

ആഗോള സൂചനകളും ലാഭമെടുക്കലും ബുധനാഴ്ച സൂചികകളെ വലിച്ചു താഴ്ത്തി. ഒരു ഹ്രസ്വകാല തിരുത്തലിനുള്ള അന്തരീക്ഷം ഒരുങ്ങിയെന്ന് സാങ്കേതിക വിശകലനക്കാർ കരുതുന്നു. വിദേശ നിക്ഷേപകർക്കൊപ്പം സ്വദേശി ഫണ്ടുകളും വിൽപനക്കാരായതും ഇന്നലത്തെ തകർച്ചയ്ക്കു വഴി തെളിച്ചു.
15,200 മറികടക്കാൻ കഴിയാതെ നിഫ്റ്റി ഇന്നലെ താഴോട്ടു പോന്നു. സെൻസെക്സ് 50,000 കൈവിട്ടെങ്കിലും നിഫ്റ്റിക്ക് 15,000-നു മുകളിൽ നിൽക്കാൻ സാധിച്ചു. ഇന്ന് ആഗോള പ്രവണതകൾ സൂചിക 15,000-നു താഴെ വീഴാനിടയാക്കിയാൽ 14,900-14,850 മേഖലയിലാകും സപ്പോർട്ട്. 15,150-നു മുകളിലേക്കു കയറാൻ സാധിച്ചാലേ പഴയ ഉയരങ്ങളിലേക്കു യാത്ര തുടരാനാകൂ.
എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 15,080 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 15,050-ലേക്കു താണു.
ഇന്നു രാവിലെ ഏഷ്യൻ സൂചികകൾ താഴ്ചയിലാണു തുടങ്ങിയത്. യൂറോപ്യൻ -അമേരിക്കൻ സൂചികകളുടെ ചുവടുപിടിച്ചുള്ളതാണ് ഈ ഇടിവ്. യുഎസ് സൂചികകളുടെ അവധിവിലകൾ ചെറിയ ഉണർവ് കാണിച്ചതിനാൽ ഏഷ്യൻ വിപണികൾ തിരിച്ചുകയറുമെന്നു ബ്രോക്കറേജുകൾ കരുതുന്നു. ജപ്പാനിലെ നിക്കൈ സൂചിക താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്കു കയറി.
ഡോളർ സൂചിക 90- നു മുകളിലേക്കു കയറി. എങ്കിലും യൂറോ കരുത്തോടെ നിൽക്കുന്നു.1.22 ഡാേളറാണു യൂറോയുടെ വിനിമയ നിരക്ക്.
ബിറ്റ് കോയിൻ്റെ തകർച്ചയിൽ സ്വർണ വില ഗണ്യമായി കയറേണ്ടതായിരുന്നു. ഇന്നലെ ഔൺസിന് 1890 ഡോളർ വരെ വിലയുകയും ചെയ്‌തു. പക്ഷേ പലിശ നിരക്ക് സംബന്ധിച്ച വാർത്തകൾ സ്വർണത്തെ ഇടിച്ചിട്ടു.1868 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം.
ക്രൂഡ് ഓയിൽ വില 70 ഡോളറിനു മുകളിൽ നിന്നു രണ്ടു ദിവസം കൊണ്ടു നാലര ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് ഇനം 66.61 ഡോളറിലാണ് ഇന്നു രാവിലെ.
ഇന്നലെ വിദേശ നിക്ഷേപകർ 697.75 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകളും വിൽപനക്കാരായി . അവർ 852.52 കോടിയുടെ ഓഹരികൾ വിറ്റു.
അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡി (ഫെഡ്) ൻ്റെ കഴിഞ്ഞ യോഗത്തിലെ ചർച്ചകളുടെ മിനിറ്റ്സ് പുറത്തു വന്നതാണ് ഇന്നലെ ടോക്കിയോ മുതൽ ന്യുയോർക്ക് വരെ ഓഹരി സൂചികകളെ താഴ്ത്തിയത്. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്ന പദ്ധതി ചുരുക്കുന്ന കാര്യം ആലോചിക്കേണ്ട സമയമായി എന്നു കഴിഞ്ഞ യോഗത്തിൽ പല അംഗങ്ങളും നിർദേശിച്ചു. ഉടനെ ചെയ്യേണ്ട കാര്യമല്ലെങ്കിലും ഇതിലെ സൂചന വ്യക്തമാണ്. സാമ്പത്തിക വളർച്ച മെച്ചപ്പെട്ടു വരുന്നതിനാൽ പലിശ കൂട്ടാൻ പരോക്ഷമായി സഹായിക്കുക എന്നതാണു നിർദേശത്തിൻ്റെ കാതൽ. ദീർഘകാല പലിശ ഉയരാതെ സൂക്ഷിക്കാനാണ് യുഎസ് ഫെഡ് കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നത്.
യുഎസ് പലിശ കൂടിയാൽ വികസ്വര രാജ്യങ്ങളിലെ യുഎസ് നിക്ഷേപങ്ങൾ പിൻവലിക്കും. ഓഹരികളിൽ നിന്നു കടപ്പത്രങ്ങളിലേക്കു പണം മാറും. യു എസ് പലിശ വർധന ഡോളറിനും കരുത്താകും. അതു സ്വർണ വില താഴ്ത്തും. ഇങ്ങനെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഈ മാറ്റത്തിൻ്റെ ഫലമായി ഉണ്ടാകും. അതുകൊണ്ടാണു വിപണികൾ യുഎസ് പലിശ എന്നു കേൾക്കുമ്പോഴേ വല്ലാതെ പ്രതികരിക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണിക്ക് യു എസ് പലിശ നിർണായകമാണ്. ഇന്ത്യൻ വിപണിയുടെ മൊത്തം മൂല്യത്തിൻ്റെ 21 ശതമാനം വിദേശനിക്ഷേപകരുടേതാണ്. അവർ പിൻവലിഞ്ഞാൽ വിപണിക്കു വലിയ തകർച്ച നേരിടും. അടുത്ത കാലത്തൊന്നും പലിശ കൂട്ടാനോ കടപ്പത്രം തിരിച്ചു വാങ്ങൽ കുറയ്ക്കാനോ യുഎസ് ഫെഡ് തയാറാകില്ലെന്ന വിശ്വസത്തിലാണ് ഇന്ത്യൻ ബ്രോക്കറേജുകൾ.
കോവിഡ് മഹാമാരിക്കിടയിൽ തൊഴിൽ നിയമപരിഷ്കാരങ്ങളും കാർഷിക നിയമങ്ങളും പൗരത്വ നിയമവും നടപ്പാക്കാതെ മാറ്റി വച്ച കേന്ദ്ര സർക്കാർ ഒരു കർഷകാനുകൂല തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. സ്വന്തം തീരുമാനം തിരുത്തുന്ന നടപടിയായതിനാൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെന്നു മാത്രം.
ഉത്തരേന്ത്യൻ കർഷകർ കൂടുതലായി ഉപയോഗിക്കുന്ന ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വില കുത്തനെ കൂട്ടിയ ഏപ്രിൽ ഒന്നിലെ നടപടി പിൻവലിച്ചു. ചാക്കിന് 1200 രൂപയിൽ നിന്ന് 1900 രൂപയിലേക്കാണ് അന്നു വില കൂട്ടിയത്. ചാക്കൊന്നിന് 500 രൂപ ഉണ്ടായിരുന്ന സബ്സിഡി 1200 രൂപയാക്കിയതോടെ വില പഴയ നിലയിലായി.
രാസവള സബ്സിഡി ബജറ്റിൽ പ്രതീക്ഷിച്ച 85,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടിയിലേക്കു കൂടാൻ ഇതു വഴി തെളിക്കും.എന്നാൽ കർഷകസമരം തുടരുന്ന സാഹചര്യത്തിൽ വില വർധന പിൻവലിക്കുകയല്ലാതെ സർക്കാരിനു മാർഗമുണ്ടായിരുന്നില്ല. സോയാബീൻ പോലുള്ള കൃഷികൾക്ക് ഹെക്ടറിന് 2000 രൂപ വരെ അധികച്ചെലവ് വരുത്തുന്നതായിരുന്നു വിലക്കയറ്റം. തീരുമാനങ്ങൾ തിരുത്തുന്നതിൽ മടിയുള്ള മോദി ഭരണകൂടം ഇക്കാര്യത്തിൽ കീഴ് വഴക്കം തിരുത്തിയത് മാറിയ രാഷ്രീയ അന്തരീക്ഷം കാണിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇന്ധന വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) കഴിഞ്ഞ ധനകാര്യ വർഷം റിക്കാർഡ് ലാഭം ഉണ്ടാക്കി.വാർഷിക അറ്റാദായം 21,836 കോടി രൂപ. തലേ വർഷം 1876 കോടി രൂപ നഷ്ടമുണ്ടായിരുന്നു.
ഐഒസി എങ്ങനെയാണു ലാഭത്തിലായത്? വലിയ മാനേജ്മെൻ്റ് പരിഷ്കാരങ്ങളോ ബിസിനസ് പുനർ ക്രമീകരണമോ ഒന്നുമില്ല. വളരെ ക്ലാസിക്കൽ ആയ വ്യാപാരതന്ത്രം മാത്രം. കുറഞ്ഞ വിലയ്ക്കു വാങ്ങിയതു കൂടിയ വിലയ്ക്കു വിൽക്കുക. കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 30 ഡോളറിൽ താഴെ വന്നിരുന്നു. അപ്പോൾ വാങ്ങിയതും കരാർ ചെയ്തതുമായ എണ്ണയിൽ നിന്നുള്ള പെടോളും ഡീസലും പിന്നീട് ഉയർന്ന വിലയ്ക്കു വിറ്റു.
മൊത്തം വ്യാപാരം കുറഞ്ഞിട്ടു പോലും ഐഒസി റിക്കാർഡ് ലാഭമുണ്ടാക്കിയതിനു പിന്നിലെ രഹസ്യം ഇതാണ്.
മാർച്ച് 31-ന് അവസാനിച്ച വർഷം കേന്ദ്രത്തിൻ്റെ ധനകമ്മി പുതുക്കിയ ബജറ്റിൽ പ്രതീക്ഷിച്ചതിലുംം അൽപം കുറവാകും. അതേ സമയം 2021 - 22 ലെ കമ്മി കുടും. റേറ്റിംഗ് ഏജൻസി കെയർ റേറ്റിംഗ്സിൻ്റെ വിലയിരുത്തലാണിത്.
നികുതി വരുമാനം പ്രതീക്ഷയിലും കൂടുതലായതിനാൽ 2020-2l -ലെ കമ്മി ജിഡിപിയുടെ 9.5 ശതമാനത്തിനു പകരം ഒൻപതു ശതമാനമായി കുറയും.
ബിക് കോയിൻ വ്യാപാരം വിലക്കാനുള്ള ചൈനീസ് നീക്കം ഡിജിറ്റൽ ഗൂഢ കറൻസിയുടെ വില കുത്തനെ ഇടിച്ചു. ഇന്നലെ തുടക്കത്തിൽ 40,000 ഡോളറിനടുത്തായിരുന്ന വില 32,000 ഡോളറിലേക്കു താണു.പിന്നീടു ഗണ്യമായി തിരിച്ചു കയറിയെങ്കിലും ഇന്നു രാവിലെ 36,000 ഡോളറിലാണു വില. മറ്റു ഡിജിറ്റൽ കറൻസികളും ഇതേപോലെ ഇടിഞ്ഞു.
നിക്ഷേപകർക്ക് 75,000 കോടി ഡോളർ നഷ്ടമാണ് ഒരാഴ്ചകൊണ്ട് ഡിജിറ്റൽ കറൻസികളിൽ ഉണ്ടായത്.
ഇന്ത്യയിലെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ചകൾ പലതും ഇന്നലെ വിൽപ്പന സമ്മർദത്തിൽ പ്രവർത്തനരഹിതമായി.
Read DhanamOnline in English
Subscribe to Dhanam Magazine