55 ശതമാനം വീഴ്ച നേരിട്ട ഈ ജുന്‍ജുന്‍വാല സ്റ്റോക്ക് കരകയറുമോ?

ചാഞ്ചാട്ടം നേരിടുമെങ്കിലും വിപണിയില്‍ പ്രതീക്ഷ വച്ചുകൊണ്ടുള്ള നിക്ഷേപരീതിയായതിനാല്‍ തന്നെ ചെറുകിട ഇടത്തരം നിക്ഷേപകരില്‍ പലരും ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ശ്രദ്ധിക്കാറുണ്ട്. ടാറ്റ സ്റ്റോക്കുകളും മറ്റും ജുന്‍ജുന്‍വാലയെ കണ്ട് നിക്ഷേപിച്ചവരും ചില്ലറയല്ല. എന്നാല്‍ ബിഗ് ബുള്ളിനെ കണ്ണുമടച്ചങ്ങ് വിശ്വസിക്കരുതെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലെ ചില ഓഹരികള്‍ നല്‍കുന്ന സൂചന.

ഈ ഫാര്‍മ കമ്പനി സ്റ്റോക്ക് വീണത് 890 രൂപയില്‍ നിന്നും 398 രൂപയിലേക്കാണ്. ഒരു വര്‍ഷത്തില്‍ 54-55% വരെയാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്ക് ഇടിഞ്ഞത്. ജൂബിലന്റ് ഫാർമോവ (Jubilant Pharmova) യാണ് ആ കമ്പനി.

കമ്പനിയുടെ മോശം പ്രകടനവും സ്റ്റോക്കിന്റെ വളർച്ചയ്ക്ക് തടസ്സമാകുന്നുണ്ട്. അറ്റാദായത്തില്‍ 72 ശതമാനം ഇടിവാണ് ഈ സ്‌റ്റോക്ക് നാലാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 59.55 കോടി രൂപയാണ് കമ്പനി മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം.

വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വരുമാനം 3.9 ശതമാനം ഇടിഞ്ഞ് 1524.57 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 1586 .47 കോടിയായിരുന്നു.

ഡിസംബര്‍ പാദ കണക്കു പ്രകാരം കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും രേഖ ജുന്‍ജുന്‍വാലയ്ക്കുമായി 6.3 ശതമാനം ഇക്വിറ്റി ഷെയറുകളാണ് ഉണ്ടായിരുന്നതെങ്കിലും നിക്ഷേപം വര്‍ധിപ്പിച്ച് മാര്‍ച്ച് പാദത്തില്‍ 6.8 ശതമാനമാക്കിയിരുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള അനലിസ്റ്റുകള്‍ നേരത്തെ ഈ ഓഹരിക്ക് മിഡ് ടേം ഗ്രോത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ അത്ര പ്രതീക്ഷ നല്‍കുന്നില്ല. ജനറിക് മെഡിസിന്‍, റേഡിയോളജി മേഖലയില്‍ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ തന്നെയാണ് അനലിസ്റ്റുകള്‍ ഈ മേഖലയിലെ സ്‌റ്റോക്കുകള്‍ക്കും 'ഹോള്‍ഡ്' ടാഗ് നല്‍കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it