിക്കുന്ന എല്ലാ പണവും ഉൾപ്പെട്ടതാണ് ഇന്ത്യയുടെ സഞ്ചിത നിധി (Consolidated Fund of India). ചെലവുകളും ഇതിൽ നിന്നാണ്.ഇതിൽ നിന്നു പണം ചെലവാക്കാൻ ലോക്സഭയുടെ അനുമതി വേണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, സുപ്രീം കോടതി ജഡ്ജിമാർ, സിഎജി, കേന്ദ്ര വിജിലൻസ് കമ്മീഷൻ അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും, കടപ്പത്രങ്ങളുടെ പലിശ, കടം തിരിച്ചടവ് , കോടതി വിധി പ്രകാരമുള്ള ചെലവുകൾ എന്നിവ ലോക്സഭയിൽ വോട്ടിനിടാതെ നേരേ ചെലവാക്കാം. അവ ചാർജ് ചെയ്യുന്ന ഇനങ്ങൾ എന്നാണു ബജറ്റ് രേഖകളിൽ കാണിക്കുക.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it