Begin typing your search above and press return to search.
ഒരു വര്‍ഷത്തിനിടെ 137 ശതമാനം നേട്ടം; അറിയുമോ, വിപണിയില്‍ 'കിംഗ്' ആയ കേരള കമ്പനിയെ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി മുന്നോട്ടുപോയത്, എന്നാല്‍ ഈ ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകര്‍ക്ക് കിടിലന്‍ നേട്ടം സമ്മാനിച്ചൊരു കേരള കമ്പനിയുണ്ട്. കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ് (Kings Infra Ventures Limited). ഒരു വര്‍ഷത്തിനിടെ 139 ശതമാനത്തിന്റെ നേട്ടമാണ് അക്വാകള്‍ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ഒരു വര്‍ഷം മുമ്പ് 34.55 രൂപയുണ്ടായിരുന്ന കിംഗ്‌സ് ഇന്‍ഫ്രയുടെ (Kings Infra) ഓഹരി വില ഉയര്‍ന്നത് 83.00 രൂപയോളം. ഒരു മാസത്തിനിടെ 19 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 22 ശതമാനത്തിന്റെ നേട്ടവും ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ഇന്‍ഫ്ര ജപ്പാനിലെ എന്‍ഇസി കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗപ്പെടുത്തി പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (പിഒസി) സംവിധാനം വികസിപ്പിക്കുന്നതിനായിരുന്നു കരാര്‍.
ഇന്ത്യന്‍ ചെമ്മീന്‍ കെട്ടുകളില്‍ ലോകത്തുതന്നെ വലിയ ചെമ്മീന്‍ വളര്‍ത്തുകയെന്നതായിരുന്ന ലക്ഷ്യവുമായായിരുന്നു കിംഗ്‌സ് ഇന്‍ഫ്ര മുന്നേറിയിരുന്നത്. ഇതിനായി തൂത്തുകുടിയിലെ കുളത്തില്‍ കിംഗ്‌സ് ഇന്‍ഫ്രയുടെ സ്വന്തം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം നൂതന വിദ്യ വികസിപ്പിച്ചെടുക്കാന്‍ അഹോരാത്രം പ്രയത്‌നിച്ചു. സിസ്റ്റ360 എന്ന പ്രോട്ടോക്കോള്‍ പിറവിയെടുത്തത് അങ്ങനെയാണ്. ചെമ്മീനുള്ള തീറ്റ ബാക്കി വരുന്നതും മാലിന്യങ്ങളും പുനരുപയോഗത്തിനായി മാറ്റിയെടുക്കുന്നതടക്കം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ അക്വ കൃഷി സംവിധാനമാണ് സിസ്റ്റ360. സിംബയോട്ടിക് (സഹജീവിപരമായ) ആയ കൃഷി രീതിയാണിത്.
അക്വാകള്‍ച്ചര്‍ ഫാമിംഗ് കൂടാതെ, സീ ഫുഡ് പ്രോസസിംഗ്, സമുദ്രോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം, അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി, അടിസ്ഥാനസൗകര്യ വികസനം, സമുദ്രോല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ സപ്ലൈ തുടങ്ങി, അക്വാകള്‍ച്ചറിന്റെ വിവിധ മേഖലകളില്‍ കൂടി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. വലുപ്പമേറിയ ചെമ്മീന്‍ വിളവെടുപ്പ് കിംഗ്‌സ് ഇന്‍ഫ്രായുടെ മൊത്തം വരുമാനത്തിലും, ലാഭത്തിലും ഒരു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
സിസ്റ്റ360ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്ന പദ്ധതിക്ക് കമ്പനി അന്തിമരൂപം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിന്റെ തീരദേശങ്ങളിലാവും പദ്ധതി ആദ്യം നടപ്പിലാക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 അക്വപ്രെണേഴ്സിന്റെ (അക്വ എന്റര്‍പ്രെണേഴ്സ്) ശൃംഖല രൂപപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കിംഗ്‌സ് ഇന്‍ഫ്രായുടെ സബ്‌സിഡിയറിയായി കിംഗ്‌സ് സിസ്റ്റ360 പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു SPV ഇതിനായി രൂപീകരിച്ചു കഴിഞ്ഞു.
Next Story
Videos