Top

വിപണിയിൽ പ്രത്യാശ; വിലയെപ്പറ്റി വീണ്ടും ആശങ്ക; വിദേശികൾ വിൽപന തുടരുമോ? കയറ്റുമതിയിൽ തിളങ്ങാത്തത് എന്തുകൊണ്ട്?

വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും സ്വദേശിധനകാര്യ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും ഒരേ പോലെ വിൽപനക്കാരായി. സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 1030 പോയിൻ്റ് ചാഞ്ചാടിയ ശേഷം 397 പോയിൻ്റ് നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഒരവസരത്തിൽ 990 പോയിൻ്റ് വരെയായിരുന്നു സെൻസെക്സിൻ്റെ ഇടിവ്. ഉച്ചയ്ക്കുശേഷം യൂറോപ്പിൽ നിന്നുള്ള നല്ല സൂചനകൾ വിപണി തകർച്ച ചെറുതാക്കാൻ സഹായിച്ചു.

വിദേശ നിക്ഷേപകർ ഇന്നലെ ഓഹരികളിൽ നിന്ന് 1101.35 കോടി രൂപ പിൻവലിച്ചു.സ്വദേശി ഫണ്ടുകൾ 749.71 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. വെള്ളിയാഴ്ചയും ഇരുകൂട്ടരും വിൽപനക്കാരായിരുന്നു. വിദേശത്തു കടപ്പത്ര വില ഉയരുന്നതിനാൽ വിദേശ നിക്ഷേപകർ വിൽപനയിൽ നിന്നു പിന്മാറുമോ എന്ന് ഇന്നറിയാം.
ഇന്നലെ അമേരിക്കൻ ഓഹരികൾ ഉയർച്ചയിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,967-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ രണ്ടാം സെഷനിൽ 14,980 ലാണു തുടക്കം. നിഫ്റ്റിയുടെ ക്ലോസിംഗ് നിരക്കിനേക്കാൾ ഉയർന്നതാണു സിംഗപ്പുരിലെ ഈ ഡെറിവേറ്റീവ് നിരക്ക്. വിപണി പ്രവർത്തകരുടെ ശുഭാപ്തി വിശ്വാസം കാണിക്കുന്നതാണ് ഇത്.
ഇന്നു നിഫ്റ്റിക്ക് 15,050-ൽ തടസവും 14,850-ൽ ശക്തമായ പിന്തുണയും പ്രതീക്ഷിക്കാമെന്നാണ് സാങ്കേതിക വിശകലനക്കാർ പറയുന്നത്. വിപണി ഉണർവോടെ തുടങ്ങാനുള്ള സാധ്യതയാണ് അവധി, ഡെറിവേറ്റീവ് വിപണികൾ സൂചിപ്പിക്കുന്നത്.

ചൈന കുതിക്കുന്നു

ചൈന ഇന്നലെ വ്യവസായ ഉൽപാദനത്തിൻ്റെയും റീട്ടെയിൽ വിൽപനയുടെയും കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ചൈനയിൽ ലോക്ക് ഡൗൺ മാസങ്ങളായിരുന്നു ജനുവരിയും ഫെബ്രുവരിയും. ഈ വർഷം ജനുവരി- ഫെബ്രുവരിയിലെ വുവസായ ഉൽപാദനം 35.1 ശതമാനവും റീട്ടെയിൽ വിൽപന 33.8 ശതമാനവും കൂടി. പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടുതലാണിത്. ഫെബ്രുവരിയിലെ കയറ്റുമതിയും വലിയ വളർച്ച കാണിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയിലെ കുതിപ്പ് മറ്റു രാജ്യങ്ങളിലും വളർച്ചയെ സഹായിക്കും. ഫെബ്രുവരിയിലെ യുഎസ് സാമ്പത്തിക സൂചനകളും നല്ല വളർച്ച കാണിക്കുന്നുണ്ട്. ഇതെല്ലാം വിപണിക്ക് പ്രത്യാശ പകരുന്നതാണ്.

വെറുതേ ചില വിശദീകരണങ്ങൾ

വിദേശ നിക്ഷേപകർ ഡോളറുമായി വിപണിയിൽ വരുമ്പോൾ ഓഹരികൾക്കു വില കൂടും. സൂചികകൾ ഉയരും. അവർ വിൽപനക്കാരായാൽ വിലയിടിയും; സൂചികകൾ താഴും.
വില ഉയരുമ്പോഴും താഴുമ്പോഴും പറയുന്ന മറ്റു വിശദീകരണങ്ങൾ പലപ്പോഴും അത്ര വിശ്വസനീയവുമല്ല. വലിയ തുകയുമായി വിപണിയെ നിയന്ത്രിക്കുന്നവരുടെ നിലപാടുകൾ ആ വിശദീകരണങ്ങളിൽ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചാകാറുമില്ല.
ഉയരുന്ന വിലക്കയറ്റം, വർധിക്കുന്ന കോവിഡ് രോഗബാധ, അമേരിക്കയിലെ പലിശപ്പേടി തുടങ്ങി പല കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു തിങ്കളാഴ്ചത്തെ ഇടിവിനു വിശദീകരണം നൽകുന്നത്. ഇവ നേരത്തേ ഉണ്ടായിരുന്ന വിഷയങ്ങൾ മാത്രമാണ്. അമേരിക്കയിൽ പലിശ വർധന ഉടനെ പ്രതീക്ഷിക്കേണ്ടെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. ഇന്നലെ അമേരിക്കയിലെ കടപ്പത്ര വില അൽപം ഉയർന്നതും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 1.6 ശതമാനത്തിലേക്കു താണതും ഇന്നു വിപണിയെ സ്വാധീനിക്കും. യു എസ് കേന്ദ്ര ബാങ്ക് ഫെഡ് ഈയാഴ്ച പണനയം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തും.

ക്രൂഡ് താണു, സ്വർണം കയറി

ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻ്റ് ഇനം 68.45 ഡോളറിലേക്കു താണു. ഉൽപന്നലഭ്യത കൂടിയതാണു കാരണം.
സ്വർണ വില ഗണ്യമായി കൂടി. ഔൺസിന് 1735 ഡോളറിലേക്ക് സ്വർണം കയറി. വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്കും വില കയറി.
ഡോളർ ഇന്നലെ 0.45 ശതമാനം താണ് 72.46 രൂപയായി. വിദേശത്തു ഡോളർ സൂചികയും താഴ്ചയിലാണ്.

കയറ്റുമതിവർധന നാമമാത്രം

കയറ്റുമതി തുടർച്ചയായ മൂന്നാം മാസവും ഉയർന്നു.പക്ഷേ നാമമാത്രമായ ഉയർച്ച ആ രംഗത്തെ വളർച്ചയുടെ ദൗർബല്യമാണു കാണിക്കുന്നത്.
ജനുവരിയിൽ 6.16 ശതമാനം വളർച്ച ഉണ്ടായ സ്ഥാനത്തു ഫെബ്രുവരിയിൽ 0.67 ശതമാനം മാത്രം വളർച്ച. അത്ര സമയം ഇറക്കുമതി 6.96 ശതമാനം വളർന്നു. ഫെബ്രുവരിയിലെ കയറ്റുമതി 2793 കോടി ഡോളർ; ഇറക്കുമതി 4054 കോടി ഡോളർ. വാണിജ്യ കമ്മി 1216 കോടി ഡോളർ.
കമ്മി ജനുവരിയെ അപേക്ഷിച്ചു കുറവാണെന്നതു മാത്രമാണ് ആശ്വാസഘടകം. കണ്ടെയ്നറുകളുടെ ക്ഷാമവും ചില പ്രദേശങ്ങളിൽ കോവിഡ് മൂലമുള്ള യാത്രാ തടസങ്ങളും ആണു കയറ്റുമതിവളർച്ച നാമമാത്രമാകാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇരുമ്പയിരും മറ്റു ധാതുക്കളും, അരി, ധാന്യപ്പാെടികൾ, മാംസം, പാലുൽപന്നങ്ങൾ, ചിക്കൻ, കൽക്കരി, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി കൂടി. എന്നാൽ ലാഭം കൂടുതലുള്ള പെട്രോളിയം ഉൽപന്നങ്ങൾ, എണ്ണക്കുരുക്കർ ,തുകൽ, കശുവണ്ടിപ്പരിപ്പ്, രത്ന- ആഭരണങ്ങൾ, ഇലക്ട്രോണിക്സാമഗ്രികൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി വർധന താഴോട്ടാണ്.
സ്വർണ ഇറക്കുമതി 12 ശതമാനം കൂടി. ഇലക്ട്രോണിക് ഉൽപന്നങ്ങളുടേത് 38 ശതമാനവും രാസവസ്തുക്കളുടേത് 37.6 ശതമാനവും വർധിച്ചു.
കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ മാസങ്ങളാണ് മാർച്ച് - ഏപ്രിൽ. അന്നത്തെ അപേക്ഷിച്ച് കയറ്റുമതിയും ഇറക്കുമതിയും ഏറെ വർധിച്ചതായി മാർച്ച് - ഏപ്രിലിലെ കണക്കുകൾ കാണിക്കും. അടിസ്ഥാന മാസത്തെ തളർച്ചകൊണ്ടു മാത്രമുള്ള ഉണർവാകും അത്.

മൊത്തവിലയും കുതിക്കുന്നു

ചില്ലറ വിലക്കയറ്റത്തിനു പിന്നാലെ മൊത്ത വിലക്കയറ്റവും കുതിച്ചു കയറുകയാണ്. ജനുവരിയിൽ 2.03 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 4.17 ശതമാനമായി. വിലക്കയറ്റത്തിലെ കുതിപ്പ് ആശങ്കാജനകമാണെന്നും സാമ്പത്തിക തിരിച്ചുവരവിന് പ്രതിബന്ധമാകുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ചില്ലറവിലക്കയറ്റം ഫെബ്രുവരിയിൽ 5.03 ശതമാനത്തിലേക്കു വർധിച്ചതിനു പിന്നാലെയാണു മൊത്തവിലയിലെ കുതിപ്പ്. 27 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കുമാണിത്. ഭക്ഷ്യവിലസൂചികയിൽ 3.31 ശതമാനം വർധനയാണ് ഫെബ്രുവരിയിലുള്ളളത്. ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 5.81 ശതമാനത്തിലേക്കു കയറി. കാതൽ വിലക്കയറ്റം 5.5 ശതമാനം തോതിലേക്ക് ഉയർന്നു.

വിലക്കയറ്റം ഇനിയും കൂടും 2021 ൽ ശരാശരി

വിലക്കയറ്റത്തോത് അഞ്ചു ശതമാനമായിരിക്കുമെന്നു ജാപ്പനീസ് ബ്രാേക്കറേജ് നൊമുറ പ്രതീക്ഷിക്കുന്നു. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ശരാശരി 5.5 ശതമാനമാകുമെന്നാണ് നൊമുറയുടെ നിഗമനം.
അടുത്ത ധനകാര്യ വർഷം ശരാശരി 4.8 ശതമാനം വിലക്കയറ്റമാണ് ബാർക്ലേയ്സ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വർഷത്തിൻ്റെ ആദ്യ പകുതിയിൽ 5.2 ശതമാനവും രണ്ടാം പകുതിയിൽ 4.5 ശതമാനവും ആണ് അവർ പ്രതീക്ഷിക്കുന്ന വിലക്കയറ്റം.
മാർച്ചിൽ വിലക്കയറ്റം വീണ്ടും കൂടുമെന്നു വിലയിരുത്തുന്ന കെയർ റേറ്റിംഗ്സ് കുറേ മാസങ്ങളിലേക്ക് വിലക്കയറ്റം ഉയർന്നു നിൽക്കുമെന്ന് കണക്കാക്കുന്നു.
മാർച്ചിൽ മൊത്തവിലക്കയറ്റം ആറു ശതമാനമാകുമെന്ന് റേറ്റിംഗ് ഏജൻസി ഇക്ര പറയുന്നു. മേയ് ആകുമ്പോഴേക്ക് ഇത് 9.0- 9.5 ശതമാനം വരെ ഉയരും. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 7.0-7.5 ശതമാനമാകുമെന്നാണ് ഇക്ര കരുതുന്നത്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it