''ക്രെഡിറ്റ് കാര്‍ഡ് കുടുക്കയല്ല'' വാറന്‍ ബഫറ്റ് നിക്ഷേപകര്‍ക്ക് നല്‍കുന്ന 5 പാഠങ്ങള്‍

വാറന്‍ ബഫറ്റിന്റെ ദീര്‍ഘദര്‍ശനത്തോടെയുള്ള വാക്കുകള്‍ക്കായി നിക്ഷേപകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. പ്രത്യേകിച്ച് ഓഹരിവിപണിയില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍. വാറന്‍ ബഫറ്റിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാത്തവേയുടെ വാര്‍ഷിക പൊതുയോഗം ഇത്തവണ വ്യത്യസ്തമായാണ് നടത്തിയത്. കോവിഡ് 19ന്റ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഇത്തവണത്തെ മീറ്റിംഗ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നിക്ഷേപര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വാറന്‍ ബഫറ്റിന്റെ പ്രഭാഷണത്തില്‍ നിന്നെടുത്ത 5 പാഠങ്ങള്‍:

1. റിസ്‌ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കുക

മറ്റുള്ളവര്‍ ഭയന്ന് നില്‍ക്കുമ്പോള്‍ അത്യാഗ്രഹിയാകുക- വാറന്‍ ബഫറ്റിന്റെ ഈ വാക്കുകള്‍ വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അദ്ദേഹം 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയം 1.8 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ മാത്രമാണ് വാങ്ങിയത്. കമ്പനിയില്‍ നിക്ഷേപയോഗ്യമായ പണം 137 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നോര്‍ക്കണം. എന്തുകൊണ്ടാണ് കൂടുതല്‍ ഓഹരികള്‍ വാങ്ങാത്തത് എന്ന ചോദ്യത്തിന് നിരവധി റിസ്‌കുകള്‍ ഒഴിവാക്കാനാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഓഹരിവിപണി താഴേക്ക് പോകുമ്പോള്‍ അതിന്റെ പ്രയോജനമെടുക്കുന്ന സാഹചര്യത്തില്‍ ബഫറ്റിന്റെ ഈ നടപടി മനസില്‍ സൂക്ഷിക്കുക. എമര്‍ജന്‍സി ഫണ്ട് എപ്പോഴും കരുതിവെച്ചിട്ട് വേണം നിക്ഷേപിക്കാന്‍.

2. തെറ്റുകള്‍ സ്വയം അംഗീകരിക്കുക

ബെര്‍ക് ഷെയര്‍ ഹാത്തവേയ്ക്ക് ഈ പാദത്തില്‍ ഉണ്ടായ നഷ്ടം 50 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ സമയം വരെ ബെര്‍ക് ഷെയര്‍ ഓഹരികള്‍ ഏകദേശം 17 ശതമാനം ഇടിവിലാണ്. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 10 ശതമാനം ഓഹരികള്‍ യു.എസിലെ ഏറ്റവും വലിയ നാല് എയര്‍ലൈനുകളുടേത് വാങ്ങിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറയുകയുണ്ടായി. 2016ല്‍ തുടങ്ങിയ നീക്കമായിരുന്നു ഇത്. എയര്‍ലൈന്‍ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന അനിശ്ചിതത്വം തിരിച്ചറിഞ്ഞ് ഏപ്രിലോടെ അദ്ദേഹം എയര്‍ലൈന്‍ ഓഹരികളില്‍ നിന്ന് പുറത്തുകടന്നു. ഇതില്‍ നിന്ന് ഒരു നിക്ഷേപന്‍ മനസിലാക്കേണ്ടത്? നിങ്ങള്‍ എടുത്ത നിക്ഷേപസംബന്ധമായ തീരുമാനങ്ങള്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിന് തയാറാകണം എന്നാണ്.

3. ക്രെഡിറ്റ് കാര്‍ഡ് 'കുടുക്ക' അല്ല

തലക്കെട്ടില്‍ നിന്ന് കാര്യം വ്യക്തമാണല്ലോ. ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട്' ഈ ട്രെന്‍ഡില്‍ ഓരോന്ന് വാങ്ങിക്കൂട്ടുന്ന ശീലം മാറ്റിവെക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടെന്ന് അഭിപ്രായമാണ് ബഫറ്റിന്. ''ആളുകള്‍ കുടുക്കയില്‍ നിന്ന് പണം എടുക്കുന്നതുപോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഈ നിരക്കില്‍ കടം വാങ്ങിക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല. അതുകൊണ്ട് അത് ഒഴിവാക്കുക.'' കടം വാങ്ങിയ പണം നിക്ഷേപിക്കുന്നതിനെ അദ്ദേഹം മുമ്പും എതിര്‍ത്തിട്ടുണ്ട്. ''കടം വാങ്ങിയ പണം ഉപയോഗിച്ച് നിക്ഷേപം നടത്തരുത്. ബെര്‍ക് ഷെയറും അത്തരത്തിലാണ് മുന്നോട്ടുപോകുന്നത്.'' അദ്ദേഹം പറയുന്നു.

4. ഉപദേശകരെ കേള്‍ക്കേണ്ട, പകരം ചെയ്യേണ്ടത്

സാധാരണക്കാരായ നിക്ഷേപകരോട് വാറന്‍ ബഫറ്റ് പറയുന്നത് ഉപദേശകര്‍ പറയുന്ന ഓഹരികള്‍ വാങ്ങിക്കുന്നതിന് പകരം ഇന്‍ഡക്‌സ് ഇന്‍വെസ്റ്റിംഗില്‍ ഉറച്ചുനില്‍ക്കാനാണ്. എന്നാല്‍ ആളുകള്‍ നിങ്ങള്‍ക്ക് മറ്റ് കാര്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കും, കാരണം അതില്‍ കൂടുതല്‍ പണമുണ്ട്. നല്ല സെയ്ല്‍സ് ജീവനക്കാര്‍ സ്വന്തം മണ്ടത്തരങ്ങളില്‍ വിശ്വസിക്കുന്നവരാണ്. നല്ല സെയ്ല്‍സ് പേഴ്‌സണ്‍ ആകുന്നതിന്റെ ഭാഗമാണത്.'' അദ്ദേഹം പറയുന്നു. ഉപദേശങ്ങള്‍ക്കായി വലിയ തുകയാണ് ആളുകള്‍ കൊടുക്കുന്നതെന്നും അതിന്റെ യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പറയുന്നു. നിഫ്റ്റി50, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 500 തുടങ്ങിയ നിരവധി ഇന്‍ഡക്‌സ് ഫണ്ടുകളാണ് ഇന്ത്യയിലുളത്.

5. വളര്‍ച്ചയുണ്ടാകും, പക്ഷെ ശ്രദ്ധാലുവായിരിക്കുക

2008ല്‍ വിപണി ഇടിഞ്ഞപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ ബഫറ്റ് പക്ഷെ ഇത്തവണ ആ നിലപാട് എടുത്തില്ല. പകരം ഓഹരികള്‍ വിറ്റഴിച്ചു. അതും കമ്പനിയില്‍ 137 ബില്യണ്‍ ഡോളര്‍ നിക്ഷേപയോഗ്യമായ പണം ഉണ്ടായിരുന്നിട്ടും. എന്നിരുന്നാലും അദ്ദേഹം ബുള്ളിഷ് തന്നെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. വിപണി നാളെ, അടുത്ത ആഴ്ച, അടുത്ത മാസം, അടുത്ത വര്‍ഷം... എങ്ങനെയായിരിക്കും എന്ന് പറയുന്നവരെ തനിക്ക് വിശ്വാസമില്ല. എന്നാല്‍ അമേരിക്ക മുന്നോട്ടുപോകുമെന്ന് ബഫറ്റ് പറഞ്ഞു. സാമ്പത്തികവളര്‍ച്ചയുണ്ടാകും, എന്നാല്‍ കരുതലോടെ മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം നിക്ഷേപകരോട് പറയുന്നത്. കാരണം വിപണിയില്‍ എന്തും സംഭവിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it