Top

പലിശപ്പേടി വീണ്ടും; അവധിവിലകൾ താഴോട്ട്; രൂപ കുതിച്ചു; വിദേശികൾ വാങ്ങിക്കൂട്ടുന്നു

വിപണി കുതിച്ചു പായുമ്പോൾ തന്നെ അപായസൂചനകളും വർധിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും അതാണു നില. ഒരു വലിയ താഴ്ചയോ ഒരു കുതിച്ചു കയറ്റമോ നാളേക്കുള്ള സൂചനയായി കണക്കാക്കാനാവില്ല.

കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 1900 പോയിൻ്റ് ഇടിഞ്ഞു. തുടർന്നു മൂന്നു ദിവസം കൊണ്ടു 2300 പോയിൻ്റ് കയറി. വെള്ളിയാഴ്ചത്തെ ഇടിവിനു കാരണമായി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വിപണിയിലുണ്ട്. തലേവ്യാഴാഴ്ച യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം (Yield) കൂടിയത് വെള്ളിയാഴ്ച വിപണികളെ ഇടിച്ചു. ഇന്നലെ വീണ്ടും കടപ്പത്രവില ഇടിയുകയും നിക്ഷേപ നേട്ടം 1.5 ശതമാനത്തിനടുത്താവുകയും ചെയ്തു. ഇതോടെ യുഎസ് ഓഹരി സൂചികകളുടെ അവധി വ്യാപാരത്തിൽ വലിയ ഇടിവുണ്ടായി.

കുതിച്ചു ചാടി

ഇന്നലെ ഇന്ത്യൻ വിപണി വലിയ കുതിച്ചു ചാട്ടമാണു നടത്തിയത്. ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഉയരത്തിൽ തുടങ്ങിയ വ്യാപാരം അവസാനമണിക്കൂറിൽ വലിയ കുതിപ്പിലെത്തി. സെൻസെക്സ1147.76 പോയിൻ്റ് (2.28%) കയറി 51,444.65-ലും നിഫ്റ്റി 326.5 പോയിൻ്റ് (2.19%) കയറി 15,245.6- ലും ക്ലോസ് ചെയ്തു.
യൂറോപ്യൻ വിപണി തുടക്കത്തിലെ ആവേശം നിലനിർത്തിയില്ലെങ്കിലും ഉയരത്തിൽ ക്ലോസ് ചെയ്തു. അമേരിക്കൻ വിപണി ഒരു ശതമാനത്തിലേറെ താണാണു ക്ലോസ് ചെയ്തത്. കടപ്പത്രവില ഇടിഞ്ഞതാണു കാരണം. അവധി വിലകളും താഴാേട്ടാണ്.

അപായസൂചനകൾ

ഇന്നു രാവിലെ ജാപ്പനീസ് വിപണി ഉണർവോടെ തുടങ്ങിയെങ്കിലും പെട്ടെന്നു തന്നെ ഒരു ശതമാനത്തിലധികം താഴോട്ടു പോയി. എസ്ജി എക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,181- ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ രണ്ടാം സെഷനിൽ 15,104 വരെ താണു. ഇന്നു കരുതലോടെ വേണം വിപണിയെ സമീപിക്കാൻ എന്നാണ് ഇതു നൽകുന്ന സൂചന. വ്യാപാരത്തുടക്കം ഗണ്യമായി താഴ്ന്ന നിലയിലാകാം.
വിദേശ നിക്ഷേപകർ ആവേശത്തിൽ തന്നെയാണ്. ഇന്നലെ അവർ 2088.7 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകളും 392.91 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 15,150-ൽ ശക്തമായ സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നു. 15,100-ലും ബലമായ പിന്തുണ ഉണ്ട്. വിപണി ഇനി ലക്ഷ്യം വയ്ക്കുക 15,300-15,400 മേഖലയാണെന്ന് അവർ വിലയിരുത്തുന്നു.

രൂപയ്ക്കു വലിയ കുതിപ്പ്

ആറു മാസത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണു രൂപ ഇന്നലെ കുറിച്ചത്. ഡോളർ 65 പൈസ ( 0.882 ശതമാനം) താണു. രാവിലെ 73.26 രൂപയിൽ തുടങ്ങിയ ഡാേളർ 72.72 രൂപയിൽ ക്ലോസ് ചെയ്തു.
സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ശുഭാപ്തി വിശ്വാസം, വിദേശത്തു നിന്നുള്ള ഡോളർ പ്രവാഹം, വിദേശത്തു ഡോളറിനുള്ള ദൗർബല്യം തുടങ്ങിയവ ഡോളർ -രൂപ വിപണിയെ സ്വാധീനിച്ചു. ഓഹരി വിപണിയിലെ വലിയ കുതിപ്പിന് കാരണമായി.

സ്വർണം ഇടിവിൽ

സ്വർണം ഓരോ ദിവസവും ദുർബലമായി വരികയാണ്. ഇന്നലെ ഔൺസിന് 1703 ഡോളർ വരെ താണു. അവധി വില ഒരവസരത്തിൽ 1693 ഡോളറിലേക്കു താണിരുന്നു. 1713 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. കേരളത്തിൽ വില കുറഞ്ഞേക്കാം.

പലിശപ്പേടി മാറുന്നില്ല

വലിയ കമ്മിയും ഭീമമായ കടമെടുപ്പും പലിശ ഉയരുന്നതിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന ഭീതി വിപണിയിൽ നിന്നു മാറുന്നില്ല. 10 വർഷ കടപ്പത്ര വില വീണ്ടുംം താണു. 6.23 ശതമാനം നിക്ഷേപനേട്ടം കിട്ടാവുന്നതായി വില. ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുന്ന വിധം കടപ്പത്രവില താണാൽ ഓഹരി വിപണിയിലും പ്രശ്നമാകും.

ക്രൂഡ് വില

ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഇന്നു യോഗം ചേരാനിരിക്കെ ക്രൂഡ് ഓയിൽ വിപണി ആശങ്കയിലാണ്. ഉൽപാദനം കൂട്ടാൻ ഒപെക് തീരുമാനിച്ചില്ലെങ്കിൽ ബ്രെൻ്റ് ഇനം ക്രൂഡ് 70 ഡോളറിനു മുകളിലാകും. ഇന്ന് 64 ഡോളറാണ്.

സേവനമേഖല കുതിക്കുന്നു

ഫെബ്രുവരിയിൽ രാജ്യത്തെ സേവനമേഖലയുടെ പ്രവർത്തനം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലായി. ഇന്ത്യ സർവീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക ഫെബ്രുവരിയിൽ 55.3 ആയി. ജനുവരിയിൽ 52.8 ആയിരുന്നു.
സേവന മേഖലയുടെയും ഫാക്ടറി ഉൽപാദനത്തിൻ്റെയും സംയുക്തസൂചിക 57.3 ആയി. ജനുവരിയിൽ ഇത് 55.8 ആയിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുന്നതിൻ്റെ സൂചനയാണിതെന്ന് സർവേ നടത്തിയ ഐഎച്ച്എസ് മാർക്കിറ്റ് വിലയിരുത്തി.
വളർച്ച കാണിക്കുമ്പോഴും തൊഴിലവസരം കുറയുകയാണ്. സേവന മേഖലയിലെ തൊഴിലവസരങ്ങൾ കുറഞ്ഞു. ഫാക്ടറി മേഖലയിലും തൊഴിൽ കുറഞ്ഞതായി സർവേ കാണിക്കുന്നു.

അദാനി എൻ്റർപ്രൈസസ് ട്രില്യൺ ക്ലബിൽ

ഗൗതം അദാനിയുടെ അദാനി എൻ്റർപ്രൈസസിൻ്റെ വിപണി മൂല്യം ഒരു ലക്ഷം കോടി (ട്രില്യൺ) രൂപ കടന്നു. കമ്പനിയുടെ ഓഹരി വില ഇന്നലെ 945 രൂപ വരെ കയറി. വിപണി മൂല്യത്തിൽ ബി എസ് ഇ യിൽ 39-ാം സ്ഥാനമാണ് കമ്പനിക്കുള്ളത്.

നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it