റിലയൻസിൻ്റെ കുതിപ്പിനു പിന്നിൽ എന്ത്? അമേരിക്കയിലെ വിലക്കയറ്റത്തിൽ ആർക്കു വിഷമം? ജിഡിപി കണക്ക് ഇന്നറിയാം

നിഫ്റ്റി സർവകാല റിക്കാർഡ് മറികടന്നാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയതത്.സെൻസെക്സ് റിക്കാർഡിൽ നിന്ന് ആയിരം പോയിൻ്റ് താഴെയും. റിക്കാർഡുകൾ മറികടക്കുമ്പോൾ ഒരു പിൻവാങ്ങൽ പതിവാണ്. അങ്ങനെയൊരു പിൻവാങ്ങൽ ഇന്നു നിഫ്റ്റി യിൽ ഉണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ട്.

ജിഡിപി കണക്കുമുതൽ പ്രധാനപ്പെട്ട നിരവധി സാമ്പത്തിക സൂചകങ്ങൾ ഇന്നു തുടങ്ങുന്ന ആഴ്ചയിൽ പുറത്തു വരാനുണ്ട്. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗവുമുണ്ട്. വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ വിലയിരുത്തലാണു വിപണി ഉറ്റുനോക്കുന്നത്.

റിലയൻസിലെ അസാധാരണ കുതിപ്പിനു പിന്നിൽ എന്ത്?

വെള്ളിയാഴ്ചത്തെ മുഖ്യസൂചികകളുടെ കയറ്റം മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികളിൽ ഇല്ലായിരുന്നു. അവ താഴോട്ടു പോയി. മുഖ്യസൂചികകളിൽ തന്നെ ഉയർച്ച പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കയറ്റം മൂലമായിരുന്നു.
കുറേ കാലമായി കാണാത്ത രീതിയിലും തോതിലുമാണു വെള്ളിയാഴ്ച റിലയൻസ് ഓഹരി കുതിച്ചത്. 119 രൂപ (ആറു ശതമാനം) ഉയർച്ച. അതിൻ്റെ ബലത്തിൽ മാത്രമാണു നിഫ്റ്റിയും സെൻസെക്സും കയറിയത്.

പുതിയ കാരണങ്ങൾ ഇല്ല

റിലയൻസിൻ്റെ ഉയർച്ചയ്ക്കു കാരണമായി പറയാൻ പ്രത്യേക കാരണമൊന്നും ഇല്ലെന്നതാണു സത്യം. പക്ഷേ റിലയൻസ് ഓഹരി 55-60 ശതമാനം കുതിക്കും എന്നു ചില ബ്രോക്കറേജുകൾ റിപ്പോർട്ട് ഇറക്കി. കാരണം ഓയിൽ ടു കെമിക്കൽസ് (02C) ബിസിനസ് വലിയ ലാഭ മാർജിൻ നേടുമെന്നതാണു കാരണമായി പറഞ്ഞത്. പക്ഷേ ആ സാധ്യത രണ്ടു മൂന്നു മാസമായി നിലവിലുള്ളതാണ്. റിലയൻസ് റീട്ടെയിലും ജിയോയും ലിസ്റ്റ് ചെയ്യാനുള്ള ആലാചനയും ഒ-ടു-സിയിൽ സൗദി അരാംകോയുടെ നിക്ഷേപവും പുതിയ വാർത്തയല്ല.
റിലയൻസ് ഗ്രൂപ്പിൻ്റെ അറ്റ മൂല്യം (Net Worth), വിപണി മൂല്യം എന്നിവയക്കു തൊട്ടടുത്തു ഗൗതം അഡാനിയുടെ ഗ്രൂപ്പ് എത്തിയിരുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൻ്റെ ഗ്രൂപ്പിൻ്റെ ഒന്നാം സ്ഥാനം വെല്ലുവിളി ഇല്ലാത്ത വിധം ഉയർത്തി നിർത്താൻ മുകേഷ് അംബാനി ആഗ്രഹിക്കുക സ്വാഭാവികം. ആ ആഗ്രഹവുമായി ഓഹരിക്കുതിപ്പിനു ബന്ധമുണ്ടോ?
ബ്രോക്കറേജുകളുടെ റിപ്പോർട്ട് അനുസരിച്ചു വിപണി നീങ്ങിയാൽ റിലയൻസ് ഇനിയും വലിയ തോതിൽ ഉയരും. 2900 രൂപയാണു ചില ബ്രോക്കറേജുകളുടെ പ്രവചനം.

ബുളളിഷ് മനോഭാവം

നിഫ്റ്റി ഇന്നു 15,250-നു മുകളിൽ നിലനിന്നാൽ ചെറിയ സമാഹരണത്തിനു ശേഷം 16,000 ലക്ഷ്യമിട്ടു നീങ്ങാനാകുമെന്നാണു സാങ്കേതിക വിശകലനക്കാർ വിലയിരുത്തുന്നത്. 15,250 നല്ല സപ്പോർട്ട് നൽകും. പൊതുവേ ബുളളിഷ് ആണു വിപണി മനാഭാവം.
ഇന്നു രാവിലെ എസ്ജിഎക്സ് നിഫ്റ്റി ഉയർച്ചയിലാണ്. വെള്ളിയാഴ്ച 15,484 ലായിരുന്നു ഡെറിവേറ്റീവ് വിപണി.
ആഗോള വിപണികൾ വെള്ളിയാഴ്ച സമ്മിശ്ര ചിത്രമാണു നൽകിയത്. ഇന്നു രാവിലെ ജപ്പാനിലെ നിക്കെെ അടക്കം ഏഷ്യൻ ഓഹരികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. യുഎസ് വിലക്കയറ്റമാണ് ആശങ്കയക്കു കാരണം. ടോക്കിയാേ ഒളിംപിക്സ് നടത്തിപ്പിനെപ്പറ്റിയുള്ള അനിശ്ചിതത്വവും ജാപ്പനീസ് ഓഹരികളെ ബാധിച്ചു. കൊറിയൻ വിപണിയും തുടക്കത്തിൽ താഴ്ന്നു.

ക്രൂഡ്, സ്വർണം കയറി

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർച്ചയിലാണ്. ആഗാേള വളർച്ചയെപ്പറ്റി പ്രതീക്ഷ വർധിച്ചു. ഇന്ത്യയിൽ കോവിഡ് രോഗബാധ കുറയുന്നത് ഇന്ത്യൻ ഡിമാൻഡ് വർധിപ്പിക്കുമെന്ന പ്രതീക്ഷ നൽകി. ബ്രെൻ്റ് ഇനം 68.98 ഡോളറിലേക്കു കയറിയിട്ട് അൽപം താണു.
സ്വർണം ഇന്നു രാവിലെ കുതിച്ചു. ഏഷ്യൻ വ്യാപാരത്തിൽ ഔൺസിന് 1907.9 ഡോളറിലേക്കു കയറി. ശനി വെള്ളിയാഴ്ച 1903.6 ഡോളറിലായിരുന്നു ക്ലോസിംഗ്. വില ഇനിയും കയറുമെന്നാണു നിഗമനം.

അമേരിക്കൻ വിലക്കയറ്റം കുതിക്കുന്നു

അമ്മരിക്കൻ വിപണികൾ വെള്ളിയാഴ്ച നേരിയ ഉയർച്ച കാണിച്ചു. അമേരിക്കയിലെ ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 3.6 ശതമാനത്തിലേക്കു കയറി. മാർച്ചിലെ 4.2 ശതമാനത്തിലും കുറവാണിത്. എന്നാൽ ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.1 ശതമാനമായത് അപ്രതീക്ഷിതമാണ്. 2008 -നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രണ്ടു ശതമാനം വിലക്കയറ്റം എന്ന ഫെഡ് ലക്ഷ്യത്തേക്കാൾ കൂടുതൽ. പക്ഷേ അതേപ്പറ്റി അധികം ആശങ്ക വിപണി പ്രകടിപ്പിച്ചില്ല. വിലക്കയറ്റം താൽക്കാലികമാണെന്ന ഫെഡ് നിലപാടാണ് വെള്ളിയാഴ്ച വിപണിയെ നയിച്ചത്.ഒരു പക്ഷേ ഇന്നു കടപ്പത്ര- ഓഹരി വിപണികളും കറൻസി വിനിമയ വിപണിയും മറിച്ചു ചിന്തിച്ചു കൂടായ്കയില്ല. അങ്ങനെ ചിന്തിച്ചാൽ വിപണികളിൽ വലിയ ചലനമുണ്ടാകും.

ജിഡിപി എസ്റ്റിമേറ്റ് ഇന്നറിയാം

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിലെ ജിഡിപി എസ്റ്റിമേറ്റും 2020-21 ലെ ജിഡിപിയുടെ താൽക്കാലിക എസ്റ്റിമേറ്റും ഇന്നു വൈകുന്നേരം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിടും. നാലാം പാദത്തിൽ ജിഡിപി ഒരു ശതമാനം ചുരുങ്ങും എന്നാണ് ഫെബ്രുവരിയിൽ എൻഎസ്ഒ കണക്കാക്കിയത്. എന്നാൽ ഇപ്പോൾ മറ്റ് ഏജൻസികളെല്ലാം നാലാം പാദത്തിൽ ഒന്നു മുതൽ രണ്ടു വരെ ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. എൻഎസ്ഒ കണക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
വാർഷിക ജിഡിപി ഏഴു മുതൽ എട്ടര വരെ ശതമാനം ചുരുങ്ങുമെന്നാണു വിവിധ ഏജൻസികളുടെ വിലയിരുത്തൽ. മുൻ പാദങ്ങളിലെ കണക്കുകളിൽ എൻഎസ്ഒ വരുത്തുന്ന മാറ്റം വാർഷിക വളർച്ച (തളർച്ച) എത്രയെന്നതിൽ നിർണായകമാണ്.
കാതൽമേഖലയിലെ എട്ടു വ്യവസായങ്ങളുടെ ഏപ്രിലിലെ ഉൽപാദന സൂചിക ഇന്നു പരസ്യപ്പെടുത്തും. ഏപ്രിലിലെ കമ്മി നിലവാരവും ഇന്ന് അറിയാം.
മേയിലെ ഫാക്ടറി ഉൽപാദനത്തിൻ്റെ പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ്) ചൊവ്വാഴ്ചയും സേവന മേഖലയുടെ പിഎംഐ ബുധനാഴ്ചയും പുറത്തു വരും.

പലിശയും റിസർവ് നിരക്കുകളും മാറ്റാനിടയില്ല

ഈയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ചേരുന്നുണ്ട്. രണ്ടിനു തുടങ്ങുന്ന കമ്മറ്റി യോഗത്തിൻ്റെ വിലയിരുത്തലും തീരുമാനവും വെള്ളിയാഴ്ച രാവിലെ ഗവർണർ ശക്തികാന്ത ദാസ് വെളിപ്പെടുത്തും.
പലിശ നിരക്കിലോ കരുതൽ പണ അനുപാതമടക്കം നിർണായക ബാങ്കിംഗ് റേഷ്യോകളിലോ മാറ്റം പ്രതീക്ഷിക്കുന്നില്ല. പലിശ നിരക്കിൽ വർധന വരാത്ത വിധം ഉള്ള സമീപനം തുടരും എന്നാകും പ്രഖ്യാപനം. അതായതു ബാങ്കുകൾക്കു പണലഭ്യത കൂട്ടുകയും കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം (yield) വർധിക്കാത്ത വിധം കടപ്പത്രം തിരിച്ചു വാങ്ങലും റിവേഴ്സ് റീപോ ഇടപാടുകളും ക്രമീകരിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം മേയ് 22ന് പതിവ് എംപിസി യോഗം ചേരാതെ റീപോ, റിവേഴ്സ് റീപോ നിരക്കുകൾ കുറച്ചതിനു ശേഷം നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. അന്നു ദേശീയ ലോക്ക് ഡൗണിനിടയിൽ ആശ്വാസം നൽകാനായിരുന്നു അത്. പിന്നീടു വളർച്ച നിരക്കിൽ ആശ്വസിക്കാൻ വക കാണാതിരുന്നതിനാൽ നിരക്കുകൾ കൂട്ടാൻ ആലോചന ഉണ്ടായിട്ടില്ല. 2020-21 ലെ ശരാശരി ചില്ലറ വിലക്കയറ്റം 6.2 ശതമാനമായിട്ടും നിരക്കു കൂട്ടാൻ തുനിയാത്തതു വളർച്ചയ്ക്കു പകരം തളർച്ച നിലനിന്നതു കൊണ്ടാണ്.
ഈ വർഷം വാർഷിക ചില്ലറ വിലക്കയറ്റം 5.2 ശതമാനം ആകുമെന്നാണു റിസർവ് ബാങ്കിൻ്റെ മുൻവിലയിരുത്തൽ. ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാകുമെന്നാണു ബാങ്ക് കരുതുന്നത്. ബമ്പർ വിളവെടുപ്പ് വില കുറയ്ക്കുമെന്നാണു നിഗമനം. വിളവെടുപ്പ് കഴിഞ്ഞ വർഷവും കുറവല്ലായിരുന്നു. ഓരോ വിപണിയിലും എത്തുന്നതിലായിരുന്നു തടസം. ഈ വർഷവും നില മാറ്റമില്ല.

ചെറുകിട വ്യവസായങ്ങൾക്ക് ആശ്വാസ നടപടി വ്യാപിപ്പിച്ചു

കോവിഡിൻ്റെ രണ്ടാം വ്യാപനം മൂലം ഞെരുക്കത്തിലായ വ്യവസായങ്ങൾക്കു സഹായപദ്ധതി. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്തു പ്രഖ്യാപിച്ച ഇസിഎൽജിഎസ് (എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരൻ്റി സ്കീം) നീട്ടി നൽകിയതാണ് സഹായം. സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്കാണു പ്രയോജനം. വ്യോമഗതാഗത കമ്പനികൾക്കും ആരോഗ്യ സേവന സ്ഥാപനങ്ങൾക്കും കൂടി ഈ വായ്പാ ഗാരൻ്റി കിട്ടും. മൊത്തം മൂന്നു ലക്ഷം കോടി രൂപയുടെ ബാങ്കുവായ്പകൾക്ക് ഗവണ്മെൻ്റ് ഗാരൻ്റി നൽകും. സ്കീമിൽ ഇതുവരെ 2.54 ലക്ഷം കോടി രൂപ അനുവദിച്ചു. 2.4 ലക്ഷം കോടി നൽകി.
പരമാവധി 500 കോടിയുടെ വരെ വായ്പയ്ക്കു മാത്രമേ ഗാരൻ്റി നൽകൂ എന്ന വ്യവസ്ഥ മാറ്റി. വായ്പ എത്രയുമാകാം. ഗാരൻ്റി 40 ശതമാനം തുകയ്ക്ക് (പരമാവധി 200 കോടി) എന്നാക്കി. ആശുപത്രികൾക്കും നഴ്സിംഗ് ഹോമുകൾക്കും ക്ലിനിക്കുകൾക്കും രണ്ടു കോടി രൂപ വരെ അനുവദിക്കുന്ന വായ്പയ്ക്കു മുഴുവനും ഗാരൻ്റി നല്കും.
നേരത്തേ സ്കീമിൻ്റെ ഭാഗമായവർക്കു ബാക്കി നിൽപ്പു തുകയുടെ 10 ശതമാനം കൂടി സഹായം കിട്ടും. പദ്ധതി പ്രകാരം കടം പുനർക്രമീകരണം നാലു വർഷം എന്നത് അഞ്ചു വർഷമാക്കി. സകീം കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി.
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു വലിയ പ്രയോജനം ചെയ്യുന്നതാണു പദ്ധതി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it