അഞ്ച് ദിവസത്തിനിടെ 21 ശതമാനം നേട്ടം, കേരള കമ്പനിയെ മുന്നോട്ടേക്ക് നയിച്ചതെന്ത്?

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വിപണിയില്‍ മികച്ച നേട്ടവുമായി അക്വാകള്‍ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കിംഗ്സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ്. ഇന്ന് 8.81 ശതമാനം ഉയര്‍ന്ന കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരി 101.30 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 42 ശതമാനത്തിന്റെ നേട്ടവും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

കമ്പനി റെഡി ടു ഈറ്റ് മത്സ്യവിഭവ രംഗത്തേക്ക് കടക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞദിവസങ്ങളില്‍ കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരിവില ഉയര്‍ന്നത്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ദീര്‍ഘകാലം കേടുവരാത്ത റെഡി ടു ഈറ്റ് മത്സ്യവിഭവങ്ങള്‍ തയ്യാറാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സും കേന്ദ്ര-കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും തിങ്കളാഴ്ച കരാറില്‍ ഒപ്പുവെച്ചിരുന്നു.

രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റവീവ്‌സിന്റെയും സഹായമില്ലാതെ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള നൂതനമായ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ കരാറിലൂടെ വഴിയൊരുങ്ങും.

ഒരു വര്‍ഷത്തിനിടെ 202 ശതമാനം നേട്ടം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 202 ശതമാനത്തിന്റെ നേട്ടമാണ് കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരി വിലയിലുണ്ടായത്. നേരത്തെ കിംഗ്സ് ഇന്‍ഫ്ര ജപ്പാനിലെ എന്‍ഇസി കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സും ഉപയോഗപ്പെടുത്തി പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (പിഒസി) സംവിധാനം വികസിപ്പിക്കുന്നതിനായിരുന്നു കരാര്‍.

അക്വാകള്‍ച്ചര്‍ ഫാമിംഗ് കൂടാതെ, സീ ഫുഡ് പ്രോസസിംഗ്, സമുദ്രോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം, അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി, അടിസ്ഥാനസൗകര്യ വികസനം, സമുദ്രോല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ സപ്ലൈ തുടങ്ങി, അക്വാകള്‍ച്ചറിന്റെ വിവിധ മേഖലകളില്‍ കൂടി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

വലുപ്പമേറിയ ചെമ്മീന്‍ വിളവെടുപ്പ് കിംഗ്സ് ഇന്‍ഫ്രായുടെ മൊത്തം വരുമാനത്തിലും, ലാഭത്തിലും വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Related Articles
Next Story
Videos
Share it