Top

വിപണിയിൽ തിരുത്തൽ തുടങ്ങുമോ? റിലയൻസ് ഫലം പറയുന്നതെന്ത് ? തൊഴിലവസരങ്ങൾ തിരിച്ചു വരുന്നു

കഴിഞ്ഞയാഴ്ച സെൻസെക്സ് 50,000 കടന്നെങ്കിലും അതു നിലനിർത്താനായില്ല. വ്യാഴാഴ്ച 50,184 വരെ കയറിയ സൂചിക അന്നും പിറ്റേന്നും താഴോട്ടു പോന്നു. 48,878.54 -ൽ ക്ലോസ് ചെയ്ത സെൻസെക്സിന് ആഴ്ചയിലെ നഷ്ടം 156.13 പോയിൻ്റ്. നിഫ്റ്റി 14753.55 വരെ കയറിയിട്ട് 14,371.9 -ൽ ക്ലോസ് ചെയ്തപ്പോൾ ആഴ്ചയിലെ നഷ്ടം 61.8 പോയിൻ്റ്.

ഈ ചാഞ്ചാട്ടം ഈയാഴ്ചയിലും തുടരുമെന്നാണു നിരീക്ഷകർ കരുതുന്നത്. ജനുവരിയിലെ ഡെറിവേറ്റീവ് കരാറുകൾ വ്യാഴാഴ്ച ക്ലോസ് ചെയ്യാനുള്ളതു ചാഞ്ചാട്ടത്തിനു കൂടുതൽ പ്രേരണയാകും.ബജറ്റിനെപ്പറ്റിയുള്ള ആശകളും ആശങ്കകളും ഈയാഴ്ച വ്യാപാരത്തിൽ പ്രതിഫലിക്കും. റിലയൻസിൻ്റെ തിളക്കമില്ലാത്ത റിസൽട്ടും വിപണിയെ ദുർബലമാക്കും.
എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ താഴ്ച വകവയ്ക്കാതെയാണു തിങ്കൾ രാവിലെ എസ്ജിഎക്സ് നിഫ്റ്റി യിലെ നീക്കം.14,515 ലേക്ക് കയറ്റി അവിടെ നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരം. ഉയർന്ന ലെവലിൽ വ്യാപാരം തുടങ്ങാമെന്ന സൂചനയാണ് അതിലുള്ളത്.

തിരുത്തൽ തുടങ്ങിയോ?

വിപണി അത്യുന്നതങ്ങളിൽ എത്തുമ്പോൾ ഉള്ള ആശങ്കയാണു താഴോട്ടുള്ള യാത്ര എപ്പോൾ എന്നത്. കഴിഞ്ഞയാഴ്ച റിക്കാർഡ് ഉയരങ്ങളിൽ നിന്നു 2.6 ശതമാനം താഴ്ന്നാണ് മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപനം, സാമ്പത്തികവളർച്ച, പലിശ നിരക്ക് എന്നിവയെപ്പറ്റിയുള്ള ആശങ്ക വെള്ളിയാഴ്ച സൂചികകളെ താഴ്ത്തി.
നിഫ്റ്റി ഇന്നു രാവിലെ 14,280-ലെ സപ്പോർട്ട് ഭേദിച്ചു താഴോട്ടു നീങ്ങിയാൽ വലിയ തിരുത്തൽ പ്രതീക്ഷിക്കാമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. പിന്നീടു 13,100 വരെ താഴാം.
മുകളിലോട്ടു നീങ്ങിയാൽ 14,510 ലും 14,715-ലും നിഫ്റ്റി തടസം നേരിടാം.

കണ്ണു വേണ്ടതു വിദേശികളിൽ

എല്ലാറ്റിനുമുപരിയായി വിദേശനിക്ഷേപകരുടെ സമീപനമാണു വിപണിയെ നിയന്ത്രിക്കുക. കഴിഞ്ഞയാഴ്ച മൊത്തമെടുത്താൽ വിദേശ നിക്ഷേപകർ 6397 കോടി രൂപയുടെ അധിക ഓഹരികൾ വാങ്ങി. പക്ഷേ വെള്ളിയാഴ്ച അവർ 636 കോടി രൂപയുടെ അറ്റവിൽപനക്കാരായിരുന്നു.
വെള്ളിയാഴ്ചത്തെ മനോഭാവം അവർ ഈയാഴ്ച തുടരുമോ എന്നാണറിയേണ്ടത്. ഇന്ത്യൻ വിപണിയിൽ നിന്നു പിന്മാറാൻ തക്ക കാര്യങ്ങളൊന്നും ഇപ്പാേൾ ഇല്ല.
ഈയാഴ്ച അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡിൻ്റെ പലിശനിർണയ കമ്മിറ്റി ചേരുന്നുണ്ട്. ബൈഡൻ പ്രസിഡൻ്റായ ശേഷമുള്ള ആദ്യയോഗം. എന്നാൽ നിരക്കുകളിലോ നിലപാടിലോ മാറ്റം വരുമെന്ന സൂചനയൊന്നുമില്ല.
ആ നിലയ്ക്കു വിദേശികൾ ഈയാഴ്ചയും അധിക വാങ്ങലുകാരായിരിക്കും. അതു വിപണിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്നു പ്രത്യാശിക്കുന്നവർ ധാരാളമുണ്ട്.

ആശങ്കകൾ പലത്, പക്ഷേ വേവലാതി വേണ്ട

വിപണി റിക്കാർഡ് ഉയരങ്ങളിലെത്തിയപ്പോൾ ആശങ്കകളും ഒപ്പം ഉയരത്തിലെത്തി. അമേരിക്കൻ ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും പണലഭ്യത വർധിപ്പിക്കുന്നതു കുറയ്ക്കുമാേ, പലിശ കൂട്ടുമോ എന്നതാണ് ഒന്നാമത്തെ ആശങ്ക. ഫെഡ് പലിശ പൂജ്യത്തിനടുത്തു നിർത്തുന്നതും വിപണിയിലേക്ക് ലക്ഷക്കണക്കിനു കോടി ഡോളർ അടിച്ചിറക്കി വിടുന്നതുമാണല്ലോ ലോകമെങ്ങും ഓഹരി വിപണികളെ കൊടുമുടി കയറ്റുന്നത്.
2013-ൽ ഇതേ പോലൊരു ഭയം വിപണികളിൽ ഉണ്ടായതാണ്. ഫെഡ് കടപ്പത്രം തിരിച്ചു വാങ്ങി ഡോളർ നല്‌കുന്നതു നിർത്തുമെന്നും പലിശ കൂട്ടുമെന്നും ധാരണ പരന്നു. വികസ്വര വിപണികളിൽ നിന്നു ശത കോടിക്കണക്കിനു ഡോളർ പിൻവലിച്ചു. സെൻസെക്സ് തകർന്നു. ഡോളർ വില 55 രൂപയിൽ നിന്ന് 68 രൂപയായി.
ഇതേ പോലെ വീണ്ടും സംഭവിക്കാം എന്നു ഡോ. രഘുറാം രാജൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അത് അത്യാസന്നമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
വേറൊരു ആശ,ങ്ക ഓഹരി വിലകളെപ്പറ്റിയാണ്. സെൻസെക്സ് പി ഇ അനുപാതം 34 നു മുകളിലായി. ഇതു ദീർഘകാലം നിലനിൽക്കാവുന്നതല്ല. ശരാശരി 20 പി ഇ അനുപാതമാണു സെൻസെക്സിൽ നിലനിന്നിട്ടുള്ളത്. അതിനാൽ ഈ ഉയർന്ന അനുപാതത്തിൽ നിന്നു താഴേണ്ടതുണ്ടെന്ന് പലരും പറയുന്നു.
പക്ഷേ നിർത്തില്ലാതെ വിപണികളിലേക്കൊഴുകുന്ന പണം എല്ലാ ആശങ്കകളെയും കടന്നു വിപണിയെ നയിക്കുമെന്ന വിശ്വാസമാണു വിപണി പ്രവർത്തകരിലുള്ളത്.

കമ്പനി റിസൽട്ടുകൾ

നിരവധി പ്രമുഖ കമ്പനികളുടെ റിസൽട്ട് ഈയാഴ്ച പുറത്തുവരും. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഒസി, ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ലൂപ്പിൻ, വേദാന്ത, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ മൂന്നാം പാദ ഫലങ്ങൾ ഈയാഴ്ചയാണ്.
റിപ്പബ്ലിക് ദിനം പ്രമാണിച്ചു നാളെ വിപണിക്ക് അവധിയാണ്.

ഐപിഒ വിപണി

ഈയാഴ്ച ഒരു കമ്പനിയുടെ ഐപിഒ വിപണിയിലെത്തും. അടുക്കള സാമഗ്രികളുടെ കമ്പനിയായ സ്റ്റൗ ക്രാഫ്റ്റ്‌ 413 കോടിയുടെ ഇഷ്യു ആണു നടത്തുന്നത്. 384-385 രൂപ മേഖലയിലാണ് ഇഷ്യു നടത്തുക.
കഴിഞ്ഞയാഴ്ച ഇൻഡിഗോ പെയിൻ്റ്സിനു 117 മടങ്ങ് അപേക്ഷകൾ ഉണ്ടായി.
ഡിസംബർ പാദത്തിൽ ഇന്ത്യയിൽ 19 ഐപിഒകൾ 13403 കോടി രൂപ സമാഹരിച്ചു. 2020-ൽ മൊത്തം 43 ഐപിഒകൾ നടന്നു. മൊത്തം സമാഹരിച്ചത് 29857 കോടി രൂപ.

സ്വർണം, ക്രൂഡ്

വാരാന്ത്യത്തിൽ സ്വർണ വില ചെറിയ താഴ്ച കാണിച്ച് ഔൺസിന് 1858 ഡോളറിലെത്തി.തിങ്കൾ രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1856 ഡോളർ വരെ താണു.
ക്രൂഡ് ഓയിൽ ഉൽപാദനം കുറഞ്ഞിട്ടും വില കൂടുന്നില്ല. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 55.36 ഡോളറാണ് തിങ്കൾ രാവിലെ.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ 32,000 ഡോളറിലേക്ക് ഉയർന്നു.

റിലയൻസ് : കുറഞ്ഞ വിറ്റുവരവിലും ലാഭം വർധിപ്പിച്ചു

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂന്നാം പാദ ഫലങ്ങൾ രാജ്യത്തെ ബിസിനസ് മേഖലയുടെ യഥാർഥ ചിത്രം നൽകുന്നു. ബിസിനസും വിറ്റുവരവും കുറഞ്ഞു; ലാഭം കൂടി. ടെലികോം - ഡിജിറ്റൽ ഒഴികെയുള്ള എല്ലാ ബിസിനസുകളുടെയും കാര്യമിതാണ്.
റിലയൻസിൻ്റെ ക്രൂഡ് ഓയിൽ സംസ്കരണം, ഇന്ധന വിൽപന, പെട്രോ കെമിക്കൽ വിൽപന എന്നിവ ഉൾപ്പെട്ട ഒ2സി (ഓയിൽ ടു കെമിക്കൽസ്) വിഭാഗത്തിൻ്റെ ലാഭം 28 ശതമാനമാണു കുറഞ്ഞത് . മൊബൈലും ഡാറ്റാ സർവീസും എൻ്റർടെയിൻമെൻ്റ് മീഡിയയും ഉൾപ്പെട്ട ജിയോ ഡിജിറ്റലിൻ്റെ ലാഭം 48 ശതമാനം വർധിച്ചു. ഒ2സി യിൽ 9756 കോടി പ്രവർത്തന ലാഭമുണ്ടായപ്പോൾ ജിയോയിൽ 8942 കോടി കിട്ടി. റീട്ടെയിലിലെ പ്രവർത്തന ലാഭം 13 ശതമാനം കൂടി 3102 കോടിയായി.
റിലയൻസിൻ്റെ മൂന്നാംപാദ വിറ്റുവരവ് 21 ശതമാനം കുറഞ്ഞ് 1.24 ലക്ഷം കോടി രൂപയായി. പ്രവർത്തന ലാഭം 26,094 കോടി രൂപ. അറ്റാദായം 26 ശതമാനം വർധിച്ച് 14,894 കോടി രൂപ.
ജിയോ വരിക്കാരുടെ എണ്ണം 41 കോടി കവിഞ്ഞു. വരിക്കാരിൽ നിന്നുള്ള ശരാശരി മാസ വരുമാനം 128 രൂപയിൽ നിന്ന് 151 രൂപയായി ഉയർന്നു. ജിയോ പ്ലാറ്റ്ഫോംസിൻ്റെ വിറ്റുവരവ് 22,852 കോടിയായി. ജിയോ അറ്റാദായം 3489 കോടി രൂപ.
നേരത്തേ റിലയൻസിൻ്റെ ലാഭത്തിൽ മൂന്നിൽ രണ്ടു ഭാഗവും പെട്രോ കെമിക്കൽ, ഓയിൽ - ഗ്യാസ് ബിസിനസുകളിൽ നിന്നായിരുന്നു. ഇപ്പോൾ ലാഭത്തിൻ്റെ 56 ശതമാനവും ടെലികോം, റീട്ടെയിൽ തുടങ്ങിയ ഉപയോക്തൃ ബിസിനസുകളിൽ നിന്നാണ്.

തൊഴിലവസരങ്ങൾ തിരിച്ചു വരുന്നു

രാജ്യത്തു തൊഴിൽ മേഖല മഹാമാരിയുടെ ആഘാതത്തിൽ നിന്നു കരകയറുന്നതിൻ്റെ സൂചന. സേവനമേഖലയിൽ നഷ്ടപ്പെട്ട തൊഴിലുകൾ മിക്കതും തിരിച്ചെത്തിയതായി സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) നടത്തിയ സർവേയിൽ കാണുന്നു. വിദ്യാഭാസ മേഖല ഉൾപ്പെടുത്താതെയാണു സർവേ.
ട്രാവൽ - ടൂറിസം മേഖലയിൽ തൊഴിൽ സംഖ്യ ഡിസംബർ അവസാനം 2.07 കോടി ആയതായി സെൻ്റർ കണക്കാക്കുന്നു. ഇതു 2019-20 ലെ 1.94 കോടിയേക്കാൾ 13 ലക്ഷം അധികമാണ്.
കഴിഞ്ഞ ജൂണിലെ നിലവച്ചു സേവന മേഖലയിലെ തൊഴിൽ നഷ്ടം 2.55 കോടിയായിരുന്നു. ഡിസംബറോടെ തൊഴിൽ നഷ്ടം 55 ലക്ഷമായി കുറഞ്ഞു. 2019- 20 ൽ 15.7 കോടി പേരാണു സേവന മേഖലയിൽ ജോലി ചെയ്തിരുന്നത്.
റിയൽ എസ്റ്റേറ്റ് - കൺസ്ട്രക്ഷൻ മേഖലയിൽ നഷ്ടപ്പെട്ട 3.3 കോടി തൊഴിലവസരങ്ങളും തിരിച്ചു വന്നു. 6.1 കോടി പേർക്കാണ് ഈ മേഖലയിൽ തൊഴിലുള്ളത്.
നാലുകോടി പേർ ജോലി ചെയ്തിരുന്ന ഫാക്ടറി മേഖലയിൽ ഇപ്പോഴും 1.14 കോടി പേർക്കു പണി തിരിച്ചു കിട്ടിയിട്ടില്ല. ഔഷധ നിർമാണമടക്കം എല്ലാ മേഖലയിലും മുൻവർഷത്തേക്കാൾ കുറച്ച് ആൾക്കാരെയേ ജോലിക്കു നിർത്തിയിട്ടുള്ളു.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റ്

ഓരോ ധനകാര്യ വർഷത്തിനും മുമ്പ് ആ വർഷം പ്രതീക്ഷിക്കുന്ന വരവും ചെലവും സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെൻ്റ് പാർലമെൻ്റിൽ സമർപ്പിക്കണമെന്നു ഭരണഘടനയുടെ 112-ാം വകുപ്പ് നിർദേശിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയാണ് ധനകാര്യ വർഷം. ഈ വ്യവസ്ഥ പാലിച്ചാണു ബജറ്റുകൾ അവതരിപ്പിക്കുന്നത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it