Begin typing your search above and press return to search.
പൊറിഞ്ചു വെളിയത്തിന്റെ ഈ ഓഹരി റിയല്‍ എസ്‌റ്റേറ്റ് വഴി ലക്ഷ്യമിടുന്നത് ₹25,000 കോടി
പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന് നിക്ഷേപ താല്പര്യമുള്ള പ്രമുഖ ടെക്‌സ്റ്റൈല്‍ ഗ്രൂപ്പായ റെയ്മണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ് വഴി 25,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു. മഹാരാഷ്ട്രയിലെ താനെയില്‍ 100 ഏക്കറോളം വരുന്ന സ്ഥലത്ത് 114 ലക്ഷം ചതുരശ്ര അടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റെറയില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ട്. ഇതില്‍ 40 ഏക്കറിലാണ് നിലവില്‍ നിര്‍മാണം നടക്കുന്നത്.
9,000 കോടി രൂപ മൂല്യം വരുന്ന അഞ്ച് പദ്ധതികളാണ് ഇവിടെ നടപ്പാക്കി വരുന്നത്. കൂടാതെ 16,000 കോടി രൂപ കൂടി നേടാനാകുന്ന പദ്ധതികള്‍ ഇവിടെ വികസിപ്പിക്കാനാകും. ഇതോടെ മൊത്തം 25,000 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതിയില്‍ നിന്ന് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
സംയുക്ത കരാറുകൾ
ഫെബ്രുവരിയിലാണ് മുംബൈയിലെ ബാന്ദ്രയില്‍ റെയ്മണ്ട് സംയുക്ത വികസന കരാര്‍ (Joint Development Agreement /JDA)നടപ്പാക്കിയത്. 40 ദിവസത്തിനകം തന്നെ 60 ശതമാനം പദ്ധതികളും വിറ്റഴിഞ്ഞു. ഇതുകൂടാതെ മുംബൈയിലെ മാഹിം, സിയോണ്‍ എന്നിവിടങ്ങളില്‍ പുതിയ ജെ.ഡി.എ ഒപ്പുവച്ചിട്ടുണ്ട്. ഈ മൂന്ന് പദ്ധതികളിലൂടെ 5,000 കോടി രൂപയുടെ വരുമാനം നേടാനാകും. റെയ്മണ്ടിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് വിഭാഗം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,249 കോടി രൂപ മൂല്യം വരുന്ന ബുക്കിംഗാണ് നേടിയത്.
ലൈഫ് സ്റ്റൈല്‍ ബിസിനസ് വേര്‍പെടുത്തും
കഴിഞ്ഞ വര്‍ഷമാണ് റെയ്മണ്ട് ഗ്രൂപ്പിനു കീഴിലുള്ള എഫ്.എം.സി.ജി ബിസിനസ് വിറ്റഴിച്ചത്. പ്രതീക്ഷിച്ചിരുന്നതിലും രണ്ട് വര്‍ഷം മുമ്പ് തന്നെ കട രഹിത കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ റെയ്മണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ലൈഫ് സ്റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തി (De-merger) ഓഹരിയുടമകള്‍ക്ക് കൂടുതല്‍ മൂല്യം നേടികൊടുക്കാനും റെയ്മണ്ട് പദ്ധതിയിടുന്നത്. ഭാവിയിൽ റെയ്മണ്ട് ഗ്രൂപ്പില്‍ നിന്ന് രണ്ട് ലിസ്റ്റഡ് കമ്പനികളുണ്ടാകും. റെയ്മണ്ടും റെയ്മണ്ട് ലൈഫ് സ്റ്റൈലും. റെയ്മണ്ടിനു കീഴിലാണ് റിയല്‍റ്റി, എന്‍ജിനീയറിംഗ് ബിസിനസുകള്‍ വരുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വസ്ത്ര നിര്‍മാണ വിഭാഗം 1,139 കോടി രൂപയുടെ വരുമാനമാണ് നേടിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് വില്‍പ്പനയില്‍ 43 ശതമാനം വളര്‍ച്ചയോടെ 1,593 കോടി രൂപയുമായി.
ഓഹരിയുടെ നേട്ടം
പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്റ്‌സ് 2021 മുതല്‍ ഇടപാടുകാര്‍ക്ക് വേണ്ടി റെയ്മണ്ടിന്റെ ഓഹരികള്‍ വാങ്ങുന്നുണ്ട്. അന്ന് വെറും 2,500 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില 375 രൂപയായിരുന്നു. ഇപ്പോള്‍ വില 2,470 രൂപയിലെത്തി നിൽക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 505 ശതമാനത്തിലധികം നേട്ടമാണ് റെയ്മണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് വര്‍ഷക്കാലയളവില്‍ 205 ശതമാനമാണ് നേട്ടം. ഇന്ന് ഓഹരി കുതിച്ചുയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 2,498.90ത്തിലെത്തി. നിലവില്‍ 2,470 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 16,431 കോടി രൂപയാണ് റെയ്മണ്ടിന്റെ വിപണി മൂല്യം.
Next Story
Videos