വിദേശ നിക്ഷേപം നിർണായകം; നിർമലയിൽ കണ്ണുനട്ട് വിപണി; ഈയാഴ്ച രണ്ട് ഐപിഒകൾ; ഹ്രസ്വകാല പലിശ കൂടുന്നു

വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികൾ ലാഭമെടുക്കലിൽ കുത്തനെ താഴോട്ടു പോയി. പിന്നീടു യൂറോപ്യൻ, അമേരിക്കൻ ഓഹരികളും ഇടിഞ്ഞു. ഇന്നു രാവിലെ ജാപ്പനീസ് വിപണിയും താഴോട്ടു പോയി. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,400 നു താഴെയായി.

യു എസ് സാമ്പത്തിക വളർച്ചയെപ്പറ്റി വീണ്ടും ആശങ്ക പ്രബലമായത് വിപണികളെ ബാധിച്ചു. അമേരിക്കൻ വിലക്കുകൾ ചൈനീസ് വളർച്ച മുരടിപ്പിക്കുമെന്ന ആശങ്ക ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 55 ഡോളറിനു താഴെയാക്കി.
ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണി വീണ്ടും താഴോട്ടു പോകാൻ വഴിതെളിക്കാം. വെള്ളിയാഴ്ച സൂചികകൾ 1.11 ശതമാനം താണിരുന്നു. നിഫ്റ്റി 14,433.7 ൽ ക്ലോസ് ചെയ്തു. ഇന്നു 14,450-നു മുകളിലേക്കു കയറുന്നില്ലെങ്കിൽ സൂചിക വീണ്ടും താഴോട്ടു നീങ്ങുമെന്നാണു സാങ്കേതിക വിശകലനക്കാർ കരുതുന്നത്. 14,400-ലെ സപ്പോർട്ട് തകർന്നാൽ 14,000-13,750 മേഖലയിലാണു ശക്തമായ സപ്പോർട്ട്. 14,500-ലേക്കു കയറാനായാൽ 14,600- 14,700 വരെയാണ് ഹ്രസ്വകാല പ്രതീക്ഷ ഉള്ളത്.
ഇതെല്ലാമാണെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നതിൽ നിന്നു പിന്തിരിയുന്ന യാതൊരു സൂചനയുമില്ല. അവർ പഴ്സ് തുറക്കുമ്പോൾ വിപണി ഉയരുക തന്നെ ചെയ്യും.
ഫെബ്രുവരി ഒന്നിനു വരുന്ന കേന്ദ്ര ബജറ്റിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ ഈ ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കും.

സ്വർണം, ക്രൂഡ്
വെള്ളിയാഴ്ച 1830 ഡോളറിനു താഴെയെത്തിയ സ്വർണ വില ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1809 വരെ താണിട്ട് 1820-ലെത്തി. വിലസൂചന താഴോോട്ടാണ്. ഡോളർ കരുത്തു നേടുന്നതും സ്വർണത്തിനു ക്ഷീണമായി.
സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്ക ക്രൂഡ് വില താഴ്ത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 54.86 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 52.14 ഡോളറിലേക്കു താഴ്ന്നു.

ഹ്രസ്വകാല പലിശ കൂട്ടി റിവേഴ്സ് റീപോ ലേലം
പലിശ നിരക്കുകൾ പുനർ ക്രമീകരിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച റിവേഴ്സ് റീപോ ലേലം നടത്തി രണ്ടു ലക്ഷം കോടി രൂപയാണു ബാങ്കുകളിൽ നിന്നു വലിച്ചത്.
അധിക പണലഭ്യത ഹ്രസ്വകാല പലിശ നിരക്ക് തീരെ കുറവാക്കിയിരുന്നു. നിക്ഷേപങ്ങൾ 11-12 ശതമാനം തോതിൽ കൂടുകയും വായ്പാ വർധന 5-6 ശതമാനം മാത്രമാവുകയും ചെയ്തപ്പോൾ ബാങ്കുകളിൽ ധാരാളം പണം മിച്ചമായി. ഇതു മൂലം ഹ്രസ്വകാല - ഏകദിന പലിശ പലപ്പോഴും നാമമാത്രമായി താണു. ഇതു മാറ്റാനാണു റിവേഴ്സ് റീപോ ലേലം നടത്തിയത്.
ലേലം വഴി പലിശനിരക്കിൽ അര ശതമാനത്തോളം വർധന ഉണ്ടായി. ബാങ്കുകൾക്ക് ആശ്വാസകരമാണ് ഈ മാറ്റം.

ഐപിഒകൾ

ഈയാഴ്ച രണ്ടു ഐപിഒകൾ ശ്രദ്ധയർഹിക്കും.
ഇന്നു മുതൽ 21 വരെയാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ്റെ (ഐആർഎഫ് സി) ഐപിഒ. 178.2 കോടി ഓഹരികൾ വിറ്റ് 4633 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഉദ്ദേശിക്കുന്ന വില ഓഹരി ഒന്നിന് 26 രൂപ. റെയിൽവേയുടെ ബിസിനസ് മാത്രമാണ് ഐആർഎഫ്സിക്ക് ഉള്ളത്.
കുറഞ്ഞ കാലം കൊണ്ടു പെയിൻ്റ് വിപണിയിൽ വലിയ വളർച്ച കുറിച്ച ഇൻഡിഗോ പെയിൻ്റ്സ് ഐപിഒ 20-ന് തുടങ്ങും. 22-നു ക്ലോസ് ചെയ്യും.78.53 ലക്ഷം ഓഹരി വിറ്റ് 1170 കോടി രൂപ നേടുകയാണു ലക്ഷ്യം. ഓഹരി ഒന്നിന് 1490 രൂപ ഉദ്ദേശിക്കുന്നു.

ഗെയിൽ ഓഹരികൾ തിരിച്ചു വാങ്ങുന്നു

ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) ഓഹരികൾ ത്തി യുവാങ്ങുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണു തീരുമാനം പ്രഖ്യാപിച്ചത്. ഒന്നിനു 150 രൂപ പ്രകാരം 6.97 കോടി ഓഹരികൾ തിരിച്ചു വാങ്ങാൻ 1046 കോടി രൂപ മുടക്കും. വെള്ളിയാഴ്ചത്തെ ഓഹരി വിലയായ 139 രൂപയേക്കാൾ എട്ടു ശതമാനം കൂടുതലാണ് ഓഫർ വില. മൊത്തം ഓഹരിയുടെ 1.55 ശതമാനം ഇപ്പാൾ തിരിച്ചു വാങ്ങും.
ഗവണ്മെൻ്റിന് 51.7 ശതമാനം ഓഹരിയുണ്ട്ൽ ഗെയിലിൽ. സ്വകാര്യ ഓഹരിയുടമകൾ ഓഹരി വിൽക്കാൻ വലിയ താൽപര്യമെടുക്കില്ല. ഗവണ്മെൻ്റ് ഓഹരി വിൽക്കാൻ മുന്നോട്ടു വരും. നികുതിയിതര വരുമാനം കൂട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്.
വൈദ്യുത കാറുമായി ടെസ്ല, ക്ഷണവുമായി സംസ്ഥാനങ്ങൾ
വൈദ്യുത കാർ നിർമാണ രംഗത്തു മുൻനിര കമ്പനിയായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നു. ടെസ് ലയെ തങ്ങളുടെ സംസ്ഥാനത്താക്കാൻ വിവിധ സംസ്ഥാനങ്ങൾ മത്സരിച്ചു പരിശ്രമം തുടങ്ങി.
ബെംഗളൂരുവിൽ വൈദ്യുത കാർ ഗവേഷണ -വികസന ലബോറട്ടറി തുടങ്ങുന്നതായി ഇലോൺ മസ്കിൻ്റെ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കർണാടക, ആന്ധ്രപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഇതേ തുടർന്ന് വിവിധ ഓഫറുകളുമായി ടെസ്ലയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഗുജറാത്തിനാകും നറുക്കു വീഴുക എന്നു സൂചനയുണ്ട്. കാണ്ട്ലയിലും മുന്ധ്രയിലുമുള്ള തുറമുഖങ്ങൾ ഗുജറാത്തിനെ കുടുതൽ ആകർഷകമാക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്കിനു മികച്ച റിസൽട്ട്

എച്ച്ഡിഎഫ്സി ബാങ്കിൻ്റെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. ബാങ്കിൻ്റെ അറ്റാദായം 18.1 ശതമാനം വർധിച്ച് 8758.29 കോടി രൂപയായി. അറ്റ പലിശ വരുമാനം 15.1 ശതമാനം കുടി 16,317 കോടി രൂപയായതിൻ്റെ ഫലമാണിത്.
ആദിത്യ പുരിയുടെ പിൻഗാമി ശശിധർ ജഗദീശൻ്റെ ആദ്യ ക്വാർട്ടർ ഫലപ്രഖ്യാപനമാണിത്. ബാങ്കിലെ നിക്ഷേപങ്ങൾ 19.1 ശതമാനം കൂടിയപ്പോൾ വായ്പ 15.6 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു. ഇതു ബാങ്ക് മേഖലയിലെ ശരാശരിയേക്കാൾ വലിയ വളർച്ചയാണ്.
നിഷ്ക്രിയ ആസ്തി (എൻപിഎ) യുടെയും അതിനുള്ള വകയിരുത്തലിൻ്റെയും കാര്യത്തിലും വലിയ പുരോഗതിയുണ്ട്. മൊത്തം എൻപിഎ 1.42 ശതമാനത്തിൽ നിന്ന് 0.81 ശതമാനമായി താണു. വകയിരുത്തൽ ഇല്ലാത്ത അറ്റ എൻപിഎ 0.48 ശതമാനത്തിൽ നിന്ന് 0.09 ശതമാനമായി കുറച്ചു.
എൻപിഎ പ്രഖ്യാപനത്തിനു കോടതി വിലക്കില്ലായിരുന്നെങ്കിൽ മൊത്തം എൻപിഎ 1.38-ഉം അറ്റ എൻപിഎ 0.4 - ഉം ശതമാനമാകുമായിരുന്നു. അതനുസരിച്ചുള്ള കണ്ടിൻജൻ്റ് വകയിരുത്തലുകൾ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് നടത്തിയിട്ടുണ്ട്. ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് വിൽപനയ്ക്കുള്ള വിലക്ക് നീക്കിക്കിട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. ബാങ്കിൻ്റെ ഉപ കമ്പനിയായ എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസിൻ്റെ കിട്ടാക്കടങ്ങൾ പെരുകുകയാണ്. 5.9 ശതമാനമാണ് മൊത്ത എൻപിഎ.

ഇന്നത്തെ വാക്ക്: ബജറ്റ് പദാവലി: പരോക്ഷ നികുതികൾ
ഉൽപന്നങ്ങളിന്മേലും സേവനങ്ങളിന്മേലും ചുമത്തുന്ന നികുതി കളാണു പരോക്ഷ നികുതികൾ ( Indirect Taxes). ചരക്കു - സേവന നികുതി (ജിഎസ്ടി), ഫാക്ടറി ഉൽപന്നങ്ങൾക്കു ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി, ഇറക്കുമതി - കയറ്റുമതി സാധനങ്ങൾക്കു ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണു നിലവിലുള്ള പരോക്ഷ നികുതികൾ.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it