വിപണി ഉണർവിൽ തുടരുന്നു; വിദേശികൾ വാങ്ങാൻ തുടങ്ങി; ലോഹങ്ങൾ വീണ്ടും കുതിപ്പിൽ; വളർച്ച നിഗമനം താഴ്ത്തുന്നു

വിദേശികൾ വീണ്ടും വാങ്ങലുകാരായതിൻ്റെ ഉണർവിൽ വ്യാഴാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്നു തുടങ്ങി; ഉയർന്നു ക്ലോസ് ചെയ്തു. ഇന്നും ഉണർവോടെ തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്‌തു. അമേരിക്കയിൽ തൊഴിലില്ലായ്മ സഹായം തേടുന്നവരുടെ എണ്ണം ഇടിഞ്ഞതും തൊഴിൽ വർധിച്ചതും വിപണികൾക്ക് സന്തോഷം പകർന്നു. എന്നാൽ ഇവ തന്നെ വിലക്കയറ്റ ഭീഷണി വർധിപ്പിക്കുന്നുണ്ട്. വിലക്കയറ്റം വിഷയമാക്കി സ്വർണ വിപണി ഇന്നലെ വലിയ കുതിപ്പ് നടത്തി.
ഇന്ന് ഏഷ്യൻ വിപണികൾ അൽപം താഴ്ന്നാണു തുടങ്ങിയത്.

ഉണർവോടെ ഡെറിവേറ്റീവ്

എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ആദ്യ സെഷൻ അവസാനിപ്പിച്ചത് 14,800-നു മുകളിലാണ്. ഇന്നു വിപണി ഉയർന്നു തുടങ്ങുമെന്നാണ് അതു നൽകുന്ന സൂചന.
നിഫ്റ്റി 14,800- 14,900 മേഖലയിൽ കനത്ത വിൽപന സമ്മർദം നേരിടുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. ഈ തടസ മേഖല കടന്നു 15,000-നു മുകളിൽ എത്തിയാലേ ഗണ്യമായ ഉയർച്ച സാധ്യമാകൂ. വിപണിക്ക് ഇപ്പോൾ 14,600- 14,670-ൽ നല്ല സപ്പോർട്ട് ഉണ്ട്.

വിദേശികൾ വാങ്ങി, സ്വദേശികൾ വിറ്റു

വിദേശ നിക്ഷേപകർ ഇന്നലെ ഇന്ത്യൻ വിപണിയിൽ 1222.58 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. ഈ മാസം ഇതാദ്യമാണ് അവർ പുതിയ നിക്ഷേപം ഓഹരികളിൽ നടത്തിയത്. അതേ സമയം സ്വദേശി സ്ഥാപനങ്ങളും ഫണ്ടുകളും 632.5 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

റേറ്റിംഗുകാർ തിരുത്തുന്നു

രാജ്യത്തു കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഇന്ത്യയുടെ വളർച്ച നിഗമനം പുന:പരിശോധിക്കാൻ തീരുമാനിച്ചു. നേരത്തേ അവർ കണക്കാക്കിയിരുന്നത് ഈ ധനകാര്യ വർഷം 12.5 ശതമാനം ജിഡിപി വളർച്ചയാണ്. വിവിധ റേറ്റിംഗ് ഏജൻസികൾ ഈ ദിവസങ്ങളിൽ നിഗമനം തിരുത്തുന്നുണ്ട്.
സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സിനു പിന്നാലെ ഫിച്ച് റേറ്റിംഗ്സും ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തി. 9.5 ശതമാനമാണ് അവർ ഇപ്പോൾ പ്രതീക്ഷിക്കുന്ന വളർച്ച. മുൻ പ്രതീക്ഷ 11 ശതമാനമായിരുന്നു.
നിയന്ത്രണങ്ങൾ ഈ രീതിയിൽ തുടർന്നാൽ ദിവസം 21 കോടി ഡോളർ (1575 കോടി രൂപ) വീതം ജിഡിപി യിൽ കുറയുമെന്ന് സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് മുന്നറിയിപ്പ് നൽകി.

വീണ്ടും നാലു ലക്ഷത്തിലധികം

തുടർച്ചയായ രണ്ടാമത്തെ ദിവസവും രാജ്യത്തു കോവിഡ് ബാധ നാലു ലക്ഷത്തിനു മുകളിലായി. 4.14 ലക്ഷം പേർക്കാണ് ഇന്നലെ രോഗബാധ. മരണം 3920. ഇതു വരെ 2.15 കോടി പേർക്കു രോഗം ബാധിച്ചു. 1.76 കോടി സുഖപ്പെട്ടു. 2.34 ലക്ഷം പേർ മരിച്ചു. 36.44 ലക്ഷം പേർ ചികിത്സയിലുണ്ട്. 16.25 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.

ലോഹങ്ങൾ കുതിക്കുന്നു

സ്റ്റീൽ വില നിർത്തില്ലാതെ കുതിക്കുന്നത് ഇന്ത്യയുടെ ഇരുമ്പയിര് കയറ്റുമതിക്കാർക്കു നേട്ടമായി. എൻഎംഡിസി യുടെ ഉൽപാദനം കൂട്ടി. കമ്പനിയുടെ വരുമാനം റിക്കാർഡ് നിലവാരത്തിലാണ്.
ചൈനയും ഓസ്ട്രേലിയയും നയതന്ത്ര ഉടക്കിലായതിനെ തുടർന്ന് ഓസ്ടേലിയയുമായുള്ള സാമ്പത്തിക ചർച്ചകൾ ചൈന നിർത്തി. ഇത് അലൂമിനിയം വില 11 വർഷത്തെ ഉയർന്ന നിലവാരമായ ടണ്ണിനു 2500 ഡോളറിലേക്കു കയറ്റി. അലൂമിനിയം കമ്പനികൾക്കും വരുമാനം വർധിക്കും. ചെമ്പുവിലയും കുതിപ്പിലാണ്. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ വില വീണ്ടും ടണ്ണിന് 10,000 ഡോളർ കടന്നു.
വ്യാവസായിക ലോഹങ്ങളുടെ കുതിപ്പ് ഹിൻഡാൽകോ ഓഹരിയുടെ വലിയ കയറ്റത്തിനു കാരണമായി. സ്റ്റീൽ കുതിപ്പ് ടാറ്റാ സ്റ്റീലിനു വരുമാനവും ലാഭവും വർധിപ്പിച്ചു; കമ്പനിയുടെ കടബാധ്യതയും കുറച്ചു.
ചൈനയിലെ വർധിച്ച ഉപയോഗമാണു ലോഹങ്ങളുടെ വില റിക്കാർഡ് നിലവാരത്തിലേക്കുയർത്തിയത്. പൊതുവേ ആഗോള സാമ്പത്തിക വളർച്ച മെച്ചമാകുന്നതിൻ്റെ ഫലമായി ഭക്ഷ്യവിലകളും റിക്കാർഡിലേക്കു കയറി. 2014-ലെ നിലവാരത്തിലാണു ഭക്ഷ്യവിലകൾ എന്ന് ഭക്ഷ്യ- കാർഷിക സംഘടന (എഫ്എ ഒ ) ചൂണ്ടിക്കാട്ടി.

ഡോളറിനു ക്ഷീണം, സ്വർണം കുതിച്ചു, ക്രൂഡ് കിതച്ചു

അമേരിക്കയിൽ വർധിച്ച സർക്കാർ ചെലവ് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന ഭീതി വീണ്ടും ഉയർന്നിട്ടുണ്ട്. വിലകൾ ഉയരുമെന്നു യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു യുഎസ് ഡോളറിൻ്റെ വിനിമയ നിരക്കു താഴ്ത്തി.
ഡോളർ സൂചിക 91-നു താഴെയായി. ഇതു സ്വർണത്തിനു നേട്ടമായി. 1800 ഡോളറിലെ തടസം മറികടന്ന് ഔൺസിന് 1817 ഡോളർ വരെ മഞ്ഞലോഹം കയറി. ഇന്നു രാവിലെ 1815 ഡോളറിലാണു സ്വർണം. ഇനിയും കയറുമെന്നാണു സ്വർണ ബുള്ളുകൾ പറയുന്നത്.
സ്വർണത്തിൻ്റെ ചുവടുപിടിച്ച് വെള്ളി 27 ഡോളറിനു മുകളിൽ എത്തി.
ഡോളറിനെതിരേ രൂപയും നേട്ടമുണ്ടാക്കി. ഡോളർ നിരക്ക് 73.78 രൂപയിലേക്കു താണു.
ഇതേ സമയം ക്രൂഡ് ഓയിൽ വില താഴ്ന്നു.70 ഡോളറിലേക്കു കുതിച്ചിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 68.25 ഡോളറായി കുറഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it