പ്രത്യാശയോടെ വിപണി; വിദേശികൾ വിൽപ്പനയിൽ, ആഭ്യന്തര ഡിമാന്റ് കുറയുന്നു , ജി എസ് ടി വരുമാനം കുറയും

താഴ്ചയിൽ നിന്നു കരകയറി ഉണർവിൻ്റെ ദിശാസൂചി കാണിച്ചാണു തിങ്കളാഴ്ച ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. യൂറോപ്പും അമേരിക്കയും ഉയർന്നതും ഇന്നു വിപണിക്ക് ആശ്വാസമാകും. എസ്ജിഎക്സ് നിഫ്റ്റി 14,700ലേക്ക് കയറിയത് ഇന്ന് ഇന്ത്യയിൽ വിപണി ഉയർന്നു തുടങ്ങുമെന്നു സൂചിപ്പിക്കുന്നു.

14,700-14,750 മേഖലയിലെ വില്പന സമ്മർദം ആകും നിഫ്റ്റിക്ക് ഇന്നു വലിയ വെല്ലുവിളി എന്നു സാങ്കേതിക വിശകലനക്കാർ കരുതുന്നു. ആ തടസം മറികടന്നാൽ 15,000-ലേക്കു യാത്ര പുനരാരംഭിക്കാനാകും. 14,550 ശക്തമായ സപ്പോർട്ട് നൽകും.

വിദേശികൾ വിൽപന തുടരുന്നു

വിദേശികൾ വീണ്ടും വിൽപനക്കാരായി. ഇന്നലെ 2289.46 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. വെള്ളിയാഴ്ച 3465 കോടിയുടെ വിൽപന നടത്തിയതാണ് അവർ. ഏപ്രിലിൽ മൊത്തം 12,039 കോടി രൂപയാണു വിദേശികൾ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചത്.
സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും ഇന്നലെ അത്ര സജീവമായില്ല.552.92 കോടി രൂപയുടെ നിക്ഷേപമേ അവർ നടത്തിയുള്ളു.

പരിശോധന കുറഞ്ഞു; രോഗികളും കുറഞ്ഞു

പരിശോധനകൾ കുറഞ്ഞിട്ടാണെങ്കിലും മൂന്നു ദിവസമായി രാജ്യത്തു പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുന്നതായി കേന്ദ്ര സർക്കാരും അവകാശപ്പെട്ടു. ഇതും വിപണിയെ സഹായിക്കും.
എന്നാൽ ഇന്ത്യയിലെ പ്രതിദിന രോഗബാധ ആഗോള രോഗബാധയുടെ പകുതിയിൽ കൂടുതലാണെന്ന പുതിയ യാഥാർഥ്യവും ഉണ്ട്. ഇന്ത്യയിലെ വൈറസ് വകഭേദം വേറേ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേതു പോലുള്ള തീവ്ര രോഗവ്യാപനം മറ്റു വികസ്വര രാജ്യങ്ങളിലും ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡോളർ താണു; സ്വർണം, ക്രൂഡ് കയറി

ഡോളർ രാജ്യാന്തര വിനിമയ വിപണിയിൽ ദുർബലമായി. ഡോളർ സൂചിക 91-നു താഴെയായി. ഇതു സ്വർണത്തിനും ക്രൂഡിനും വില കൂട്ടി.
സ്വർണ വില ഔൺസിന് 1797.5 ഡോളർ വരെ കയറിയിട്ട് 1791.44 ലേക്കു താണു. ഇന്നലെ 1768- ലാണു സ്വർണ വ്യാപാരം തുടങ്ങിയത്.
ക്രൂഡ് ഓയിൽ ബ്രെൻ്റ് ഇനം 67.77 ഡോളറിലേക്കു കയറി. ഇന്ത്യയിൽ ഡിമാൻഡ് കുറഞ്ഞെങ്കിലും ആഗോള ഡിമാൻഡ് വർധിക്കുമെന്നാണു വിലയിരുത്തൽ.
സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയവയുടെ വില ഉയർന്നു തന്നെ നിൽക്കുന്നു.

75 ലക്ഷം തൊഴിൽ നഷ്ടം

ഏപ്രിലിൽ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്ത് 75 ലക്ഷത്തിലധികം തൊഴിലുകൾ ഇല്ലാതാക്കി. സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐ ഇ) യുടെ സർവേയിൽ വെളിപ്പെട്ടതാണ് ഈ വിവരം. ഇതോടെ രാജ്യത്തു തൊഴിലില്ലായ്മ നാലു മാസത്തെ ഉയർന്ന തോതായ എട്ടു ശതമാനത്തിലേക്ക് കയറി.
മാർച്ചിൽ 6.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇപ്പോൾ നഗരങ്ങളിൽ 9.78 ശതമാനവും ഗ്രാമങ്ങളിൽ 7.13 ശതമാനവുമാണു തൊഴിലില്ലായ്മ. തൊഴിലില്ലായ്മയുടെ തോത് ഈയാഴ്ചകളിൽ കൂടുമെന്നു സിഎംഐഇ കരുതുന്നു.

നിയന്ത്രണങ്ങൾ വളർച്ചയ്ക്കു തിരിച്ചടി

സംസ്ഥാനങ്ങൾ മേയ് ആദ്യം നിയന്ത്രണങ്ങൾ വർധിപ്പിച്ചു. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണിനു സമാനമായ അവസ്ഥയാക്കി. ഫാക്ടറികൾ പലതും അടച്ചിട്ടു. വാഹന കമ്പനികൾ അടയ്ക്കുകയോ ഉൽപാദനം കുറയ്ക്കുക്കുകയോ ചെയ്തു. വാഹന ഡീലർഷിപ്പുകളിൽ 60 ശതമാനം അടച്ചിട്ടിരിക്കുകയാണ്. മാളുകളുടെയും റീട്ടെയിൽ ശൃംഖലകളുടെയും പ്രവർത്തനം പലേടത്തും വിലക്കി.
നിയന്ത്രണങ്ങൾ ഈ മാസം കൂടി തുടർന്നാൽ രാജ്യത്തെ വളർച്ച 10 ശതമാനം മാത്രമായി ചുരുങ്ങുമെന്ന് വിദേശ ബ്രോക്കറേജ് ബാർക്ലേയ്സ് വിലയിരുത്തി. ജൂലൈ അവസാനം വരെ നിയന്ത്രണങ്ങൾ നീണ്ടാൽ വാർഷിക ജിഡിപി വളർച്ച 8.8 ശതമാനമായി കുറയും എന്നാണ് അവർ കണക്കാക്കുന്നത്.
2020-21-ൽ ജിഡിപി 7.6 ശതമാനം ചുരുങ്ങി എന്നാണു ബാർക്ലേയ്സിൻ്റെ വിലയിരുത്തൽ. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇതിനടുത്ത തളർച്ചയാണു കാണുന്നത്.

നിഗമനങ്ങൾ തിരുത്തുന്നു

2021- 22 -ലേക്ക് 10.5 ശതമാനം മുതൽ 13.5 ശതമാനം വരെ വളർച്ചയാണ് ഏപ്രിൽ ആദ്യം വരെ വിവിധ റേറ്റിംഗ് ഏജൻസികളും ബഹുരാഷ്ട്ര സ്ഥാപനങ്ങളും ബ്രോക്കറേജുകളും പ്രവചിച്ചിരുന്നത്. ഏപ്രിൽ അവസാനമായതോടെ അവരെല്ലാം നിഗമനം താഴ്ത്തി വരികയാണ്. ഇപ്പോൾ മിക്ക ബ്രോക്കറേജുകളും 10.5 ശതമാനത്തിൽ താഴെയാക്കി നിഗമനം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻഎസ്ഒ) ജിഡിപി എസ്റ്റിമേറ്റ് ഈ മാസാവസാനം പുറത്തുവിടും. അതിനു ശേഷമാകും ആഗാേള റേറ്റിംഗ് ഏജൻസികളും ഐഎംഎഫും നിഗമനം പരിഷ്കരിക്കുക.

ജിഎസ്ടി കുറയുന്നു

നിയന്ത്രണങ്ങൾ രാജ്യത്തു വ്യാപാരം ഗണ്യമായി കുറച്ചു. ഏപ്രിലിൽ ഇ വേ ബിൽ എണ്ണം അഞ്ചു മാസം മുൻപത്തെ നിലയിലേക്കു താണു. ഏപ്രിലിലെ ബിൽ സംഖ്യ 5.5 കോടിക്കും 5.8 കോടിക്കും ഇടയിലായിരിക്കും. ഏപ്രിൽ 25 വരെ 4.89 കോടി ഇ വേ ബില്ലുകളാണു ജിഎസ്ടി നെറ്റ് വർക്കിൽ ഉണ്ടായത്.പ്രതിദിന ശരാശരി 19.5 ലക്ഷം. മാർച്ചിൽ 22.9 ലക്ഷമായിരുന്നു പ്രതിദിന ബില്ലുകളുടെ എണ്ണം. ഇത് 17 ശതമാനം കുറവാണ്. ഫെബ്രുവരിയിൽ 22.8 ലക്ഷം ആയിരുന്നു ശരാശരി.
ഒരു മാസത്തെ വ്യാപാരത്തിൻ്റെ ജിഎസ്ടി പിറ്റേ മാസമാണു സർക്കാരിൽ അടയ്ക്കുന്നത്. മാർച്ചിൽ ജിഎസ്ടി പിരിവ് 1.41 ലക്ഷം കോടി എന്ന റിക്കാർഡിൽ എത്തിയത് ഫെബ്രുവരിയിലെ വ്യാപാരം കൂടിയതുകൊണ്ടാണ്. മാർച്ചിലും വ്യാപാരം കൂടി. ഏപ്രിലിലെ പിരിവിൻ്റെ കണക്കിൽ അതു കാണാം. എന്നാൽ മേയിൽ ജിഎസ്ടി പിരിവ് കുത്തനെ കുറയും. ഏതാനും മാസങ്ങളായി ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണു നികുതി പിരിവ്. മേയിൽ അതു ലക്ഷം കോടിക്കു താഴെ പോകാം. അതാണ് ഏപ്രിലിൽ ഇ വേ ബിൽ കുറഞ്ഞതിൻ്റെ ഫലം.
50,000 രൂപയിൽ കൂടുതൽ വിലയുള്ള ചരക്കുകൾ നീക്കുന്നതിന് ഇ വേ ബിൽ നിർബന്ധമാണ്. അതിനാൽ ബിൽ എണ്ണം നികുതിയുടെയും വ്യാപാരത്തിൻ്റെയും നേർസൂചികയാണ്.

കയറ്റുമതി ഓർഡർ കൂടുന്നു; ആഭ്യന്തര ഡിമാൻഡ് കുറയുന്നു

ഏപ്രിലിൽ രാജ്യത്തെ ഫാക്ടറി ഉൽപാദനനില കാണിക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) നേരിയ ഉയർച്ച കാണിച്ചു. മാർച്ചിലെ 55.4 -ൽ നിന്ന് 55.5 ലേക്ക്. മാർച്ചിലേത് ഏഴു മാസത്തിനിടയിലെ ഏറ്റവും താണ നിലയായിരുന്നു.
ഏപ്രിലിലെ ഉണർവ് ആഭ്യന്തര വിപണി ഉഷാറായതു കൊണ്ടല്ല. കയറ്റുമതി ഓർഡറുകൾ വർധിച്ചതു കൊണ്ടു മാത്രമാണ്. ആഭ്യന്തര വിപണിയിൽ നിന്നുള്ള ഓർഡർ കുറഞ്ഞെന്നാണ് ഐഎച്ച്എസ് മാർകിറ്റ് നടത്തിയ സർവേ കാണിക്കുന്നത്. ഇത് എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലായി. ഭാഗിക ലോക്ക് ഡൗൺ ഉണ്ടായിരുന്ന കാലത്തെ നിലയിലായി ആഭ്യന്തര ഡിമാൻഡ്.
അതേ സമയം കയറ്റുമതി ഓർഡറുകൾ കൂടുന്നു. ചൈന, അമേരിക്ക എന്നിവിടങ്ങളിലെ ഉയർന്ന വളർച്ചയാണു കാരണം. ഏപ്രിലിലെ കയറ്റുമതി 2019 ഏപ്രിലിനെ അപേക്ഷിച്ചു 16 ശതമാനം വർധിച്ചിരുന്നു. ലോക്ക് ഡൗണിലായിരുന്ന 2020 ഏപ്രിലിനെ അപേക്ഷിച്ചു 197 ശതമാനം വർധന ഉണ്ടായിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it