സെൻസെക്സ് 50,000 തൊട്ടരികെ; ബാങ്കുകളെ സൂക്ഷിക്കുക; മാരുതി നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കണം

സെൻസെക്സ് 50,000 പോയിൻറ് എന്ന നാഴികക്കല്ലിനരികെ. കടലിനക്കരെ നിന്ന് ഒഴുകിയെത്തുന്ന ഡോളറുകൾ സെൻസെക്സിനെ വലിയ നാഴികക്കല്ലിൽ എന്ന് എത്തിക്കും?

നിർത്തില്ലാത്ത ബുൾ തരംഗത്തിൽ ലാഭമെടുക്കലും തിരുത്തലും നടക്കുന്നില്ല. ലാഭമെടുക്കൽ ഉണ്ടാകുമെന്നു കരുതുന്ന ദിവസങ്ങളിൽ പോലും പുതിയ നിക്ഷേപങ്ങൾ വരുന്നത് അടുത്ത കയറ്റത്തിനു വഴിതെളിക്കുന്നതാണു കുറേ ദിവസങ്ങളായി കാണുന്നത്.
ഇന്നലെ യൂറോപ്യൻ - അമേരിക്കൻ സൂചികകൾ താഴോട്ടു പോയി. അമേരിക്കൻ സൂചികകളുടെ അവധി വിലയും താഴാേട്ടാണ്. രാവിലെ ഏഷ്യൻ വ്യാപാരത്തിലെ സൂചന സമ്മിശ്രമാണ്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ കാര്യമായ കയറ്റമോ ഇറക്കമോ കാണിച്ചില്ല.
നിഫ്റ്റി 14,400-നു താഴേക്കു നീങ്ങിയാൽ ലാഭമെടുക്കൽ ശക്തമാകുമെന്നു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നു. എങ്കിലും ബുള്ളുകൾ തന്നെ വിപണിയെ നിയന്ത്രിക്കും എന്നാണു ബ്രോക്കറേജുകൾ കരുതുന്നത്. നിഫ്റ്റി 14,500-ൻ്റെ തടസം മറികടന്നാൽ 14,750 വരെയാകും തുടർ പ്രയാണം.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഇന്നലെ വിൽപന സമ്മർദമുണ്ടായി. അതു തുടരാനാണു സാധ്യത. മികച്ച കമ്പനികളെ തെരഞ്ഞുപിടിച്ചു വാങ്ങാൻ താഴ്ച അവസരമാക്കാം.

ചൈനയിൽ എന്താണു സംഭവിക്കുന്നത്?


ചൈനീസ് ഓഹരികൾ തിങ്കളാഴ്ചയും ഇന്നും താണു. ജായ്ക്ക് മായുടെ കമ്പനികളായ ആലിബാബയും ആൻ്റും ദേശസാൽക്കരിക്കാൻ ചൈനീസ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതു പൊതുവേ ആശങ്ക വളർത്തി. വലിയ വ്യവസായികൾക്കു ഷി ചിൻപിംഗിൻ്റെ ഭരണകൂടം വിലങ്ങുകൾ തീർക്കുമോ എന്നാണ് ആശങ്ക. ജായ്ക്ക് മാ രണ്ടു മാസമായി പൊതുവേദിയിൽ കാണപ്പെട്ടിട്ടില്ല. അദ്ദേഹം എവിടെയാണെന്നും അറിയില്ല
ഇതോടൊപ്പം ചൈനീസ് കമ്പനികളുടെ കടവും ആശങ്കാജനകമായി. കഴിഞ്ഞ വർഷം 3000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണ് യഥാസമയം തിരിച്ചു വാങ്ങാതിരുന്നത്. ഈ വർഷം കടപ്പത്ര കുടിശിക ഇരട്ടിക്കുമെന്നു പലരും പ്രവചിക്കുന്നു. കൂടുതൽ കമ്പനികൾ പാപ്പരാകുന്നത് ചൈന പ്രതീക്ഷിക്കുന്ന 7.1 ശതമാനം വളർച്ച അസാധ്യമാക്കിയേക്കും.
ചൈനീസ് വളർച്ച കുറഞ്ഞാൽ ലോഹങ്ങളടക്കം ഉൽപന്നങ്ങൾക്കു വില കുറയും.

സ്വർണം, ക്രൂഡ്


സ്വർണവില തിരിച്ചു കയറാനുള്ള ശ്രമത്തിൽ 1855 ഡോളർ വരെ എത്തിയിട്ടു താണു. 1844 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.
ക്രൂഡ് ഓയിൽ ബ്രെൻ്റ് ഇനം 55.1 ഡോളർ വരെ താണിട്ട് 55.65 ഡോളറിലേക്കു കയറി.

കിട്ടാക്കട പ്രശ്നം വീണ്ടും രൂക്ഷമാകും


ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) വിഷയം വഷളാകുമെന്നു റിസർവ് ബാങ്ക് ആശങ്കപ്പെടുന്നതായി ഇന്നലെ ഈ പംക്തിയിൽ പറഞ്ഞിരുന്നു. അതിനു ശേഷം റിസർവ് ബാങ്ക് പുറത്തുവിട്ട ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ട് ആശങ്ക വളരെ പ്രസക്തമാണെന്നും നിക്ഷേപകർ കരുതലോടെ നീങ്ങണമെന്നും കാണിക്കുന്നു. ഇന്നലെ ബാങ്ക് ഓഹരികളിലുണ്ടായ വില്പനത്തിരക്കും ലാഭമെടുപ്പും ഈ പശ്ചാത്തലത്തിലാണ്.
രാജ്യത്തെ സാമ്പത്തികരംഗം സമ്മർദത്തിലായാൽ എൻപിഎ കഴിഞ്ഞ സെപ്റ്റംബറിലെ 7.5 ശതമാനത്തിൽ നിന്ന് അടുത്ത സെപ്റ്റംബറിൽ 14.8 ശതമാനത്തിലേക്കു കയറും എന്നാണു റിപ്പോർട്ട് പറയുന്നത്. അപ്പോൾ പൊതുമേഖലാ ബാങ്കുകളുടെ എൻപിഎ 16.2 ശതമാനമായിരിക്കും. സ്വകാര്യ ബാങ്കുകളുടേത് 7.9 ഉം വിദേശ ബാങ്കുകളുടേത് 5.4 ഉം ശതമാനമാകും.
പൊതു സാമ്പത്തിക നില കൂടുതൽ സമ്മർദത്തിലായാൽ പൊതുമേഖലാ ബാങ്കുകളുടെ എൻപിഎ 17.6 ശതമാനമാകാനും സാധ്യതയുണ്ട്. സ്വകാര്യ ബാങ്കുകൾക്ക് 8.8 ഉം വിദേശ ബാങ്കുകൾക്ക് 6.5 ഉം ശതമാനമാകും എൻപിഎ.
എൻപിഎ കുടുമ്പാേൾ മൂലധനമായി വലിയ തുക കൊണ്ടുവരേണ്ടി വരും. പൊതുമേഖലാ ബാങ്കുകൾക്കായി കേന്ദ്രം രണ്ടു ലക്ഷം കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും. അതത്ര എളുപ്പമല്ല. സ്വകാര്യവൽക്കരണം വേഗത്തിലാക്കാൻ അതും ഒരു പ്രേരണയാകും.
ബാങ്കിതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ് സി) വായ്പകളും പ്രശ്നത്തിലാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഘടനാപരമായി പ്രധാനപ്പെട്ട എൻബിഎഫ്സി കൾക്കു മൂലധനമടക്കമുള്ള കാര്യങ്ങളിൽ സഹായം വേണ്ടി വരും.

മാരുതിയുടെ മുന്നറിയിപ്പ്


വാഹന വിൽപനയിൽ നിലവിൽ കാണുന്ന വർധനയും ഉത്സാഹവും നിലനിൽക്കാൻ ഇടയില്ലെന്നു മാരുതി സുസുകി. ഇപ്പോഴത്തെ വിൽപനവളർച്ച നേരത്തേ മാറ്റിവച്ച വാങ്ങലുകളുടെ ഫലമാണ്. കോവിഡ് മൂലം സ്വകാര്യ വാഹന ഉപയോഗത്തിനു താൽപര്യം കൂടിയതും ഒരു ഘടകമാണ്.
ഉയർന്ന നികുതി നിരക്കും വാഹന വിൽപനയ്ക്കു ഭീഷണിയായി മാരുതി എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
രാജ്യത്തു 2005-10 കാലയളവിൽ കാർ വിൽപനയുടെ ശരാശരി വാർഷിക വളർച്ച (സിഎജിആർ) 12.9 ശതമാനമായിരുന്നു. 2010-15 കാലത്ത് ഇത് 5.9 ശതമാനമായി താണു. 2015-20 കാലത്ത് വെറും 1.3 ശതമാനത്തിലേക്കു വളർച്ച ഇടിഞ്ഞു.
നികുതിയടക്കമുള്ള കാര്യങ്ങളിൽ സർക്കാർ പുനർചിന്തനം നടത്തണമെന്നു മാരുതി നിർദേശിക്കുന്നു.

അമിത പണലഭ്യത നിയന്ത്രിക്കാൻ റിസർവ് ബാങ്ക്


രാജ്യത്തെ പണലഭ്യത സാധാരണ നിലയിലാക്കാൻ റിസർവ് ബാങ്ക് നടപടികൾ തുടങ്ങി. ഹ്രസ്വകാല പലിശ നിരക്ക് ഉയർത്തുകയും ധനകാര്യമേഖലയിൽ അധികമുള്ള പണം വലിച്ചെടുക്കുകയും ചെയ്യാനാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്.
ഇതിൻ്റെ ആദ്യപടിയായി ഈ വെള്ളിയാഴ്ച 14 ദിവസ റിവേഴ്സ് റീപോ ലേലം നടത്തും.
ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസർവ് ബാങ്കിനു നൽകുന്നതാണു റിവേഴ്സ് റീപോ. ബാങ്കുകൾക്കു ഹ്രസ്വകാലത്തേക്കു പണം അത്യാവശ്യം വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നു കടമെടുക്കുന്നത് റീപോ. (ബാങ്കുകളുടെ കൈവശമുള്ള സർക്കാർ കടപ്പത്രങ്ങൾ റിസർവ് ബാങ്കിൽ പണയമായി നൽകിയാണു റീപോ ഇടപാട്. റിസർവ് ബാങ്കിനു പണം നൽകി കടപ്പത്രങ്ങൾ വാങ്ങുന്നതു റിവേഴ്സ് റീപോ). ഇവയുടെ പലിശ ക്രമീകരിക്കുന്നതിലൂടെ ബാങ്കിംഗ് മേഖലയിലെ പലിശനിരക്കുകൾ നിയന്ത്രിക്കാൻ റിസർവ് ബാങ്കിനു കഴിയും. ഇപ്പോൾ റീപോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനവുമാണ്.

പണലഭ്യത കൂടിയത് ഇങ്ങനെ


ധനകാര്യ വിപണിയിലെ പണലഭ്യത ക്രമീകരിക്കാൻ റീപോ, റിവേഴ്സ് റീപോ ലേലങ്ങൾ റിസർവ് ബാങ്ക് നടത്താറുണ്ട്. കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു വലിയ തോതിൽ റീപോ ലേലം നടത്തിയിരുന്നു. അതു വഴി ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും പണഞെരുക്കം ഒഴിവായി.
വേറൊരു രീതിയിലും പണലഭ്യത വർധിച്ചു. രാജ്യത്തേക്കു വരുന്ന വിദേശ നാണ്യത്തിൽ വലിയ പങ്ക് റിസർവ് ബാങ്ക് വാങ്ങി വച്ച് വിദേശനാണ്യശേഖരം വർധിപ്പിച്ചു. ഡോളർ വാങ്ങുമ്പോൾ റിസർവ് ബാങ്ക് രൂപ നൽകും. 7340 കോടി ഡോളർ കഴിഞ്ഞ വർഷം വാങ്ങിക്കൂട്ടിയപ്പോൾ 5.9 ലക്ഷം കോടി രൂപ ബാങ്കുകളിലെത്തി. ഇതത്രയും വിപണിയിൽ അധിക പണലഭ്യത (Liquidity) ആയി കിടക്കുന്നു.

പണലഭ്യത കൂടിയപ്പോൾ സംഭവിച്ചത്.


ബാങ്കിംഗ് മേഖലയിൽ അമിത പണലഭ്യത വന്നതിനൊപ്പം വായ്പ എടുക്കൽ കുറയുകയും ചെയ്തു. ലോക്ക് ഡൗണും മാന്ദ്യവും മൂലം സംരംഭകരും വ്യക്തികളും കടമെടുക്കുന്നതിൽ നിന്നു വിട്ടു നിന്നു.
ഇതിൻ്റെയൊക്കെ സദ്ഫലം സാധാരണക്കാർക്കോ ചെറുകിട സംരംഭങ്ങൾക്കോ ലഭിച്ചില്ല. എന്നാൽ വൻകിട കമ്പനികൾക്കു നേട്ടമുണ്ടായി. അവ കൊമേഴ്സ്യൽ പേപ്പർ ഇറക്കി മൂന്നു ശതമാനം പലിശയ്ക്കു വായ്പയെടുത്തു. ഏകദിന മണിമാർക്കറ്റിൽ കഴിഞ്ഞ മാസം പലിശ 2.57 ശതമാനം വരെ താണു.
റിസർവ് ബാങ്കിൻ്റെ നിരക്കുകളെ നോക്കുകുത്തിയാക്കുന്ന വിധമായി ഹ്രസ്വകാല പണ വിപണി. ഇതു മാറ്റി സാധാരണ പണലഭ്യതയും പലിശ നിരക്കും ഉറപ്പാക്കാനാണു റിസർവ് ബാങ്ക് ശ്രമിക്കുന്നത്. ബാങ്കിൻ്റെ പ്രഖ്യാപനം വന്നതോടെ കടപ്പത്രവിലകൾ ഇന്നലെ താണു. കടപ്പത്രങ്ങളുടെ നേട്ടം (yield) അര ശതമാനത്തോളം വർധിച്ചു.

യാത്രാവാഹന വിൽപന ഉയർന്നു


ഈ ധനകാര്യ വർഷത്തിൽ ആദ്യമായി ഡിസംബറിൽ യാത്രാ വാഹന വിൽപന വർധിച്ചു. രജിസ്ടേഷൻ ആധാരമാക്കി വാഹന വിൽപനയുടെ കണക്കു തയാറാക്കുന്ന ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസി (ഫാഡ) ൻ്റെ കണക്കാണിത്. ഡിസംബറിൽ കാറുകൾ അടക്കം യാത്രാ വാഹന വിൽപന 23.99 ശതമാനം വർധിച്ചു. 2,71,249 യാത്രാ വാഹനങ്ങളാണു ഡിസംബറിൽ വിറ്റത്.
ടൂ വീലർ വിൽപന 11.88 ശതമാനം വർധിച്ചു. 14,24,620 ടൂ വീലറുകൾ വിറ്റു.
വാണിജ്യ വാഹന വിൽപന 13.52 ശതമാനം താണ് 51,454 എണ്ണത്തിൽ ഒതുങ്ങി.
ത്രീവീലർ വിൽപന 52.75 ശതമാനം ഇടിഞ്ഞ് 27,715 ആയി. ട്രാക്ടർ വിൽപന 35.49 ശതമാനം കൂടി. 69,105 ട്രാക്ടറുകൾ വിറ്റു.
കാർഷികോൽപാദന വളർച്ചയും നല്ല കാലാവസ്ഥയും ട്രാക്ടർ വിൽപനയെ സഹായിച്ചു.

അടുത്ത വർഷം 10.1% വളർച്ച


അടുത്ത ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി 10.1 ശതമാനം വളരുമെന്നു റേറ്റിംഗ് ഏജൻസി ഇക്ര. ഈ മാർച്ച് 31-നവസാനിക്കുന്ന വർഷം ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ് ഒ) കണക്കാക്കിയിരിക്കുന്നത്.
ഈ വർഷത്തെ വലിയ തകർച്ചയാണ് അടുത്ത വർഷം ഇരട്ടയക്ക വളർച്ചയ്ക്ക് അടിസ്ഥാനം. ഈ വളർച്ചയ്ക്കു ശേഷം 2022 മാർച്ച് ഒടുവിൽ യഥാർഥ ജിഡിപിയുടെ വലുപ്പം 2020 മാർച്ചിലേതിലും അധികം കൂടുതലാകില്ല.
രാജ്യത്തെ വിലക്കയറ്റം ചെറിയ തോതിലേ കുറയൂ എന്ന് ഇക്ര കരുതുന്നു. ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഇക്കൊല്ലത്തെ 6.4 ശതമാനത്തിൽ നിന്ന് 4.6 ശതമാനമാകും.

ബിറ്റ്കോയിനിൽ വലിയ ചാഞ്ചാട്ടം


ബിറ്റ് കോയിൻ വിലയിൽ വീണ്ടും ചാഞ്ചാട്ടം. 41,700 ഡോളറിനു മുകളിലെത്തിയ ഡിജിറ്റൽ കറൻസി ഇന്നലെ 31,756 ഡോളർ വരെ താണു. പിന്നീടു കയറി 35,000 ഡോളറിന സമീപമാണ് ഇന്നു രാവിലെ.
ബാങ്ക് ഓഫ് അമേരിക്കയുടെ ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് പോലുള്ള വിദഗ്ധരും വാറൻ ബഫറ്റും ജിം റോജേഴ്സും പോലുള്ള ഐതിഹാസിക നിക്ഷേപകരും ബിറ്റ് കോയിൻ നിക്ഷേപം അപകടമാണെന്ന് ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ബിറ്റ് കോയിൻ വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ പല തലങ്ങളിൽ ആലോചന നടക്കുന്നുണ്ട്.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി ധനാഭ്യർഥന


ബജറ്റിൽ ഓരോ മന്ത്രാലയത്തിനും വകുപ്പിനും തുക വകയിരുത്തും. ഇത് അതതു മന്ത്രാലയങ്ങൾക്കു ലഭ്യമാക്കാൻ പ്രത്യേകം പ്രത്യേകം അഭ്യർഥനകൾ ലോക്സഭയിൽ അവതരിപ്പിക്കണം. ഇതാണ് ധനാഭ്യർഥന (Demand for grants)

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it