Top

ചാഞ്ചാട്ടങ്ങളിലേക്കു വിപണി; ലോക്ക് ഡൗണുകൾ വീണ്ടും; ഫെഡ് ചെയർമാൻ എന്തു പറയും? തുർക്കിയും ജപ്പാനും എന്തിനു കുഴപ്പമുണ്ടാക്കുന്നു?

താഴ്ന്നു തുടങ്ങിയ ശേഷം ശക്തമായി തിരിച്ചു കയറിയാണു വാരാന്ത്യത്തിൽ ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. എന്നാൽ അന്നത്തെ ഉയർച്ചയ്ക്കു കാരണമായ കാര്യങ്ങൾ ഒരു രാത്രിയാേടെ മാറി. കോവിഡ് ഭീതിയും പലിശപ്പേടിയും വിപണിയെ ഈ ദിവസങ്ങളിൽ വീണ്ടും വേട്ടയാടാം. സൂചികകൾ ചാഞ്ചാടുന്ന ഒരാഴ്ചയാണ് ഇന്നാരംഭിക്കുന്നത്.

വെള്ളിയാഴ്ച ഇന്ത്യൻ വിപണി നല്ല ഉയരത്തിൽ ക്ലോസ് ചെയ്തെങ്കിലും യൂറോപ്പും അമേരിക്കയും താഴോട്ടു പോയി. ഇന്നു രാവിലെ ജാപ്പനീസ് വിപണി രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു. ജാപ്പനീസ് വിപണിയെ സഹായിക്കാൻ ബാങ്ക് ഓഫ് ജപ്പാൻ എടുത്തിരുന്ന നടപടികളിൽ കുറേ തിരുത്തൽ വരുത്തിയതാണു കാരണം.
എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 14,832 എന്ന തലത്തിൽ ഉയർന്നാണു ക്ലോസ് ചെയ്തത്.എന്നാൽ വാരാന്ത്യത്തിനു ശേഷം ഇന്നു കാഴ്ചപ്പാട് മാറി. 14,798-ലാണു രണ്ടാമത്തെ സെഷൻ തുടങ്ങിയത്. പിന്നീട് 14,781-ലേക്കു താണു. നിഫ്റ്റിയുടെ ക്ലോസിംഗ് ആയ 14,744 നേക്കാൾ ഉയരത്തിലാണെങ്കിലും കാഴ്ചപ്പാട് നെഗറ്റീവ് ആണ്.

കോവിഡ് വ്യാപനം ഭീഷണി

കോവിഡ് രോഗബാധയുടെ വ്യാപനം നാലു മാസം മുമ്പത്തെ നിലയിലേക്ക് ഉയർന്നതു വിപണിയെ വീണ്ടും വിഷമിപ്പിക്കും. വ്യാവസായികമായി പ്രാധാന്യമേറെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ വീണ്ടും വരുന്നതു സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പലേടത്തും വീണ്ടും വന്ന ലോക്ക് ഡൗൺ കയറ്റുമതി മേഖലയെ ബാധിക്കുന്നുണ്ട്.
കോവിഡ് വാക്സിൻ നിർമാണത്തിലും കയറ്റുമതിയിലും വാക്കുപാലിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഇന്ത്യക്കും സാധിക്കാതെ വന്നത് രാജ്യത്തിനു നയതന്ത്രപരമായി തിരിച്ചടിയാണ്. ബ്രസീൽ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കുള്ള വാക്സിൻ ഉടനെങ്ങും നൽകാനാവില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യ (എസ് ഐ ഐ) അറിയിച്ചു. അവരുടെ കമ്പനിയിൽ ഉണ്ടായ അഗ്നിബാധയുടെ ഫലമാണിത്. ഇന്ത്യയിലെ വാക്സിനേഷനെയും ഇതു ബാധിക്കാം.

പവലിൻ്റെ വാക്കിനു കാതോർത്ത്

ഈയാഴ്ച ലോകമെങ്ങുമുള്ള ഓഹരി - കടപ്പത്ര വിപണികൾ അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവലിനെയാണു സാകൂതം ശ്രദ്ധിക്കുക. ഈയാഴ്ച അദ്ദേഹം മൂന്നു പ്രസംഗങ്ങൾ നടത്തുന്നുണ്ട്. പലിശ, കടപ്പത്രവില, വളർച്ച എന്നിവയെപ്പറ്റി അദ്ദേഹം എന്താണു പറയുന്നതെന്നതനുസരിച്ചാകും ഈയാഴ്ചത്തെ വിപണി നീക്കങ്ങൾ.
പലിശനിരക്കു സംബന്ധിച്ച പവലിൻ്റെയും കമ്പോളത്തിൻ്റെയും കാഴ്ചപ്പാടുകൾ പൊരുത്തപ്പെടുന്നില്ല. ഉയർന്ന സർക്കാർ കമ്മിയും വർധിച്ച കടമെടുപ്പും പലിശ ഉയരാൻ കാരണമാകില്ലെന്നാണ് പവലും മറ്റു കേന്ദ്ര ബാങ്ക് മേധാവികളും പറയുന്നത്. കമ്പോളം മറിച്ചും. സാമ്പത്തികരംഗം ഉണരുന്നതിൻ്റെ ഭാഗമായി ഇപ്പോൾ വിലകൾ കൂടുന്നതു താൽക്കാലിക പ്രതിഭാസമാണെന്നും കേന്ദ്ര ബാങ്കുകൾ കരുതുന്നു. വിപണി വിലക്കയറ്റത്തിൽ അപകടം ദർശിക്കുന്നുണ്ട്.
വെള്ളിയാഴ്ച അമേരിക്കൻ കടപ്പത്ര വില വീണ്ടും താണിരുന്നു. നിക്ഷേപനേട്ടം (yield) 1.729 ശതമാനം വരുന്ന വിധമായി വില. നിക്ഷേപ നേട്ടം 1.69 ശതമാനത്തിലേക്കു താണതാണു വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ ഉയർത്തിയത്. കാര്യങ്ങൾ വിപരീത ദിശയിൽ പോയത് ഇന്നു വിപണിയെ ബാധിക്കും.

തുർക്കിയിലെ കുഴപ്പം

വാരാന്ത്യത്തിൽ തുർക്കി പ്രസിഡൻ്റ് എർദുഗാൻ കേന്ദ്ര ബാങ്ക് പ്രസിഡൻ്റിനെ ഡിസ്മിസ് ചെയ്തു. ഇത് ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ ചലനമുണ്ടാക്കി. തുർക്കിയുടെ കറൻസി ലീരയുടെ വിനിമയ നിരക്ക് 17 ശതമാനം ഇടിഞ്ഞു. വികസ്വര രാജ്യങ്ങളിലേക്കുള്ള നിക്ഷേപങ്ങൾക്കെല്ലാം ദോഷമാണു തുർക്കിയിലെ സംഭവ വികാസങ്ങൾ.

ആശ്വാസറാലി ബുളളിഷ് സൂചനയോ?

കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ വിപണി തരക്കേടില്ലാത്ത ആശ്വാസ റാലി നടത്തിയെങ്കിലും സൂചികകൾ രണ്ടു ശതമാനം നഷ്ടത്തോടെയാണ് ആഴ്ച കടത്തിവിട്ടത്. ഇതോടെ ഫെബ്രുവരിയിലെ റിക്കാർഡ് ഉയരത്തിൽ നിന്ന് 6.43 ശതമാനം താഴെയായി പ്രധാന സൂചികകൾ.
വിപണിയുടെ ഒരു വർഷ പ്രകടനം പരിശോധിച്ചാൽ ആറോ ഏഴോ ശതമാനം തിരുത്തലാണു പതിവ് എന്നു കാണാം. അതിനു ശേഷം വിപണി തിരിച്ചു കയറി പുതിയ ഉയരങ്ങളിലെത്തും. വെള്ളിയാഴ്ചത്തെ ആശ്വാസ റാലി അതിൻ്റെ തുടക്കമായി പല സാങ്കേതിക വിശകലനക്കാരും കണക്കാക്കുന്നു. സെൻസെക്സ് 641.72 പോയിൻ്റ് കയറി 49,858.24 ലും നിഫ്റ്റി 186.15 പോയിൻ്റ് ഉയർന്ന് 14,744- ലുമാണു ക്ലോസ് ചെയ്തത്.

വിദേശികൾ കടപ്പത്രങ്ങൾ വിറ്റൊഴിയുന്നു

ഓഹരികളിൽ നിക്ഷേപം തുടരുമ്പോൾ വിദേശികൾ കടപ്പത്രങ്ങളിൽ നിന്നു വിറ്റൊഴിയുന്നു. മാർച്ചിൽ ഇതുവരെയുള്ള വിദേശ നിക്ഷേപ കണക്കു കാണിക്കുന്നത് അതാണ്.
മാർച്ച് ഒന്നു മുതൽ19 വരെ വിദേശ നിക്ഷേപകർ 14,202 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.അതേ സമയം 5569 കോടി രൂപ കടപ്പത്രങ്ങളിൽ നിന്നു പിൻവലിച്ചു. വിദേശികളുടെ അറ്റ നിക്ഷേപം 8642 കോടി രൂപ.
ഫെബ്രുവരിയിൽ വിദേശികൾ 23,663 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു. ജനുവരിയിൽ ഇത് 14,649 കോടി രൂപയായിരുന്നു.
വിദേശനിക്ഷേപത്തിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കേണ്ട നാളുകളാണു മുന്നിലുള്ള തെന്നു നിരീക്ഷകർ കരുതുന്നു. അമേരിക്കയിലും മറ്റും കടപ്പത്ര വിപണികളിൽ വലിയ ചലനങ്ങൾ നടക്കുന്നതാണു കാരണം. യു എസ് സർക്കാർ കടപ്പത്രങ്ങളുടെ വില താഴുകയും കടപ്പത്രത്തിൽ നിന്നു പ്രതീക്ഷിക്കാവുന്ന നിക്ഷേപനേട്ടം ഉയരുകയും ചെയ്യുന്നു. പലിശനിരക്ക് വർധിക്കും എന്ന ധാരണയോടെയാണു വിപണി പ്രവർത്തകർ നീങ്ങുന്നത്. യുഎസിൽ പലിശ കൂടിയാൽ ഇന്ത്യയിലെയും മറ്റും കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾ അനാകർഷകമാകും.

ക്രൂഡ്, സ്വർണം ഉയർന്നില്ല

ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം 63.9 ഡോളറിലേക്കു താണു. വെള്ളിയാഴ്ച 64.84 ഡോളർ വരെ കയറിയതാണ്. യൂറോപ്പിലെ ലോക്ക് ഡൗണുകളാണു കാരണം.
സ്വർണം വെള്ളിയാഴ്ച 1746 ഡോളർ വരെ ഉയർന്നെങ്കിലും ഇന്നു രാവിലെ 1740 ഡോളറിലേക്കു താണു.

ഫ്യൂച്ചർ ഗ്രൂപ്പ് ഡിവിഷൻ ബെഞ്ചിലേക്ക്

റീട്ടെയിൽ ബിസിനസ് റിലയൻസിനു വിൽക്കാനുള്ള കരാർ നടപ്പാക്കുന്നതിനെതിരായ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഫ്യൂച്ചർ ഗ്രൂപ്പ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നേരത്തേ സിംഗിൾ ബെഞ്ചിൻ്റെ പ്രാരംഭ സ്റ്റേ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നതാണ്.
സിംഗപ്പുരിലെ ആർബിട്രേഷൻ ട്രൈബ്യൂണലിൻ്റെ തീർപ്പ് ശരി വയ്ക്കുകയാണ് ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചെയ്തത്.
കിഷാേർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ ബിസിനസ് മുകേഷ് അംബാനിയുടെ റിലയൻസിനു വിൽക്കാൻ കഴിഞ്ഞ ഓഗസ്റ്റിലാണു കരാർ ഉണ്ടാക്കിയത്. ഫ്യൂച്ചറിൽ ഓഹരി നിക്ഷേപമുള്ള അമേരിക്കൻ ഓൺലൈൻ ഭീമൻ ആമസോൺ ഇതിനെതിരേ സിംഗപ്പുർ ട്രൈബ്യൂണലിൽ നിന്നു വിധി നേടി. തുടർന്നുള്ള നിയമയുദ്ധങ്ങളാണു തുടരുന്നത്. .


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it