കോവിഡ് നിഴലിലും തെളിച്ചം; ഒരു കപ്പൽ ലോക വിപണികളെ ഉലയ്ക്കുന്നത് എങ്ങനെ? ടിവിഎസ് കണ്ടെത്തിയ പുതിയ വഴി; ഐപിഒകൾക്ക് എന്തു പറ്റി?

അനുകൂലമായ പല ഘടകങ്ങളെയും അപ്രസക്തമാക്കി കോവിഡ് വ്യാപനം വിപണിയുടെ മേൽ നിഴൽ വീഴ്ത്തി.അതിൻ്റെ ഫലമാണു നിക്ഷേപകർക്കു 3.27 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ വിപണി ത്തകർച്ച. എങ്കിലും ഇന്നു വിപണി ഉണർന്നു തുടങ്ങാനാണു വഴി ഒരുങ്ങുന്നത്.

ഇന്നലെ ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ ഒന്നേമുക്കാൽ ശതമാനം ഇടിഞ്ഞു. സെൻസെക്സ് 871.13 പോയിൻ്റ് താണ് 49,180.31 ലും നിഫ്റ്റി 265.35 പോയിൻ്റ് താണ് 14,549.4 ലും ക്ലോസ് ചെയ്തു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, റിയൽറ്റി കമ്പനികൾ തുടങ്ങിയവയുടെ ഇടിവ് വലുതായിരുന്നു. ബാങ്കുകൾ പിഴപ്പലിശ തിരിച്ചു കൊടുക്കുന്നതിനു സർക്കാർ സഹായം കിട്ടുമെന്ന സൂചന ഇല്ലാത്തതും കൂടുതൽ കിട്ടാക്കടങ്ങൾ ഉണ്ടാകുമെന്ന ഭീതിയും കാരണമായി.

യൂറോപ്പിൽ ലോക്ക് ഡൗണുകളെ തുടർന്ന് ഓഹരികൾ താഴോട്ടു പോയി. അമേരിക്കൻ സൂചികകളും നഷ്ടത്തിലായി. നാസ്ഡാക് 13,000-നു താഴെയെത്തി.

ഇന്നു രാവിലെ യുഎസ് സൂചികകളുടെ അവധി വ്യാപാരം ഉയരത്തിലാണ്. ഏഷ്യൻ ഓഹരികളും ഉയർന്നു തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,547 ലാണു ക്ലോസ് ചെയ്തത്. ഇന്നു രണ്ടാമത്തെ സെഷനിൽ 14,650 നു മുകളിൽ എത്തി. ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങും എന്നാണ് ഇതിലെ സൂചന.

കോവിഡ് ഭീതി വർധിക്കുന്നു

കോവിഡിനെച്ചൊല്ലിയുള്ള ആശങ്ക ഇന്ത്യയിലും വിദേശത്തും വളരുന്നു. രോഗബാധയുടെ തോത് കൂടുന്നതോടൊപ്പം ഇരട്ടജനിതകമാറ്റം സംഭവിച്ചതും പ്രഹര ശേഷി കൂടിയതുമായ ഇനങ്ങൾ ഇവിടെ വ്യാപിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു. വാക്സിൻ കയറ്റുമതിക്കു സർക്കാർ നിയന്ത്രണം കൊണ്ടുവന്നതു കാര്യങ്ങൾ ഗുരുതരമാണെന്നു സൂചിപ്പിക്കുന്നു. പ്രതിദിന രോഗബാധ അര ലക്ഷത്തിനു സമീപത്തേക്ക് ഉയർന്നിട്ടുണ്ട്. പ്രാദേശികമായി ഗതാഗത നിയന്ത്രണവും മറ്റും ഏർപ്പെടുത്തുന്നുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ കുറയുന്നതിനാണ് ഇതു വഴിതെളിക്കുക.

ക്രൂഡ് കയറി

ക്രൂഡ് ഓയിൽ വില ഇന്നലെ തിരിച്ചുു കയറി. സൂയസ് കനാലിലൂടെയുള്ള കപ്പപൽഗതാഗതം രണ്ടാം ദിവസവും മുടങ്ങിയതാണു കാരണം. യൂറോപ്പിലെ ക്രൂഡ് ലഭ്യത കുറഞ്ഞതോടെ ഊഹക്കകച്ചവടക്കാർ വില 64 ഡോളറിനു മുകളിലാക്കി.

സ്വർണവില നേരിയ ചാഞ്ചാട്ടത്തിലാണ്. ഇന്നു രാവിലെ 1734 ഡോളറിലാണ് ഏഷ്യൻ വ്യാപാരം.

ഡോളർ സൂചിക ഉയർന്നു നിൽക്കുന്നു. ഡോളർ ഇന്നലെ 12 പൈസ നേട്ടത്തിൽ 72.55 രൂപയിലെത്തി.

ടിവിഎസ് മോട്ടോറിനു വിദേശ സാരഥി

ടിവിഎസ് മോട്ടാേർ കമ്പനിക്ക് ടിവിഎസ് കുടുംബത്തിനു പുറത്തു നിന്ന് സാരഥി വരുന്നു. ജഗ്വാർ ലാൻഡ് റോവറിൻ്റെ മുൻ തലവൻ റാൽഫ് സ്പെഥ് ആണ് ടിവിഎസ് മോട്ടോറിൻ്റെ ചെയർമാനാകുക. സ്പെഥ് ഇന്നലെ ബോർഡ് അംഗമായി. 2023 ജനുവരിയിൽ വേണു ശ്രീനിവാസൻ ചെയർമാൻ സ്ഥാനം ഒഴിയുമ്പോൾ സ്പെഥ് ആ പദവി ഏൽക്കും.

വേണു ബോർഡിൽ തുടരും. വേണുവിൻ്റെ മകൻ സുദർശൻ വേണു ജോയിൻ്റ് മാനേജിംഗ് ഡയറക്ടറുടെ പദവിയോടെ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും.

ആഗോളതലത്തിൽ കൂടുതൽ വളരുക എന്ന ലക്ഷ്യത്തിലാണ് ഈ മാറ്റങ്ങൾ. ഇപ്പോൾ കമ്പനിയുടെ വരുമാനത്തിൽ മൂന്നിലൊന്നു കയറ്റുമതിയിലാണ്. ഇത് 50 ശതമാനമാക്കാൻ ലക്ഷ്യമിടുന്നു.

ലോകത്തിലെ അഞ്ചു പ്രമുഖ ടൂ - ത്രീ വീലർ കമ്പനികളിലൊന്നാണു ടിവിഎസ് ഇപ്പോൾ. 1979-ൽ ആണു തുടക്കം. സുന്ദരം ക്ലേറ്റൻ ആണ് മാതൃകമ്പനി.

11 വർഷം ജെഎൽആർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സ്പെഥ് മുമ്പ് കെമിക്കൽ കമ്പനി ലിൻഡെയിലും ഉണ്ടായിരുന്നു.

ഐപിഒകളുടെ തിളക്കം മായുന്നു

ഐപിഒകളുടെ തിളക്കത്തിനു മങ്ങലേൽപ്പിച്ചാണ് ബുധനാഴ്ച അനൂപം രസായൻ ലിസ്റ്റ് ചെയ്തത്. 555 രൂപയ്ക്കു ഷെയർ വിറ്റ കമ്പനിയുടെ ഓഹരി ഒന്നാം ദിവസം അവസാനിച്ചത് 518.5 രൂപയിൽ. ഇടയ്ക്ക് 502 വരെ താണു. കൂടിയ വില 549 രൂപ മാത്രം. 760 കോടി രൂപയുടെ ഐപിഒയ്ക്ക് 44 മടങ്ങ് അപേക്ഷ ഉണ്ടായിരുന്നതാണ്.

തലേ ആഴ്ച ലിസ്റ്റ് ചെയ്ത ഈസി ട്രിപ്പ് പ്ലാനേഴ്സ് ഇപ്പോൾ 180 രൂപയിലാണ്. ഇഷ്യു വില 187 രൂപ.

കഴിഞ്ഞ മാസങ്ങളിൽ ഐപിഒ നടത്തിയ മിക്ക കമ്പനികളുടെയും ഓഹരി വില ഇഷ്യു വിലയേക്കാൾ 20 ശതമാനത്തിലധികം താഴെയാണ്.

ഒരു കപ്പൽ മണലിൽ ഉറച്ചു; ക്രൂഡ് വില കുതിച്ചു

ഒരു കപ്പൽ കാറ്റിൽപ്പെട്ട് മണലിൽ ഉറച്ചു. ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനം ഉയർന്നു.

കാര്യം നിസ്സാരം. പക്ഷേ പ്രശ്നം ഗുരുതരമാണ്.

കപ്പൽ ഉറച്ചത് സൂയസ് കനാലിലാണ്. 400 മീറ്റർ നീളമുള്ള കപ്പൽ കനാലിനു കുറുകെയാണ് ഉറച്ചത്. ഇതോടെ കനാൽ വഴിയുള്ള കപ്പൽ'ഗതാഗതം മുടങ്ങി.

ചൊവ്വാഴ്ച രാവിലെ മുടങ്ങിയ ഗതാഗതം ബുധനാഴ്ച വൈകുന്നേരവും പുനരാരംഭിക്കാനായില്ല. കനാലിൽ രണ്ടു ദിശകളിലായി നാൽപതോളം കപ്പലുകൾ കുടുങ്ങിക്കിടന്നു. ഉറച്ച കപ്പൽ സ്വതന്ത്രമാക്കി കനാൽ ഗതാഗതം ആരംഭിക്കാൻ വൈകുമെന്നായതോടെ കനാൽ അധികാരികൾ പഴയ കനാൽ തുറന്നു കൊടുത്തു. എങ്കിലും കുടുങ്ങിയ കപ്പലുകൾക്കു നീങ്ങാനായിട്ടില്ല.

സൂയസിലൂടെയുള്ള ഗതാഗതം ഒരു ദിവസം മുടങ്ങിയതിനു ക്രൂഡ് ഓയിൽ വില ഇത്രയും കയറണോ എന്ന ചോദ്യം ഉയരാം. വേണം എന്നാണ് ഉത്തരം. കാരണം ലോക വാണിജ്യത്തിൻ്റെ 12 ശതമാനം സൂയസ് കനാലിലൂടെയാണ്. ഏഷ്യയിൽ നിന്നു യൂറോപ്പിലേക്കും തിരിച്ചുമുള്ള ഏറ്റവും പ്രധാന സമുദ്രപാത. ശരാശരി 50 കപ്പൽ ഇതിലേ ദിവസവും പോകുന്നു.

20,000 കണ്ടെയ്നറുകൾ

കയറ്റിയ എവർഗിവൺ എന്ന കപ്പലാണു കനാലിൽ കുടുങ്ങിയത്. ചൈനയിൽ നിന്നു റോട്ടർഡാമിലേക്കു പോകുകയായിരുന്നു. ശക്തമായ കാറ്റിൽ കപ്പലിനു ദിശ തെറ്റി കനാലിനു കുറുകെയാവുകയും കനാലിൻ്റെ വശത്തു മണലിൽ പൂണ്ടു പോകുകയുമായിരുന്നെന്നു കരുതുന്നു.

കനാലിൽ ഇങ്ങനെ കുടുങ്ങിപ്പോയ ഏറ്റവും വലിയ കപ്പലാണ് എവർ ഗിവൺ. 2017-ലാണ് ഇതേപോലെ കനാലിലെ ഗതാഗതം മുടങ്ങിയത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it