ജുന്‍ജുന്‍വാലയുടെ ചില സ്‌റ്റോക്കുകള്‍ക്ക് ഇതെന്തുപറ്റി? ഈ ഓഹരിയും വന്‍ ചാഞ്ചാട്ടത്തില്‍
ജുന്‍ജുന്‍വാല സറ്റോക്കുകളില്‍ പലതിനും ഇക്കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത പ്രഹരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൈറ്റന്‍ ഓഹരികള്‍ കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നില തുടരുമ്പോള്‍ ഇപ്പോഴിതാ ഡെല്‍റ്റ കോര്‍പ്പറേഷന്‍ ഓഹരികളുടെ തളര്‍ച്ചയുടെ റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.
ഈ ഓഹരിയുടെ കാര്യത്തില്‍ സൂചനകള്‍ അത്ര നല്ല രീതിയിലല്ല ലഭിക്കുന്നതെന്നതിനാല്‍ ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാല തന്റെ ഷെയര്‍ഹോള്‍ഡിംഗിന്റെ ഒരു ഭാഗം ഗെയിമിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഡെല്‍റ്റ കോര്‍പ്പറേഷനില്‍ നിന്നും വെട്ടിക്കുറച്ചിരിക്കുകയാണ്. തിങ്കളാഴ്ച, ഡെല്‍റ്റ കോര്‍പ്പറേഷന്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലുമായി.
ഇന്നലെ ( ജൂണ്‍ 20) ഏകദേശം 2.46 മണിക്ക് ഡെല്‍റ്റ ബിഎസ്ഇയില്‍ 15.50 അല്ലെങ്കില്‍ 8.41% കുറഞ്ഞ് 168.70 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. പിന്നീട് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന മാര്‍ക്കായ 162.10രൂപ തൊട്ടു. ഡെല്‍റ്റ കോര്‍പ്പറേഷനില്‍ രാകേഷ് ജുന്‍ജുന്‍വാല 5,750,000 ഇക്വിറ്റി ഓഹരികള്‍ ഒന്നിന് 167.17 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തതായാണ് ബിഎസ്ഇയിലെ ബള്‍ക്ക് ഡാറ്റ റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇന്ന് (2022 ജൂണ്‍ 21 ന്) ഓഹരികള്‍ ഉയര്‍ന്ന് 178.75 രൂപയിലെത്തി നില്‍ക്കുകയാണ്.