കുതിപ്പിനൊരുങ്ങി സൂചികകൾ; ലാഭമെടുക്കൽ സമ്മർദം കൂട്ടും; ഇരട്ടയക്ക വിലക്കയറ്റം ഞെട്ടിക്കാത്തത് എന്തുകൊണ്ട്? റിസർവ് ബാങ്ക് മുന്നറിയിപ്പ് ശ്രദ്ധിക്കുക; തൊഴിലില്ലായ്മ വീണ്ടും കൂടി

കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിവസങ്ങളായി തുടരുന്ന ഇടിവ് വിപണിക്ക് ഉയരാൻ പ്രേരകമാകും. തിങ്കളാഴ്ച പ്രതിരോധ നിരകൾ പലതും ഭേദിച്ച മുഖ്യസൂചികകൾ ഇനി നിർണായക കുതിപ്പിന് കരുത്തു നേടിയിട്ടുണ്ട്.

ഇന്നലെ സെൻസെക്സ് 1.74 ശതമാനം ഉയർന്ന് 49,580.73 ൽ എത്തി; നിഫ്റ്റി 1.67 ശതമാനം കയറി 14,923.15 ലും. നിഫ്റ്റി ഇനി ലക്ഷ്യമിടുന്നത് 15,000 ആണ്.15,000-15,050 മേഖലയിൽ ശക്തമായ തടസം പ്രതീക്ഷിക്കാം. അതു മറികടന്നാൽ മുൻ റിക്കാർഡുകൾ മറികടക്കാനുള്ള പ്രയാണം ആരംഭിക്കാനാകും. താഴോട്ടു 14,700 കടന്നു പോയാലാണു ഭയപ്പെടാനുള്ളത്. ലാഭമെടുക്കലിൻ്റെ ഫലമായുള്ള വിൽപന സമ്മർദം ശ്രദ്ധിക്കേണ്ട ഘടകമാണ്.

വിദേശ ഫണ്ടുകൾ വിൽപന തുടരുന്നു

വിദേശികളും വിൽപന തുടരും. ഇന്നലെ അവർ 2255.84 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1948.48 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
ഇന്നലെ യൂറോപ്യൻ, അമേരിക്കൻ സൂചികകൾ താഴോട്ടു പോയി. എന്നാൽ യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ജപ്പാനിലടക്കം ഏഷ്യയിൽ രാവിലെ സൂചികകൾ നല്ല ഉണർവോടെയാണു തുടങ്ങിയത്.
എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 15,029-ലാണു ക്ലോസ് ചെയ്തത്. ഇന്നു നല്ല ഉയർച്ചയോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.

സ്വർണം വീണ്ടും കുതിക്കുന്നു

ലോക വിപണിയിൽ സ്വർണം കുതിക്കുകയാണ്. ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ ഗൂഢ കറൻസികളിൽ നിന്നു പിൻവലിക്കുന്ന പണം സ്വർണത്തിലേക്കു വരുന്നുണ്ട്. ഔൺസിന് 1900 ഡോളറിലേക്ക് ഈ ദിവസങ്ങളിൽ വില എത്തുമെന്നാണു സ്വർണ ബുള്ളുകൾ പ്രവചിക്കുന്നത്. ഇന്നു രാവിലെ ഔൺസിന് 1869 ഡോളറിലാണു സ്വർണം. വെള്ളിയാഴ്ച 1821 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണമാണ് ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ക്രൂഡ് ഡിമാൻഡ് വർധിക്കുമെന്ന റിപ്പോർട്ടും അമേരിക്കൻ സ്റ്റാേക്ക് കുറവാണെന്ന അഭ്യൂഹവുമാണു കാരണം. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.62 ഡോളറിലെത്തി.

മൊത്തവിലക്കയറ്റം ഇരട്ടയക്കത്തിൽ

മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 10.49 ശതമാനമായി വർധിച്ചു. മാർച്ചിൽ 7.39 ശതമാനമായിരുന്നു വിലക്കയറ്റം.
ഏപ്രിലിൽ ചില്ലറ വിലക്കയറ്റം 4.29 ശതമാനമായി കുറഞ്ഞിരുന്നു. അതേ മാസം മൊത്ത വിലക്കയറ്റം ഇരട്ടയക്കത്തിൽ എത്തിയത് ശ്രദ്ധേയമായി.
ചില്ലറ വിലക്കയറ്റം കുറഞ്ഞതിനു രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്: കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്ക് ഡൗൺ മൂലമുള്ള ഗതാഗതപ്രശ്നങ്ങളും മറ്റും ഉൽപന്ന വിലകൾ ക്രമാതീതമായി വർധിച്ചിരുന്നു. താരതമ്യ മാസത്തെ വിലക്കയറ്റം കൂടുതലായിരുന്നതിനാൽ ഇത്തവണ കയറ്റം കുറവായി. രണ്ട്: ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഗണ്യമായി കുറഞ്ഞു.
ഇതേ സമയം മൊത്ത വിലക്കയറ്റം വർധിച്ചത് വ്യത്യസ്തമായ രണ്ടു കാരണങ്ങളാലാണ്. ഒന്ന്: കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആയിരുന്നതിനാൽ ഉൽപാദകരിൽ നിന്നു വലിയ സ്റ്റോക്കിസ്റ്റുകളിലേക്ക് കാര്യമായ ചരക്കുനീക്കം ഉണ്ടായില്ല. വ്യാപാരം നടന്നവയ്ക്കു വില കുറയുകയും ചെയ്തു. അന്നു മൊത്തവില സൂചിക താഴ്ന്നു നിന്നു. രണ്ട്: ആഗാേള ചലനങ്ങളുടെ ചുവടു പിടിച്ച് ക്രൂഡ് ഓയിലിനും ഇന്ധനങ്ങൾക്കും സ്റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്കും ധാതുക്കൾക്കും വ്യാവസായിക ഘടകപദാർഥങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില കൂടി.

ഇതു കൊണ്ടാണ് ഇരട്ടയക്ക വിലക്കയറ്റം ഞെട്ടിക്കാത്തത്.

മൊത്തവിലയിലെ കയറ്റം ഈ മാസം കൂടി തുടരുമെന്നു നിരീക്ഷകർ കരുതുന്നു. ഈ മാസം മൊത്ത വിലക്കയറ്റം 13 ശതമാനത്തിനു മുകളിലായേക്കും. ജൂണിൽ നിരക്കു കുറയുമെന്നാണു നിഗമനം.
മൊത്ത വിലക്കയറ്റം താമസിയാതെ ചില്ലറ വിലക്കയറ്റത്തിലേക്കു നയിക്കുമെന്നു തീർച്ചയാണ്.ഇന്ധന വിലകൾ നേരിട്ടും വ്യാവസായിക ഘടകങ്ങളുടെ വില വർധന പരോക്ഷമായും ചില്ലറ വിലക്കയറ്റത്തെ സ്വാധീനിക്കും. രണ്ടു സൂചികയിലെയും സാധനങ്ങളും അവയുടെ വെയിറ്റേജും വ്യത്യസ്തമായതു കൊണ്ടാണ് രണ്ടു സൂചികയും രണ്ടു തരത്തിൽ നീങ്ങുന്നത്.

തൊഴിലില്ലായ്മ വർധിക്കുന്നു

രാജ്യത്തു തൊഴിലില്ലായ്മ അതിവേഗം ഉയരുന്നതായി സർവേ റിപ്പോർട്ട്. മേയ് 16 ലെ നിലവച്ച് തൊഴിലില്ലായ്മ 14.45 ശതമാനമാണ്. നഗരങ്ങളിൽ 14.71 ശതമാനം, ഗ്രാമങ്ങളിൽ 14.34 ശതമാനം എന്നതാണ് നിരക്ക്.സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ഗ്രാമീണ തൊഴിലില്ലായ്മമ ഒരാഴ്ച മുമ്പ് 7.29 ശതമാനമായിരുന്നു. ലോക്ക് ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും ആണു നിരക്ക് പൊടുന്നനെ കൂട്ടിയത്. നഗരം മേഖലകളിൽ തലേ ആഴ്ച 11.72 ശതമാനമായിരുന്നു തൊഴിലില്ലായ്മ.
കഴിഞ്ഞ വർഷം മേയ് ആദ്യം ലോക്ക്ഡൗണിൽ തൊഴിലില്ലായ്മ നിരക്ക് 27.11 ശതമാനത്തിൽ എത്തിയ ശേഷം ക്രമമായി താണു വന്നതാണ്. ജനവരി 17-ന് 4.06 ശതമാനത്തിലേക്കു താണു.പിന്നീട് തൊഴിലില്ലായ്മ കൂടി വന്നു.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്ത് നഷ്ടപ്പെട്ട തൊഴിലുകളിൽ 55 ലക്ഷം ഇനിയും തിരികെ കിട്ടിയിട്ടില്ല. മാസശമ്പളക്കാരുടെ തൊഴിലുകളാണു പുനരാരംഭിക്കാത്തത്. ആ വിഭാഗത്തിൽ ഒരു കോടി തൊഴിലുകൾ ഒഴിവാക്കപ്പെട്ടു. മാസ ശമ്പളക്കാർക്കു പകരം കാഷ്വൽ ജീവനക്കാരെ ഉപയോഗിക്കുകയാണു കമ്പനികൾ.
ഇടത്തരം - ചെറുകിട സ്ഥാപനങ്ങൾ അടഞ്ഞു പോയതോടെ തൊഴിൽ നഷ്ടപ്പെട്ടവരിൽ കുറേപ്പേർ കൃഷിയിലേക്കു തിരിച്ചു പോയി. ഇതു തൊഴിലന്വേഷകരുടെ എണ്ണം കുറയ്ക്കുന്നതായി സിഎംഐഇ ചൂണ്ടിക്കാട്ടി. അതായതു കണക്കുകളിൽ കാണുന്നതിൽ കൂടുതലുണ്ട് യഥാർഥ തൊഴിലില്ലായ്മ.

ബിസിനസ് ഉണർവ് സൂചിക വീണ്ടും താഴോട്ട്

നൊമുറ ഇന്ത്യ തയാറാക്കുന്ന ബിസിനസ് റിസംപ്ഷൻ സൂചിക വീണ്ടും താണു. ലോക്ക് ഡൗൺ കാലത്തെ നിലയിലേക്ക് എത്തി. ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വന്നതോടെയാണിത്. മേയ് 16-ന് ഈ സൂചിക 61.9 ആണ്. തലേ ആഴ്ച 66.1 ആയിരുന്നു. ഏപ്രിൽ ആദ്യ ആഴ്ച സൂചിക 90-ൽ നിന്നതാണ്. ജനുവരിയിലും ഫെബ്രുവരിയിലും കോവിഡിനു മുമ്പുള്ളതിൻ്റെ 95.9 ശതമാനം വരെ ബിസിനസ് അന്തരീക്ഷം തിരിച്ചു കയറിയതായിരുന്നു. വരും ആഴ്ചകളിൽ സൂചിക കുറേക്കൂടി താഴുമെന്നാണു നൊമുറയിലെ വിദഗ്ധർ കരുതുന്നത്.

ചോദനമില്ല; സാമ്പത്തിക സൂചകങ്ങൾ കാണിക്കുന്നതു മുരടിപ്പ്

ഉൽപാദനം ഉണ്ട്, പക്ഷേ ആവശ്യം (ചോദനം) ഇല്ല. ഏപ്രിൽ മുതൽ രാജ്യത്തെ നില ഇതാണെന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു.
ചോദനവും ലഭ്യതയുമാണല്ലോ സാമ്പത്തിക പ്രവർത്തനങ്ങളുടെ ആധാരം.അതിൽ മർമപ്രധാനമായ ചോദനം കുറയുമ്പോൾ ആദ്യം വ്യാപാരവും പിന്നെ ഉൽപാദനവും കുറയും. കാർ വിപണിയിൽ അതു കണ്ടതാണ്. ഏപ്രിലിൽ വിൽപന കുറഞ്ഞു. അതിനാൽ മേയിൽ വലിയ കമ്പനികൾ രണ്ടാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവച്ചു.
റിസർവ് ബാങ്കിൻ്റെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ വിശകലനം. വിപണിയിൽ വിൽ‌പന കുറയുന്നതു ജനങ്ങൾ ചെലവാക്കാൻ തയാറാകാത്തതു കൊണ്ടാണ്. ഇതിനു രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്: വരുമാനം കുറയുമ്പോഴും വരുമാനം കുറയുമെന്ന ഭീഷണി ഉള്ളപ്പോഴും ജനം പണം ചെലവാക്കാൻ മടിക്കും. കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ കടുത്ത ലോക്ക്ഡൗണിനും തൊഴിൽ
നഷ്ടത്തിനും ഇടയാക്കുമെന്നു പരക്കെ ഭയമുണ്ട്. രണ്ട്: കോവിഡ് സമൂഹത്തിന് വലിയ ചികിത്സച്ചെലവു വരുത്തുന്നു. രോഗികളുടെ കുടുംബങ്ങൾക്കു വേറേ കാര്യങ്ങൾക്കു ചെലവാക്കാൻ പണമില്ല. ദിവസേന ലക്ഷക്കണക്കിനു പേർക്കു രോഗം ബാധിക്കുമ്പോൾ അതു രാജ്യത്തു മൊത്തം ചോദനത്തെ ബാധിക്കും.
രണ്ടു സാഹചര്യവും സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്നതല്ല. ഏറ്റവും വേഗം വാക്സിനേഷൻ വഴി ജന സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുകയാണു പ്രതിവിധി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it