ചാഞ്ചാട്ടത്തോടെ കയറ്റം; ബൈഡൻ്റെ ഉത്തേജകം ഫലിക്കുമോ? വിലക്കയറ്റം കുറഞ്ഞപ്പോൾ ആശങ്ക കൂടി; പലിശ കൂടുമോ?

മുന്നോട്ടുള്ള വഴിയെപ്പറ്റി സംശയമുള്ളവർ നീങ്ങുന്നതു പോലെ ഇന്ത്യൻ വിപണി. ഏതാനും ദിവസമായുള്ള ഈ അനിശ്ചിതത്വം ബുൾ തരംഗത്തിൻ്റെ അന്ത്യമായി കാണേണ്ട. ഓരാേ ഘട്ടത്തിലും ലാഭമെടുക്കലുമായി ഫണ്ടുകൾ രംഗത്തിറങ്ങുന്നതാണു കാരണം. ക്യാഷ് മാർക്കറ്റിൽ വിറ്റു വിലയിടിക്കുന്നവർ ഫ്യൂച്ചേഴ്സ് വിപണിയിൽ വാങ്ങലുകാരാകുന്നു.

കഴിഞ്ഞ വർഷം ഒരു കോടിയോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ ഉണ്ടായത് ഓഹരി വിപണിയിലേക്ക് കൂടുതൽ നിക്ഷേപകർ വരുന്നതിൻ്റെ ഫലമാണ്. റീട്ടെയിൽ നിക്ഷേപകർ വർധിക്കുമ്പോഴും വിപണിയുടെ നിയന്ത്രണം വമ്പൻ ഫണ്ടുകൾക്കാണെന്ന യാഥാർഥ്യം ശ്രദ്ധിക്കേണ്ടതാണ്‌.
ഇന്നലെ കൂടുതൽ സമയവും താഴാേട്ടു പോയ വിപണി ഒടുവിൽ ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു. നിഫ്റ്റിയും സെൻസെക്സും പതിവുപോലെ റിക്കാർഡ് കുറിച്ചു. നിഫ്റ്റി ബാങ്കാണു ശ്രദ്ധേയമായ ഇടിവു കാണിച്ചത്.
ഇന്നലെ അമേരിക്കൻ ഓഹരികൾ സമ്മിശ്ര ചിത്രമാണു നൽകിയത്. ഡൗ അൽപം കയറിയപ്പോൾ നാസ്ഡാക്കും മറ്റും താണു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഉയരത്തിൽ തുടങ്ങിയിട്ട് താണു .

ബൈഡൻ്റെ ഉത്തേജകം


അമേരിക്കയിൽ നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ 1.9 ലക്ഷം കോടി ഡോളറിൻ്റെ ഉത്തേജക - ആശ്വാസ പദ്ധതി അവതരിപ്പിച്ചു. ട്രംപ് 600 ഡോളർ വീതം നൽകിയ സ്ഥാനത്ത് ബൈഡൻ 1400 ഡോളർ വീതം നൽകും. വ്യക്തികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിന് ഒരു ലക്ഷം കോടി ഡോളറാണു ബൈഡൻ നീക്കി വയ്ക്കുക. ഉത്തേജകം പ്രതീക്ഷയ്‌ക്കൊപ്പമുണ്ടെന്നു യുഎസ് ഫ്യൂച്ചേഴ്സിൻ്റെ ഉയർച്ച കാണിക്കുന്നു. ഇതിൻ്റെ പ്രതികരണം ഏഷ്യൻ വിപണികളിലുമുണ്ട്. അമേരിക്കൻ ഡിമാൻഡ് വർധിക്കുന്നത് ഇന്ത്യൻ കമ്പനികൾക്കും നല്ലതാണ്.

നിഫ്റ്റിക്ക് ഉറച്ച അടിത്തറ


നിഫ്റ്റിയും സെൻസെക്സും ഉയരുന്നതിനുള്ള പ്രവണതയാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലനക്കാർ പറയുന്നു. 14,500-ൽ നിഫ്റ്റി നല്ലതുപോലെ ചുവടുറപ്പിച്ചിട്ടുണ്ടത്രെ. അതിനു താഴോട്ടു വന്നാൽ വാങ്ങാൻ നല്ല അവസരമെന്നാണ് അവർ പറയുന്നത്. 14,650-ൽ തടസം പ്രതീക്ഷിക്കാം. താഴെ 14,435 ശക്തമായ സപ്പോർട്ട് നൽകുന്നു. എങ്കിലും ലാഭമെടുക്കൽ ശ്രമം സൂചികകളെ ഉലയ്ക്കാം.

സ്വർണം, ക്രൂഡ് കയറുന്നു


സ്വർണവില രാജ്യാന്തര വിപണിയിൽ ചാഞ്ചാടുകയാണ്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം 1836 ഡോളറിൽ നിന്ന് 1853 ഡോളറിലേക്കു കയറി.
ക്രൂഡ് ഓയിൽ വില തിരിച്ചുകയറുന്നുണ്ട്‌. ബ്രെൻ്റ് ഇനം 56.76 ഡോളറായി.
ഡിജിറ്റൽ കറൻസി ബിറ്റ് കോയിൻ വീണ്ടും 40,000 ഡോളറിനു സമീപമെത്തി.

മൊത്ത വിലക്കയറ്റം കുറഞ്ഞു; പക്ഷേ


മൊത്തവിലസൂചിക (ഡബ്ള്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ഡിസംബറിൽ 1.22 ശതമാനമായി താണു. നവംബറിൽ 1.55 ശതമാനവും 2019 ഡിസംബറിൽ 2.76 ശതമാനവുമായിരുന്നു മൊത്ത വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നവംബറിലെ 3.94-ൽ നിന്ന് 1.11 ശതമാനമായി താണു. ഇന്ധനം - വൈദ്യുതി വിലക്കയറ്റം 9.87-ൽ നിന്ന് 8.72 ശതമാനത്തിലേക്കു കുറഞ്ഞു. അതേ സമയം ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 2.97-ൽ നിന്ന് 4.24 ശതമാനത്തിലേക്കു കയറി.
വിലക്കയറ്റം കുറഞ്ഞു; ഭക്ഷ്യവിലകൾ കുറഞ്ഞു; ഭക്ഷ്യേതര പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും താണു. ഇത്രയും ആശ്വാസകരമാണെങ്കിലും ഫാക്ടറി ഉൽപന്ന വിലക്കയറ്റം നാലു ശതമാനത്തിനു മുകളിലായത് ചില്ലറയല്ലാത്ത ആശങ്ക ജനിപ്പിക്കും.
ചില്ലറ വിലക്കയറ്റം 6.93-ൽ നിന്നു ഡിസംബറിൽ 4.59 ശതമാനമായിരുന്നു. ചില്ലറ വില സൂചികയിൽ പകുതി പങ്ക് ഭക്ഷ്യ വസ്തുക്കൾക്കാണ്. ഫാക്ടറി ഉൽപന്നങ്ങൾക്കു ചെറിയ പങ്കേ ഉള്ളൂ. മൊത്ത വില സൂചികയിൽ നേരേ തിരിച്ചാണു പങ്ക്.

പിഎംസി ബാങ്ക് പിടിക്കാൻ


സെൻട്രം - ഭാരത് പേ സഖ്യം; ഇതൊരു പുതിയ തുടക്കം
മോറട്ടോറിയത്തിൽ കിടക്കുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് മുംബൈ കേന്ദ്രമായുള്ള സെൻട്രം ഗ്രൂപ്പും ഭാരത് പേയും ചേർന്ന് ഏറ്റെടുക്കും.ഇരു കമ്പനികളും തുല്യ പങ്കാളികളായിരിക്കും.2019 സെപ്റ്റംബർ 23-നാണു പിഎംസി ബാങ്ക് മോറട്ടോറിയത്തിലായത്.
ഇതാദ്യമായാണ് ഒരു ബാങ്കിനെ ഏതെങ്കിലും കോർപറേറ്റുകൾക്ക് ഏൽപിച്ചു കൊടുക്കുന്നത്. സെൻട്രം ഗ്രൂപ്പ് ധനകാര്യ സേവന മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പാണ്. തുടക്കം 1997-ൽ. ചെയർമാൻ എമരിറ്റസ് ചന്ദർ ഗിഡ്വാനിയാണു ഗ്രൂപ്പിൻ്റെ സ്ഥാപകൻ. സ്റ്റാൻഡാർഡ് ചാർട്ടേഡിൽ അടക്കം വിദേശ ബാങ്കുകളിൽ മൂന്നു ദശകം പ്രവർത്തിച്ചിട്ടുള്ള ജസ്പാൽ ബിന്ദ്രയാണ് ഇപ്പോൾ ചെയർമാൻ.
സിഇഒ അശീർ ഗ്രോവറും സിഒഒ ശാശ്വത് നക്രാനിയും ചേർന്ന് ആരംഭിച്ച പേമെൻ്റ് കമ്പനിയാണു ഭാരത് പേ.
കോർപറേറ്റുകൾക്കു ബാങ്ക് ലൈസൻസ് നൽകണമെന്ന് റിസർവ് ബാങ്കിൻ്റെ ഒരു കമ്മിറ്റി കഴിഞ്ഞ വർഷം ശിപാർശ ചെയ്തിരുന്നു. ഒരു എൻബിഎഫ്സിയും ഒരു ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയും ചേർന്നു പിഎംസി ബാങ്കിനെ കൈവശപ്പെടുത്തുമ്പോൾ ആ ശിപാർശയുടെ ആദ്യ പ്രയോഗമാകും.

റിലയൻസിൻ്റെ ഫ്യൂച്ചർ ഇടപാട് നീണ്ടുപോകും


റിലയൻസ് ഇൻഡസ്ട്രീസ് ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുക്കുന്നത് നീണ്ടുപോകുമെന്നു സൂചന. സിംഗപ്പുരിലെ സ്വകാര്യ ആർബിട്രേഷൻ സംവിധാനം (എസ്ഐഎസി) ഫ്യൂച്ചർ-ആമസോൺ തർക്കം തീർപ്പാക്കാൻ മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചു. ആറു മുതൽ ഒൻപതു വരെ മാസമെടുക്കും ട്രൈബ്യൂണൽ നടപടികൾ.
ഇതിനിടെ ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് റിലയൻസ് ഏറ്റെടുക്കുന്നതിന് എൻഒസി നൽകരുതെന്നു സ്‌റ്റോക്ക് എക്സ്ചേഞ്ചുകളോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആമസോൺ വീണ്ടും സെബിക്കു കത്തയച്ചു. ആമസോൺ ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് വാങ്ങുന്നത് നിയമ വിരുദ്ധമാകുമെന്ന ഡൽഹി ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണിത്. ഹൈക്കോടതി പരാമർശമുപയോഗിച്ച് ഏറ്റെടുക്കലിനു ചില നീക്കങ്ങൾ നടക്കുന്നുവെന്നാണ് ആമസോണിൻ്റെ സംശയം.

എസ്ബിഐ പലിശ കൂട്ടിയത് എന്തുകൊണ്ട്?


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു വർഷ സ്ഥിര നിക്ഷേപത്തിനുള്ള പലിശ 0.1 ശതമാനം വർധിപ്പിച്ച് അഞ്ചു ശതമാനമാക്കി. ഇതു പലിശ ചക്രം മാറി വരുന്നതിൻ്റെ സൂചനയാണോ?
പലിശ നിരക്കുകൾ പൊതുവേ വർധിക്കുമെന്നു കരുതാൻ കാര്യമില്ല. വിലക്കയറ്റം കുറഞ്ഞു വരുന്ന നിലയ്ക്ക് ഫെബ്രുവരിയിലോ ഏപ്രിലിലോ നിരക്കു വീണ്ടും താഴ്ത്തി ക്കൂടായ്കയില്ല. സർക്കാരും വ്യവസായികളും നിരക്ക് ഇനിയും താഴണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്.
എങ്കിലും പലിശയിൽ കുറേ നീക്കുപോക്കുകൾ ഉണ്ടാകുമെന്ന് തീർച്ച. ഹ്രസ്വകാല നിരക്കുകൾ ക്രമാതീതമായി താണു. റിവേഴ്സ് റീപോ നിരക്കിനോടു ചേർന്നു പോകേണ്ടതാണ് എന്ന വിപണിയിലെ ഏകദിന പലിശനിരക്ക്. പക്ഷേ ഈയിടെ അതു വളരെ താഴെപ്പോയി. നെഗറ്റീവ് പലിശയിലേക്കു കാര്യങ്ങൾ പോകുമോ എന്നു പോലും ചോദ്യമുയർന്നു.
ആവശ്യത്തിലധികം പണം വിപണിയിൽ ഉണ്ടായതാണു കാരണം. അതിനു കാരണം വായ്പയ്ക്ക് ആവശ്യം കുറവായതും. ബാങ്കുകളിൽ 10-11 ശതമാനം തോതിൽ നിക്ഷേപം വർധിച്ചു. വായ്പ വർധിച്ചതാകട്ടെ 5-6 ശതമാനം തോതിലും.
ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് അധിക പണം വലിച്ചെടുക്കാൻ റിവേഴ്സ് റീപോ ലേലം നടത്തുന്നത്. ഇതു ചെയ്യുന്നതോടെ ഏകദിന പലിശനിരക്ക് കൂടും. ഹ്രസ്വകാല ബോണ്ടുകൾക്കും കൊമേഴ്സ്യൽ പേപ്പറിനും പലിശ കൂടും.
ഇതാണ് ഒരു വർഷ നിക്ഷേപ പലിശ നേരിയ തോതിൽ കൂട്ടാൻ കാരണമായത്. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അകലുന്ന നിക്ഷേപകരെ ആകർഷിക്കുന്നതും ലക്ഷ്യമാകാം. 2011-ൽ ബാങ്ക് നിക്ഷേപങ്ങളിൽ 75 ശതമാനം പൊതുമേഖലാ ബാങ്കുകളിലായിരുന്നു. 2020-ൽ അത് 64 ശതമാനമായി താണു.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി പ്രത്യക്ഷ നികുതി


പ്രത്യക്ഷ നികുതി (Direct Tax) വരുമാനത്തിന്മേൽ നേരിട്ടു ചുമത്തുന്ന നികുതിയാണ്. വ്യക്തികളുടെ ആദായ നികുതി (Income Tax), കമ്പനികളുടെ ആദായത്തിന്മേലുള്ള നികുതി (Corporation Tax) എന്നിവയാണു രാജ്യത്തെ പ്രധാന പ്രത്യക്ഷ നികുതി കൾ. നേരത്തേ സ്വത്തു നികുതി (Wealth Tax), പിന്തുടർച്ചാവകാശ നികുതി (Inheritance Tax or Estate Duty) തുടങ്ങിയവ ഉണ്ടായിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it