ഐഎംഎഫ് പ്രവചനം ആശ്വാസകരം; റിലയൻസ് കണക്കിൽ പറയാത്തത് എന്ത്? ബിർല പുതിയ പോരിന്

തുടർച്ചയായ മൂന്നു ദിവസം താഴോട്ടു നീങ്ങിയ വിപണികൾ ഇന്ന് ആശ്വാസ റാലി പ്രതീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച ഏഷ്യൻ - അമേരിക്കൻ വിപണികളിലുണ്ടായ ക്ഷീണം ഇന്ന് മാറുമെന്ന് ഫ്യൂച്ചേഴ്സ് സൂചിപ്പിക്കുന്നു. രാവിലെ ജാപ്പനീസ്് സൂചികകൾ ഉയരത്തിലാണ്. എങ്കിലും വലിയ ചാഞ്ചാട്ടമാണു വിപണിയെ കാത്തിരിക്കുന്നത്.

14,239-ൽ ക്ലോസ് ചെയ്ത നിഫ്റ്റി വീണ്ടും താഴോട്ടു നീങ്ങിയാൽ ഇടിവു തുടരുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 14,140-ലെ സപ്പോർട്ട് തകർന്നാൽ 13,800 ആണു നിഫ്റ്റിക്കു പിന്നീടു സപ്പോർട്ടായി അവർ കാണുന്നത്. എസ്ജിഎക്സ് നിഫ്റ്റി രാവിലെ 14,250 -നു മുകളിൽ കയറിയത് വ്യാപാരത്തിൽ ഉയർന്ന തുടക്കത്തിൻ്റെ സൂചന നൽകുന്നു.
ജനുവരി ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ സെറ്റിൽമെൻ്റ് നാളെയാണ്. അതും തിങ്കളാഴ്ചത്തെ ബജറ്റും കഴിഞ്ഞിട്ടേ ദിശാബോധം വീണ്ടെടുക്കാൻ വിപണിക്കു കഴിയൂ. കർഷക സമരത്തിൻ്റെ പേരിലുണ്ടായ അക്രമങ്ങളും ചൈനീസ് അതിർത്തിയിലെ സംഭവങ്ങളും വിപണി ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ അവ ആശങ്ക പകരുന്നില്ല. കോവിഡ് വ്യാപനം പ്രതിദിനം പതിനായിരത്തിനു കീഴിലായതും വാക്സിനേഷൻ പ്രതീക്ഷ പോലെ മുന്നാേട്ടു പോകുന്നതും വിപണിക്ക് ആശ്വാസകരമാണ്.
ഇന്ത്യയുടെ വളർച്ച മെച്ചപ്പെടുന്നതായി ഐഎംഎഫും യു എന്നും ഫിക്കിയും പുറത്തിറക്കിയ റിപ്പോർട്ടുകളിൽ പറയുന്നതു വിപണിയെ ഉത്തേജിപ്പിക്കേണ്ടതാണ്‌.

സ്വർണം, ക്രൂഡ്

രാജ്യാന്തരവിപണിയിൽ സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. ഇന്നു രാവിലെ ഔൺസിന് 1850 ഡോളറിലേക്കു വില താണു.
ക്രൂഡ് ഓയിൽ വില ഉയരാനുള്ള ശ്രമങ്ങളിൽ വിജയിക്കുന്നില്ല. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 56 ഡോളറിനു സമീപമാണ്.

സുതാര്യത ഇല്ലാതെ റിലയൻസ് കണക്ക്

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരി വില തിങ്കളാഴ്ച ആറു ശതമാനത്തോളം ഇടിഞ്ഞു. മൂന്നാം പാദ ഫലം പ്രതീക്ഷ പോലെ മെച്ചമായില്ല എന്നതിനേക്കാൾ റിസൽട്ടിലെ സുതാര്യതയില്ലായ്മയാണ് നിക്ഷേപകരെ അലട്ടിയത്.
കമ്പനി ജിയോയുടെയും റീട്ടെയിലിൻ്റെയും ഓഹരി വിറ്റ് വലിയ തുക സമാഹരിച്ചെങ്കിലും അതിനനുസരിച്ചു കടം കുറഞ്ഞിട്ടില്ല. ഡിസംബർ 31-നു 2.57 ലക്ഷം കോടി രൂപയുടെ കടം കമ്പനിക്കുണ്ട്. ജിയോയിലെയും റീട്ടെയിലിലെയും ഓഹരി വിറ്റപ്പോൾ കടമില്ലാത്ത കമ്പനിയായി റിലയൻസ് മാറുമെന്നാണു പറഞ്ഞിരുന്നത്. അങ്ങനെ ആകാത്തതിനു വിശദീകരണമൊന്നും നൽകിയിട്ടുമില്ല. (പണവും പണത്തിനു തുല്യമായതും ചേർന്ന് 2.2 ലക്ഷം കോടി രൂപ കമ്പനിക്കുണ്ട്.)
ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് വിവിധ ഉൽപന്നങ്ങളാക്കി വിൽക്കുമ്പാേൾ ലഭിക്കുന്ന മാർജിൻ എത്രയാണെന്നു കമ്പനി ഇത്തവണ പറഞ്ഞില്ല. മുമ്പ് ഇതു പറയാറുണ്ടായിരുന്നു. മറ്റു ബിസിനസുകളുടെയും ഇനം തിരിച്ചുള്ള വരുമാനം കാണിച്ചില്ല
കമ്പനിയുടെ മൊത്തലാഭം വർധിച്ചത് നികുതി ബാധ്യത കുറയുകയും മറ്റുവരുമാനം കൂടുകയും ചെയ്തിട്ടാണ്.

കൊട്ടക് മഹീന്ദ്ര ബാങ്കിനു മികച്ച ലാഭം.

ഡിസംബറിലവസാനിച്ച മൂന്നാം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് മികച്ച ലാഭവർധന കാണിച്ചു.16 ശതമാനം വർധനയാേടെ അറ്റാദായം 1853.5 കോടി രൂപയിലെത്തി. ബാങ്കിൻ്റെ അറ്റപലിശ വരുമാനം 17 ശതമാനം കൂടി 4007 കോടി രൂപയായി. ബാങ്കിലെ നിക്ഷേപത്തിൽ 58.9 ശതമാനവും കരൻ്റ്-സേവിംഗ്സ് അക്കൗണ്ടുകളിലാണ്. ഇതു മൂലം പലിശ മാർജിൻ 4.51 ശതമാനമായി.
2,14,103 കോടി രൂപ വായ്‌പ നൽകിയിട്ടുള്ള ബാങ്കിൻ്റെ മൊത്തം എൻപിഎ 2.26 ശതമാനവും അറ്റ എൻപിഎ 0.5 ശതമാനവുമാണ്.

ടിസിഎസ് ഏറ്റവും വിലയേറിയ ഐടി സേവന കമ്പനി

ലോകത്തിലെ ഏറ്റവും വിലയുള്ള ഐടി സേവന കമ്പനി എന്ന സ്ഥാനം ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് തിരിച്ചുപിടിച്ചു. ആക്സെഞ്ചറിനെയാണു ടിസിഎസ് പിന്നിലാക്കിയത്. തിങ്കളാഴ്ച ടിസിഎസിൻ്റെ വിപണിമൂല്യം 16,990 കോടി ഡോളർ (12.57 ലക്ഷം കോോടി രൂപ) കടന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ ടിസിഎസ് ആയിരുന്നു ഒന്നാമത്. ആക്സെഞ്ചർ ഒക്ടോബറിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ഐബിഎമ്മിനെയാണ് ഇരുകമ്പനികളും പിന്നിലാക്കിയത്.

തിരിച്ചുവരവ് വേണ്ടത്ര വേഗമല്ലെന്നു യുഎൻ

ഇന്ത്യയുടെ ജിഡിപി 2020-ൽ (ജനുവരി-ഡിസംബർ) 9.6 ശതമാനം കുറഞ്ഞു.2021-ൽ 7.3 ശതമാനം വളരും. ഐക്യരാഷ്ട്രസഭ (യുഎൻ) വിലയിരുത്തി.
ലോക സാമ്പത്തിക നിലയും സാധ്യതകളും എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഈ നിഗമനം.2019-ൽ 4.7 ശതമാനം വളർന്ന ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ച കഴിഞ്ഞ വർഷത്തെ നഷ്ടം നികത്താൻ മതിയാവുകയില്ല. 2022-ൽ വളർച്ച 5.9 ശതമാനമായി താഴുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.
2020-ലെ നഷ്ടം നികത്തണമെങ്കിൽ ഇക്കൊല്ലം 11 ശതമാനത്തിലേറെ വളരണം. അപ്പോഴേ 2019 ലെ നിലയിൽ ജിഡിപി എ ത്തൂ. യുഎൻ നിഗമനമനുസരിച്ചു 2022 ഒടുവിൽ കഷ്ടിച്ചു 2019-ലെ നിലയെ മറികടക്കുകയേ ഉള്ളൂ.
കഴിഞ്ഞ വർഷം ഇന്ത്യയിലെ തൊഴിലില്ലായ്മ 23 ശതമാനമായെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. 27 ശതമാനം തൊഴിൽ രഹിതരായ നൈജീരിയയാണു നമുക്കു മുന്നിൽ.
ചൈന 2020-ൽ 2.3 ശതമാനവും ഇക്കൊല്ലം 7.2 ശതമാനവും വളരുമെന്നു റിപ്പോർട്ടിൽ പറയുന്നു.
ആഗോള സമ്പദ്ഘടന 20ളം - ൽ 4.3 ശതമാനം ചുരുങ്ങി. ഇക്കൊല്ലം 4.7 ശതമാനം വളരും എന്നാണ് നിഗമനം.

എട്ടു ശതമാനം ചുരുങ്ങുമെന്നു ഫിക്കി

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി എട്ടു ശതമാനം ചുരുങ്ങുമെന്ന് വ്യവസായ - വാണിജ്യ മണ്ഡല ഫെഡറേഷനായ ഫിക്കി നടത്തിയ സർവേയിലെ നിഗമനം. ജനുവരിയിൽ ധനശാസ്ജ്ഞർ, വ്യവസായികൾ, ബാങ്കർമാർ തുടങ്ങിയവർക്കിടയിലാണു സർവേ നടത്തിയത്.
റിസർവ് ബാങ്ക് 7.5-ഉം എൻഎസ്ഒ 7.7-ഉം ശതമാനം ചുരുങ്ങലാണു പ്രവചിച്ചത്. അതിനേക്കാൾ അൽപം കൂടി മോശമാണു നിലയെന്ന് ഈ സർവേ പറയുന്നു.
കൃഷി 3.5 ശതമാനം വളരും.വ്യവസായം പത്തും സേവനമേഖല 9.2-ഉം ശതമാനം ചുരുങ്ങുമെന്നാണ് സർവേയിലെ നിഗമനം.
വ്യവസായ മേഖല തിരിച്ചു വരികയാണെങ്കിലും വേണ്ടത്ര വിശാലമല്ല വളർച്ച. ടൂറിസം, ഹോട്ടൽ, ഉല്ലാസം, വിദ്യാഭ്യാസം, ആരോഗ്യ സേവനം തുടങ്ങിയ മേഖലകളിൽ സാധാരണ നില ഇനിയും അകലെയാണ്.
ഒക്ടോബർ - ഡിസംബറിൽ ജിഡിപി 1.3 ശതമാനം ചുരുങ്ങി എന്നാണു സർവേയിലെ നിഗമനം. ജനുവരി-മാർച്ചിൽ 0.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
അടുത്ത ധനകാര്യ വർഷം 9.6 ശതമാനം വളർച്ചയാണു പ്രതീക്ഷ.

ഐഎംഎഫും വളർച്ച പ്രതീക്ഷ കൂട്ടി; ക്രൂഡിന് 20 ശതമാനം വില കൂടും

അടുത്ത ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 11.5 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇരട്ടയക്ക വളർച്ച കാണിക്കുന്ന ഏക പ്രമുഖ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. 2022-23-ൽ ഇന്ത്യ 6.8 ശതമാനം വളരുമെന്നും ഐഎംഎഫ് കരുതുന്നു.
ഒക്ടോബറിൽ കണക്കാക്കിയതിലും മെച്ചപ്പെട്ട വളർച്ചയാണ് ഫണ്ട് ഇപ്പോൾ കണക്കാക്കുന്നു. അന്നു നടപ്പു വർഷം 10.3 ശതമാനം ചുരുങ്ങുമെന്നു കണക്കാക്കിയത് ഇപ്പോൾ എട്ടു ശതമാനം ചുരുങ്ങും എന്നാക്കി. രണ്ടാം പാദത്തിലെ ചുരുങ്ങൽ ഉദ്ദേശിച്ചതിലും കുറവായതാണു തിരുത്തലിനു പ്രേരകം. 2021- 22-ലെ വളർച്ച പ്രതീക്ഷ 8.8 ശതമാനത്തിൽ നിന്നുയർത്തിയാണു 11.5 ശതമാനമാക്കിയത്.
ആഗോള ജിഡിപി 2020-ൽ 3.5 ശതമാനം ചുരുങ്ങി എന്നാണ് ഫണ്ട് ഇപ്പോൾ വിലയിരുത്തുന്നത്. 4.4 ശതമാനം ചുരുങ്ങുമെന്നാണു നേരത്തേ കരുതിയത്. 2021-ൽ 5.5 ശതമാനവു 2022-ൽ 4.2 ശതമാനവും വളരുമത്രെ.
ആഗോളവാണിജ്യം ഇക്കൊല്ലം എട്ടു ശതമാനം വർധിക്കും. ഇക്കൊല്ലം ക്രൂഡ് ഓയിലിൻ്റെ ശരാശരി വില 2020-ലേതിലും 20 ശതമാനം കൂടുതലാകും.
ഇപ്പോൾ നടക്കുന്ന വാക്സിനേഷനുകൾ ഫലപ്രദമാകുകയും കോവിഡ് വ്യാപനം നിയന്ത്രണത്തിലാകുകയും ചെയ്യുമെന്ന ധാരണയിലാണ് ഈ പ്രവചനങ്ങൾ.

പെയിൻ്റ് ബിസിനസിലേക്കു ബിർലയുടെ ഗ്രാസിമും

ആദിത്യ ബിർല ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് പെയിൻ്റ് ബിസിനസിലേക്കു കടക്കുന്നു. അടുത്ത മൂന്നു വർഷം കൊണ്ട് 5000 കോടി രൂപ ഈ ബിസിനസിൽ മുടക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇപ്പോൾ വൈറ്റ് സിമൻ്റ് - പുട്ടി ബിസിനസിൽ കമ്പനി ഉണ്ട്. ബിർല വൈറ്റ് എന്ന ബ്രാൻഡ് നല്ല സ്വീകാര്യത നേടിയിട്ടുമുണ്ട്. അലങ്കാര പെയിൻ്റ് വിപണിയിൽ 42 ശതമാനം പങ്കാളിത്തത്തോടെ ഏഷ്യൻ പെയിൻ്റ്സ് ആണ് ഒന്നാം സ്ഥാനത്ത്.12 ശതമാനം വിപണി പിടിച്ച ബെർജർ രണ്ടാം സ്ഥാനത്ത്.
ആദ്യത്തെ നാലു സ്ഥാനക്കാർ ചേർന്നു പെയിൻ്റ് വിപണിയുടെ 66 ശതമാനം കൈയടക്കിയിട്ടുണ്ട്. സമീപകാലത്തു വന്ന ജെഎസ് ഡബ്ള്യു, ജോടുൻ, നിപ്പോൺ തുടങ്ങിയവയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
50,000 കോടി രൂപയുടെ വിറ്റുവരവുള്ള പെയിൻ്റ് വിപണിയിൽ 20 ശതമാനം പിടിക്കുകയാണു കുമാർ മംഗളം ബിർല നയിക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി ആകസ്മികതാ നിധി

മുൻകൂട്ടി കാണാൻ കഴിയാത്ത അവിചാരിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ പാർലമെൻ്റിൻ്റെ അംഗീകാരം തേടാതെ ചെലവഴിക്കാൻ നീക്കിവയ്ക്കുന്ന തുകയാണ് ആകസ്മികതാ നിധി (Contingency Fund). ഇപ്പോൾ 500 കോടി രൂപയാണ് ഇതിൻ്റെ വലുപ്പം. സാഹചര്യം അനുസരിച്ച് ഈ നിധിയുടെ വലുപ്പം കൂട്ടാൻ രാഷ്ട്രപതിക്ക് ഓർഡിനൻസ് ഇറക്കാം. അല്ലെങ്കിൽ പാർലമെൻ്റ് ചേർന്നു നിധി വലുതാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it