റിക്കാർഡുകളിലേക്കു കണ്ണുനട്ട് വിപണി; റിസർവ് ബാങ്ക് ഉത്സാഹം പകരുന്നു; റിസൽട്ടുകളിൽ ആവേശം; ബിറ്റ് കോയിൻ തകർച്ച സ്വർണത്തിനു നേട്ടം

ആവേശകരമായ നിലയിലാണ് വെള്ളിയാഴ്ചത്തെ രണ്ടു ശതമാനം കുതിപ്പു കൊണ്ട് ഓഹരി സൂചികകൾ എത്തിപ്പെട്ടത്. പ്രതിവാര നേട്ടം മൂന്നു ശതമാനത്തിലധികം. ഒരു മാസത്തെ നേട്ടം ആറു ശതമാനത്തോളമുണ്ട്.

സെൻസെക്സ് സർവകാല ഉയരമായ 52,516.76-ൽ (ഫെബ്രുവരി 16 നു കുറിച്ചത് ) നിന്ന് 1976.31 പോയിൻ്റ് മാത്രം താഴെയാണ്. നിഫ്റ്റി 256.45 പോയിൻ്റ് കയറിയാൽ ഫെബ്രുവരി 16-ലെ സർവകാല റിക്കാർഡിൽ (15,431.75) എത്തും. വെള്ളിയാഴ്ചത്തെ ബുൾ കുതിപ്പിന് ഈ റിക്കാർഡുകൾ മറികടക്കാൻ കരുത്തുണ്ടെന്നാണു ബ്രോക്കറേജുകളുടെ വിലയിരുത്തൽ.

കോവിഡിൽ ആശ്വാസം

രാജ്യത്തു പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിനു താഴെയായതും വിദേശനിക്ഷേപകർ വീണ്ടും വാങ്ങലുകാരായതും മറ്റും ബുളളിഷ് ആവേശം വർധിപ്പിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിലേക്ക് ബജറ്റ് പ്രതീക്ഷയുടെ ഇരട്ടി തുക നൽകുന്നതും നല്ല സൂചനയാണ്. കൂടുതൽ സാമ്പത്തിക സമാശ്വാസ നടപടികൾ ഉണ്ടാകുമെന്നു റിസർവ് ബാങ്ക് സൂചിപ്പിച്ചതും വിപണിയെ സഹായിക്കും.
വ്യാവസായിക ലോഹങ്ങളുടെ വിലക്കയറ്റത്തിനെതിരേ ചൈന നടത്തുന്ന പോരാട്ടവും ആഗോള ഭക്ഷ്യ വിലക്കയറ്റവും മാത്രമാണു ബുള്ളുകൾക്ക് ഇപ്പോൾ ഭീഷണി. ഡോളറിൻ്റെ വിനിമയ നിരക്ക് കുറഞ്ഞത് ഇന്ത്യക്കു നല്ലതാണ്.
ഇങ്ങനെ അനുകൂലമായ സാഹചര്യത്തിൽ ഒരു ചോദ്യമേ ഉള്ളൂ. ഈ തരംഗം വെള്ളിയാഴ്ചത്തെ കുതിപ്പ് ഇന്നും തുടരുമോ അതോ കുറേക്കൂടി പാർശ്വ നീക്കങ്ങൾ നടത്തി കരുത്തു സമാഹരിക്കുമോ?

വിപണിയിൽ പണമെത്തുന്നു

വിപണിയിലേക്കു പണം വരുന്നുണ്ട്. മുൻ ആഴ്ചകളിൽ ഓഹരികൾ വിറ്റ പണം വിദേശ ഫണ്ടുകളുടെ പക്കൽ ഉണ്ട്. സ്വദേശി ഫണ്ടുകളും ഇപ്പോൾ പണ സമ്പന്നമാണ്. ലാഭമെടുക്കലിൻ്റെ സമ്മർദം അതിജീവിക്കാൻ വിപണിക്കു കഴിയുമെന്ന ശുഭപ്രതീക്ഷയാണു നിരീക്ഷകർക്കുള്ളത്.
നിഫ്റ്റി 15,150 നു മുകളിൽ ക്ലോസ് ചെയ്തത് വിപണി മനോഭാവം തിരുത്താൻ സഹായിക്കും. 15,330 ആണ് ഇനി മറികടക്കേണ്ട വലിയ തടസം. ഒന്നോ രണ്ടോ ദിവസം കരുത്താർജിക്കാനായി ചെറിയ കയറ്റിറക്കങ്ങളോടെ നീങ്ങിയിട്ടാകും വലിയ കുതിപ്പ് എന്നാണു സാങ്കേതിക വിശകലനക്കാർ കരുതുന്നത്. നിഫ്റ്റിക്ക് ഇപ്പോഴത്തെ ആവേശത്തിൽ 15,500 കടന്നു പോകാൻ കഴിയുമെന്നു കണക്കാക്കുന്നവരും ഉണ്ട്. 15,800 ആണ് അവർ ലക്ഷ്യമിടുന്നത്. 14,985 നു താഴോട്ടു നീങ്ങാതെ നോക്കണമെന്ന മുന്നറിയിപ്പും സാങ്കേതിക വിശകലനക്കാർ നൽകുന്നു.

ഏഷ്യയിൽ ഉണർവ്

വെള്ളിയാഴ്ച യൂറോപ്പിലും അമേരിക്കയിലും വിപണികൾ സമ്മിശ്ര ചിത്രമാണു നൽകിയത്. അമേരിക്കയിൽ ഡൗ ജോൺസ് ചെറുതായി ഉയർന്നപ്പോൾ മറ്റു സൂചികകൾ താഴോട്ടു പോയി.

ഇന്നു രാവിലെ ഏഷ്യൻ

വിപണികൾ നല്ല ഉണർവിലാണ്. യുഎസ് ഫ്യൂച്ചേഴ്സും കയറ്റം കാണിക്കുന്നു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി 15,230 നു മുകളിലായി. ഇന്ത്യയിൽ വിപണി ഉയർന്നു തുടങ്ങുമെന്നാണ് ഇതിലെ സൂചന.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിൻഡാൽകോ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവയുടെ മികച്ച റിസൽട്ടും വിപണിക്ക് ഉന്മേഷം പകരും.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 510.16 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശികൾ 649.1 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ്, സ്വർണം കയറി

ലോക വിപണിയിൽ ക്രൂഡ് ഓയിൽ അൽപം കയറി. ആഗാേള വളർച്ചയെപ്പറ്റി ശുഭപ്രതീക്ഷ കൂടുന്നതാണു കാരണം. ബ്രെൻ്റ് ഇനം 66.72 ഡോളറിലേക്കു കയറി.
സ്വർണം ഉയർച്ചയിലാണ്. ഔൺസിന് 1885 ഡോളറിലാണു രാവിലെ വ്യാപാരം. വെള്ളിയാഴ്ച 1887 വരെ കയറിയതാണ്. ഡോളർ നിരക്ക് ഇനിയും താഴുന്നില്ലെങ്കിൽ ഇന്നു കേരളത്തിൽ സ്വർണ വില കയറും.
ബിറ്റ് കോയിൻ വില 33,500 ഡോളറിനടുത്തേക്കു താണതു സ്വർണ ഇടിഎഫുകളിലേക്കു നിക്ഷേപകരെ തിരിച്ചുവിട്ടു. ഇന്നു രാവിലെ 35,000 ഡോളറിനു താഴെയാണു ബിറ്റ്കോയിൻ. ഒരു മാസം മുമ്പ് 63,500 ഡോളറിൽ എത്തിയതാണു ഡിജിറ്റൽ ഗൂഢ കറൻസി.
വെള്ളിയാഴ്ച ഡോളർ 72.83 രൂപയിലേക്കു താണു. ലോക വിപണിയിൽ ഡോളർ സൂചിക 90- നു മുകളിൽ പിടിച്ചു നിൽക്കുന്നു.

റിസർവ് ബാങ്ക് വീണ്ടും സർക്കാരിൻ്റെ രക്ഷയ്ക്ക്

റിസർവ് ബാങ്ക് വീണ്ടും കേന്ദ്ര സർക്കാരിൻ്റെ രക്ഷയക്കെത്തി. 2020-21 വർഷത്തെ മിച്ചം എന്ന നിലയിൽ 99,122 കോടി രൂപ സർക്കാരിനു നൽകുന്നു. തലേ വർഷം നൽകിയത് 57,128 കോടിയായിരുന്നു.
ബജറ്റിൽ കണക്കാക്കിയിരുന്ന 45,000 കോടി രൂപയുടെ ഇരട്ടിയിലേറെയാണിത്. നികുതി വരുമാനത്തിൽ സർക്കാരിന് ഈ വർഷവും വലിയ കുറവ് നേരിടുമെന്ന് ഉറപ്പാണ്. കോവിഡ് നിയന്ത്രണങ്ങൾ മേയിലും ജൂണിലും ജിഎസ്ടി പിരിവ് കുറയ്ക്കും. ജൂണിൽ ജി എസ് ടി ഒരു ലക്ഷം കോടി രൂപയ്ക്കു താഴെയാകുമെന്നാണ് ഇ- വേ ബില്ലുകളിലെ കുറവു നൽകുന്ന സൂചന. ഗവണ്മെൻ്റ് ഉദ്ദേശിച്ചത്ര തുക പൊതുമേഖലാ ഓഹരി വിൽപ്പന വഴി കിട്ടാനും സാധ്യത കുറവാണ്.ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് തീരുമാനം സർക്കാരിനു വലിയ ആശ്വാസമാണ്.
റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട ആകസ്മിക നഷ്ടസാധ്യതാ നിധി (Contingency Risk Reserve) മൊത്തം ബാലൻസ് ഷീറ്റിൻ്റെ 5.5 ശതമാനം മുതൽ 6.5 ശതമാനം വരെ ആയിരിക്കണമെന്നാണു ബിമൽ ജലാൻ കമ്മിറ്റി കഴിഞ്ഞ വർഷം നിർദേശിച്ചത്. ഇത്തവണ 5.5 ശതമാനം സൂക്ഷിച്ചിട്ടു ബാക്കി മിച്ചം സർക്കാരിനു നൽകുകയായിരുന്നു.
റിസർവ് ബാങ്ക് വിദേശനാണ്യ വിൽപനയിലെ വർധിച്ച ലാഭം കൂടി ചേർത്താണ് കൂടുതൽ മിച്ചം ഉണ്ടാക്കിയത്. കറൻസി വിപണിയിൽ ഇടപെടുമ്പോൾ കുറഞ്ഞ വിലയ്ക്കു വാങ്ങിയ ഡോളർ കൂടിയ വിലയ്ക്കു വിൽക്കുന്നു. ഇതു ലാഭമുണ്ടാക്കും. ബാങ്കുകളിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ പലിശ വരുമാനം റിസർവ് ബാങ്കിനു ലഭിക്കും. റിസർവ് ബാങ്കിൽ നിന്നു വാണിജ്യ ബാങ്കുകൾക്കു വായ്പ നൽകുമ്പോഴും പലിശ ലഭിക്കുന്നു. ബാങ്കുകൾക്കു പണഞെരുക്കമുണ്ടാകുന്ന കാലങ്ങളിൽ ഇതു വർധിക്കും. അതു ലാഭം വർധിപ്പിക്കും. വിദേശനാണ്യ ശേഖരം വർധിച്ചപ്പോൾ റിസർവ് ബാങ്കിൻ്റെ പക്കലുള്ള വിദേശനാണ്യ കടപ്പത്രങ്ങൾ കൂടി. അവയിൽ നിന്നും പലിശ ലഭിക്കും.
ഇങ്ങനെ വിവിധ രീതികളിൽ ലഭിക്കുന്ന ലാഭത്തിൽ നിന്നാണു ഗവണ്മെൻ്റിനു പണം നൽകുന്നത്. റിസർവ് ബാങ്കിൻ്റെ മിച്ചം സർക്കാരിലേക്കു നീക്കുന്നു എന്നു പറയുമ്പോഴും അത്രയും പണം അധികമായി അച്ചടിച്ചു നൽകുകയാണ്. അതു പണപ്പെരുപ്പം ചെറുതായി വർധിപ്പിക്കും എന്ന വിഷയം കൂടിയുണ്ട്. റിസർവ് ബാങ്ക് മിച്ചം കൈമാറും വരെ കണക്കിൽ മാത്രം ഉള്ള പണമാണത്. കറൻസിയല്ല. അതു വിപണിയിൽ ഇടപെടില്ല. ഗവണ്മെൻ്റിനു നൽകുമ്പോൾ കറൻസിയാണു നൽകേണ്ടത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it