ട്രംപിനെ തള്ളി വിപണി, യുക്തിരഹിതമായ അത്യുത്സാഹം തുടരുമോ?

ട്രംപിനെ അവഗണിക്കാൻ അമേരിക്കൻ വിപണി തീരുമാനിച്ചു. യൂറോപ്പിൽ വീണ്ടും ബ്രെക്സിറ്റ് അനിശ്ചിതത്വം. ടി സി എ സിൻ്റെ മികച്ച പ്രകടനം ഐടി ഓഹരികളെ സഹായിക്കും. വാണിജ്യ വാഹന വില്പനയിലെ ഉണർവും വിപണിയെ തുണയ്ക്കും. ലാഭമെടുക്കൽ അമിതമായില്ലെങ്കിൽ വിപണി ബുള്ളിഷ് കാൻഡിലിൻ്റെ വെളിച്ചത്തിൽ ഉയരങ്ങൾ തേടും.

നവംബര്‍ മൂന്നിന് യു എസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജയിക്കില്ലെന്ന കാഴ്ചപ്പാടിലാണു യുഎസ് വിപണി. ഉത്തേജകം, എച്ച് വണ്‍ ബി വീസ തുടങ്ങിയ വിഷയങ്ങളിലെ ട്രംപിന്റെ നിലപാട് കാര്യമാക്കാതെയാണു യുഎസ് വിപണികള്‍ ഇന്നലെ പ്രവര്‍ത്തിച്ചത്. ഡൗ ജോണ്‍സ് സൂചിക ഇന്നലെ 530 പോയിന്റ് കയറിയത് ഇതിന്റെ ഫലമാണ്. സ്വര്‍ണ- ക്രൂഡ് വിപണികളിലും ഇതായിരുന്നു സമീപനം.

ബുള്ളിഷ് കാന്‍ഡില്‍ തെളിഞ്ഞു.

ഇന്നലെ നിഫ്റ്റി 11,738.85 ല്‍ ക്ലോസ് ചെയ്തതോടെ ഒരു ബുള്ളിഷ് കാന്‍ഡില്‍ ഫോര്‍മേഷന്‍ ആയതായി സാങ്കേതിക വിശകലനക്കാര്‍ കരുതുന്നു. ഇതു നിഫ്റ്റിയെ 12,000-നു മുകളിലേക്കു നയിക്കുമെന്ന് അവര്‍ കരുതുന്നു. വിറ്റു ലാഭമെടുക്കാന്‍ അധികം പേര്‍ ശ്രമിക്കില്ലെന്നാണു പ്രതീക്ഷ

* * * * * * * *

ആര്‍ബിഐയില്‍ കണ്ണുനട്ട്

റിസര്‍വ് ബാങ്കിന്റെ പണ നയ കമ്മിറ്റി യോഗം തുടരുകയാണ്. നാളെ അവലോകന തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. വളര്‍ച്ചയ്ക്കു മുന്തിയ പരിഗണന നല്കുന്നവരാണു കമ്മിറ്റിയിലെ പുതിയ അംഗങ്ങള്‍. പലിശ നിരക്ക് താഴ്ത്താനിടയില്ലെങ്കിലും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ തക്ക നടപടികള്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തേക്കും. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചാലും അത്ഭുതമില്ലെന്ന് എച്ച് ഡി എഫ് സി യുടെ കേകി മിസ്ത്രി പറയുന്നു.

* * * * * * * *

എല്ലാവരും ബുള്ളുകള്‍

വിപണിയില്‍ ബുള്ളുകള്‍ ആണ് അധികം. പല കാരണങ്ങള്‍ ഇതിനുണ്ടാകാം. എന്തായാലും ചെറിയ നല്ല കാര്യത്തില്‍ പോലും വലിയ ആവേശമാണു വിപണിയില്‍. ഒരു തരം യുക്തിരഹിതമായ അത്യുത്സാഹം. സെപ്റ്റംബറിലെ പല സൂചകങ്ങളും പറഞ്ഞുള്ള ആവേശം ഇപ്പോഴും ആവര്‍ത്തിക്കുകയാണ് അവര്‍.

.......................

വിദേശികള്‍ രംഗത്തുണ്ട്

സെപ്റ്റംബറില്‍ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു വിറ്റു മാറിയ വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. തുടര്‍ച്ചയായി അഞ്ചാം ദിവസവും ഓഹരി സൂചികകള്‍ ഉയരാന്‍ വിദേശ നിക്ഷേപമാണു പ്രധാന ഘടകം. ഇന്നലെ വിദേശികള്‍ 1039 കോടി രൂപ നിക്ഷേപിച്ചു. ഫെബ്രുവരി 25-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണു നിഫ്റ്റിയും സെന്‍സെക്‌സും ഇപ്പോള്‍.

2023 വരെ യുഎസ് അടിസ്ഥാന പലിശ പൂജ്യം ശതമാനത്തിനടുത്തു തുടരുമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞത് വിദേശ നിക്ഷേപകര്‍ തുടര്‍ന്നും ഇവിടെ സജീവരായിരിക്കും എന്ന് ഉറപ്പാക്കുന്നു.

* * * * * * * *

ടിസിഎസിനു പിന്നാലെ വിപ്രോയും

ടിസിഎസിനു പിന്നാലെ ഓഹരി തിരിച്ചു വാങ്ങാന്‍ വിപ്രോയും ഉദ്ദേശിക്കുന്നു. 13-നു ബോര്‍ഡ് യോഗം തീരുമാനമെടുക്കും. 2018-ല്‍ ടിസിഎസിനു പിന്നാലെ ഇന്‍ഫോസിസും വിപ്രോയും ടെക് മഹീന്ദ്രയും ഓഹരി തിരിച്ചു വാങ്ങിയിരുന്നു. ഇത്തവണ ഇന്‍ഫോസിസും ടെക് മഹീന്ദ്രയും എന്തു ചെയ്യുമെന്നു സൂചന ലഭിച്ചില്ല.

ടിസിഎസിനു 860 കോടി ഡോളറിന്റെ പുതിയ കരാറുകള്‍ ലഭിച്ചതും ലാഭ മാര്‍ജിന്‍ ഗണ്യമായി കൂടിയതും വിപണിയെ സന്തോഷിപ്പിച്ചിട്ടുണ്ട്. എങ്കിലും ടി സിഎസ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തള്ളിക്കളയാനാവില്ല.

* * * * * * * *

ടിസിഎസ്മുടക്കുന്നത് 16,000 കോടി

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരി തിരിച്ചു വാങ്ങാന്‍ 16,000 കോടി രൂപ മുടക്കും. ഒന്നിനു 3000 രൂപ വച്ച് 5.33 കോടി ഓഹരികളാണു തിരിച്ചു വാങ്ങുക. ഇന്നലെ 2735.95 രൂപയായിരുന്നു ടി സി എസിന്റെ ക്ലോസിംഗ് വില. 2018 ലും കമ്പനി 16,000 കോടി രൂപയാണ് ഓഹരി തിരിച്ചു വാങ്ങാന്‍ ഉപയോഗിച്ചത്. അന്ന് ഓഹരി ഒന്നിന് 2100 രൂപ നല്കി.

ഓഹരി തിരിച്ചു വാങ്ങലിന്റെ വലിയ ഗുണഭോക്താക്കള്‍ ടാറ്റാ സണ്‍സ് ആണ്. എസ്.പി.മിസ്ത്രി ഗ്രൂപ്പുമായി വഴി പിരിയാനൊരുങ്ങുന്ന ടാറ്റാമാര്‍ക്ക് ഇതുവഴി 12000 കോടിയിലേറെ ലഭിക്കും

ടി സിഎസ് രണ്ടാം പാദത്തില്‍ 40,135 കോടി രൂപയുടെ വിറ്റുവരവില്‍ 7475 കോടി രൂപ അറ്റാദായമുണ്ടാക്കി. തലേ വര്‍ഷത്തെ അപേക്ഷിച്ച് ഏഴര ശതമാനം കുറവാണ് അറ്റാദായം. എന്നാല്‍ പ്രവര്‍ത്തന ലാഭം 23.6 ശതമാനത്തില്‍ നിന്ന് 26. 2 ശതമാനമായി വര്‍ധിച്ചു. കമ്പനി ഷെയര്‍ ഒന്നിന് 12 രൂപ ഇടക്കാല ലാഭ വീതവും പ്രഖ്യാപിച്ചു.

* * * * * * * *

ബ്രെക്‌സിറ്റും എച്ച് വണ്‍ ബി യും

ഈ 15 നകം ധാരണ ഉണ്ടായില്ലെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലാതെ വിട്ടു പോകുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും പറഞ്ഞതു യൂറോപ്യന്‍ വിപണികളില്‍ ഇന്നലെ ചെറിയ ഇടിവുണ്ടാക്കി. കരാറില്ലാതെ പിന്മാറുന്നതു ബ്രിട്ടനാണു വലിയ ക്ഷീണം വരുത്തുക.

എച്ച് വണ്‍ ബി വീസയുടെ വ്യവസ്ഥകള്‍ യു എസ് കര്‍ശനമാക്കി. ടെക് കമ്പനികള്‍ക്കു 'പ്രശ്‌നം സൃഷ്ടിക്കുന്നതാണു പുതിയ ചട്ടങ്ങള്‍. പഴയ ഉത്തരവ് കോടതി തട്ടിക്കളഞ്ഞപ്പോഴാണു കൂടുതല്‍ കടുത്ത വ്യവസ്ഥകള്‍ കൊണ്ടുവന്നത്. പക്ഷേ വിപണി കാര്യമായി പ്രതികരിച്ചില്ല. ഭരണം മാറുമ്പോള്‍ ചട്ടം മാറ്റാമെന്ന പ്രതീക്ഷയാണു കാരണം

* * * * * * * *

വാണിജ്യവാഹന വില്‍പ്പന മെച്ചം

സെപ്റ്റംബറില്‍ വാണിജ്യ വാഹന വില്‍പ്പന മെച്ചപ്പെട്ടു. തലേ സെപ്റ്റംബറിനെ അപേക്ഷിച്ച് 2.3 ശതമാനം കുറവേ ഇത്തവണ ഉള്ളൂ. ഇതു വ്യവസായ - വ്യാപാര മേഖലകളില്‍ ഉണര്‍വ് വരുന്നു എന്നാണു സൂചിപ്പിക്കുന്നത്.

* * * * * * * *

ക്രൂഡ്കയറി

ക്രൂഡ് ഓയില്‍ വില തിരിച്ചു കയറി. ബ്രെന്റ് ഇനം വീപ്പയ്ക്കു 42 ഡോളറിനും ഡബ്‌ള്യു ടി ഐ ഇനം 40 ഡോളറിനും മുകളിലായി . അല്‍പ്പം കൂടി ഉയരുമെന്നാണു സൂചന.
സ്വര്‍ണ വില താഴോട്ടുള്ള യാത്രയില്‍ നിന്നു മാറി. ഇനി ഉയര്‍ച്ചയുടെ വഴിയിലാകും. ഔണ്‍സിന് 1888 ഡോളറിലായി ന്യു യോര്‍ക്ക് വില.

* * * * * * * *

രൂപകയറി

തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിനു ശേഷം രൂപ കയറി. ഡോളറിന് ഇന്നലെ 13 പൈസ കുറഞ്ഞ് 73.33 രൂപയായി. വിദേശ നിക്ഷേപകര്‍ സജീവമായി വിപണിയിലുള്ളത് രൂപയെ കരുത്തനാക്കും.

* * * * * * * *

ഇന്നത്തെവാക്ക് : ബുള്ളിഷ് കാൻഡിൽ

ഓരോ ദിവസത്തെയും ഓഹരി വില വിവരങ്ങൾ കത്തുന്ന മെഴുകുതിരിയുടെ രൂപത്തിൽ രേഖപ്പെടുത്തി വിശകലനം നടത്തുന്നവരുണ്ട്. ഈ തിരികൾ ബുള്ളിഷ്, ബെയറിഷ് പാറ്റേണുകൾ രൂപപ്പെടുത്താംം. കുറേ ദിവസംം കൊണ്ടു ബുള്ളിഷ് പ്രവണത കാണുമ്പോൾ വാങ്ങലിനു പ്രചോദനം കുടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it